Trending

ഡല്‍ഹി കത്തുന്നു; നാലു പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി:സിഎഎ. വിരുദ്ധ പ്രക്ഷോഭകരെ നേരിടുമെന്ന മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കപില്‍ മിശ്രയുടെ പ്രസ്താവനക്കു പിറകെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ അനുകൂലികളുടെ അഴിഞ്ഞാട്ടം. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂര്‍ പ്രദേശത്ത് തിങ്കളാഴ്ച്ചയുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലിസുകാരനടക്കം നാലു പേര്‍ കൊല്ലപ്പെട്ടു.


പോലിസുകാരനെ കൂടാതെ മൂന്നു സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്.ഡല്‍ഹി പോലിസിലെ ഹെഡ് കോണ്‍സ്റ്റബിളായ രത്തന്‍ലാലാണ് കൊല്ലപ്പെട്ടത്. കല്ലേറില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. വൈകീട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുര്‍ഖാന്‍ കൊല്ലപ്പെട്ടത്. പൗരത്വ അനുകൂലികളുടെ ക്രൂരമായ ശാരീരിക മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് ഫുര്‍ഖാന്‍ കൊല്ലപ്പെട്ടത്.

സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ മുഹമ്മദ് ഫുര്‍ഖാനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കൊല്ലപ്പെട്ട മറ്റൊരാള്‍ പ്രദേശവാസിയായ ശാഹിദാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.രാത്രി വൈകിയും പല മേഖലകളിലും കലാപ സമാനമായ അന്തരീക്ഷമാണ്. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ തിരഞ്ഞുപിടിച്ച് പോലിസും പൗരത്വ അനുകൂലികളും അക്രമം അഴിച്ചുവിടുകയാണെന്നാണ് റിപോര്‍ട്ടുകള്‍.

പുറത്തുനിന്നെത്തുന്ന അക്രമികളാണ് അക്രമം അഴിച്ചുവിടുന്നത്.പോലിസ് ഒത്താശയോടെയാണ് അക്രമികള്‍ അഴിഞ്ഞാടുന്നതെന്നാണ് റിപോര്‍ട്ടുകള്‍. നൂര്‍ ഇലാഹി ഭാഗങ്ങളില്‍ വലിയ തോതിലുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. രാത്രി വൈകി പോലിസ് നടത്തിയ വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അക്രമികള്‍ നിരവധി വാഹനങ്ങള്‍ കത്തിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. നിരവധി വീടുകളും അഗ്‌നിക്കിരയാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തിയിട്ടും ഫലം കണ്ടില്ല. സിആര്‍പിഎഫ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

മൗജ്പൂര്‍ മെട്രോ സ്‌റ്റേഷന് സമീപമുള്ള കബീര്‍ നഗര്‍ പ്രദേശത്ത് സി.എ.എ സമരക്കാര്‍ക്കു നേരെ അക്രമമുണ്ടായി. ഇവിടെ ജയ് ശ്രീ റാം' വിളിച്ചു കൊണ്ട് അക്രമികള്‍ എത്തുന്നത് കണ്ടുവെന്ന് ഉമിഡ്.കോം റിപോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് മൗജ്പൂര്‍ ബാബര്‍പൂര്‍ മെട്രോ സ്‌റ്റേഷന്റെ പ്രവേശന കവാടങ്ങള്‍ അടച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഞായറാഴ്ച്ച പ്രദേശത്ത് വന്‍ റാലി സംഘടിപ്പിച്ചിരുന്നു. അതിനു ശേഷമാണ് സമരക്കാര്‍ക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി കപില്‍ മിശ്ര രംഗത്തുവന്നത്.

സി.എ.എ. വിരുദ്ധ പ്രക്ഷോഭകരെ മൂന്നു ദിവത്തിനകം ഒഴിപ്പിച്ചില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നായിരുന്നു പോലിസിനോട് കപില്‍ മിശ്രയുടെ വെല്ലുവിളി. ഇതിനു ശേഷമാണ് പ്രദേശത്ത അക്രമങ്ങള്‍ ആരംഭിച്ചത്. പോലിസ് കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയാണെന്നും അക്രമികളെ നേരിടാന്‍ ഒന്നും ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.തിങ്കളാഴ്ച ഉച്ചയോടെയാണ് മേഖല സംഘര്‍ഷ ഭരിതമായത്.

തിങ്കളാഴ്ച ഏറ്റുമുട്ടല്‍ നടന്ന മൗജ്പൂര്‍ മേഖലയിലാണ് കൊല്ലപ്പെട്ട രത്തന്‍ ലാല്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ തലയ്ക്ക് നേരെ കല്ലേറുണ്ടായത്. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രത്തന്‍ ലാലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും തെരുവിലിറങ്ങിയവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും തീവെച്ചിരുന്നു. പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തിചാര്‍ജ് നടത്തുകയും ചെയ്തിരുന്നു.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മെട്രോസ്‌റ്റേഷനുകള്‍ അടച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right