Trending

തടങ്കല്‍ പാളയ നിര്‍മാണം: ഇടതു സര്‍ക്കാര്‍ പിന്മാറണം- എസ്ഡിപിഐ

തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തും തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതുസര്‍ക്കാര്‍ പിന്മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്.

ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും സിഎഎയ്‌ക്കെതിരേ നടത്തിയ പ്രഖ്യാപനങ്ങളും പ്രക്ഷോഭങ്ങളും കേവലം കപടനാടകങ്ങളായിരുന്നെന്ന് വ്യക്തമായിരിക്കുന്നു. ഒരേസമയം തങ്ങള്‍ എന്‍ആര്‍സിയ്ക്കും സിഎഎയ്ക്കും എതിരാണെന്ന് പ്രചരിപ്പിക്കുകയും അണിയറയില്‍ ഭരണഘടനാവിരുദ്ധമായ നിയമം നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയുമാണ് ഇടതുസര്‍ക്കാര്‍.

ഒന്നര വര്‍ഷം മുമ്പ് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ആരവങ്ങള്‍ അവസാനിച്ചിരിക്കേ തിരുവനന്തപുരത്തും തൃശ്ശൂരും തടങ്കല്‍ പാളയങ്ങള്‍ ഒരുക്കാനാണ് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഇപ്പോള്‍ പുനര്‍വിജ്ഞാപനം പുറപ്പിടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ ഇടതുസര്‍ക്കാര്‍ പൗരത്വവിഷയത്തില്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. സര്‍ക്കാരിന്റയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇടതുമുന്നണി ഘടകകക്ഷികളുടെയും തീരുമാനമാണോ നടപ്പാക്കുന്നതെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. സ്വാതന്ത്ര്യസമരത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും മഹത്തായ പോരാട്ടമായിരുന്നു പൗരത്വപ്രക്ഷോഭം.

ഇടതുസര്‍ക്കാര്‍ സംസ്ഥാനത്ത് തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കാനുള്ള നീക്കം അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാനം വേദിയാകുമെന്നും പി അബ്ദുല്‍ ഹമീദ് മുന്നറിയിപ്പുനല്‍കി.
Previous Post Next Post
3/TECH/col-right