ഓരോ നാടിനും ചരിത്രമുണ്ട്, തസറാക്ക് പോലെ,,
നമുക്കും രചിക്കാം ചരിത്രം,,,

ഗ്രാമീണ ഗ്രന്ഥാലയം എളേറ്റിൽ സംഘടിപ്പിക്കുന്ന പുസ്തക ചർച്ച,,,,,

ലൈബ്രറി സമീപത്തുള്ള പഞ്ചായത്ത് ഹാളിൽ...

ഒ വി , വിജയന്റെ "ഖസാക്കിന്റെ ഇതിഹാസം"

03 - 02 - 2019 ഞായർ  6 PM


 
തസറാക്ക് എന്ന പാലക്കാടന്‍ ഉള്‍ഗ്രാമത്തെ ആധാരമാക്കി സൃഷ്ടിച്ച "ഖസാക്ക്" ഒരു ഇതിഹാസ ഭൂമിയാണ്. ചരിത്രം,അല്ലെങ്കില്‍ മിത്തുകൾ എന്നു വിളിക്കാവുന്ന നിരവധി കഥകള്‍ ഉറങ്ങുന്ന ഭൂമികയാണ് ഖസാക്ക്.

 സെയ്ദ് മിയാന്‍ ഷേയ്കിന്‍റെ ആയിരം വെള്ള കുതിരമേല്‍ ഏറി വന്ന പട ,,
ഷേയ്ക്ക് സഞ്ചരിച്ചു വന്ന മുടന്തനായ പാണ്ടൻ കുതിരയുടെ അന്ത്യ ശുശ്രൂഷയ്ക്കായി ഖസാക്കില്‍ തമ്പടിക്കുകയും,അത് മരണപ്പെട്ടപ്പോള്‍ ദു:ഖിതനായ ഷേയ്ക്ക്തങ്ങള്‍ തന്റെ പ്രിയപ്പെട്ട കുതിരയെ ആ ഭൂമിയില്‍ ഖബറടക്കുകയും, ശിഷ്ടകാലം തന്റെ പടയുമായി അവിടെത്തന്നെ കഴിഞ്ഞു കൂടുകയും ചെയ്തു. അവരിലൂടെയാണ് ഖസാക്കിന്റെ പുതു തലമുറയൂണ്ടായത് എന്നു പറയപ്പെടുന്നു ..
 

ഖസാക്കിലെ ചെമ്മണ്ണിന് പറയാനുള്ളത് അധിനിവേശത്തിന്റെയും,കുടിയേറ്റത്തിന്റെയും കഥകളായിരുന്നു.മനുഷ്യരുടെ പലായനങ്ങളും,തിരിച്ചു വരവുകളുമാണ് ഈ പ്രദേശത്തിന്റെ ഇതിഹാസത്തെ രചിക്കുന്നത്.ഖസാക്കിന്റെ ഇതിഹാസം അരനൂറ്റാണ്ടു മുന്‍പുള്ള മനുഷ്യ ജീവിതത്തിന്റെ പരിച്ഛേദമാണ്. ആ കാലഘട്ടത്തിന്റെ വിപ്ളവവും,രാഷ്ട്രീയവും,മതവും, ആത്മീയതയും, ദാര്‍ശനികതയും എല്ലാം ഇതില്‍ കടന്നു വരുന്നു. 

സമകാലിക ലോകാവസ്ഥയുമായി ഈ നോവലിനെ നിര്‍ദ്ധാരണം ചെയ്യുമ്പോള്‍ ഒട്ടേറെ സാമൂഹിക പരിവര്‍ത്തനങ്ങളിലേയ്ക്കും, പുരോഗതിയിലേയ്ക്കും പ്രവേശിച്ചു എന്നു അവകാശപ്പെടുന്ന ഈ പുതുകാലത്തും പ്രകടമായ ഒരു മാറ്റവും നമുക്കു ചുറ്റും ഉണ്ടായിട്ടില്ല എന്ന യാഥാർത്ഥ്യം നമുക്ക് ദർശിക്കാൻ കഴിയും.

സാധാരണക്കാരന്റെ ജീവിതാവസ്ഥകളിലൂടെ വലിയ ദാര്‍ശനിക തലത്തിലേയ്ക്കാണ് ഈ നോവല്‍ നമ്മെ കൈ പിടിച്ച് കയറ്റുന്നത്. തലയുയര്‍ത്തി നില്‍ക്കുന്ന ചെതലിമലയും, കരിമ്പനകളും, ഞാറ്റു പുരയിലെ ചിലന്തികളും, ഒരക്ഷയ വടത്തെ പോലെ പടര്‍ന്ന് നില്‍ക്കുന്ന പോതിയുടെ പുളിമരവും, അതിന്റെ തിണിര്‍പ്പുകളിലെ പാമ്പുറുമ്പ്കളും , നോട്ടം കൊണ്ട് രക്തമൂറ്റുന്ന വലിയ ഓന്തുകളും, അപ്പുക്കിളിയുടെ തുമ്പികളും,അറബിക്കുളവും, അങ്ങനെ എല്ലാ സാവരജംഗമങ്ങളും കഥാപാത്രങ്ങളാകുന്ന വലിയൊരു ഇതിഹാസമാകുന്നു ഖസാക്കിന്‍റേത്.

ഞങ്ങൾക്കുറപ്പുണ്ട്,,, നിങ്ങളുടെ സാന്നിദ്ധ്യം ചടങ്ങിനെ ധന്യമാക്കുമെന്ന് ..