ഒരുകാലത്ത് കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതിയിരുന്ന കളിമണ്‍ വ്യവസായം ക്ഷീണത്തിലായിട്ട് കാലങ്ങളേറെയായി. കളിമണ്ണ് ശേഖരിക്കുന്നതിന്മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അനാവശ്യ നിയമങ്ങളും ലഭ്യമായ കളിമണ്ണിന്റെ അളവ് ഗണ്യമായി കുറഞ്ഞതുമാണ് കഴിഞ്ഞ വര്‍ഷം വരെ കളിമണ്‍ വ്യവസായത്തെ തളര്‍ത്തിയിരുന്നത് എങ്കില്‍ ഇക്കുറി കോവിഡ് വന്നു പുറത്തിറങ്ങാൻ പറ്റാത്തതാണ് ഇവരെ തളർത്തുന്നത്.ഈ ഓണക്കാലത്തേക്കു ഉണ്ടാക്കി വെച്ച  ലക്ഷകണക്കിന് രൂപയുടെ  ഉത്പന്നങ്ങൾ വിറ്റഴിക്കാനാവാതെ നിരവധി കുടുംബങ്ങൾ ദുരിതത്തിൽ.

കേരളത്തിലെ ക്ഷേത്രങ്ങളിലും പള്ളികളിലും ഉത്സവത്തിനും പെരുന്നാളിനുമെല്ലാം കൊടികയറുമ്പോള്‍ താല്‍ക്കാലികമായി പണിതുയര്‍ത്തിയ ഷെഡുകളില്‍ പലവിധത്തിലുള്ള കച്ചവടങ്ങളും പൊടിപൊടിക്കും. 

ഈ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് കളിമണ്‍ പാത്രങ്ങളുടെ വില്‍പന. കറിച്ചട്ടി മുതല്‍ അപ്പക്കല്ല്, പൂച്ചട്ടി, കരകുശാലാ വസ്തുക്കള്‍, മണ്‍പ്രതിമകള്‍ അങ്ങനെ കളിമണ്ണില്‍ തീര്‍ത്ത വ്യത്യസ്തയിനം വസ്തുക്കള്‍ ഇവിടെ കാണാന്‍ കഴിയും.

എന്നാല്‍  കോവിഡ് വന്നതിനു ശേഷം   കളിമണ്‍ പാത്ര നിര്‍മാണത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.അതിനാല്‍ തന്നെ പരമ്പരാഗതമായി കളിമണ്‍ പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന പലരും ധനസമ്പാദനത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകുകയാണ്.

ഓണക്കാലം ഇവർക്ക് ഏറെ പ്രതീക്ഷയുള്ള കാലം ആയിരുന്നു. എല്ലാ ഭാഗത്തും ഓണച്ചന്തകളിൽ ഇവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ നല്ല അവസരം ആയിരുന്നു. 
എന്നാൽ ഇക്കൊല്ലം കോവിഡ് കാരണം അതും മുടങ്ങി കിടക്കുകയാണ്. ഈ കാരണം കൊണ്ട് തന്നെ നിരവധി കുടുംബങ്ങൾ പട്ടിണിയിൽ ആണ്. 

കേരളത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന ഒന്നാണ് കളിമണ്‍ വ്യവസായം. കേരളത്തില്‍ ഇന്നും കുലത്തൊഴിലുകളെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന അപൂര്‍വം ചില സമുദായങ്ങളുണ്ട്. അതിൽ  ഒന്നാണ് കളിമണ്‍പാത്ര നിര്‍മാതാക്കള്‍. കഴിവ്‌കൊണ്ടും ക്രിയാത്മകതകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടവര്‍. എന്നാല്‍ ഇന്ന് തീര്‍ത്തും അവഗണന നേരിടുന്ന ഈ വിഭാഗം നിലനില്‍പ്പിനായി പൊരുതുകയാണ്.

വര്‍ഷങ്ങളായി പരമ്പരാഗത രീതിയില്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലായി ഈ വിഭാഗം ജനങ്ങള്‍ മണ്‍പാത്ര നിര്‍മാണ തൊഴിലുമായി കഴിഞ്ഞുകൂടുന്നു. മണ്ണിന്റെ മണം അറിഞ്ഞു ജീവിച്ച ഇവര്‍ക്ക് ഇന്ന് ജീവനോപാധി കണ്ടെത്തുന്നതിനായി മറ്റു മാര്‍ഗങ്ങള്‍ തേടിപ്പോകേണ്ട അവസ്ഥയാണ്.

റഫീഖ് തോട്ടുമുക്കം - OMAK Media Team