പന്നിക്കോട്ടൂർ: പന്നിക്കോട്ടൂരിലെ പൊന്നടം ചാലിൽ ഇഷാൻ മുഹമ്മദ് വീട്ടുമുറ്റത്ത് വളർത്തിയ കരനെൽകൃഷി വിളവെടുപ്പ് നടത്തി. സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷതവഹിച്ചു. നരിക്കുനി കൃഷി ഓഫീസർ കെ. ദാന ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിന് രക്ഷിതാക്കളും പൊതുസമൂഹവും ശ്രമിക്കേണ്ടതാണെന്നും കുട്ടികളുടെ താൽപര്യത്തെയും കഴിവിനെയും പരിഗണിക്കേണ്ടതും പ്രോത്സാഹിപ്പിക്കുന്നതും മുതിർന്നവരുടെ കടമയാണെന്നും അവർ നിർദ്ദേശിച്ചു.
തീൻമേശയിൽ എത്തുന്ന ചോറ് രൂപപ്പെടുന്നത് എങ്ങനെയെന്നുള്ള അന്വേഷണമാണ് നെൽകൃഷി ചെയ്യാൻ ഇഷാനെ പ്രേരിപ്പിച്ചത്. നരിക്കുനി കൃഷിഭവനിൽ നിന്ന് സംഘടിപ്പിച്ച നൽവിത്ത് എടുത്താണ് കൃഷി ചെയ്തത്. ഉമ ഇനം നെല്ലിൻ്റെ വിത്താണ് ഉപയോഗിച്ചത്. നിലമൊരുക്കുന്നത് മുതൽ കൊയ്ത്ത് വരെയുള്ള എല്ലാ ഘട്ടങ്ങളും കൃത്യമായി നിരീക്ഷിക്കുകയും പ്രവർത്തനങ്ങളിൽ സ്വയം ഏർപ്പെടുകയും ചെയ്തതാണ് ഈ മിടുക്കൻ്റെ വിജയം.
എളേറ്റിൽ ജി എം യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഇഷാൻ മുഹമ്മദ് ജുനൈസ് ഹാഷിദ ദമ്പതികളുടെ മകനാണ്. പി സി അതൃമാൻ ഹാജി, ഹാരിസ്, കെ കെ പക്കർ ഹാജി എന്നിവർ ആശംസകൾ നേർന്നു.
Tags:
ELETTIL NEWS