Trending

യു.എ.ഇയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലിക്ക് അനുമതി


യു.എ.ഇയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കി തൊഴില്‍മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. 15 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവധിക്കാലത്ത് ജോലിയെടുക്കാന്‍ അനുമതി ലഭിക്കുക. പ്രവാസികളായ വിദ്യാര്‍ഥികള്‍ക്കും പാര്‍ട്ട് ടൈം ജോലിക്ക് അപേക്ഷിക്കാം.

യു.എ.ഇ മാനവവിഭവ ശേഷി മന്ത്രി നാസര്‍ അല്‍ ഹംലിയാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്. കര്‍ശനവ്യവസ്ഥകള്‍ക്ക് വിധേയമായാണ് സ്വകാര്യസ്ഥാപനങ്ങളില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലത്ത് ജോലിക്ക് അനുമതി നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് മാസമേ ജോലി ചെയ്യാന്‍ അനുവദിക്കൂ. പ്രത്യേക സാഹചര്യങ്ങളില്‍ കാലയളവ് നീട്ടാം. വിദ്യാര്‍ഥികളെ ജോലിക്ക് നിയോഗിക്കും മുന്‍പ് തൊഴില്‍ദാതാവുമായി സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് കരാറുണ്ടാക്കിയിരിക്കണം. അപകടകരമായ മേഖലളില്‍ വിദ്യാര്‍ഥികളെ നിയോഗിക്കാനാവില്ല.

തുടര്‍ച്ചയായി ഏഴ് മണിക്കൂറില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ജോലിയെടുപ്പിക്കരുത്. ഒരു മണിക്കൂറില്‍ കുറയാതെ വിശ്രമസമയം അനുവദിക്കണം. മാതാപിതാക്കളുടെയും സ്കൂളിന്റെയും സമ്മതപത്രം, തൊഴിലുടമയുടെ കത്ത്, വിസ, തിരിച്ചറിയല്‍ രേഖകള്‍, ആരോഗ്യ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അനുമതിക്കായി അപേക്ഷിക്കേണ്ടത്. പ്രവാസി വിദ്യാര്‍ഥികള്‍ക്ക് കാലാവധിയുള്ള താമസവിസയുണ്ടായിരിക്കണം. തൊഴില്‍ കാലാവധി കഴിഞ്ഞാല്‍ തൊഴിലുടമ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍പരിചയമുണ്ടാക്കാന്‍ രണ്ടുവര്‍ഷം മുന്‍പേ അവര്‍ക്ക് തൊഴില്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് മന്ത്രാലയം ചര്‍ച്ച ആരംഭിച്ചിരുന്നു.
Previous Post Next Post
3/TECH/col-right