Trending

ഓമശ്ശേരി ജ്വല്ലറി മോഷണ കേസിലെ പ്രതി ബസ്സില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു;ഒരാൾ കൂടി കൊടുവള്ളി പോലീസിന്റെ പിടിയിലായി.

ബാലുശ്ശേരി:ഓമശ്ശേരി ജ്വല്ലറിയില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയപ്പോള്‍ പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശി നഈം അലി ഖാന്‍ ബസ്സില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. 



റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ ജയിലില്‍ നിന്നും താമരശ്ശേരി കോടതി യില്‍ എത്തിച്ചു മടങ്ങുമ്പോള്‍ ബാലുശ്ശേരി പറമ്പിന്‍ മുകളില്‍ വെച്ചായിരുന്നു സംഭവം.

ബസ്സ് നിര്‍ത്തിയപ്പോള്‍ പ്രതി കൈ വിലങ്ങുമായി ചാടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പൊലീ സുകാരും പിന്നാലെ ചാടി പ്രതിയെ പിടികൂടി. ബസ്സില്‍ നിന്നും ചാടിയപ്പോള്‍ പരുക്കേറ്റ പ്രതി യെ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





ഓമശ്ശേരി:കവര്‍ച്ചക്കു ശേഷം പശ്ചിമബംഗാളിലേക്ക് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പശ്ചിമബംഗാളില്‍ കൊടുവള്ളി പോലീസിന്റെയും ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡിന്റെയും പിടിയിലായി.ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണ്. 

ഏറെ സാഹസികമായാണ് ബംഗ്ലാദേശ് അതിർത്തിയിൽ വെച്ച് മാവോയിസ്റ്റ് സാനിധ്യമേഖലയിൽ നിന്ന് പോലീസ് ഇവരെ പിടികൂടിയത്. അതിനിടെ മോഷണക്കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ച സംഭവം പോലീസ് കേന്ദ്രങ്ങളിൽ തന്നെ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. 

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ജയിലിൽ കിടന്ന് പരിചയമുള്ള പ്രതികൾ മോഷണത്തിന്റെയും മോഷണം നടത്തി രക്ഷപ്പെടാനുമുള്ള എല്ലാ കഴിവുകളും ആർജിച്ചവരാണ്. ഇത്തരം പ്രതികളെയാണ് സ്വന്തം ജീവൻ പോലും പണയംവെച്ച് ഇതര സംസ്ഥാനങ്ങളിലെത്തി പിടികൂടുന്നത്. 

ദിവസങ്ങളോളം ട്രെയിനിൽ യാത്ര ചെയ്താണ് പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോലീസ് പോവുന്നതും തിരിച്ച് പോരുന്നതും. ഈ ദുർഘട യാത്രകൾ കഴിഞ്ഞ് തിരിച്ചെത്തുന്ന പോലിസുകാർക്ക് ലഭിക്കുന്നതാവട്ടെ മിക്കപ്പോഴും പഴി മാത്രമായിരിക്കും.

ഈമാസം പതിമൂന്നിനാണ് ഓമശ്ശേരി ശാദി ഗോള്‍ഡില്‍ നാടിനെ ഞെട്ടിച്ച കവര്‍ച്ച അരങ്ങേറിയത്. രാത്രി ഏഴരയോടെയാണ് തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി മൂന്നംഗ സംഘം ജ്വല്ലറിയിലെത്തിയത്. ഒരാള്‍ തോക്ക് ചൂണ്ടുകയും രണ്ടുപേര്‍ കൗണ്ടറില്‍ നിന്നും ആഭരണങ്ങള്‍ കവരുകയുമായിരുന്നു. പന്ത്രണ്ടര പവനോളം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. 

കടയിലെ ജീവനക്കാര്‍ കവര്‍ച്ചക്കാര്‍ക്കു നേരെ ചാടി വീണതോടെ രണ്ടുപേര്‍ രക്ഷപ്പെട്ടു. തോക്കുമായെത്തിയ ബംഗ്ലാദേശ് സ്വദേശി നഈം അലി ഖാനെ ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചിരുന്നു.
ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. 

ബംഗ്ലാദേശ് സ്വദേശിയായ അര്‍ഷാദുലും ആദ്യം പിടിയിലായ നഈം അലിയുടെ സുഹൃത്തുമാണ് രക്ഷപ്പെട്ടത്. കോയമ്പത്തൂരിലും മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിലും ചുറ്റിക്കറങ്ങിയ പ്രതികള്‍ പശ്ചിമബംഗാളില്‍ എത്തിയതായ വിവരത്തെ തുടര്‍ന്ന് കൊടുവള്ളി എസ് ഐ. കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസും ഡിവൈഎസ്പി സ്ക്വാഡിലെ രാജീവ് ബാബു, ഷിബിൽ ജോസഫ് എന്നിവരും  പശ്ചിമബംഗാളിലേക്ക് പുറപ്പെടുകയായിരുന്നു. 

പര്‍ഗാന ജില്ലയിലെ മാവോയിസ്റ്റ് സ്വാധീന മേഖലയിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ശേഷിക്കുന്ന രണ്ട് പ്രതികളിൽ ഒരാളെ പിടികൂടുന്നതിനിടയിൽ ഒരാൾ പുഴയിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ശേഷിക്കുന്ന പ്രതിയേയും കൂടി പിടിച്ചിട്ടേ കേരളാപോലീസ് സംഘം കേരളത്തിലേക്ക് തിരിക്കുകയുള്ളൂ.
Previous Post Next Post
3/TECH/col-right