Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധം പാളുന്നു.

കിഴക്കോത്ത്  ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നതായും വാക്സിനേഷൻ മറ്റ് പഞ്ചായത്തുകളിലെ സ്വന്തം പാർട്ടിക്കാർക്ക് വിതരണം ചെയ്യുകയാണെന്നും സി.പി.ഐ.എം കിഴക്കോത്ത് ലോക്കൽ കമ്മറ്റി ആരോപിച്ചു.

പന്നൂർ പ്രദേശം ഉൾപ്പെടുന്ന 15 വാർഡ് നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള വാർഡായി മാറിയിരിക്കുകയാണ്. നിലവിൽ 82 രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട്.  പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
           
പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട വാർഡ് മെമ്പറുടെ നേതൃത്വത്തിലുള്ള RRT ടീം പൂർണ പരാജയമാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ ജനങ്ങൾക്ക് വേണ്ട രീതിയിലുള്ള ബോധവത്കരണം നൽകാനോ ഇവർ തയ്യാറാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.ഈ അസാധാരണ ഘട്ടത്തിൽ അവശ്യ സാധനങ്ങൾ, മരുന്ന് തുടങ്ങിയ സാധാരണ ജനങ്ങൾക്ക് എത്തിക്കാൻ ചുമതലപ്പെട്ടവർ അതിന് അനുസരിച്ചു ഉയർന്നു പ്രവർത്തിക്കുന്നില്ല. ഇത് അങ്ങാടിയിൽ വലിയ ആൾക്കൂട്ടത്തിന് കാരണമാവുന്നുണ്ട്.

രോഗികളെ ടെസ്റ്റിന് കൊണ്ടുപോകുന്നതിന് RRT മെമ്പർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം സംഘടിപ്പിക്കുന്നതിൽ വലിയ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. ഇത് കാരണം കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്ന സ്ഥിതിയുണ്ട്. പ്രവർത്തന പരിചയമുള്ള ആളുകൾക്ക് പകരം സ്വന്തക്കാരെയും പാർട്ടി പ്രവർത്തകരെയും ചില ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിന് വേണ്ടി RRT മെമ്പർമാരായി ഏകപക്ഷീയമായി തിരുകി കയറ്റിയതാണ് നാടിന്റെ ദുരവസ്ഥക്കുള്ള പ്രധാന കാരണമായി നാട്ടുകാർ അഭിപ്രായപ്പെടുന്നത്.

ഈ പ്രദേശങ്ങളിലുള്ള ആരോഗ്യ കേന്ദ്രം പോലും പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൃത്യമായിട്ട് ഉപയോഗപ്പെടുത്തുന്നില്ല. ആരോഗ്യ കേന്ദ്രത്തെയും മറ്റും നോക്കുകുത്തിയാക്കി കൊണ്ട്  സ്വന്തക്കാർക്ക് വേണ്ടി വാക്‌സിനേഷൻ ക്യാമ്പുകളും കോവിഡ് ടെസ്റ്റും നടത്തുന്നതിനാൽ അർഹരായവർ പുറത്താവുകയും അവർ വഴി രോഗം കൂടുതൽ പേരിലേക്ക് പകരുകയും ചെയ്യുകയാണുണ്ടായത്.

മറ്റു പഞ്ചായത്തിലെ പല വാർഡുകളിലും നിരന്തരമായി ഇത്തരത്തിൽ ക്യാമ്പുകൾ നടക്കുമ്പോൾ കിഴക്കോത്തുകാർക്ക ഇത് കിട്ടാ കനിയാവുന്ന സ്ഥിതിയാണ്.അതിനു പുറമെ മെമ്പർക്ക് അനുവദിക്കപ്പെട്ട സ്ലോട്ടുകൾ പോലും ജനങ്ങൾക്ക് കിട്ടാത്ത സ്ഥിയാണ്.  ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ കേവലം സോഷ്യൽ മീഡിയ പ്രചാരണത്തിലൊതുങ്ങാതെ കൃത്യമായ പ്രവർത്തനം സംഘടിപ്പിക്കുന്നതിലേക്ക് ഭരണ സമിതിയും RRT മെമ്പർമാരും മാറണം.

കോവിഡിന്റെ ആദ്യ തരംഗത്തിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് രോഗികൾ റിപ്പോർട്ട് പ്രദേശമായിരുന്നു പന്നൂർ പതിനഞ്ചാം വാർഡ്. മുൻ മെമ്പറുടെയും കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിച്ച RRT മെമ്പർമാരുടെയും പ്രവർത്തന ഫലമായിരുന്നു അത്. എന്നാൽ ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ രോഗികളുള്ള വാർഡായി കിഴക്കോത്ത് പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മാറി.

ഈ വ്യാപനത്തിനിടയിൽ നൂറിലധികം ആളുകളെ പങ്കെടുപ്പിച്ച് വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ എം.കെ.മുനീർ MLA മെഡിക്കൽ ഷോപ്പ് ഉദ്ഘാടനം ചെയ്തത് ഇനിയും കൂടുതൽ വ്യാപനം ഉണ്ടാക്കും. 2 മാസത്തിനുള്ളിൽ  കോവിഡ് മൂന്നാം തരംഗം വരാൻ സാധ്യത ഉണ്ടെന്നിരിക്കെ ഭരണ സമിതിയും കൂട്ടാളികളും ഉറക്കം വെടിഞ്ഞു പ്രവർത്തന സജ്ജമാവണം എന്നും ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right