Trending

തിരഞ്ഞെടുപ്പ് പ്രചാരണം: വാഹന ഉപയോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികൾ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് പൊലീസിന്റെ അനുമതിയോടെയാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. വാഹനങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽ വരും. വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കണം.

പെർമിറ്റിൽ വാഹന നമ്പർ, സ്ഥാനാർത്ഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാർത്ഥിയുടെ പേരിൽ പെർമിറ്റെടുത്ത വാഹനം മറ്റൊരു സ്ഥാനാർത്ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്. പെർമിറ്റില്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങൾ അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കും. ഈ വാഹനങ്ങൾ പിന്നീട് പ്രചാരണ വാഹനമായി ഉപയോഗിക്കാൻ പാടില്ല.

പ്രകടനം നടക്കുമ്പോൾ രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർത്ഥിയുടെയോ വാഹനത്തിൽ തിരഞ്ഞെടുപ്പ് പരസ്യം, കൊടി തുടങ്ങിയവ മോട്ടോർവാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ പ്രദർശിപ്പിക്കാവു.
സുരക്ഷാ അധികാരികളും ഇന്റലിജൻസ് ഏജൻസികളും നിഷ്‌കർഷിച്ചിട്ടുണ്ടെങ്കിൽ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ള ആളുകൾക്ക് സർക്കാർ അനുവദിച്ച ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഉപയോഗിക്കാം. സുരക്ഷാ അധികാരികൾ നിഷ്‌കർഷിച്ചിട്ടുണ്ടെങ്കിൽ മാത്രമേ പകരമായി ഒന്നിൽ കൂടുതൽ വാഹങ്ങൾ ഉപയോഗിക്കാവൂ.

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ചെലവ് അതാത് വ്യക്തികൾ വഹിക്കണം. പൈലറ്റ് വാഹനവും എസ്‌കോർട്ട് വാഹനവും ഉൾപ്പടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം സുരക്ഷാ അധികാരികൾ അനുവദിച്ചിട്ടുള്ളവയിൽ കൂടരുത്. സർക്കാർ വാഹനങ്ങളായിരുന്നാലും വാടക വാഹനങ്ങളായിരുന്നാലും അതിന്റെ ചെലവ് അതാത് വ്യക്തികൾ വഹിക്കണം.

പൊതുയോഗം, ജാഥ എന്നിവയ്ക്ക് മുൻകൂർ അനുമതി വാങ്ങണം:
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്നും മുൻകൂർ അനുമതി വാങ്ങണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം.

ഉച്ചഭാഷിണി ഉപയോഗത്തിനും അനുമതി ആവശ്യമാണ്. രാത്രി പത്തു മുതൽ രാവിലെ ആറുവരെ പൊതുയോഗം, ജാഥ, ഉച്ചഭാഷിണി ഉപയോഗം പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ പൊതുയോഗവും ജാഥയും നടത്തരുത്.
സർക്കാർ അതിഥി മന്ദിരങ്ങളിലോ സമാനമായ മറ്റ് സർക്കാർ സ്ഥാപനങ്ങളിലോ തിരഞ്ഞെടുപ്പ് യോഗങ്ങൾ നടത്താനോ തിരഞ്ഞെടുപ്പ് ഓഫീസായി ഉപയോഗിക്കാനോ പാടില്ല. സർക്കാരിന്റെയോ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള ഹാളുകളിൽ യോഗങ്ങൾ നടത്താൻ അനുവദിക്കുകയാണെങ്കിൽ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യ അവസരം നൽകണം.

ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യ സ്ഥലമോ കയ്യേറിയോ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലോ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും താൽക്കാലിക ഓഫീസുകൾ സ്ഥാപിക്കരുത്. ഇവ പഞ്ചായത്തിൽ പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ 200 മീറ്റർ പരിധിയിലും നഗരസഭാ സ്ഥാപനങ്ങളിൽ 100 മീറ്റർ പരിധിയിലും പ്രവർത്തിപ്പിക്കരുത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളോ (സർക്കാർ/ എയ്ഡഡ്/ അൺ എയ്ഡഡ്) അവയുടെ കൡസ്ഥലമോ രാഷ്ട്രീയ കക്ഷികൾക്ക് റാലിക്കോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉപയോഗിക്കരുത്. പൊതുസ്ഥലത്ത് നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായി പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാം.
Previous Post Next Post
3/TECH/col-right