കൊട്ടാരക്കര: കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.  ആരോഗ്യനില ഇന്നലെ വൈകുന്നരത്തോടെ മോശമായി. ഇന്ന് പുലർച്ചെയായിരുന്നു  മരണം. സംസ്ക്കാരം  ഉച്ചയ്ക്ക് വീട്ടുവളപ്പില്‍.
കെ ബി ഗണേശ്‌കുമാർ എംഎൽഎ,  ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ എന്നിവരാണ് മക്കള്‍. ബിന്ദു ഗണേശ്‌കുമാർ, മോഹൻദാസ്, പി ബാലകൃഷ്ണൻ എന്നിവരാണ് മരുമക്കള്‍.ഭാര്യ :  പരേതയായ ആര്‍ വത്സല.
കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. നായർ സർവീസ് സൊസൈറ്റി(എൻഎസ്എസ്) ഡയറക്ടര്‍ ബോർഡ്  അംഗമായിരുന്നു.
ആരോഗ്യ പ്രശ്നങ്ങൾ ഏറെ അലട്ടിയിരുന്നെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ ബി ഗണേഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്യാൻ എത്തി. എൽഡിഎഫ് സംസ്ഥാനത്ത് തുടർ വിജയം നേടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെയുള്ള അദ്ദേഹത്തിന്റെ വേർപാട് തികച്ചും വേദനാജനകമായി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയ ആര്‍ ബാലകൃഷ്ണപ്പിള്ള ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്നു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍ പിള്ളയുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി 1935 മാര്‍ച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം.
വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതൽ  പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്നു. യുഡിഎഫിന്റെ രൂപീകരണത്തിലും കേരള കോൺഗ്രസിന്റെ രൂപീകരണത്തിലും നിർണായക പങ്കു വഹിച്ചു.  1964ൽ കേരള കോൺഗ്രസിന്‍റെ സ്ഥാപക ജനറൽ സെക്രട്ടറിയായ അദ്ദേഹം പിന്നീട് എൽഡിഎഫിന്റെ ഭാഗമായി. മുന്നാക്ക വികസന കമീഷൻ ചെയർമാനുമായിരുന്നു.
Tags:
OBITUARY
