Trending

താമരശ്ശേരി ചുരത്തിൽ വാഹനാപകടം:വയനാട് ജില്ലയ്ക്കായി എയർ ആംബുലൻസ് വേണമെന്ന ആവശ്യം ശക്തമാകുന്നു

താമരശ്ശേരി: കെ.എസ്‌.ആർ.ടി.സി ബസും ചരക്കു ലോറിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിട്ടു. ഇന്ന് രാവിലെ ചുരത്തിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗത്താണ് അപകടം നടന്നത്‌. അപകടം നടന്നത്‌ കാരണം ചെറിയ വാഹങ്ങൾക്ക്‌ പോലും കടന്ന് പോവാൻ കഴിതെ വന്നു.

അതേ സമയം വയനാട് ജില്ലയ്ക്കായി എയർ ആംബുലൻസ് ആവശ്യം ശക്തമാകുന്നു. താമരശ്ശേരി ചുരത്തിൽ തുടരെ ഉണ്ടാകുന്ന അപകടങ്ങൾ മൂലം മണിക്കൂറുകളോളമാണ് ചുരത്തിൽ തടസ്സം നേരിടുന്നത്, മഴക്കാലത്ത് മണ്ണിടിച്ചിലും മരം വീഴുന്നതും മറ്റ് അപകടങ്ങളും പതിവാണ് . അപ്രതീക്ഷിത യാത്രാ തടസ്സം മൂലം അനേക രോഗികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
      

വയനാട്ടിൽ മെഡിക്കൽ കോളേജിനായുള്ള ശ്രമങ്ങൾ ഇപ്പോഴും ഗവൺമെൻ്റിൻ്റ ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കുകയാണ്. സെപെഷ്യാലിറ്റി ആശുപത്രികൾ വയനാട്ടിൽ വളരേ കുറവാണ് ഉള്ളത്.
അതിനാൽ വയനാട് ജില്ലയിൽ രോഗികൾ കോഴിക്കോട്ടെ മെഡിക്കൽ കോളേജിലോ , സൂപ്പർ സെപെഷ്യാലിറ്റി ആശുപത്രികളിലോ ചികൽസ തേടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. 
  
ഗുരുതരമായ അവസ്ഥയിൽ രോഗികളേയും വഹിച്ച് ആംബുലൻസുകൾ ചുരത്തിൽ എത്തുമ്പോഴായിരിക്കും ഗതാഗതക്കുരുക്കിൽപ്പെട്ടു പോകുന്നത്. പലപ്പോഴും സമയത്തിന് ആശുപത്രികളിൽ എത്തിക്കുവാൻ സാധിക്കാത്തതിനാൽ ഗുരുതരാവസ്ഥയിലുള്ള പല രോഗികൾക്കും ജീവഹാനി സംഭവിക്കുന്നത് പതിവാണ്.പോലീസും ചുരം സംരക്ഷണ സമിതിയും ഭഗീരതപ്രയത്നം നടത്തിയിട്ടാണ് പലപ്പോഴും ആംബുലൻസുകളെ കടത്തി വിടുന്നത്. അതുകൊണ്ടാണ് എയർ ആംബുലൻസിനായുള്ള ആവശ്യം വയനാട്ടിൽ ശക്തമാകുന്നത്. റോഡ് മാർഗ്ഗം രണ്ട് മണിക്കൂറോളം സഞ്ചരിച്ച് എത്തുന്ന ദൂരം എയർ ആംബുലൻസിന് 10 മിനിറ്റ് കൊണ്ട് എത്തിച്ചേരുവാൻ കഴിയും.

കാലങ്ങളായി തിരഞ്ഞെടുപ്പു കാലത്ത് എല്ലാ പാർട്ടികളുടേയും വാഗ്ദാനമാണ് എയർ ആംബുലൻസ്. എന്നാൽ അധികാരത്തിലേറിക്കഴിഞ്ഞാൽ മനപ്പൂർവ്വമായോ അല്ലാതെയോ എല്ലാവരും ഇത് വിസ്മരിക്കുന്നു. തിരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനങ്ങളുടെ ജീവന് സംരക്ഷണം ഒരുക്കുവാൻ കഴിയാത്ത അധികാരികളുടെ നിസംഗതയ്ക്കെതിരായാണ് വയനാട്ടിലെ ജനങ്ങളുടെ പ്രതിഷേധം ഉയരുന്നത്. വയനാട് എം പി യും ബത്തേരി, കൽപ്പറ്റ മാനന്തവാടി എം എൽ എ മാരും മുൻകൈ എടുത്ത് ഗവൺമെൻ്റുമായി സഹകരിച്ച് വയനാട്ടിലെ ജനങ്ങളുടെ ചിരകാല സ്വപ്നം സഫലമാക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ

ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സിനു വേണ്ടി ബി ടി തയ്യാറാക്കിയ റിപ്പോർട്ട്
Previous Post Next Post
3/TECH/col-right