Trending

ഖുദ്സ് രോദനത്തിൻ്റെ ഈദുൽ ഫിത്വർ: ഡോ. ഇസ്മായിൽ മുജദ്ദിദി

ലോകമെങ്ങും കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ, സമാധാനമില്ലാത്ത ദിനങ്ങളിലുടെ ശാന്തി തേടി അലയുമ്പോൾ, ഫലസ്തീനിലെ ശൈഖ് ജറാഹ് തെരുവിലെയും ഗസ്സയിലേയും മനുഷ്യരോദനം ഹൃദയാന്തരങ്ങളിൽ പടരുകയാണ്. 
  
അധിനിവേശ കിഴക്കൻ ജറുസലമിലെ അൽ അഖ്സ പള്ളിവളപ്പിൽ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഷെയ്ഖ് ജറാഹ് മേഖലയിലെ പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ തുടർന്ന് ഇവിടെ രണ്ടാഴ്ചയായി സംഘർഷം നിലനിന്നിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന അധിനിവേശ ശക്തികളായ  ഇസ്രയേലിനോട് അൽ അഖ്സയിൽ നിന്ന് പിൻവാങ്ങാൻ പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് നൽകിയ സമയം തിങ്കളാഴ്ച തീർന്നതിനെ തുടർന്ന് ഹമാസ്  നടപടികൾ കടുപ്പിച്ചു.

റമദാൻ 27 ന് അൽ അഖ്സ അങ്കണത്തിൽ നടത്തിയ കണ്ണീർവാതക, റബർ ബുള്ളറ്റ് പ്രയോഗത്തിൽ നാനൂറോളം പലസ്തീൻകാർക്കു പരുക്കേറ്റു. ഗസയിലെ ഇസ്‌ലാമിക് ജിഹാദ് എന്ന സംഘടനയുടെ മുതിർന്ന കമാൻഡർ അടക്കം നേതാക്കളെ വ്യോമാക്രമണത്തിൽ ഇസ്രയേൽ സൈന്യം വധിച്ചു കളഞ്ഞു.
     
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗസ്സയിൽ നടന്ന ആക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. ചുറ്റും ഉപരോധവലയിൽ കഴിയുന്ന ഗസ്സയിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടതിൽ പത്ത് പേർ കുട്ടികളാണ്.  2014 നു ശേഷം ഗസ്സയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമക്രമണമാണിതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ ആക്രമണത്തിൽ ഗസ്സയിലെ ബഹുനില ജനവാസ ​കെട്ടിടം പൂർണമായി തകർന്നു. തിരിച്ച് ഹമാസ്​ ​ഇസ്രായേലിൽ നടത്തിയ റോക്കറ്റാക്രമണത്തിൽ അഞ്ച് മരണവും സ്​ഥിരീകരിച്ചിട്ടുണ്ട്​.   
   
നിരായുധരായ കുടിയിറക്കപ്പെട്ട  സംഘത്തിൻ്റെ മേൽ സർവായുധ വിഭൂഷിതരായ ജനത നടത്തുന്ന തേർവാഴ്ചയാണ് ഫലസ്തീനിൽ നടക്കുന്നത്. വിമോചനത്തിൻ്റെ ശബ്ദമുയർത്തി തെരുവിലിറങ്ങിയ ജനതയിൽ ചെറിയ കുട്ടികൾ വരെയുണ്ട്. ടാങ്കറുകൾ ഉപയോഗിച്ച് വസതികൾ ഇടിച്ചു നിരത്തിയും വിമാനങ്ങളിൽ ഷെല്ലാക്രമണം നടത്തിയും വൃക്ഷങ്ങൾ വെട്ടിമുറിച്ചും ഒരു ജനതയെ തെരുവിലിറക്കി വിടുന്ന വിഹ്വലമായ കാഴ്ചകൾ സാമൂഹ്യ മാധ്യമങ്ങൾ പങ്കു വയ്ക്കുന്നു. വീടുകളിൽ ഇരച്ചു കയറി യുവാക്കളെ തിരയുകയും സ്ത്രീകളെയും കുട്ടികളെയും മർദിച്ച് കുറ്റസമ്മതം നടത്തിക്കുകയും ചെയ്യുന്ന നരാധമായ സൈന്യങ്ങളെ പിടിച്ചുകെട്ടാനാകാതെ ഐക്യരാഷ്ട്രസഭയൊക്കെ ബധിരയും മൂകയുമായി അഭിനയിക്കുകയാണ്. മനുഷ്യാവകാശ ലംഘനങ്ങളെ കാണാൻ ആരുമില്ല. 
 
ബൈത്തുൽ മഖ്ദിസ് എന്നാൽ വിശുദ്ധ ഗേഹം എന്നർത്ഥം. മുസ്ലിംകളുടെ ആദ്യ ഖിബ്ലയും മൂന്നാമത്തെ ഹറമുമാണത്. സിറിയ, ലബനാൻ, ജോർദാൻ, ഫലസ്തീൻ എന്നിവ ഉൾപെട്ട പഴയ ശാം അറബ് രാഷ്ട്രമായിരുന്നുവെന്നതിലും തർക്കമില്ല. ഒന്നാം ലോകമഹായുദ്ധാനന്തരം 1916 ൽ ആണ് ഫലസ്തീനിന് അതിരു നിർണയിക്കപ്പെടുന്നത്. എന്നാൽ പല കാരണങ്ങളാൽ ഇസ്റായേൽ അധിനിവേശത്തിൻ്റെ വഴിയിൽ സഞ്ചരിച്ചു.

പ്രവാചകൻ്റെ ആകാശാരോഹണത്തിൽ മസ്ജിദുൽ അഖ്സയിൽ പുണ്യ പാദം പതിഞ്ഞ ഖുബ്ബത്തുസഖ്റ സ്ഥിതി ചെയ്യുന്നിടത്ത് ജൂത ദേവാലയം പണിയാനുള്ള പദ്ധതി തയാറാക്കുകയും അവരുടെ ആരാധനാലയം അവിടെയാണ് സ്ഥിതി ചെയ്തിരുന്നതെന്ന് വാദിക്കുകയും ചെയ്തു. അത്തരം വാദങ്ങൾക്കും സയണിസ്റ്റ് അധിനിവേശത്തിനുമെതിരെ ലോക മുസ്ലിംകൾ പ്രതിഷേധം ആരംഭിച്ചപ്പോൾ താൽക്കാലികമായി പിൻമാറുകയായിരുന്നു. എന്നാൽ വിശാല ഇസ്രായേൽ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ അവർ ആസൂത്രണം ചെയ്തതിൻ്റെ തുടർച്ചയും പരിണതിയുമാണ് ഇന്ന് കാണുന്ന ഇസ്രയേലിൻ്റെ വളർച്ച. അങ്ങനെ പാശ്ചാത്യൻ ജൂത സമൂഹം പൗരസ്ത്യ ദേശത്തേക്ക് ഒഴുകിയെത്തി.1948 ൽ ഇസ്റായേൽ രാഷ്ട്രം സ്ഥാപിതമായി. ജൂതർക്ക് കുടിയേറി വാസമുറപ്പിക്കാൻ തുറന്നുകൊടുക്കുക വഴി അറബ് ഭരണത്താൽ സമ്പുഷ്ടമായിരുന്ന ഫലസ്തീൻ അന്യാധീനപ്പെട്ടു തുടങ്ങിയിരുന്നു. ക്രമേണ ജന്മനാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയും സമ്പത്ത് അപഹരിക്കപ്പെടുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്ത അറബികൾ പരക്കെ വിപാടനം ചെയ്യപ്പെടുന്ന സാഹചര്യമാണുണ്ടായത്. 
   
ജൂത കുടിയേറ്റത്തിനനുസൃതമായി അതിർത്തി വികാസത്തെക്കുറിച്ച് ചിന്തിച്ച ഇസ്രായേലിൻ്റെ ഇരയാണ് ഇന്നത്തെ ഫലസ്തീൻ. ഭൂപ്രദേശങ്ങൾ ഒന്നൊന്നായി കൂട്ടിച്ചേർത്ത് ഖുദ്സിലും ശൈഖ് ജറാഹിലും ഇപ്പോഴവർ താവളമാക്കി. 1993 ൽ പി എൽ ഒ യുമായി വാഷിങ്ടണിൽ രൂപപ്പെടുത്തിയ ഇടക്കാല കരാർ തങ്ങളുടെ വളർച്ചക്കും ആധിപത്യത്തിനുമുള്ള ജൂത തന്ത്രമായിരുന്നുവെന്നത് ലോകം കണ്ടു നിന്നു. ആതിഥേയർ ഉന്മൂലനം ചെയ്യപ്പെട്ടു. ഇത്തരം ഒറ്റപ്പെടലിൻ്റെയും കുടിയിറക്കപ്പെടലിൻ്റെയും തീക്ഷ്ണമായ ജീവിതാനുഭവങ്ങളാൽ വിരചിതമാണ് ആധുനിക ഫലസ്തീൻ സാഹിത്യങ്ങളെന്നു കാണാം.  
  
പീഡിത വിഭാഗത്തിൻ്റെ  കണ്ഠങ്ങളിൽ നിന്നുയരുന്ന തക്ബീറുകൾ ആഘോഷത്തിനൊപ്പം വിമോചനത്തിനായുള്ള കരളുറപ്പിൻ്റെയും ഇഛാശക്തിയുടേത് കൂടിയാണ്.കുടിയിറക്കപ്പെടുന്ന അനാഥകളുടെയും ഇരകളാക്കപ്പെടുന്ന നിരപരാധികളുടെയും ഒപ്പം ഐക്യദാർഡ്യത്തിൻ്റെ കണ്ഠങ്ങളിൽ നിന്ന് ഉരുവിടാം.

അല്ലാഹു അക്ബർ.... വലില്ലാഹിൽ ഹംദ്..

Previous Post Next Post
3/TECH/col-right