Trending

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പോർവിളി അവസാനിപ്പിക്കാൻ നിയമം വേണം: ഹൈക്കോടതി

കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പോർവിളികളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളിൽ സമാന്തര സമൂഹങ്ങൾ ഉണ്ടാകുന്നത് തടയേണ്ടത് അത്യാവശ്യമാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ മോശം പരാമർശം നടത്തിയെന്ന കേസിൽ പ്രതിയായ ഓൺലൈൻ അവതാരകയുടെ മുൻകൂർ‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.


ഹർജി അനുവദിച്ച കോടതി സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്പരമുളള പോർവിളി അതിരികടക്കുകയാണെന്നും അടിയന്തരമായി സർക്കാർ ഇടപെട്ട് നിയന്ത്രിക്കണമെന്നും നി‍ർദേശിച്ചു. ഇത്തരം ഏറ്റുമുട്ടലുകൾ തടയാൻ സർക്കാർ നിയമനിർമാണം കൊണ്ടുവരണം. ആരെങ്കിലും മോശം പരാർമശം നടത്തിയാൽ ഇരയായ ആൾ അതിനെതിരെ പൊലീസിനെ സമീപിക്കുകയാണ് വേണ്ടത്. 


എന്നാൽ സാമൂഹ്യമാധ്യമത്തിലൂടെ തന്നെ പരസ്പരം പോരടിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് നിയമവാഴ്ചയെ തകിടം മറിക്കുന്ന നടപടിയാണ്. ഇക്കാര്യത്തിൽ പൊലീസ് ഇടപെട്ട് നിയമനടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദേശിച്ചു. കോടതി ഉത്തരവിന്‍റെ പകർപ്പ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കൈമാറണെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.

മോശം പരാമർശം:ഓണ്‍ലൈന്‍ ടി.വി അവതാരക അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി

സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമർശം നടത്തിയ ഓണ്‍ലൈന്‍ ടി.വി അവതാരകയോട് പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദേശം. 

പരമാവധി മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.ടി വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് ഇവര്‍ മറുപടി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ ഏഴു വർഷം വരെ തടവ് ലഭിക്കാവുന് കുറ്റങ്ങൾക്ക് മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. 

തുടർന്ന് ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 50,000 രൂപയുടെ ബോണ്ട് അടക്കുകയും രണ്ട് ജാമ്യക്കാരെ ഹാജരാക്കുകയും വേണം, അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം, സമാനമായ കുറ്റം ആവർത്തിക്കരുത് എന്നീ കാര്യങ്ങളും കോടതി നിർദേശിച്ചു. 

സമൂഹമാധ്യമങ്ങളിലൂടെയുള്ള വാക്‌പോരും വിദ്വേഷ പ്രചരണവും അവസാനിപ്പിക്കാൻ നിയമനിർമാണം നടത്തണമെന്ന് കേസ് പരിഗണിക്കവെ കോടതി നിർദേശം നൽകി. ഇത്തരം സാഹചര്യങ്ങളിൽ പൊലീസ് ജാഗരൂകരാവണമെന്ന് കോടതി ഡി.ജി.പിയോടും നിർദേശിച്ചു.

സോഷ്യല് മീഡിയലിൽ മോശം പരാമർശം നടത്തിയാൽ പോലിസിൽ പരാതി നൽകുന്നതിന് പകരം അതിനെതിരെ അതേ രീതിയിൽ പ്രതികരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും ഇത് നിയമവാഴ്ചയെ തകിടം മറിക്കുന്ന നടപടിയാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞിക്യഷ്ണൻ ചൂണ്ടിക്കാട്ടി. 

ഈ ഗുരുതര സാഹചര്യം മറികടക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. നിലവിലെ നിയമപ്രകാരം പോലിസ് നടപടി സ്വീകരിക്കണമെന്നും ഉത്തരവിന്റെ പകർപ്പ് സംസ്ഥാന പോലിസ് മേധാവിക്ക് നൽകണമെന്നുമാണ് കോടതി നിര്‌ദേശം.
Previous Post Next Post
3/TECH/col-right