Trending

യാത്രാ ട്രെയിനുകള്‍ ഇന്ന് മുതല്‍ ഭാഗികമായി പുനഃസ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ

പതിനഞ്ചു ജോഡി ട്രെയിനുകള്‍ (ഇരുഭാഗത്തേയ്ക്കുമായി 30) സര്‍വീസ് നടത്തും

ഈ സര്‍വീസുകള്‍ നിലവിലുള്ള ശ്രമിക് ട്രെയിനുകള്‍ക്കു പുറമെ.



നിലവില്‍ പ്രത്യേക ട്രെയിനുകളില്‍ ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് എസി കംപാര്‍ട്ട്മെന്റുകള്‍ മാത്രം

ടിക്കറ്റ് വില്‍പ്പന ഐആര്‍സിടിസി വെബ്സൈറ്റ് മുഖേന മാത്രം

ഏഴുദിവസം മുന്‍പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

ഭക്ഷണവും കുടിവെള്ളവും യാത്രക്കാര്‍ കരുതണം

തെര്‍മല്‍ സ്‌ക്രീനിങ്ങിനായി 90 മിനിറ്റ് മുന്‍പെങ്കിലും യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തണം

ലിനന്‍, കമ്പിളി, കര്‍ട്ടന്‍ തുടങ്ങിയവ ട്രെയിനില്‍ ലഭ്യമാകില്ല

യാത്രക്കാരെയും അവരെ സ്റ്റേഷനിലെത്തിക്കാന്‍ ഡ്രൈവര്‍മാരെയും വാഹനങ്ങളെയും അനുവദിക്കുന്നത് കണ്‍ഫേര്‍മ്ഡ് ടിക്കറ്റുകളുടെ അടിസ്ഥാനത്തില്‍

 
രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് (മെയ് 12) മുതല്‍ ഭാഗികമായി പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും റെയില്‍വേ മന്ത്രാലയവുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം.  താഴെപ്പറയും വിധത്തിലാണ് പതിനഞ്ച് ജോഡി പ്രത്യേക ട്രെയിനുകള്‍ (ഇരുവശങ്ങളിലേയ്ക്കുമായി മുപ്പത് ട്രെയിനുകള്‍) ഓടിക്കുന്നത്.

മെയ് 1 മുതല്‍ സര്‍വീസ് നടത്തുന്ന പ്രത്യേക ശ്രമിക് ട്രെയിനുകള്‍ക്കു പുറമെയാണ് പുതിയ സര്‍വീസുകള്‍. എന്നാല്‍ മറ്റു മെയില്‍/ എക്സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളുടെ സര്‍വീസ് കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതുവരെ റദ്ദാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ആരംഭിച്ച പ്രത്യേക ട്രെയിനുകളില്‍ ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് എസി ക്ലാസ് കംപാര്‍ട്ടുമെന്റുകള്‍ മാത്രമാണുണ്ടാകുക. യാത്രാനിരക്ക് രാജധാനി ട്രെയിനുകള്‍ക്കു സമാനമാണ് (ഭക്ഷണത്തിനുള്ള നിരക്ക് ഒഴികെ). ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മാത്രമേ ടിക്കറ്റ് എടുക്കാനാകൂ. റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെ  ടിക്കറ്റ് ബുക്കിങ്ങില്ല. ഐആര്‍സിടിസി - റെയില്‍വേ ഏജന്റുമാര്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കില്ല. 


ഏഴുദിവസം മുമ്പുവരെ മാത്രമേ ടിക്കറ്റ് എടുക്കാന്‍ അനുവദിക്കൂ. കണ്‍ഫേംഡ് ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാനാകൂ. ആര്‍എസി / വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റിന്റെ ബുക്കിംഗും യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധകര്‍ വഴിയുള്ള ബുക്കിംഗും അനുവദിക്കില്ല. കറന്റ് ബുക്കിങ്, തത്കാല്‍, പ്രീമിയം തത്കാല്‍ ബുക്കിംഗ് എന്നിവ അനുവദിക്കില്ല. അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ക്കും അനുമതിയില്ല.

ടിക്കറ്റ് നിരക്കില്‍ ഭക്ഷണത്തിനുള്ള തുക ഈടാക്കില്ല. മുന്‍കൂര്‍ ഭക്ഷണം, ഇ കാറ്ററിങ് എന്നിവ തെരഞ്ഞെടുക്കാനുള്ള അവസരം ഒഴിവാക്കും. എങ്കിലും പണം നല്‍കി വാങ്ങാവുന്ന തരത്തില്‍ ഭക്ഷണവും കുടിവെള്ളവും ഐആര്‍സിടിസി ഒരുക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാര്‍ക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കും.

യാത്രക്കാര്‍ സ്വന്തമായി ഭക്ഷണവും കുടിവെള്ളവും കൊണ്ടുവരുന്നതിനെയാണ് റെയില്‍വെ പ്രോത്സാഹിപ്പിക്കുന്നത്. എങ്കിലും ആവശ്യമനുസരിച്ച് പാകം ചെയ്ത ഭക്ഷണവും കുപ്പിവെള്ളവും വാങ്ങാന്‍ ട്രെയിനുകള്‍ക്കുള്ളില്‍ അവസരമൊരുക്കും.

എല്ലാ യാത്രക്കാരെയും നിര്‍ബന്ധിത പരിശോധനയ്ക്കു വിധേയമാക്കും. രോഗലക്ഷണമില്ലാത്ത യാത്രക്കാര്‍ക്ക് മാത്രമേ ട്രെയിനില്‍ കയറാന്‍ അനുമതി ലഭിക്കൂ.

പ്രത്യേക ട്രെയിനുകളില്‍ യാത്രചെയ്യുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:

1. ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാരെ മാത്രമേ റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.


2. പ്രവേശന സമയത്തും യാത്രയ്ക്കിടയിലും  എല്ലാ യാത്രക്കാരും മുഖാവരണങ്ങള്‍ / മാസ്‌കുകള്‍ ധരിക്കണം.


3. ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി കുറഞ്ഞത് 90 മിനിറ്റ് മുമ്പെങ്കിലും യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തണം.രോഗലക്ഷണമില്ലത്തവര്‍ക്കു മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ.


4. സ്റ്റേഷനിലും ട്രെയിനുകളിലും യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കണം.


5. യാത്ര അവസാനിപ്പിക്കുമ്പോള്‍ അതാതിടങ്ങളിലെ സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പു വരെ ഓണ്‍ലൈനായി ടിക്കറ്റ് റദ്ദാക്കാന്‍ അവസരം ലഭിക്കും. അതിനുശേഷം ടിക്കറ്റ് റദ്ദാക്കാന്‍ അനുവദിക്കില്ല. റദ്ദാക്കുന്ന ടിക്കറ്റുകളുടെ 50 ശതമാനം തുക തിരികെ ലഭിക്കും. സ്റ്റേഷനുകളില്‍ കയറാനും ഇറങ്ങാനും പ്രത്യേകം പ്രത്യേകം വാതിലുകളാണ് സജ്ജമാക്കുക. നേര്‍ക്കുനേര്‍ വരുന്നതിലൂടെയുള്ള പ്രതിസന്ധികള്‍ ഒഴിവാക്കാനാണിത്. ഇക്കാര്യം ഉറപ്പാക്കാന്‍ അതത് റെയില്‍വെ സോണുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെയിനുകളിലും സ്റ്റേഷനുകളിലും സാമൂഹ്യ അകലം പാലിക്കാനും സുരക്ഷാ- ശുചിത്വ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനും റെയില്‍വെ സോണുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ യാത്രക്കാരും ആരോഗ്യ  സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്  ചെയ്ത് ഉപയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ട്രെയിനിനുള്ളില്‍ ലിനന്‍, പുതപ്പുകള്‍, കര്‍ട്ടന്‍സ് എന്നിവ നല്‍കില്ല. യാത്രക്കാര്‍ സ്വന്തമായി ഇക്കാര്യങ്ങള്‍ കൊണ്ടുവരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എസി കോച്ചുകള്‍ക്കുള്ളിലെ താപനില ഇതനുസരിച്ച് ക്രമീകരിക്കും. പ്ലാറ്റ്ഫോമുകളിലെ സ്റ്റാളുകളും ബൂത്തുകളും മറ്റു കച്ചവടങ്ങളും അനുവദിക്കില്ല. യാത്രക്കാര്‍ പരമാവധി ലഗേജുകള്‍ കുറയ്ക്കണം.

ആഭ്യന്തരമന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം യാത്രക്കാരെ റെയില്‍വേ സ്റ്റേഷനിലേക്കും പുറത്തേക്കും കൊണ്ടുപോകുന്നതിനും അതിനായി വാഹനവും ഡ്രൈവറും അനുവദിക്കുന്നതും ഉറപ്പായ ടിക്കറ്റുകളുള്ളവര്‍ക്ക് മാത്രമാകും.
Previous Post Next Post
3/TECH/col-right