പൂനൂർ: കേരള സംസ്ഥാന തലത്തിൽ പതിനഞ്ച് വയസ്സിനു താഴെയുള്ള വിദ്യാർഥികൾക്കായി നടത്തിയ ദുരന്ത ലഘൂകരണം പ്രമേയമാക്കിയുള്ള ചിത്രലേഖനി പോസ്റ്റർ നിർമ്മാണ മത്സരത്തിൽ പൂനൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഷ്ന മിലൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടായിരം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.
കോഴിക്കോട് ജില്ലയിൽ ഉണ്ണികുളത്ത് പാടത്തും കുഴിയിൽ കെ കെ അഷ്റഫ്, സജ്ന ദമ്പതികളുടെ മകളാണ് അഷ്ന മിലൻ.
തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് സംസ്ഥാന തലത്തിൽ വിവിധ മത്സരങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 13ന് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിൻ്റെ ഭാഗമായായിരുന്നു മത്സരം. ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും ഒക്ടോബർ 13 അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായി ആചരിക്കുകയാണ്.
ആഗോളതലത്തിൽ ദുരന്ത ലഘൂകരണത്തിനായി ഒരു പൊതു സംസ്കാരം രൂപപ്പെടുത്തി എടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
പുത്തൻ ആശയ മത്സരം, ചെറുകഥാ രചന മത്സരം എന്നിവയും ഇതോടൊപ്പം നടത്തിയിരുന്നു. സദ്ഭരണവും ദുരന്ത സാധ്യത ലഘൂകരണവും എന്ന പ്രമേയം അടിസ്ഥാനമാക്കി ജനകീയ പങ്കാളത്തിത്തോടെയുള്ള ദുരന്ത നിവാരണം മുന്നിൽ കണ്ട് കൊണ്ട് തിരുവനന്തപുരം ജില്ലയിലെ ദുരന്ത സാധ്യതകളെ ലഘൂകരിക്കാൻ ഉതകുന്ന ആശയങ്ങളും പദ്ധതികളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി പങ്ക് വെക്കാൻഅവസരമൊരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
Tags:
KERALA