Trending

സി.പി.ഹാജി:നിസ്വാർത്ഥനായ കർമയോഗി;ഡോ. ഇസ്മായിൽ മുജദ്ദിദി.

എളേറ്റിൽ സി പി അബൂബക്കർ ഹാജി മരണപ്പെട്ടിരിക്കുന്നുവെന്ന വാർത്തയാണ് ഇന്ന് രാവിലെ കേൾക്കാനായത്.


രണ്ട് ദിവസം മുമ്പ് അദ്ദേഹത്തെക്കുറിച്ചും അദ്ദേഹം നടത്തിവരാറുള്ള മയ്യിത്ത് പരിപാലന പരിശീലനത്തെക്കുറിച്ചും കൂടുതൽ പേർക്ക് അത് നൽകുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു എന്നത് യാദൃച്ഛികമാകാം.

സ്കൂൾ അധ്യാപകനെന്ന നിലയിൽ തൻ്റെ അനുഭവങ്ങളും സേവന കാല പരിചയങ്ങളും പങ്കുവച്ചത് ഞാൻ പന്നൂർ സ്കൂളിൽ അധ്യാപകനായിരിക്കെയാണ്. കൊടുവള്ളി,പന്നൂർ സ്കൂളുകളിലെ അധ്യാപന കാലത്തെക്കുറിച്ച് വാചാലനായിരുന്നു അദ്ദേഹം. വളരെ നിഷ്കളങ്കമായ പെരുമാറ്റം, തുറന്ന ആശയ വിനിമയം, അടങ്ങിയിരിക്കാത്ത പ്രവർത്തനനിരത, എല്ലാം പ്രത്യേകം ശ്രദ്ധിച്ചു. കുറെ കാര്യങ്ങൾ ഉപദേശിച്ചാണ് അന്ന് സി പി പിരിഞ്ഞത്. പിന്നീടാണ് അദ്ദേഹത്തിൻ്റെ പരിശീലന പരിപാടികൾ അറിഞ്ഞതും അദ്ദേഹത്തെ അതിനായി ക്ഷണിച്ചതും.

എളേറ്റിൽ വഴി പോകുമ്പോൾ റോഡിനിരുവശവും കണ്ണോടിക്കും. പുഞ്ചിരിച്ചു നടന്നു പോകുന്ന, ടവൽ കൊണ്ട് പ്രത്യേക രീതിയിൽ തല മറച്ച, സ്ഥൂല ഗാത്രനായ വെളുത്ത സി പി യെ വഴിയിലെങ്ങാനും കാണുമോ എന്ന്. അത്രയ്ക്ക് വ്യക്തിപരമായ ഒരിഷ്ടമുണ്ടായിരുന്നു അദ്ദേഹത്തോട്. 
വലിയപറമ്പ് സ്കൂളിൽ 5 മുതൽ 7വരെ ക്ലാസിൽ കൂടെ പഠിച്ച ഉബൈദ് സി പി യുടെ മകനാണെന്നു കൂടി അറിഞ്ഞതോടെ ആ നിലക്കും ഒരടുപ്പമുണ്ടായിത്തീർന്നു.

അത്രയൊന്നും അടുത്തിടപഴകാൻ സാധിച്ചില്ലെങ്കിലും സി പി നമ്മുടെ മനസിൽ സ്ഥാനം പിടിച്ചത് ആ ശുദ്ധമായ സ്വഭാവത്തിൻ്റെ ഫലമാണ്. സദാസമയവും പരോപകാരിയായ, ഊർജസ്വലനായ, നിറഞ്ഞ പുഞ്ചിരിക്കുടമയായ സി പി ഹാജി ഒരു പ്രദേശത്താകെ വെളിച്ചം നിറച്ച് ജീവിതം എല്ലാർക്കും പകർന്നു നൽകി ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു.

നാഥാ, കർമഫലം അനുഗൃഹീതമാക്കി നൽകണേ.... ആമീൻ


Previous Post Next Post
3/TECH/col-right