Trending

ജാഗ്രത തുടരണം; തെരുവിലിറങ്ങി രോഗവ്യാപനം ഉണ്ടാക്കരുത്: കാന്തപുരം

കോഴിക്കോട് : കൊവിഡ്- 19 എന്ന മഹാവ്യാധി പ്രതിരോധിക്കാൻ അതീവ ജാഗ്രത തുടരണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭ്യർഥിച്ചു. ലോക്ക്ഡൗൺ നിയന്ത്രണത്തിൽ ലഭിക്കുന്ന ഇളവുകൾ മുതലെടുത്ത് പുറത്തിറങ്ങി രോഗം ക്ഷണിച്ചുവരുത്തരുത്. എല്ലാവരും സ്വയം നിയന്ത്രണം പാലിച്ചാലേ രോഗത്തെ തുടച്ചുമാറ്റാൻ കഴിയൂ.
 


സർക്കാർ ചെറിയ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴേക്കും തെരുവുകളിലേക്ക് കൂട്ടത്തോടെ ഇറങ്ങുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. നാം പെരുമാറുന്ന ഓരോ ഇടങ്ങളിലും വൈറസിന്റെ സാന്നിധ്യമുണ്ടാകാമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചാൽ രോഗം പതിന്മടങ്ങ് ശക്തിയിൽ തിരിച്ചുവരും.മഹാവ്യാധിയുടെ കാലത്ത് നാട്ടിലും വീട്ടിലും ക്ഷമിച്ചുകഴിയുന്നതാണ് പുണ്യം.
 


സാമൂഹിക അകലം കർശനമായി പാലിക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ നിർദേശമുള്ളപ്പോൾ പെരുന്നാൾ ആഘോഷത്തിന്റെ പേരിൽ തുണിത്തരങ്ങൾക്കും മറ്റുമായി നഗരങ്ങളിലേക്ക് പോകുന്നത് യഥാർഥ വിശ്വാസിക്ക് ചേർന്നതല്ല. മഹാവ്യാധിയെ തുടർന്ന് വലിയൊരു വിഭാഗം അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി കഴിയുമ്പോൾ ഒരാഘോഷവും മനുഷ്യത്വപരമാകില്ല. യാഥാർഥ്യത്തോട് പൊരുത്തപ്പെട്ട് നാട്ടിലും വീട്ടിലും സഹനത്തോടെ കഴിയാൻ നമുക്ക് കഴിയണം. 

നോമ്പിന്റെയും പെരുന്നാളിന്റെയും പേരിൽ അനാവശ്യമായി പൊതു ഇടങ്ങളിലേക്കിറങ്ങുന്നത് വ്രതത്തിന്റെ ചൈതന്യം കെടുത്തുക മാത്രമാണ് ചെയ്യുക.ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന സഹോദരങ്ങളോട് ഒരു വിധത്തിലുള്ള വിവേചനവും കാണിക്കരുതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
Previous Post Next Post
3/TECH/col-right