തിരുവനന്തപുരം: യാത്രക്കാർക്ക് സഹായമേകാൻ പുതിയ വാട്ട്‌സ് ആപ്പ് നമ്പറുമായി കെ.എസ്.ആർ.ടി.സി. കോർപ്പറേഷനെ സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാനും പരാതികൾ അറിയിക്കാനും +91 8129562972 എന്ന ഈ നമ്പർ ഉപയോഗപ്പെടുത്താം. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോർപ്പറേഷന്റെ സാമൂഹ്യമാദ്ധ്യമ സെൽ സജീവമാണ്. പുതിയ വാട്ട്‌സ് ആപ്പ് നമ്പറിലൂടെ പൊതുജനങ്ങളുമായുള്ള സമ്പർക്കം കൂടുതൽ ശക്തിപ്പെടുത്താനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. കെ.എസ്.ആർ.ടി.സിയുടെ സാമൂഹ്യമാദ്ധ്യമ സെല്ലിൽ പാർട്ട് ടൈം ആയി പ്രവർത്തിച്ചിരുന്ന ജീവനക്കാരെ സൈബർ ഡോമിൽ പരിശീലനത്തിന് അയച്ചിരുന്നു. ഇവർ ഇപ്പോൾ മുഴുവൻ സമയവും സാമൂഹ്യമാദ്ധ്യമ സെല്ലിൽ ജോലി നോക്കി വരുന്നു.

നാല് ജീവനക്കാരാണ് ഇപ്പോഴുള്ളത്. പകൽ രണ്ടുപേരും രാത്രി ഒരാളും ഡ്യൂട്ടി നോക്കുന്നു. മൊത്തത്തിലുള്ള മേൽനോട്ടമാണ് ഒരാൾക്ക്. വാട്ട്‌സ് ആപ്പ് നമ്പരായി ഒരു ഫാൻസി നമ്പർ ലഭിക്കുന്ന മുറയ്ക്ക് നിലവിലെ നമ്പർ മാറ്റും. സാമൂഹിക മാദ്ധ്യമ സെൽ ജിവനക്കാർ എം.ഡിക്ക് നേരിട്ടാണ് റിപ്പോർട്ടുകൾ നൽകുന്നത്. കഴിഞ്ഞ ആഴ്ചകളിലെ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ സമയക്രമീകരണത്തിന് സോഷ്യൽ മീഡിയ സെല്ലിൽ ലഭിച്ച അഭിപ്രായങ്ങൾ നിർണായകമായി. 

യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത് മുൻകൂട്ടി തീരുമാനിച്ചിരുന്ന പല റൂട്ടുകളിലും മാറ്റം വരുത്തി. രാത്രികാലങ്ങളിലെ സാമൂഹ്യമാദ്ധ്യമ സെല്ലിന്റെ പ്രവർത്തനം സ്ത്രീയാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് വിവരങ്ങൾ അന്വേഷിക്കാൻ ഏറെ സഹായകരമാണ്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്ര പ്രോത്സാഹിപ്പിക്കാൻ വീഡിയോ സഹിതമുള്ള വിവരണങ്ങൾ ഉൾപ്പെടുത്തി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നു. 

സെല്ലിലെ ജീവനക്കാർ തന്നെയാണ് ഈ വീഡിയോകൾ നിർമ്മിക്കുന്നത്. ഇതിനായി കോർപ്പറേഷൻ അത്യാധുനിക കേമറ വാങ്ങും. കെ.എസ്.ആർ.ടി.സിക്ക് നിലവിൽ ഒരു യു ട്യൂബ് ചാനൽ ഉണ്ട്. സാമൂഹിക മാദ്ധ്യമ പേജിൽ 75,000 പേർ കോർപ്പറേഷനെ പിന്തുടരുന്നു. പൊതുജനങ്ങളുമായുള്ള സമ്പർക്കം വർധിപ്പിച്ച് കൂടുതൽ പേരിലേക്ക് എത്താനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്.