കോഴിക്കോട്: ക്വാറികള്‍ അടയുകയും നിര്‍മ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുകയും ചെയ്തതോടെ താളം തെറ്റി നിര്‍മ്മാണ മേഖല. മെറ്റല്‍, എം സാന്റ്, ചെങ്കല്‍ എന്നിവ കിട്ടാതായതിനാല്‍ വീടുകളുടെ നിര്‍മ്മാണവും പൊതുമരാമത്ത് പണികളും നിലച്ച മട്ടാണ്. ഭൂരിഭാഗം ക്വാറികളും പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ ജില്ലയിലേക്കുളള മെറ്റല്‍, എം സാന്റ് വരവ് നിലച്ചു.
പണിയില്ലാതെ ടിപ്പറുകള്‍ കട്ടപ്പുറത്തായതോടെ നൂറുകണക്കിന് ഡ്രൈവര്‍മാര്‍ക്ക് ജോലിയില്ലാത്ത അവസ്ഥയാണ്.
ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും സാധനങ്ങളുടെ ക്ഷാമം നിര്‍മ്മാണ തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായി പെയ്ത മഴയും നിര്‍മ്മാണ മേഖലയ്ക്ക് വലിയ തിരിച്ചടിയായി.
ഇരട്ടിയായി സിമന്റ്, കമ്പി വില.
നിര്‍മ്മാണ പ്രവൃത്തിക്ക് പ്രധാനമായും വേണ്ട സിമന്റ്, കമ്ബി വില ഒറ്റയടിക്കാണ് കൂടിയിരിക്കുന്നത്. മൂന്നുമാസം മുമ്ബ് വരെ 380 രൂപയായിരുന്ന സിമന്റിന് നിലവില്‍ 500 രൂപയാണ്. പാലക്കാട്, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് സിമന്റ് കൂടുതലായും എത്തുന്നത്. എന്നാല്‍ ലോക്ക്ഡൗണായതിനാല്‍ പല സംസ്ഥാനങ്ങളില്‍ നിന്നും ലോഡുകള്‍ എത്തുന്നില്ല. കമ്ബി കിലോയ്ക്ക് 78 രൂപ വരെയായി.
സാധനങ്ങളുടെ വില വര്‍ദ്ധന വലിയ നഷ്ടമുണ്ടാക്കുന്നതായി കരാറുകാര്‍ പറയുന്നു. നേരത്തെ ഉണ്ടായിരുന്ന വിലയുടെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണ കരാറുണ്ടാക്കിയത്. വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കരാറുകള്‍ പുതുക്കേണ്ട സ്ഥിതിയാണ്. സിമന്റ്, കമ്ബി വില വര്‍ദ്ധന തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് കരാറുകാരുടെയും ഉപഭോക്താക്കളുടെയും ആവശ്യം.
Tags:
KERALA