Trending

റെയിൽവേ:നിരാശയോടെ കേരളം

തിരുവനന്തപുരം:ട്രെയിനുകളുടെ വൈകലുൾ‌പ്പെടെ വ്യാപക പരാതി ഉയരുന്നതിനിടെ, കേരളത്തിലെ റെയിൽവേ വികസനം സംബന്ധിച്ച് എംപിമാർ പങ്കെടുക്കുന്ന നിർണായക യോഗം തിരുവനന്തപുരത്ത്. മുൻ യോഗങ്ങളിൽ പറഞ്ഞ പല കാര്യങ്ങളും റെയിൽവേ ഇതുവരെ ചെയ്തിട്ടില്ല. ട്രാക്ക് അറ്റകുറ്റപ്പണി വേഗത്തിലാക്കി ട്രെയിനുകൾ കൃത്യസമയത്ത് ഒാടിക്കണമെന്നതാണു യാത്രക്കാരുടെ പ്രധാന ആവശ്യം. ടെർമിനലുകളുടെ അപര്യാപ്തത, കോച്ചുകളുടെയും ലോക്കോ പൈലറ്റുമാരുടെയും കുറവ് തുടങ്ങിയ കാരണങ്ങളാണു പുതിയ ട്രെയിനുകൾ ലഭിക്കാൻ തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്.



ട്രെയിനുകൾ വൈകാൻ പ്രധാന കാരണം അശാസ്ത്രീയ ടൈംടേബിളിങ്ങും ക്രോസിങ്ങുകളുമാണെന്നു കേരളത്തിലൂടെ ഒരു ദിവസം യാത്ര  ചെയ്താൽ മനസ്സിലാകും. കൊല്ലം– തിരുവനന്തപുരം റൂട്ടിൽ 64 കിലോമീറ്റർ സഞ്ചരിക്കാൻ രണ്ടര മണിക്കൂർ നൽകിയിട്ടും ട്രെയിൻ ഓടിയെത്തുന്നില്ലെങ്കിൽ ആരുടെ കുഴപ്പമാണ്? അരമണിക്കൂർ വീതമാണ് എല്ലാ ട്രെയിനുകൾക്കും യാത്രാസമയം കൂട്ടി നൽകിയിരിക്കുന്നത്. എന്നിട്ടും കൃത്യസമയം പാലിക്കുന്നില്ലെന്നതു  റെയിൽവേയുടെ പിടിപ്പുകേടാണെന്നു യാത്രക്കാർ പറയുന്നു.

2008ൽ അനുമതി ലഭിച്ച നേമം ടെർമിനലിന്റെ പ്ലാൻ വരയ്ക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. കൊച്ചുവേളിയിൽ മാസ്റ്റർ പ്ലാൻ അനുസരിച്ചു ചെയ്യേണ്ട രണ്ടു സ്റ്റേബിളിങ് ലൈനുകൾ ഇനിയും നിർമിക്കാനുണ്ട്. സ്റ്റേബിളിങ് ലൈൻ തീർക്കാതെ ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള മൂന്നു പിറ്റ്‍ലൈനുകൾ പൂർണ തോതിൽ ഉപയോഗിക്കാൻ കഴിയില്ല. 63 ട്രെയിനുകൾ കൈകാര്യം ചെയ്യാവുന്ന യാഡിൽ ഇപ്പോഴുള്ളത് 17 എണ്ണം. കൊല്ലം– ചെങ്കോട്ട പാത തുറന്നതോടെ ആ റൂട്ടിലൂടെ പുതിയ ട്രെയിനോടിക്കണമെങ്കിൽ അടിയന്തരമായി കൊച്ചുവേളിയിൽ സ്റ്റേബിളിങ് ലൈൻ പൂർത്തിയാക്കണം.

കൊല്ലത്ത് ഒരു പി‌റ്റ്‌ലൈനും ഉടൻ വേണം. മലബാർ മേഖലയിൽ ട്രെയിൻ‍ അറ്റകുറ്റപ്പണിക്കു പിറ്റ്‌ലൈൻ വേണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോഴും കണ്ണൂർ ജനശതാബ്ദി പ്രതിദിനമായിട്ടില്ല. എന്നാൽ പാലക്കാട് ഡിവിഷൻ പിറ്റ്‌ലൈൻ നിർമിക്കാൻ യാതൊരു താൽപര്യവും കാണിക്കുന്നില്ല.

കേരള എക്സ്പ്രസിനു ആധുനിക എൽഎച്ച്ബി റേക്ക് നൽകി തിരിച്ചെടുത്തതു മലയാളികൾ മറന്നിട്ടില്ല. വന്ന നാലു റേക്കുകൾ തിരികെ പോയി. പാൻട്രി കാറില്ലെന്ന കാരണത്താൽ കോച്ചുകൾ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നാണു വിശദീകരണം. ഒരു റേക്ക് കൂടി ലഭിച്ചാൽ തിരുവനന്തപുരം ഡിവിഷനിലെ മെമു സർവീസുകൾ പ്രതിദിനമാകും. 

എന്നാൽ ആറു  വർഷം കഴിഞ്ഞിട്ടും ഒരു റേക്ക് പോലും തരാൻ ദക്ഷിണ റെയിൽവേ തയാറായിട്ടില്ല. മലബാറിൽ  ഇതുവരെ  മെമു എത്തിയിട്ടില്ല.
പുതിയ ട്രെയിനുകൾ ചോദിക്കുമ്പോൾ  കോട്ടയം വഴി ട്രെയിനോടിക്കാൻ സമയപഥം (പാത്ത്) ഇല്ലെന്നാണു  മറുപടി. എറണാകുളത്തു നിന്നു വൈകിട്ട്  അഞ്ചരയ്ക്കു വേണാട് പോയിക്കഴിഞ്ഞാൽ തിരുവനന്തപുരത്തേക്കുള്ള അടുത്ത പ്രതിദിന ട്രെയിൻ രാത്രി 11.40നാണ്. വലിയ ഇടവേളയാണുള്ളത്. 

എന്നിരുന്നാലും ട്രെയിനോടിക്കില്ലെന്ന വാശിയിലാണു റെയിൽവേ.
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഇടപെട്ട കൊച്ചുവേളി–മൈസൂർ, റെയിൽവേ ബോർഡ്  അനുമതിയുള്ള എറണാകുളം– രാമേശ്വരം, മംഗളൂരു– രാമേശ്വരം, കൊച്ചുവേളി–നിലമ്പൂർ, കൊല്ലം– താംബരം ട്രെയിനുകൾ പോലും സ‍ർവീസ് നടത്തുന്നില്ല. ചോദിച്ചാൽ കോച്ചില്ലെന്നാണു മറുപടി. പൊതിഗെ എക്സ്പ്രസ്, നെല്ലൈ എക്സ്പ്രസ്, കൊച്ചുവേളി– ബെംഗളൂരു. തിരുനെൽവേലി ദാദർ, തിരുനെൽവേലി ബിലാസ്പൂർ, മധുര ചെന്നൈ എസി എക്സ്പ്രസ് എന്നിവയ്ക്കു ആധുനിക എൽഎച്ച്ബി റേക്ക് നൽകിയപ്പോൾ ബാക്കി വന്ന ഒൻപത് റേക്കുകൾ ദക്ഷിണ റെയിൽവേയുടെ പക്കലുണ്ട്.

പിറ്റ്‌ലൈൻ നിർമാണത്തിനു ഭൂമിയാണു തടസ്സമായി റെയിൽവേ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ എറണാകുളത്തു റെയിൽവേയുടെ ഉടമസ്ഥതയിൽ 110 ഏക്കർ ഭൂമിയുളള എറണാകുളം മാർഷലിങ് യാഡ് ഇന്റഗ്രേറ്റഡ് കോച്ചിങ് കോംപ്ലക്സായി വികസിപ്പിക്കണമെന്ന ശുപാർശ തിരുവനന്തപുരം ഡിവിഷൻ മുക്കുകയായിരുന്നു. വൈറ്റില മൊബിലിറ്റി ഹബ്, ബോട്ട് ജെട്ടി, മെട്രോ സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്ന മേഖലയിൽ സംയോജിത ഗതാഗത പദ്ധതിയായി പുതിയ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കണമെന്നായിരുന്നു ശുപാർശ.


പാസഞ്ചറുൾപ്പെടെ 41 ട്രെയിനുകളാണു സൗത്തിൽനിന്നു സർവീസ് നടത്തുന്നത്. 174 ട്രെയിനുകൾ സൗത്ത് വഴിയും 105 ട്രെയിനുകൾ നോർത്ത് വഴിയും കടന്നുപോകുന്നു. ഭാവി വികസനത്തിന് ഈ സ്റ്റേഷനുകളിൽ സ്ഥലമില്ലെന്നിരിക്കെ മാർഷലിങ് യാഡിലും ഗുഡ്സ് യാഡിലുമായി 23 ലൈനുകളാണുളളത്. സൗത്തിൽനിന്ന‌് ഒന്നര കിലോമീറ്റർ മാത്രം അകലെയുളള യാഡ് ടെർമിനലായി വികസിപ്പിക്കാമെങ്കിലും അതിനും ഉദ്യോഗസ്ഥർ തയാറല്ല.


അനുമതി വേണ്ട ട്രെയിനുകൾ
 
വാസ്കോ–കന്യാകുമാരി, എറണാകുളം–വേളാങ്കണ്ണി, എറണാകുളം–സേലം, കൊച്ചുവേളി–മുംബൈ (കോട്ടയം, കൊങ്കൺ വഴി), തിരുവനന്തപുരം–ഹൈദരാബാദ് (സേലം, കൃഷ്ണരാജപുരം വഴി), കണ്ണൂർ– മൈസൂർ, മംഗളൂരു– ഹൗറ, കൊല്ലം– പുതുച്ചേരി, കൊല്ലം– മേട്ടുപ്പാളയം, പാലക്കാട്– താംബരം, ഗുരുവായൂർ– മധുര ഇന്റർസിറ്റി.

സർവീസ് ദീർഘിപ്പിക്കേണ്ട ട്രെയിനുകൾ 
 
ധൻബാദ്-ആലപ്പി, പൂണെ -എറണാകുളം, അജ്മീർ-എറണാകുളം  എന്നിവ കൊച്ചുവേളിയിലേക്കു നീട്ടുക. നിസാമുദ്ദീൻ–എറണാകുളം മംഗള എക്സ്പ്രസ്  കൊല്ലത്തേക്കു നീട്ടുക. കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിക്കുന്ന രാജ്കോട്ട്- കോയമ്പത്തൂർ, ജയ്പൂർ-കോയമ്പത്തൂർ ട്രെയിനുകൾ എറണാകുളത്തേക്കു നീട്ടുക.

ബെംഗളൂരു ഉദയ് ഡബിൾ ഡെക്കർ പാലക്കാട്ടേക്കു നീട്ടുക. എറണാകുളം -കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305), ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) എന്നീ ട്രെയിനുകൾ എട്ടു മണിക്കൂറോളമാണു കണ്ണൂരിൽ നിർത്തിയിട്ടിരിക്കുന്നത്. ഇവ മംഗളൂരിലേയ്ക്കു നീട്ടുക.
 cts:manoramaonline
Previous Post Next Post
3/TECH/col-right