Trending

മകളുടെ ഭർത്താവിന്റെ ദുരൂഹ മരണതിന്റെ കേസ് നടത്താൻ ലോകായുക്തയിൽ ഉദ്യോഗസ്ഥനാണെന്നു തെറ്റിദ്ധരിപ്പിച്ചു വയോധികയുടെ കയ്യിൽ നിന്ന് അര ലക്ഷത്തോളം രൂപയും വിലപ്പെട്ട രേഖകളും തട്ടിയെടുത്തതായി പരാതി. കൂടരഞ്ഞികുളിരാമുട്ടി സ്വദേശിനി മേരി തുണ്ടത്തിലാണ് ഉള്ളിയേരി സ്വദേശി രവി എന്നയാൾക്കെതിരെ അത്തോളി പോലീസിൽ പരാതി നൽകിയത്.

മനുഷ്യാവകാശ കമ്മീഷന്റെ കോഴിക്കോട് ഓഫീസിനു മുൻപിൽ വെച്ച്  ഉള്ളിയേരി സ്വദേശി രവി എന്നയാൾ ലോകായുക്തയിൽ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞു പരിചയപ്പെടുകയും 2016  ൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മകളുടെ ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട   കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പിൽ സഹായിക്കാമെന്നും പറഞ്ഞു അര ലക്ഷത്തോളം രൂപയും, കേസിനെ സംബന്ധിച്ച മുഴുവൻ രേഖകളും തട്ടിയെടുത്തു എന്നാണ് മേരി തുണ്ടത്തിൽ അത്തോളി പോലീസിൽ പരാതി നൽകിയത്.

2016 മാർച്ചു 27  നാണു മേരി തുണ്ടത്തിൽ എന്ന വയോധികയുടെ മകളുടെ ഭർത്താവ്  ആനക്കാം പൊയിൽ വടക്കേപ്പുറത്തു വീട്ടിൽ ബിജു തോമസിനെ തന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാമിലെ സോളാർ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റതാണെന്ന നിഗമനത്തിൽ സ്വാഭാവികമരണമാണെന്നായിരുന്നു   അന്ന് തിരുവമ്പാടി പോലീസ് കണ്ടെത്തിയത്. പക്ഷെ എഫ്.ഐ.ആറിലെ തിരുത്തും മറ്റു സാഹചര്യതെളിവുകളും ചൂണ്ടിക്കാണിച്ചു  അന്ന് തന്നെ ബിജുവിന്റെ ഭാര്യ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോലീസ് മേധാവികൾക്കും ,മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകി,കേസ്സു ക്രൈം ബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു ആവശ്യപ്പെട്ടിരുന്നെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. ഇതേ തുടർന്നാണ് ബിജുവിന്റെ ഭാര്യ സിജി മനുഷ്യാവകാശ കമ്മീഷനിലും,വനിതാ  കമ്മീഷനിലും  പരാതിനല്കിയതു. സിജിയുടെ  അമ്മ മേരി തുണ്ടത്തിൽ ആണ് കേസിന്റെ ആവശ്യാർഥം  പലപ്പോഴും പലയിടങ്ങളിലും പോകാറുള്ളത്. അങ്ങിനെയാണ് രവിയെ പരിചയപ്പെടുന്നത്. തുടക്കത്തിൽ വളരെ വിശ്വസ്തനെന്ന രീതിയിൽ പെരുമാറിയ ഇയാൾ പിന്നെ പലപ്പോഴായി വിവിധ ആവശ്യങ്ങൾ പറഞ്ഞു പണവും മറ്റു രേഖകളും കൈപ്പറ്റുകയായിരുന്നു. പിന്നീട് മാസങ്ങളോളമായി  ഇയാളെ  ഫോണിലൂടെയും അല്ലാതെയും  ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധ്യമാകുന്നില്ലെന്നും ഇവർ പറയുന്നു.

 ലോകായുക്തയുടെ റിപ്പോർട്ടുൾപ്പെടെ ഇയാളുടെ കൈവശമായതിനാൽ കേസിന്റെ തുടർ നടപടികൾ നടപടികൾ നടത്തിക്കൊണ്ടുപോവാൻ കഴിയാത്ത അവസ്ഥയിലാണിവർ. അതിനാൽ എത്രയും പെട്ടെന്ന് പ്രസ്തുത രേഖകൾ ഇയാളുടെ കയ്യിൽ നിന്നും തിരികെ വാങ്ങി  നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. ഒപ്പം മകളുടെ ഭർത്താവിന്റെ ദുരൂഹമരണത്തിൽ നീതിപൂർവമായ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

റിപ്പോർട്ട്‌ :റഫീഖ് തോട്ടുമുക്കം OMAK മീഡിയ ടീം.

Previous Post Next Post
3/TECH/col-right