ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും തൊടുപുഴയില്‍ മാധ്യമങ്ങളെ കണ്ട മന്ത്രി പറഞ്ഞു. 

  നിലവിലെ അവസ്ഥയില്‍  അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ പവർ കട്ട് വേണ്ടി വന്നേക്കും. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. 

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ലൈനുകള്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. 

അതേസമയം വൈദ്യുതി നിരക്കില്‍ പുതുതായി വന്ന വര്‍ധനയെ മന്ത്രി ന്യായീകരിച്ചു. നേരിയ തോതിലുള്ള വര്‍ധനയാണ് വൈദ്യുതി നിരക്കില്‍ കൊണ്ടു വന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.