Trending

സൈബറിടത്തെ കള്ളന്മാര്‍:നിങ്ങളെ കാത്തുനില്‍പ്പുണ്ട്



പോക്കറ്റടിക്കാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും പുതിയമാനം വരുന്നത് ഇന്റര്‍നെറ്റിന്റെ വരവോടെയാണ്. ഇത്തരം കള്ളന്മാരുടെ സ്ഥാനം ഹൈടെക് കള്ളന്മാര്‍ തട്ടിയെടുത്തു. 'സൈബറിടം' എന്നത് പണം തട്ടാനുള്ളയിടമായി മാറി.ആയിരങ്ങള്‍ മോഷ്ടിച്ചിടത്തുനിന്ന് പതിനായിരങ്ങളും ലക്ഷങ്ങളും തട്ടിയെടുക്കുന്ന ലോകമായി അത് വളര്‍ന്നു. 

മുഖമില്ലാത്ത കള്ളന്മാര്‍ അവരുടെ ജോലി എവിടെയോ ഇരുന്ന് തുടരുന്നു.

ഓണ്‍ലൈനില്‍ തട്ടിപ്പിന് പലവിധ മാര്‍ഗങ്ങളുണ്ട്. എന്നാല്‍, എല്ലായിടത്തും പണം നഷ്ടമാകുന്നത് നമ്മുടെ അശ്രദ്ധകൊണ്ട് മാത്രമാണ്. രഹസ്യവിവരം ആരോടും പങ്കുവെയ്ക്കരുതെന്ന് എത്ര ബോധവത്കരണം നന്‍കിയാലും തട്ടിപ്പില്‍ ചെറിയ മാറ്റവുമായി വന്നാല്‍ ഇതില്‍ ജനങ്ങള്‍ തട്ടിവീഴും. 

തട്ടിപ്പുകള്‍ തുടങ്ങുന്നതിങ്ങനെ...
 
ഫെയ്സ്ബുക്കും വാട്സ് ആപ്പുമൊക്കെ വരുന്നതിന് മുമ്ബുള്ള കാലം. ഒരു ഇ-മെയില്‍ വിലാസമൊക്കെയുണ്ടാക്കി വന്നവരെ തേടി ആ മെയിലെത്തി. നിങ്ങളുടെ ഇ-മെയില്‍ വിലാസത്തെ യൂറോപ്പില്‍ നടന്ന ലക്കി ഡ്രോയില്‍ തിരഞ്ഞെടുത്തിരിക്കുന്നു. ഒന്നാം സമ്മാനമാകട്ടെ എണ്ണിയാല്‍ തീരാത്ത പൂജ്യങ്ങളടങ്ങിയ തുകയും. നറുക്കെടുക്കുന്ന ഒരു ചിത്രവും മെയിലിനോടൊപ്പമുണ്ടായിരുന്നു. 

പണം ട്രാന്‍സ്‌ഫര്‍ ചെയ്യാനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാനും മെയിലില്‍ ഉണ്ടായിരുന്നു. പലരും ഇത് വിശ്വസിച്ചു, വിവരം ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു. പിന്നീട് സുഹൃത്തുക്കളോട് തുറന്നുപറഞ്ഞവര്‍ കേള്‍ക്കുന്നത് അവര്‍ക്കും സമാനമായ മെയില്‍ വന്നു എന്ന കാര്യമാണ്. ഇത് രഹസ്യമായി വെച്ച്‌ മുന്നോട്ട് നീങ്ങിയവരാകട്ടെ ഓണ്‍ലൈനിന്റെ ചതിക്കുഴിയില്‍ വീഴുകയും ചെയ്തു.

പിന്നീട് മൊബൈല്‍ഫോണ്‍ വ്യാപകമായതോടെ നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ 'ലക്കി ഡ്രോയില്‍ തിരഞ്ഞെടുത്തു' എന്ന് സന്ദേശം മാറി.
ലോട്ടറിത്തുക വാങ്ങാനായി അക്കൗണ്ട് വിവരങ്ങള്‍ അയച്ചുനല്‍കിയവരെ തേടി മറ്റൊരു സന്ദേശമെത്തി. അക്കൗണ്ടിലേക്ക് വന്‍ തുക അയയ്ക്കാന്‍ നികുതിയായും പ്രോസസിങ് ചാര്‍ജായും ലക്ഷം അടയ്ക്കണമെന്ന്. എണ്ണിയാല്‍ തീരാത്ത തുകയോര്‍ത്ത് പണം അയച്ചവര്‍ അബദ്ധം പുറത്തുപറയാതെ മനസ്സില്‍ ഒതുക്കി.

ഒ.ടി.പി. പറയല്ലേ...
 
കാലം മാറിയപ്പോള്‍ സകലര്‍ക്കും ബാങ്ക് അക്കൗണ്ടും എ.ടി.എം. കാര്‍ഡും ലഭിച്ചു. എല്ലാ അക്കൗണ്ടും മൊബൈലുമായി ബന്ധിപ്പിച്ചു. ഇത് മനസ്സിലാക്കിയ തട്ടിപ്പുകാര്‍ പുതിയ തന്ത്രം മെനഞ്ഞു. സാങ്കേതിക ജ്ഞാനമില്ലാത്തവരായിരുന്നു തട്ടിപ്പിനിരയായവരില്‍ ഏറെയും.
ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് വിളിയെത്തി. 

അക്കൗണ്ടില്‍ ചില പ്രശ്നങ്ങളുണ്ടെന്നും എ.ടി.എമ്മിലെ കാര്‍ഡ് നമ്ബറും കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യു നമ്ബറും (സി.വി.വി.) തട്ടിപ്പുകാര്‍ ചോദിച്ചുവാങ്ങി. കാര്‍ഡ് കൈയിലുണ്ടല്ലോ എന്നുകരുതി നിന്ന സാധാരണക്കാര്‍ പണം നഷ്ടമായ കാര്യം അറിഞ്ഞത് വളരെ വൈകിയും. പിന്‍ നമ്ബറും വിവരങ്ങളും ആര്‍ക്കും പറഞ്ഞുകൊടുക്കരുതെന്ന കാമ്ബയിന്‍ വ്യാപകമായതോടെ തട്ടിപ്പ് കുറഞ്ഞു.

എന്നാല്‍, പിന്നീട് നടന്നത് ഒ.ടി.പി. (വണ്‍ ടൈം പാസ്‌വേര്‍ഡ്) തട്ടിപ്പുകളാണ്. ഫോണ്‍ വിളിക്കുന്ന തട്ടിപ്പുകാര്‍ പറഞ്ഞു, രഹസ്യ പിന്‍ നമ്ബര്‍ പറഞ്ഞുനല്‍കേണ്ട, പകരം ഫോണില്‍ വന്നിരിക്കുന്ന നാലക്ക നമ്ബര്‍ പറഞ്ഞാല്‍ മതി, എല്ലാ ശരിയാക്കിത്തരാം. അങ്ങനെ പണം നഷ്ടമായവര്‍ നിരവധി.

ഈ തട്ടിപ്പ് ഫലിക്കാതായപ്പോള്‍ രൂപം അല്പം മാറ്റി. വലിയ തോതില്‍ േഡറ്റാ ബേസ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തി. ശേഷം ഇംഗ്ലീഷ് പരിജ്ഞാനവും മറ്റുമുള്ളവരെ പറ്റിക്കാന്‍ തിരഞ്ഞെടുത്തു. ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞായിരുന്നു ഇംഗ്ലീഷ് ഭാഷയിലുള്ള വിളി. എ.ടി.എം. കാര്‍ഡ് ബ്ലോക്കായി എന്നും പുതിയ കാര്‍ഡ് വേഗത്തില്‍ ലഭിക്കാന്‍ ഫോണില്‍ വന്ന ഒ.ടി.പി. പറഞ്ഞുനല്‍കാനുമായിരുന്നു ആവശ്യം.

 േഡറ്റാബേസില്‍ ചോര്‍ത്തിയ വ്യക്തിവിവരങ്ങളും മറ്റ് ബാങ്ക് വിവരങ്ങളും അടക്കം തട്ടിപ്പുകാര്‍ അക്ഷരം തെറ്റാതെ പറഞ്ഞുനല്‍കി. ഇതോടെ ശരിക്കും ബാങ്കുകാരാണെന്ന് കരുതി ഒ.ടി.പി. പറഞ്ഞവരുടെ പണം ഉടനടി നഷ്ടമായി.കഴിഞ്ഞ ഡിസംബറില്‍ കോട്ടയത്തെ ഒരു കോളേജിലെ അധ്യാപകര്‍ ഇത്തരം തട്ടിപ്പിനിരയായിരുന്നു. ഇത് േഡറ്റാബേസ് ചോര്‍ത്തി നടത്തിയ തട്ടിപ്പാണെന്നാണ് വിലയിരുത്തല്‍.

നോട്ട് നിരോധന ശേഷമാണ് ഇത്തരം തട്ടിപ്പ് കൂടിയത്. ഇതുകൂടാതെ, ബാങ്ക് ലയനവും ചിപ്പ് വെച്ച കാര്‍ഡ് രംഗത്തെത്തിയതുമെല്ലാം തട്ടിപ്പ് നടത്താനുള്ള മാര്‍ഗങ്ങളാക്കി തട്ടിപ്പുകാര്‍ ഉപയോഗിച്ചു.

കോള്‍ സെന്ററും കോച്ചിങ്ങും
 
ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബംഗാളിലെ ജാംധാര എന്ന പ്രദേശം കേന്ദ്രീകരിച്ച്‌ ഓണ്‍ലൈന്‍ തട്ടിപ്പ് പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് കൊച്ചി സിറ്റി സൈബര്‍സെല്‍ ഇന്‍ ചാര്‍ജ് വൈ.ടി. പ്രമോദ് പറയുന്നത്.

ഓണ്‍ലൈന്‍ തട്ടിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള പരിശീലനമാണ് നല്‍കുന്നത്. ഒരുലക്ഷം രൂപ വരെ ഫീസ് വാങ്ങിയാണ് പരിശീലനം നല്‍കുന്നത്. കൂടെ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളുമുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കോള്‍ സെന്ററില്‍ ജോലിക്കായാണ് ഇവര്‍ക്ക് പരിശീലനം. ഫോണ്‍ ചെയ്ത് ഒ.ടി.പി. കൈക്കലാക്കാനാണ് സ്ത്രീകളെ പഠിപ്പിക്കുന്നത്. 

ഹിന്ദി മാത്രമറിയാവുന്നവര്‍ക്ക് ഇംഗ്ലീഷില്‍ സ്പെഷ്യല്‍ ട്രെയിനിങ് നല്‍കും. ഇവിടെ ഒരുവിഭാഗം ആളുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ഒരു തൊഴിലായി കാണുന്നവരാണ്.തട്ടുന്ന പണം ഇ-വാലറ്റിലേക്ക് മാറ്റുകയാണ് തട്ടിപ്പ് സംഘങ്ങള്‍ കൂടുതലും ചെയ്യുന്നത്. ഇവയുപയോഗിച്ച്‌ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങി മറിച്ചുവിറ്റ് പണമുണ്ടാക്കും.

സൗഹൃദവുമായി അവര്‍ വരും
 
ഒരു പരിചയവുമില്ലാത്ത ചില രാജ്യങ്ങളില്‍നിന്ന് ഫെയ്സ്ബുക്കില്‍ ചിലരുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ എത്തി. സുഹൃത്തായതോടെ സംസാരം നീണ്ടു. സകല കുടുംബവിവരങ്ങളും പരസ്പരം പങ്കുവെച്ചു. ഇതിനിടെ വിദേശി അവര്‍ കോടീശ്വരിയാണെന്നും ഒറ്റയ്ക്കാണ് ജീവിതമെന്നുമെല്ലാം പറഞ്ഞ് വിശ്വസിപ്പിച്ചു. അതിനു ശേഷമാണ് തട്ടിപ്പ് തുടങ്ങുന്നത്. ഒരു സമ്മാനം നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് പറയും.

കുറച്ചുദിവസം കഴിഞ്ഞ് പാഴ്‌സല്‍ ഓഫീസില്‍ നിന്നെന്നുപറഞ്ഞ് ഫോണെത്തി. വിദേശത്തുനിന്ന് ഒരു പാഴ്‌സല്‍ വന്നിട്ടുണ്ടെന്നും ഇതില്‍ ലക്ഷം ഡോളറുണ്ടെന്നും. ഇവ നല്‍കണമെങ്കില്‍ ടാക്സായി പണം ഓണ്‍ലൈനായി അടയ്ക്കണമെന്നുമായിരുന്നു ആവശ്യം. പണം ഓണ്‍ലൈനായി അടച്ചിട്ടും പാഴ്‌സല്‍ കാണാതെയായതോടെ പാഴ്‌സല്‍ ഓഫീസിലേക്ക് തിരികെ വിളിച്ചു, പക്ഷേ, നമ്ബര്‍ സ്വിച്ച്‌ ഓഫ്. കാര്യം വിദേശി ഫ്രണ്‍ഡിനോട് പറയാമെന്നുകരുതി നോക്കിയപ്പോള്‍ അവരുടെ അക്കൗണ്ട് പ്രവര്‍ത്തനരഹിതവുമായി. ഇത്തരം തട്ടിപ്പുകള്‍ നിലവില്‍ വ്യാപകമാണെന്നാണ് കൊച്ചി സിറ്റി സൈബര്‍സെല്‍ അധികൃതര്‍ പറയുന്നത്.

100 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍
 
ഒരു രൂപയ്ക്ക് പെന്‍ഡ്രൈവ്, 100 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ എന്ന ക്യാപ്ഷനില്‍ വരുന്ന ഫോര്‍വേഡ്‌ മെസേജുകള്‍ വാട്സാപ്പില്‍ സുപരിചിതമാണല്ലോ. ഫോണ്‍ വാങ്ങാനായി മെസേജില്‍ കാണുന്ന ലിങ്കില്‍ കയറാനാകും ആവശ്യം. പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകളുടെ പേരിനോട് സാമ്യമുള്ള വെബ് വിലാസം. ധൈര്യമായി പ്രവേശിക്കും. തെളിഞ്ഞു വരുന്ന വെബ് പേജും സുപരിചിതം തന്നെ. 100 രൂപയ്ക്ക് ഫോണ്‍ വാങ്ങാനായി ഓണ്‍ലൈനില്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കും. 

 എല്ലാം നല്‍കിയശേഷം ഒ.ടി.പി.യും. കുറച്ചുകഴിയുമ്ബോള്‍ ട്രാന്‍സാക്‌ഷന്‍ ശരിയായില്ലെന്ന് സ്‌ക്രീനില്‍ തെളിഞ്ഞുവരും. പിന്നീട് ശ്രമിക്കാനാകും ആവശ്യം. ഇതിനിടെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായ സന്ദേശം എത്തിക്കാണും. നൂറല്ല, നൂറിന്റെ പിന്നാലെ രണ്ടോ മൂന്നോ പൂജ്യം കാണും. വ്യാജമായ വെബ് പേജിലാണ് നമ്മള്‍ കയറി ട്രാന്‍സാക്‌ഷന്‍ നടത്തിയതെന്ന് തിരിച്ചറിയുന്നത് പിന്നീട് വെബ് വിലാസം പരിശോധിക്കുമ്ബോഴാകും.

ഇ-മെയിലായി വായ്പ എത്തും
 
ലോണ്‍ പാസായി എന്നുപറഞ്ഞ് ഇ-മെയിലുകള്‍ വരും. മറ്റു ചില മെയിലുകളിലുണ്ടാകുക കുറഞ്ഞ പലിശനിരക്കില്‍ വന്‍ തുക ലോണ്‍ നല്‍കുമെന്നാകും. ഇത്തരം തട്ടിപ്പുകാരുമായി ബന്ധപ്പെടുമ്ബോള്‍ ഇവര്‍ കേരളത്തില്‍ ബ്രാഞ്ചുകളിലാത്ത സ്വകാര്യ പണവിനിമയ സ്ഥാപനമാണെന്നാകും അവകാശവാദം. 

ഇവര്‍ പലവിധ രേഖകളും ഓണ്‍ലൈന്‍ വഴി അയച്ചു നല്‍കും. തട്ടിപ്പില്‍ വീണെന്നറിഞ്ഞാല്‍ ലോണ്‍ പാസായിട്ടുണ്ടെന്നും ഇവ പിടിച്ചെടുക്കാന്‍ പ്രോസസിങ് ചാര്‍ജെന്നും മറ്റും പറഞ്ഞ് തുക തട്ടിയെടുക്കുന്നതാണ് രീതി.

ആപ്പിലുമുണ്ട് തട്ടിപ്പിന്റെ കെണികള്‍
 
സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതുവഴിയും നമ്മുടെ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കുന്നുണ്ട്. ഇത് പിന്നീട് നമ്മളെ തട്ടിപ്പില്‍ വീഴ്ത്തുകയും ചെയ്യും. രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സ്പൈ ആപ്പുകള്‍ രംഗത്തുണ്ട്.

ബാങ്കുകളുടെ ലോഗോ വരെ വെച്ച്‌ വ്യാജ ആപ്പുകള്‍ ലഭ്യമാണ്. ഇതില്‍ കയറി ലോഗിന്‍ ചെയ്യുന്നവരുടെ സകല ബാങ്കിങ് രഹസ്യവിവരങ്ങളും തട്ടിപ്പുകാര്‍ക്ക് സ്വന്തം. ഇതുപയോഗിച്ച്‌ ഇ-വാലറ്റുണ്ടാക്കി, പല തവണകളായി ഇവര്‍ നമ്മുടെ അക്കൗണ്ട് കാലിയാക്കും.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
 
ബാങ്കില്‍ നിന്നെന്ന് പറഞ്ഞ് ഒ.ടി.പി. വിവരങ്ങള്‍ ചോദിച്ച്‌ വിളിച്ചാല്‍, ഒരിക്കലും അത് പറഞ്ഞുകൊടുക്കരുത്. വിവരങ്ങള്‍ ബാങ്കിന്റെ ബ്രാഞ്ചിലേ നല്‍കുകയുള്ളൂവെന്ന് ധൈര്യമായി പറയണം.പണം നഷ്ടമായി എന്ന് സന്ദേശം ലഭിച്ചാല്‍ അത് എത്രയും വേഗം സൈബര്‍ സെല്ലില്‍ അറിയിക്കണം. മിനിറ്റുകള്‍ക്കുള്ളില്‍ അറിയിക്കാന്‍ സാധിച്ചാല്‍ പണം തിരികെ ലഭിക്കാനുള്ള സാധ്യതയേറെയാണ്. ഇതിനുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്. 

സുപരിചിതമല്ലാത്ത വെബ്‌സൈറ്റ് ലിങ്കുകളില്‍ പ്രവേശിക്കുന്നത് അപകടം വിളിച്ചുവരുത്തും. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ അനാവശ്യ പെര്‍മിഷന്‍സ്, പ്രത്യേകിച്ചും മെസേജിന്മേലുള്ള പെര്‍മിഷന്‍ ഒഴിവാക്കുന്നതാണ് ഉചിതം. മൊബൈല്‍ ഡേറ്റ, വൈഫൈ, ബ്ലൂടൂത്ത്, ലൊക്കേഷന്‍ എന്നിവ ആവശ്യംകഴിഞ്ഞാല്‍ ഓഫ് ചെയ്യണം. ആവശ്യം കഴിഞ്ഞാല്‍ ഇ-മെയില്‍, ഫെയ്സ്ബുക്ക്‌ തുടങ്ങിയവയില്‍നിന്ന് ലോഗ്‌ ഔട്ട്‌ ചെയ്യണം. ഇവയെല്ലാം നമ്മളെ ഹാക് ചെയ്യാനുള്ള സാധ്യത വര്‍ധിപ്പിക്കാനുള്ള ഘടകങ്ങളാണ്. 

-ഡോ. വിനോദ് ഭട്ടതിരിപ്പാട് (സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധന്‍)
Previous Post Next Post
3/TECH/col-right