Trending

ഹെല്‍മറ്റില്ലാതെ പിടികൂടിയാല്‍ ഇനി ആശുപത്രിയില്‍ സേവനം ചെയ്യണം

തിരുവനന്തപുരം:ഹെല്‍മറ്റില്ലാതെ പിടിച്ചാല്‍ ഇനി അത്ര എളുപ്പമാവില്ല കാര്യങ്ങള്‍. 500 രൂപ പിഴ മാത്രമല്ല പ്രശ്‌നം. പിന്നെ മൂന്നു മാസം വാഹനമേ ഓടിക്കാന്‍ പറ്റില്ല.ഹെല്‍മറ്റില്ലാതെ ആവര്‍ത്തിച്ചു പിടിക്കപ്പെട്ടാല്‍ മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും.രണ്ടാം തവണ പിടിക്കപ്പെടുന്നതോടെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ട്രോമാ കെയര്‍ വാര്‍ഡുകളില്‍ സേവനം ചെയ്യുന്നതിനുള്ള നിര്‍ദേശവുമുണ്ട്. 


അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്നവരുടെ ഗതി നേരിട്ടറിയാനാണ് ആശുപത്രി സേവനം എന്ന ആശയം മുന്നോട്ടുവക്കുന്നത്. ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്ന നിയമം പ്രാബല്യത്തില്‍ വന്നതോടെ നവംബര്‍ ഒന്നു മുതല്‍ നടപടികളിലേക്ക് കടക്കാനാണ് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു.

പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ വന്‍തോതില്‍ അപകടമരണങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സ്വന്തം സുരക്ഷയ്ക്കായി ധരിക്കുന്ന ഹെല്‍മറ്റിന്റെ ഗുണമേന്മ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post
3/TECH/col-right