തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കും. രാജ്യത്തെ ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വികലനയമായ നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറാത്തതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ രണ്ടാം ഘട്ട പ്രതിഷേധം നടത്തുന്നത്. അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, ലേബര്‍ റൂം, അടിയന്തര ശസ്ത്രക്രിയ എന്നിവ ഒഴിവാക്കിയാണ് ഒപി ബഹിഷ്‌കരണം നടത്തുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമ്മറും, സംസ്ഥാന സെക്രട്ടറി ഡോ.എന്‍ സുള്‍ഫിയും അറിയിച്ചു.നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പിലാക്കുന്നതോടെ ജനാധിപത്യപരമായ പ്രാതിനിധ്യം ഉണ്ടായിരുന്ന ഭരണ നിര്‍വ്വാഹക സമിതിയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി കൊണ്ട് രൂപീകരിക്കുന്ന നാഷണല്‍ മെഡിക്കല്‍ ബില്‍ വന്‍ അഴിമതിക്കാവും വഴി വയ്ക്കുകയെന്നാണ് ഐ എം എ പറയുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് അന്ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാതെ മരവിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും ബില്ല് ലോക്‌സഭയില്‍ കൊണ്ടു വരാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടര്‍മാര്‍ വീണ്ടും സമരവുമായി മുന്നോട്ട് പോകുന്നതെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു
Tags:
KERALA