Trending

തീരം ഉണരുന്നു..കൊയിലാണ്ടിയുടെ സ്വപ്നം പൂവണിയുന്നു...

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ  ആയിരക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ചിരകാല അഭിലാഷമായ മത്സ്യ ബന്ധന തുറമുഖം 2020 ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 10:30ന് വീഡിയോ കോൺഫറൻസ് വഴി കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നാടിന് സമർപ്പിക്കുകയാണ്. കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.ഗിരിരാജ് സിംഗ് വിശിഷ്ടാതിഥിയാകുന്ന ചടങ്ങിൽ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടി അമ്മ അധ്യക്ഷത വഹിക്കും. 

 
മുഖ്യാതിഥികളായി മന്ത്രിമാരായ ശ്രീ.ടി.പി രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ , കെ.മുരളീധരൻ എം.പി, കെ. ദാസൻ എം.എൽ.എ കോഴിക്കോട് ജില്ലയിലെ തീരദേശ എം.എൽ.എ മാർ, കൊയിലാണ്ടിയിലെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നു. കൂടാതെ മറ്റു വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരാവും.
 
കൊയിലാണ്ടിയിലൊരു  ഹാർബർ എന്നത് 1990 കളിൽ  ഉയർന്നു തുടങ്ങിയ ആവശ്യമാണ്. കോഴിക്കോട്ടേക്കും വടകരയിലേക്കും അതിരാവിലെ മിനിലോറികളിൽ തിങ്ങിനിറഞ്ഞ് മത്സ്യ ബന്ധനത്തിന് പോകേണ്ടി വന്നിരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നം.  പി.വിശ്വൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച ഹാർബർ കർമ്മസമിതിയുടെ പ്രവർത്തനങ്ങളോടെ ഈ പദ്ധതിക്കായുള്ള ചുവട് വെപ്പുകൾ ആരംഭിച്ചു.  പിന്നീട് സംസ്ഥാന സർക്കാരിലെ ടി.കെ.രാമകൃഷ്ണൻ, എസ്.ശർമ്മ ഉൾപ്പെടെയുള്ള ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ സ്തുത്യർഹമായ ഇടപെടലുകലുണ്ടായി.

2006 ൽ വി.എസിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ LDF സർക്കാർ ആദ്യ വർഷം തന്നെ ഈ സ്വപ്ന പദ്ധതിക്ക് തറക്കല്ലുപാകുകയും വേഗത്തിൽ തന്നെ പ്രവർത്തികൾ മുന്നോട്ടു നീക്കുകയും ചെയ്തു. എന്നാൽ പിന്നീടങ്ങോട്ട് പല വിധ പ്രതിബന്ധങ്ങളാൽ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയുണ്ടായി. ഒടുവിൽ 2016 മെയ് 24ന് അധികാരത്തിലേറിയ LDF സർക്കാർ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത്‌ നിർമ്മാണപ്രവർത്തനം വേഗത്തിലാക്കി.  

തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ശ്രീ. കെ. ദാസൻ എം.എൽ.എ യുടെ നേതൃത്വവും ബഹു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുടെ ഇടപെടലുകളും സഹായകമായി.

കേന്ദ്ര വിഹിതമുൾപ്പെടെ 63 കോടി രൂപ അടങ്കലിൽ ഇവിടെ പുലിമുട്ടുകൾ,വാർഫുകൾ, ലേലപ്പുരകൾ,ലൈറ്റിംഗ് സംവിധാനങ്ങൾ,  അഴുക്കുചാലുകൾ,  ജലലഭ്യത, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ, കടമുറികൾ, തുടങ്ങിയ എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ചു കഴിഞ്ഞു.  ഡീസൽ ബങ്കിന്റെ പ്രവർത്തി 50 % പൂർത്തിയായി. മണ്ണെണ്ണ ബങ്ക് കൂടി അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരിക്കുന്നു. ഹാർബറിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ  ജില്ലാ കലക്ടർ അധ്യക്ഷനായ ഹാർബർ മാനേജ്മെന്റ് കമ്മറ്റി നിലവിൽ വന്നു കഴിഞ്ഞു.  

ഉദ്ഘാടന ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് നടക്കുന്നത്.


Previous Post Next Post
3/TECH/col-right