Trending

പന്നൂര്‍ മദ്‌റസയില്‍ 61 വര്‍ഷം വര്‍ഷം സേവനം ചെയ്ത വി.അബ്ദുളള മുസ്‌ലിയാര്‍ ഓര്‍മയായി:വിട പറഞ്ഞത് നാല് തലമുറകളുടെ ഗുരുനാഥന്‍

പന്നൂർ: നാലു തലമുറകള്‍ക്ക് ജ്ഞാനം പകര്‍ന്നും വഴിവെളിച്ചം കാട്ടിയും ജീവിച്ച ഗുരുനാഥനു വിട. പന്നൂര്‍ അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയില്‍ 61 വര്‍ഷം തുടര്‍ച്ചയായി സേവനം ചെയ്ത വി.അബ്ദുളള മുസ്‌ലിയാര്‍ ഓര്‍മയായി. തന്റെ 85 വര്‍ഷത്തെ ആയുഷ് കാലത്തിലെ 61 വര്‍ഷവും ഒരേ നാട്ടിലെ ഒരേ വിദ്യാലയത്തില്‍ അധ്യാപനം നടത്തിയ അബ്ദുളള മുസ്‌ലിയാരുടെ ജീവിതവും സേവനവും ഈ ദേശത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

പന്നൂരിലെ സമസ്തയുടേയും മുസ്ലിംലീഗിന്റേയും നേതൃ നിരയെ വളര്‍ത്തിയെടുത്ത ഗുരുനാഥനാണ് വി. അബ്ദുല്ല മുസ്ലിയാര്‍. പന്നൂരിലെ നാലു തലമുറകള്‍ക്ക് മതപരമായ അറിവു നല്‍കിയ മനുഷ്യനാണ് ഓര്‍മയായത്. നിലവില്‍ നരിക്കുനി റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡന്റാണ്. നിരവധി തവണ പന്നൂര്‍ അന്‍വാറുല്‍ ഇസ്ലാം മദ്‌റസയെ മികച്ച നേടത്തിലേക്ക് വഴി നടത്തിയതും അബ്ദുല്ല മുസ്ലിയാര്‍ എന്ന സദര്‍ മുഅല്ലിമായിരുന്നു. 60 വര്‍ഷവും ഈ മദ്‌റസയിലെ പ്രധാനാ അധ്യാപകന്‍ തന്നെയായിരുന്നു മുസ്ലിയാര്‍.

വി.അബ്ദുളള മുസ്‌ലിയാര്‍ ഇരുപത്തഞ്ച് വര്‍ഷം പഠനം നടത്തിയതും നാട്ടിലെ പളളിയില്‍ തന്നെ. കേവലം അധ്യാപകനെന്നതിനപ്പുറം നാടിന്റെ നാടിമിടുപ്പറിഞ്ഞു പ്രവര്‍ത്തിക്കുന്ന കര്‍മ്മശാലിയും വഴിവെളിച്ചം പകരുന്ന വഴികാട്ടിയുമായിരുന്നു പന്നൂരുകാര്‍ക്ക് അബ്ദുളള മുസ്‌ലിയാര്‍. 1960 ല്‍ തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് മുസ്‌ലിയാര്‍ മദ്‌റസയില്‍ അധ്യാപകനായെത്തുന്നത്. അന്ന് ശമ്പളം പന്ത്രണ്ടു രുപയും അമ്പതു പൈസയും. 61 വര്‍ഷത്തെ അധ്യാപനജീവിതത്തിനിടയില്‍ ഈ ഗുരുനാഥന്റെ ഗുരുമുഖത്തു നിന്നു ജ്ഞാനം നുകര്‍ന്ന് കടന്നുപോയത് പന്നൂരിലെ നാലു തലമുറ.

അബ്ദുളള മുസ്‌ലിയാരുടെ ശിഷ്യമാരാണ് ഈ നാട്ടിലെ മിക്കയാളുകളും. ഇന്ന് രാഷ്ടീയാഭിപ്രായാന്തരങ്ങളും ആദര്‍ശവ്യത്യാസങ്ങളും കാരണം വേര്‍പ്പെട്ടു നില്‍ക്കുന്നവര്‍വരേ ഒരു കാലത്ത് ഉസ്താദിന്റെ ഒരേ ക്ലാസിലെ ഒരേ ബെഞ്ചിലിരുന്നവരായിരുന്നു. അതുകൊണ്ടു തന്നെ എല്ലാവരും എല്ലാ വിയോജിപ്പുകളും മറന്നു ഉസ്താദിന്റെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.

വര്‍ഷങ്ങളോളമായി നാട്ടിലെ മരണാനന്തര കര്‍മ്മങ്ങള്‍ക്കു നേത്യത്വം നല്‍കിയതും ഉസ്താദു തന്നെയായിരുന്നു. കല്ല്യാണ സദസ്സുകളും മൗലൂദ് വേദികളുമൊക്കെ പൂര്‍ണ്ണമാകുന്നത് ഈ ഗുരു സാന്നിധ്യംകൊണ്ടു മാത്രമായിരുന്നു. എന്നാല്‍ വാര്‍ധ്യക്യ സഹജമായ രോഗം കാരണം രണ്ടു വര്‍ഷത്തോളമായി വീട്ടില്‍ തന്നെയായിരുന്നു.

ഒരേ മദ്രസയില്‍ ഇരുപത്തഞ്ചു വര്‍ഷവും അമ്പതുവര്‍ഷവും സേവനം ചെയ്തതിനുളള സമസ്തയുടെ ഉപഹാരം അതിനിടയില്‍ അബ്ദുളള മുസ്‌ലിയാരെ തേടിയെത്തിയിരുന്നു. അഞ്ചാം ക്ലസില്‍ നൂറു ശതമാനം വിജയം കൈവരിച്ചതിനു ഇരുപതു കൊല്ലത്തോളം തുടര്‍ച്ചയായി റൈഞ്ചിന്റെ ഉപഹാരം ഉസ്താദിന്‍െ മദ്രസക്കായിരുന്നു.

നരിക്കുനി റൈഞ്ചിന്റെ പ്രസിണ്ടായി പതിനാലു വര്‍ഷം തുടര്‍ച്ചയായി സേവനം ചെയ്തതും അബ്ദുളളമുസ്‌ലിയാര്‍ തന്നെ. ഇത്തരം നേട്ടങ്ങള്‍ക്ക് പിന്നില്‍ തന്റെ ആത്മാര്‍ത്ഥമായ ശ്രമവും വിദ്യാര്‍ത്ഥികളുടെ ഉല്‍സാഹവും രക്ഷിതാക്കളുടെ പിന്തുണയുമാണെന്ന് മുസ്‌ലിയാര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. കേവലം ശമ്പളക്കാരനായി ജോലിചെയ്യാതെ അനുവദിക്കപ്പെട്ട ലീവുകള്‍ പോലും ഒഴിവാക്കി വൈകുന്നേരങ്ങളിലും സായാഹ്ന സമയങ്ങളിലും ട്യൂഷന്‍ നല്‍കുന്ന മുസ്‌ലിയാരുടെ അധ്യാപനശൈലിയും രീതിയും വേറിട്ടത് തന്നെയായിരുന്നു. തൂ വെള്ള വസ്ത്രവും ധരിച്ച് പന്നൂരുകാര്‍ക്ക് ചുറ്റുമുണ്ടായിരുന്നു അബ്ദുല്ല മുസ്ലിയാര്‍ ഇനി നിറമുള്ള ഓര്‍മയാണ്.
Previous Post Next Post
3/TECH/col-right