Trending

പട്ടിണിയെന്ന് ഇതരസംസ്ഥാന തൊഴിലാളികൾ; പോലീസെത്തിയപ്പോൾ കളവെന്ന് തെളിഞ്ഞു

കോഴിക്കോട് : ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോൺ വിളി. പോലീസ് പരിശോധിച്ചപ്പോൾ സംഭവം കളവാണെന്ന് വ്യക്തമായി. കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ രാംപൊയിലിലാണ് സംഭവം.വെള്ളിയാഴ്ച രാത്രിയാണ് തിരുവനന്തപുരം പോലീസ് കൺട്രോൾ റൂമിൽനിന്ന് കോഴിക്കോട് റൂറൽ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് ഫോൺ സന്ദേശം വന്നത്.


തൊഴിലാളികൾ പട്ടിണിയാണെന്നായിരുന്നു പരാതി. എസ്.പി.ഓഫീസിൽനിന്ന് കൊടുവള്ളി സ്റ്റേഷൻ പരിധിയിലേക്ക് വിവരം നൽകി. പോലീസന്വേഷണത്തിൽ സ്ഥലം കുന്ദമംഗലം സ്റ്റേഷൻ പരിധിയിലാണെന്ന് വ്യക്തമായി. പോലീസ് പരിശോധിച്ചപ്പോൾ നിർമാണത്തൊഴിലാളികളായ ഇതരസംസ്ഥാനക്കാരുടെ താമസസ്ഥലത്ത് മൂന്ന് ചാക്ക് അരിയും ആവശ്യത്തിലേറെ പച്ചക്കറികളും കണ്ടെത്തി. 


കരാറുകാരനാണ് ഇവർക്ക് ഭക്ഷണസാധനങ്ങൾ വാങ്ങാൻ പണം നൽകിയതും അവ വാടകക്കെട്ടിടത്തിനുള്ളിൽ സൂക്ഷിക്കാനുള്ള സഹായം ചെയ്തുകൊടുത്തതും. രണ്ട് വർഷമായി 31 തൊഴിലാളികളാണ് ഇവിടെ വാടകക്കെട്ടിടത്തിൽ താമസിക്കുന്നത്. അത്തരത്തിൽ ഫോൺ ചെയ്തിട്ടില്ലെന്നാണ് പിന്നീട് പോലീസിനോട് തൊഴിലാളികൾ പറഞ്ഞത്.
Previous Post Next Post
3/TECH/col-right