Trending

പൂനൂർപ്പുഴയിൽ മുങ്ങിത്താഴ്ന്ന യുവാവിന് പുതുജീവൻ നൽകി ഏഴാം ക്ലാസുകാരൻ

കൊടുവള്ളി: പൂനൂർപ്പുഴയിൽ മുങ്ങിത്താഴ്ന്ന യുവാവിനെ ജീവിതത്തിന്റെ കരയിലേക്ക് പിടിച്ചെത്തിച്ചത് ഏഴാംക്ലാസുകാരൻ. തൃക്കരിപ്പൂർ ആയിറ്റിയിൽ കെ.എം.എച്ച്. ഹൗസിൽ സിദ്ദിഖിനാണ്‌ (35) മുഹമ്മദ് അദ്‌നാൻ എന്ന അനുമോന്റെ സാഹസികതയും ധൈര്യവും കാരണം പുതുജീവൻ ലഭിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.പൂനൂർപ്പുഴയിലെ എരഞ്ഞോണ കുളിക്കടവിൽ അഞ്ചു മീറ്ററോളം ആഴത്തിൽ മുങ്ങിപ്പോയ സിദ്ദിഖിനെ പന്ത്രണ്ടു വയസ്സുകാരനായ അദ്‌നാൻ പുഴയിലേക്ക് ചാടി രക്ഷിക്കുകയായിരുന്നു.ഏറെ പാടുപെട്ടാണ് യുവാവിനെ കരയ്ക്കെത്തിച്ചത്. വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ പ്രഥമശുശ്രൂഷ നൽകിയതോടെയാണ് തളർന്നവശനായ സിദ്ദിഖ് പഴയ നിലയിലായത്. അല്പം വൈകിയിരുന്നെങ്കിൽ യുവാവിന് ജീവൻ നഷ്ടമാവുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

എരഞ്ഞോണ ഏരെരക്കൽ പരേതനായ അബ്ദുൽ ഗഫൂർ-റംല ദമ്പതിമാരുടെ മകനാണ് പരപ്പൻപൊയിൽ രാരോത്ത് ഗവ. ഹൈസ്കൂൾ വിദ്യാർഥിയായ മുഹമ്മദ് അദ്‌നാൻ.

എരഞ്ഞോണയിലുള്ള ഭാര്യാ സഹോദരിയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു സിദ്ദിഖ്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുടുംബത്തോടൊപ്പം പുഴ കാണാനായി എരഞ്ഞോണ കടവിലെത്തി. പിന്നീട് കുളിക്കാനിറങ്ങുകയുമായിരുന്നു. താഴ്ചയുള്ള ഭാഗത്തേക്ക് കാൽ വഴുതിയതോടെ നീന്തൽ വശമില്ലാതിരുന്ന സിദ്ദിഖ് മുങ്ങിപ്പോയി. സിദ്ദിഖിന്റെ ഭാര്യയുടെയും മക്കളുടെയും നിലവിളികേട്ടാണ് സമീപത്തുള്ള വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അദ്‌നാൻ ഓടിയെത്തിയത്. നന്നായി നീന്തൽ ആറിയാവുന്ന അദ്‌നാൻ ഉടൻ പുഴയിൽചാടി സിദ്ദിഖിനെ കരയ്ക്കെത്തിക്കുകയായിരുന്നു.

 മുഹമ്മദ് അദ്‌നാന് നാടിന്റെ ആദരം

പുഴയിലേക്ക് മുങ്ങിത്താഴ്ന്ന യുവാവിന്റെ ജീവൻ രക്ഷിച്ച മുഹമ്മദ് അദ്‌നാന് നാടിന്റെ ആദരം.

എരഞ്ഞോണ പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ കാരാട്ട് റസാഖ് എം.എൽ.എ. ഉപഹാര സമർപ്പണം നടത്തി. ധീരതയ്ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരത്തിന് പരിഗണിക്കാൻ നടപടി ആവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ ഷാനാ നൗഷാജ് എം.എൽ.എ.ക്ക് നിവേദനം നൽകി.
Previous Post Next Post
3/TECH/col-right