സംസ്ഥാനത്തു പോളിങ് സമയം അവസാനിച്ചു. 73.4 ശതമാനം പോളിങ് നടന്നുവെന്നാണ് ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുകൾ വ്യക്തമാക്കുന്നത്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതൽ. അവസാന മണിക്കൂറുകളിൽ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമാണ്.
കോഴിക്കോടിനു പിന്നാലെ കണ്ണൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലും കൂടുതൽ പോളിങ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കൾ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി.
ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാർഥിമാരില്ലാത്തതിനാൽ ബിജെപി വോട്ടുകൾ പോൾ ചെയ്യപ്പെടുന്നില്ല എന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് പലയിടത്തു നിന്നും വോട്ടിങ് സംബന്ധിച്ച പരാതികൾ ഉയർന്നിട്ടുണ്ട്. കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാൻ എത്തിയപ്പോൾ പോസ്റ്റൽ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്തെന്ന പരാതിയും ചിലയിടങ്ങളിൽനിന്ന് ഉയർന്നിട്ടുണ്ട്.
വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് രണ്ടുതവണ സി.പി.എം.-ബി.ജെ.പി. സംഘർഷമുണ്ടായി. രാവിലത്തെ സംഘർഷത്തിനു ശേഷം ഉച്ചകഴിഞ്ഞ് കാറിലെത്തിയ സംഘം സിപിഎം പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ കാർ അടിച്ചുതകർത്തു. തുടർന്ന് പോലീസ് രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
ആന്തൂരിൽ യു.ഡി.എഫ്. സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയർന്നു. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി. പ്രവർത്തകർ തടഞ്ഞുവെച്ചു. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബി.ജെ.പി.-കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി.
തന്നെ ബൂത്തിൽ കൈയേറ്റം ചെയ്യാൻ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി ആരോപിച്ചു. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ ഡി.വൈ.എഫ്ഐ. പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്നാണ് ധർമജന്റെ ആരോപണം. ആറാട്ടുപുഴയിൽ വീണാ ജോർജിനെതിരെ കൈയ്യേറ്റ ശ്രമവും അസഭ്യവർഷവും ഉണ്ടായി.
വോട്ടിങ് യന്ത്രങ്ങൾ തകരാറിലായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൽപ്പറ്റയിൽ വോട്ടിങ് മെഷീനിൽ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് വോട്ടെടുപ്പ് ഒരു മണിക്കൂർ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അൻസാരിയ പബ്ലിക് സ്കൂളിലെ 54-ാം നമ്പർ ബൂത്തിലാണ് തകരാർ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാർഥിക്കു പകരം മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയർന്നത്. തുടർന്ന് ബൂത്തിൽ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിർത്തിവെച്ചു. തുടർന്ന് കളക്ടറേറ്റിൽനിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ടിങ് മെഷീൻ പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
പോളിങ് ബൂത്തിൽ മന്ത്രിമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നാരോപിച്ച് കമ്പളക്കാട് ഗവ. യു.പി. സ്കൂളിലെ ബൂത്തിൽ സംഘർഷാവസ്ഥയുണ്ടായി. 51-ാം നമ്പർ ബൂത്തിലാണ് രാവിലെ 9.45-ഓടെ പ്രശ്നമുണ്ടായത്. ബൂത്തിൽ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. യു.ഡി.എഫ്. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഇത് നീക്കംചെയ്തു.
Tags:
KERALA