Trending

വളരെ അടിയന്തരം: അടിവസ്ത്രങ്ങൾ ഇനിയും വേണം: പത്ത് ടൺ അരിയും വളണ്ടിയർമാരും 400 വാഹനങ്ങളും അത്യാവശ്യം: എല്ലാം എത്തിക്കേണ്ടത് കലക്ട്രേറ്റിൽ


കൽപ്പറ്റ: വയനാടിന്റെ ദുരിതം തുടരുന്ന പശ്ചാതലത്തിൽ ജില്ലയുടെ  വിവിധ ഭാഗങ്ങളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളുടെ എണ്ണം 159 ആയി. ക്യാമ്പിലുള്ളവരുടെ എണ്ണം  ഇരുപതിനായിരം കവിഞ്ഞു. അരലക്ഷത്തോളം പേരെ ബാധിച്ച മഴക്കെടുതിയെ നേരിടാൻ  ജില്ലാ ഭരണകൂടം മനുഷ്യ സാധ്യമായ തരത്തിൽ കഠിന പരിശ്രമത്തിലാണ്. ധാരാളം പേർ സഹായവുമായി എത്തുന്നുണ്ടങ്കിലും ഇതുകൊണ്ടൊന്നും മതിയാവാത്ത സാഹചര്യമാണ്.  പ്രതിദിനം മൂന്ന് ടൺ അരിയും അതിനനുസരിച്ചുള്ള ഭക്ഷണ സാധനങ്ങളുമാണ് കലക്ട്രേറ്റിലെ സ്റ്റോറിൽ നിന്ന് ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്നത്. അതിനാൽ അടുത്ത മൂന്ന് ദിവസം ക്യാമ്പിലുള്ളവർ  പട്ടിണിയിലാവാതിരിക്കാൻ  മിനിമം പത്ത് ടൺ അരിയെങ്കിലും ഇനിയും കലക്ട്രേറ്റിലേക്ക് വേണം. എല്ലാവർക്കും ഉള്ള അടിവസ്ത്രങ്ങളും ലുങ്കി,  നൈറ്റി, കുട്ടി കുപ്പായങ്ങളും  കമ്പിളിയും അത്യാവശ്യമായി വേണമെന്ന് ജില്ലാ കലക്ടർ എ.ആർ. അജയകുമാർ അഭ്യർത്ഥിച്ചു.
    ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ കോഴിക്കോട്  നിന്ന് ജില്ലാ കലക്ടർ അയച്ച കംപാഷണേറ്റ് കോഴിക്കോടിലെ  35 പേരും മാണ്ടാട് ഗ്രാമോദയത്തിന്റെ സന്നദ്ധ പ്രവർത്തകരും ഉൾപ്പടെയുള്ളവർ പ്രവർത്തിക്കുന്നുണ്ടങ്കിലും  ഇനിയും 250 ലധികം സന്നദ്ധ പ്രവർത്തകർ ഓരോ ദിവസവും വേണം. ജില്ലാ ഭരണകൂടം  ആവശ്യപ്പെട്ടതനുസരിച്ച് 75 വാഹനങ്ങൾ സൗജന്യമായി ഓടാൻ എത്തിയിട്ടുണ്ട്. ഒരു ദിവസം ഒരു ക്യാമ്പിലേക്ക് ഒരു വാഹനം വീതം അടുത്ത ദിവസങ്ങളിൽ വേണം. പായ്ക്കിംഗ് ജോലികൾ  സർക്കാർ ജീവനക്കാർ ചെയ്യുന്നുണ്ട്. വിശ്രമമില്ലാത്ത രാപ്പകലുകളാണിവർക്ക്. വാഹനങ്ങളിൽ പോകാനും കയറ്റിറക്കിനും മറ്റുമായാണ് വളണ്ടിയർമാരെ ആവശ്യമുള്ളത്. എവിടെ നിന്നെങ്കിലും സഹായവുമായി ആരെങ്കിലും വരുന്നുണ്ടങ്കിൽ നേരിട്ട് ക്യാമ്പിലേക്ക് പോകാതെ കലക്ട്രേറ്റിലെത്തി ജില്ലാ ഭരണകൂടത്തെ ഏൽപ്പിച്ചാൽ അത് സഹായം എല്ലാവരിലേക്കും എത്താൻ ഇടയാക്കും. ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുമ്പോൾ എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റ് നൽകാനും ആലോചനയുണ്ട്.
Previous Post Next Post
3/TECH/col-right