Trending

സായാഹ്ന വാര്‍ത്തകള്‍

2026 | നവംബര്‍ 20 | വെള്ളി
1202 | വൃശ്ചികം 4, പൂരുരുട്ടാതി

◾ സൈബര്‍ തട്ടിപ്പിലൂടെ സംസ്ഥാനത്ത് ഈ വര്‍ഷം നഷ്ടമായത് 420 കോടി രൂപയെന്ന് പൊലീസ്. സൈബര്‍ തട്ടിപ്പും ഹവാല ഇടപാടും തമ്മില്‍ ബന്ധമുണ്ടെന്ന് സൈബര്‍ ഓപ്പറേഷന്‍ ഐജി പി. പ്രകാശ് പറഞ്ഞു. പരിവാഹനില്‍ നിന്നും ഡേറ്റകള്‍ ചോരുന്നുണ്ടെന്നും സൈബര്‍ തട്ടിപ്പ് സംഘം കോളജ് വിദ്യാര്‍ത്ഥികളെ സ്വാധീനിച്ച് അക്കൗണ്ടുകള്‍ വാടകക്കെടുക്കുന്നുണ്ടെന്നും ഐജി പറഞ്ഞു. മിക്ക തട്ടിപ്പിന് പിന്നിലും ചൈനീസ് സംഘങ്ങളാണെന്നും പരിവാഹന്‍ സൈറ്റുമായി ബന്ധപ്പെട്ട ലിങ്ക് വഴിയാണ് കഴിഞ്ഞ കുറച്ച് നാളായി വലിയ രീതിയില്‍ തട്ടിപ്പ് നടക്കുന്നതെന്നും ഇങ്ങനെ വരുന്ന മെസേജുകളിലെ ലിങ്കുകള്‍ ഒരിക്കലും ഓപ്പണ്‍ ചെയ്യരുതെന്നും പോലിസ് വ്യക്തമാക്കി. അറിയാത്ത നമ്പരുകളില്‍ നിന്നുമുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യാനോ, ഒടിപി, പിന്‍ നമ്പര്‍ ഷെയര്‍ ചെയ്യാനോ പാടില്ലെന്നും അക്കൌണ്ട് ഹാക്ക് ചെയ്‌തെന്ന് അറിഞ്ഞാലുടന്‍ ബാങ്കുമായി ബന്ധപ്പെട്ട് മരവിപ്പിക്കണമെന്നും അല്ലെങ്കില്‍ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

◾ പത്മജക്ക് പിന്നാലെ ബിജെപി വിട്ട് മുന്‍ കായിക താരം പത്മിനി തോമസും. ബിജെപി വിട്ട പത്മിനി തോമസ് ഇന്ന് രാജിക്കത്ത് സമര്‍പ്പിക്കും. കോണ്‍ഗ്രസിലേക്ക് തിരികെ പോവുന്നതിന്റെ ഭാഗമായി കെപിസിസി അധ്യക്ഷനുമായി ഫോണില്‍ സംസാരിച്ചുവെന്നും തന്റെ അതേ വികാരമാണ് ആര്‍ ശ്രീലേഖക്കും ഉള്ളതെന്നും പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

◾ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പത്മജ വേണുഗോപാല്‍ കത്ത് നല്‍കും. പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ പത്മജ ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞു.

◾ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയ പത്മജ വേണുഗോപാലിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. കോണ്‍ഗ്രസില്‍ നെപ്പോ കിഡ്ഡുകളുടെ കാലം കഴിഞ്ഞെന്നും ഇതുവരെ കോണ്‍ഗ്രസിലേക്ക് വരുമെന്ന് പറയാത്തവര്‍ക്ക് വേണ്ടിയടക്കം പരവതാനി വിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾ കോണ്‍ഗ്രസിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്ന പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ പറഞ്ഞ രണ്ട് നുണകള്‍ തിരുത്തി പാര്‍ട്ടിയോടും അണികളോടും മാപ്പ് പറയണമെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കോണ്‍ഗ്രസില്‍ സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞു എന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുന്നുവെന്നും ചുവന്ന ബോര്‍ഡുകളുടെ മനോഹാരിതയും ഉത്തരവാദിത്തവും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭവിക്കട്ടെ എന്നും അലോഷ്യസ് വ്യക്തമാക്കി. പത്മജയും പത്മിനിയും കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നുവെങ്കില്‍ ഇരുവരും ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെയെന്നും അലോഷ്യസ് ഫേസ്ബുക്കില്‍ കുറിച്ചു.

◾ മന്ത്രിസഭാ യോഗത്തിലെ തര്‍ക്കത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ സൈബര്‍ ആക്രമണം. മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ മന്ത്രിമാരായ സണ്ണി ജോസഫ്, എ പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് സൈബര്‍ ആക്രമണം. പിന്നില്‍ പാര്‍ട്ടിയില്‍ നിന്നുള്ളവരാണെന്നാണ് കെ സി പക്ഷത്തിന്റെ സംശയം.

◾ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 6 മാസമായിട്ടും മദ്യനയം ആവിഷ്‌കരിച്ചിട്ടില്ലെന്നും ഡ്രൈ ഡേ തന്നെ എടുത്ത് കളയണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വാര്‍ത്ത വരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംബി രാജേഷ്. ടൂറിസം മന്ത്രിയും ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അങ്ങനെ പറഞ്ഞു. മദ്യനയത്തില്‍ മുഖ്യമന്ത്രി സതീശന്‍ ഓന്ത് നിറം മാറുന്നത് പോലെ മാറി എന്നും മുന്‍ എക്‌സൈസ് മന്ത്രി കൂടിയായി എംബി രാജേഷ് പറഞ്ഞു.

◾ എല്‍.പി.എസ്.ടി. റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തിനിടെ നിരാഹാരസമരം അനുഷ്ഠിച്ച ജയകൃഷ്ണന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സമരം അവസാനിപ്പിച്ചു. സര്‍ക്കാരിന്റെ നിലപാടുകളെയും പോലീസ് നടപടിയെയും രൂക്ഷമായി വിമര്‍ശിച്ച ജയകൃഷ്ണന്‍ തലമുണ്ഡനം ചെയ്തശേഷം നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.

◾ കണ്ണൂര്‍-കോയമ്പത്തൂര്‍(16607) കോയമ്പത്തൂര്‍-കണ്ണൂര്‍(16608) എക്‌സ്പ്രസ് ട്രെയിനുകള്‍ നവംബര്‍ 26ന് ഭാഗികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. സേലം ഡിവിഷനിലെ ട്രാക്കുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഭാഗികമായി റദ്ദാക്കിയത്.

◾ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വീണ്ടും അഭിഭാഷക കുപ്പായം അണിഞ്ഞ് ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിള്ള. ആലപ്പുഴ സെഷന്‍സ് കോടതിയിലാണ് ഷാന്‍ വധക്കേസിലെ പ്രതികള്‍ക്ക് വേണ്ടി ശ്രീധരന്‍പിള്ള ഹാജരായത്. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തുന്ന രാജ്യത്തെ ആദ്യത്തെ ആളാണ് താന്‍ എന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

◾ പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്നും വെര്‍ച്വല്‍ ക്യൂ സമയപരിധിയില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നല്‍കി. ബുക്ക് ചെയ്ത ഭക്തര്‍ മുഴുവന്‍ എത്താത്തതിന്റെ കാരണവും ബുക്കിംഗ് സംവിധാനത്തിലെ അസ്വാഭാവികതയും പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

◾ ഫെമ ചട്ടലംഘനം, ഹവാല, സ്വര്‍ണ്ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പത്തിടങ്ങളില്‍ ഇ.ഡി വ്യാപക പരിശോധന നടത്തുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്.

◾ കെപിസിസിക്കെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റില്‍ നിരുപാധികം മാപ്പ് പറഞ്ഞുവെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ജാഗ്രത ഉണ്ടാകുമെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു.

◾ മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനായി അദ്ദേഹം താമസിച്ച മുറിക്ക് മുന്നിലെത്തിയ ഡല്‍ഹി കേരള ഹൗസിലെ രണ്ട് ജീവനക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്. കേരള ഹൗസ് ജീവനക്കാരായ സിബി ജോസ്, പി.സി. സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അഡീഷണല്‍ റെസിഡന്റ് കമ്മിഷണര്‍ മെമോ നല്‍കിയത്. അതേസമയം സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍ ജീവനക്കാര്‍ക്കെതിരെ നടപടി പാടില്ലെന്ന് റെസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

◾ കേരളത്തില്‍ നികുതിവരുമാനം വര്‍ധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ഗീബല്‍സിയന്‍ ശൈലിയാണെന്ന് എംഎല്‍എയും മുന്‍ ധനകാര്യ മന്ത്രിയുമായ കെ.എന്‍. ബാലഗോപാല്‍. പൂ അറിയാതെ വണ്ട് തേന്‍ കുടിക്കുന്നതുപോലെ ഖജനാവിലേക്ക് പണമെത്തിച്ചെന്ന വാദം ശിക്കാരി ശംഭുവിന്റെ കഥകളെ ഓര്‍മിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾ സംസ്ഥാനത്തെ തേനീച്ച കര്‍ഷകര്‍ക്ക് ഭീഷണിയായ 'സ്‌മോള്‍ ഹൈവ് ബിറ്റില്‍' കീടത്തിന്റെ വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കൃഷി വകുപ്പ്.മന്ത്രി ടി. സിദ്ദിഖ് നിര്‍ദ്ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

◾ ശബരിമലയിലെ തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞതില്‍ അസ്വാഭാവികത ഉണ്ടോ എന്ന് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദേശം. എഡിജിപി പി വിജയനോടും ദേവസ്വം ബോര്‍ഡിനോടും അന്വേഷണം നടത്താനാണ് ദേവസ്വം മന്ത്രി കെ മുരളീധരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

◾ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ.ജോസഫിനും മാണി സി. കാപ്പനും കാബിനറ്റ് പദവി. പി.ജെ. ജോസഫ് കാര്‍ഷിക വികസന സമിതി ചെയര്‍മാനാവും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് തീരുമാനം. മാണി സി. കാപ്പനെ നോര്‍ക്ക വൈസ് ചെയര്‍മാനായി നിയമിക്കാനും ധാരണയായിട്ടുണ്ട്.

◾ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്‍ ഉള്‍പ്പെടെ 18 പേരെ വെറുതെവിട്ടതിനെതിരെ സിബിഐയും ഷുക്കൂറിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കേസില്‍ ഏഴ് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍, കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്നവരെ വെറുതെവിട്ടത് തിരിച്ചടിയായി.

◾ സ്വര്‍ണക്കടത്ത് ഹവാല കേസുമായി ബന്ധപ്പെട്ട് വീട് മാറിഇ.ഡി റെയ്ഡ് നടത്തിയതായി പരാതി. കൊയിലാണ്ടി മാടാക്കരയിലെ നൗഷാദ് വളപ്പിലാണ് ആരോപണവുമായി രംഗത്തെത്തിയത്. തനിക്കെതിരെ ഇതുവരെ ഒരു കേസുമില്ലെന്നും ഒരു മുന്നറിയിപ്പോ നോട്ടീസോ ഒന്നുമില്ലാതെ ഇഡി എത്തി വീട് പരിശോധിക്കുകയായിരുന്നുവെന്നും നൗഷാദ് പറഞ്ഞു.

◾ പ്രവാസികളുടെ പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ നീതീകരിക്കാനാകില്ലെന്നും നോര്‍ക്ക മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലെ പ്രീമിയം വര്‍ധനയില്‍ സര്‍ക്കാര്‍ പരിഹാരം കാണണമെന്നും മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി. പ്രവാസി വിഷയങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് കെ.എം.സി.സി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പുത്തൂര്‍ റഹ്‌മാന്‍ കുറ്റപ്പെടുത്തി.

◾ ക്ഷേമ പെന്‍ഷന്‍ തുക തട്ടിയെടുക്കാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി പേരക്കുട്ടി. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. ബെലഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിലുള്ള അരളികട്ടി ഗ്രാമവാസിയായ ഹമ്മവ്വ ബാലപ്പ സനദി (78) ആണ് കൊല്ലപ്പെട്ടത്. കൊച്ചുമകന്‍ ഭീമപ്പ രാമപ്പ സനദിയെ (20) പോലീസ് അറസ്റ്റ് ചെയ്തു.

◾ ആഗോള നയതന്ത്രത്തില്‍ ഇന്ത്യ ഒരു 'സൈഡ് പ്ലെയര്‍' മാത്രമായി മാറിയെന്നും ആഗോള വിഷയങ്ങളില്‍ സ്വതന്ത്രമായി നിലപാടെടുക്കാനുള്ള ശേഷി രാജ്യത്തിന് നഷ്ടപ്പെട്ടെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചിക്കാഗോ സര്‍വകലാശാലയില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ രാഹുല്‍ ഗാന്ധി പാകിസ്താന്റെ 'ഫാന്‍ ബോയ്' ആയി പ്രവര്‍ത്തിക്കുകയാണെന്നും വിദേശ മണ്ണില്‍ രാജ്യത്തെ അപമാനിക്കുകയാണെന്നും ബി.ജെ.പി. കുറ്റപ്പെടുത്തി.

◾ പ്രായം 56 ആയിട്ടും ഇപ്പോഴും യുവനേതാവെന്ന് വിളിക്കുന്നതിനെ എങ്ങനെയാണ് കാണുന്നതെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. പ്രായമല്ല, മറിച്ച് എന്തിനെയും കുറിച്ചുള്ള ജിജ്ഞാസയും ചോദ്യങ്ങള്‍ ചോദിക്കാനുള്ള മനോഭാവവുമാണ് ഒരാളെ യുവാവാക്കി നിര്‍ത്തുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ചിക്കാഗോ സര്‍വകലാശാലയില്‍ നടന്ന സംവാദ പരിപാടിയില്‍ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്.

◾ ബിജെപിക്കെതിരെ തുടര്‍ച്ചയായി കടുത്ത ആരോപണങ്ങളുന്നയിക്കുന്ന സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ വെല്ലുവിളിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. അയോധ്യയില്‍ തനിക്കെതിരെ നേര്‍ക്കുനേര്‍ മത്സരിക്കാന്‍ അഖിലേഷ് യാദവിന് ധൈര്യമുണ്ടോയെന്ന് യോഗി ആദിത്യനാഥ് വെല്ലുവിളിച്ചു.

◾ വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് ഇന്റേണ്‍ഷിപ്പ് കാലയളവില്‍ ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് നല്‍കുന്നതിന് തുല്യമായ സ്‌റ്റൈപ്പന്‍ഡ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. തീരുമാനം നടപ്പിലാക്കാന്‍ അഞ്ച് പ്രമുഖ സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് ഡി.ജി.എച്ച്.എസ് നിര്‍ദേശം നല്‍കി.

◾ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവ് നസീം ദുറാനി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഡല്‍ഹി പോലീസും നോയിഡ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

◾ 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വന്‍ സംഘടനാ അഴിച്ചുപണി. വിവിധ സംസ്ഥാനങ്ങളുടെയും സംഘടനാ വകുപ്പുകളുടെയും ചുമതലകളിലേക്ക് 81 പുതിയ ദേശീയ സെക്രട്ടറിമാരെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമിച്ചു. പുതുതായി ചുമതലയേറ്റ ദേശീയ സെക്രട്ടറിമാരില്‍ 50 ശതമാനവും ഇതര പിന്നാക്ക വിഭാഗങ്ങള്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.

◾ ചൈനീസ് കമ്പനികള്‍ക്കുവേണ്ടി എന്‍വിഡിയ, എഎംഡി എന്നിവയുടെ 8,79,868 എഐ ചിപ്പുകള്‍ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കി യുഎസ് ഭരണകൂടം. ചൈനയില്‍ സൈനിക ബന്ധമുള്ളതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് കണ്ടെത്തിയ കമ്പനികള്‍ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് ശ്രദ്ധേയം.  

◾ നിലവിലെ ഭരണസമിതിക്കു കീഴില്‍ രാജ്യത്തെ ഫുട്ബോളിന്റെ അവസ്ഥ ദയനീയമാണെന്നും അതിനാല്‍ ഫെഡറേഷന് പുതിയ നേതൃത്വം വേണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയ ഉള്‍പ്പെടെയുള്ള 15 മുന്‍ താരങ്ങള്‍ കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് കത്തെഴുതി. കല്യാണ്‍ ചൗബേയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്കെതിരായാണ് കടുത്ത വിമര്‍ശനവുമായി താരങ്ങള്‍ രംഗത്തെത്തിയത്.

◾ ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന നിലയിലാണ്. 85 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് പുറത്തായ ബാറ്റര്‍. നേരത്തെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ന്യൂസിലാണ്ട് 368 റണ്‍സിന് പുറത്തായി. 94 റണ്‍സെടുത്ത് ബാറ്റിംഗ് തുടര്‍ന്ന ഗ്ലെന്‍ ഫിലിപ്‌സ് 118 റണ്‍സെടുത്തിരുന്നു.

◾ അമേരിക്കന്‍ എഐ കമ്പനി ആന്ത്രോപിക്കിന്റെ ഓഹരികള്‍ അമേരിക്കന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തു. നേരത്തെ പ്രഖ്യാപിച്ചത് പോലെ ഓഹരിയൊന്നിന് 83 ഡോളറിനായിരുന്നു ലിസ്റ്റിങ്ങ്. ആകെ 98 കോടി ഓഹരികളാണ് വിപണിയില്‍ ഇറക്കിയത്. 81 ബില്യണ്‍ ഡോളറാണ് കമ്പനി ഓഹരി വിപണി വഴി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. കമ്പനി സ്വയം കണക്കാക്കുന്ന മൂല്യം1.5 ട്രില്യണ്‍ ഡോളറാണ്. കമ്പനി സ്ഥാപകരായ ഡാരിയോ അമോദിയും ഡാനിയെല്ല അമോദയും ചേര്‍ന്നാണ് നാസ്ഡാക്കില്‍ മണി മുഴക്കി ഓഹരി വിപണിയില്‍ ഔദ്യോഗിക വ്യാപാരം തുടങ്ങിയത്.

◾ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കായി മൂന്ന് പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. കോളുകള്‍ വിളിക്കാനും എസ്എംഎസ് അയയ്ക്കാനും മാത്രം മൊബൈല്‍ കണക്ഷന്‍ ആവശ്യമുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകളില്‍ മൊബൈല്‍ ഡാറ്റ ഉള്‍പ്പെടുത്തിയിട്ടില്ല.

◾ വിവോയുടെ ഏറ്റവും പുതിയ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ എക്‌സ്500 സീരീസ് നവംബര്‍ 26ന് ഇന്ത്യയില്‍ അവതരിപ്പിക്കും. എക്‌സ്500, എക്‌സ്500 പ്രോ, എക്‌സ്500 പ്രോ മാക്‌സ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ശ്രേണിയിലുള്ളത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം വാച്ച് ജിടി 2 സ്മാര്‍ട്ട് വാച്ചും അന്നേ ദിവസം വിപണിയിലെത്തും. സെപ്റ്റംബറില്‍ ചൈനയില്‍ അവതരിപ്പിച്ച ഫോണുകള്‍ ഒക്ടോബറില്‍ ആഗോള വിപണിയിലും എത്തിയിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവിന് മുന്നോടിയായി ഫോണുകളുടെ ഡിസൈന്‍, സവിശേഷതകള്‍, സാങ്കേതിക വിവരങ്ങള്‍ എന്നിവയുടെ സൂചനകള്‍ കമ്പനി പുറത്തുവിട്ടുതുടങ്ങി. അതേസമയം, ഫോണുകളുടെ പ്രതീക്ഷിക്കുന്ന വില സംബന്ധിച്ച ചോര്‍ന്ന വിവരങ്ങളും ശ്രദ്ധേയമാണ്.

◾ ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോണായ ഐഫോണ്‍ ഡ്യൂവില്‍ മുന്‍ ക്യാമറ ഉപയോഗിച്ചുള്ള അണ്‍ലോക്കിങ് സംവിധാനം വരുന്നു. എന്നാല്‍, പ്രധാന സുരക്ഷയ്ക്ക് ടച്ച് ഐഡിയോ പാസ്‌കോഡോ ആവശ്യമായി വരും. ഇതിനു പുറമേ ഫോണ്‍ മടക്കുമ്പോള്‍ തന്നെ ലോക്ക് ചെയ്യാനുള്ള പുതിയ ഓപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

◾ ദുല്‍ഖറിനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്ത 'ആകാശംലോ ഒക താര' (ആകാശത്തില്‍ ഒരു താരകം) ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നു. റിലീസിന് മുന്നോടിയായി ഇന്നലെ കേരളത്തില്‍ നടന്ന മലയാളം പ്രീമിയര്‍ ഷോകള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തെ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതിലൊന്നായി വിശേഷിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകര്‍ ചിത്രത്തെ വരവേല്‍ക്കുന്നത്. നായിക സാത്വിക വീരവല്ലിയുടെ പ്രകടനത്തിനും മികച്ച പ്രശംസയാണ് ലഭിക്കുന്നത്. വൈകാരികതയും പ്രചോദനവും മനോഹരമായ പ്രണയവുമെല്ലാം കോര്‍ത്തിണക്കിയ ചിത്രം മികച്ചൊരു സിനിമാനുഭവമാണെന്നാണ് പ്രീമിയര്‍ ഷോ കണ്ടിറങ്ങിയവരുടെ അഭിപ്രായം.

◾ ടിപ്പു ഷാന്‍ വി.ഇ., ഷിയാസ് ഹസന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ സിനിമാ കമ്പനിയുടെ നാലാമത് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. രോഹിത് ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരണ്‍ കെ.എസ്. ആണ്. പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ഗിരീഷ് എ.ഡിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള രോഹിത് ചന്ദ്രശേഖറിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

◾ ആര്‍ത്തവചക്രം നീട്ടിവെക്കാനോ ക്രമീകരിക്കാനോ വ്യാപകമായി ഉപയോഗിക്കുന്ന 'ആര്‍ത്തവം വൈകിപ്പിക്കുന്ന ഗുളികകള്‍' (period-delay tablets) ഇതിനായി പലരും ആശ്രയിക്കുന്ന ഒരു എളുപ്പവഴിയാണ്. എന്നാല്‍, ഇത്തരം ശക്തമായ കൃത്രിമ ഹോര്‍മോണുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അശ്രദ്ധ കാണിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.ഡോക്ടറുടെ കൃത്യമായ മേല്‍നോട്ടമില്ലാതെ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് അപ്രതീക്ഷിതമായ പാര്‍ശ്വഫലങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്ന് മുതിര്‍ന്ന ഗൈനക്കോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നു.ഹോര്‍മോണ്‍ അടങ്ങിയ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ സ്വയം കഴിക്കുന്നത് പലപ്പോഴും ശാരീരികമായ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു.

◾ അര്‍ബുദങ്ങളിലെ അപകടകാരിയാണെന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍ അറിയപ്പെടുന്നത്. രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതുകൊണ്ടുതന്നെ അതിജീവന സാധ്യത കുറവുള്ള അര്‍ബുദമാണിത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ സംബന്ധിച്ച് അവേബാധം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാവര്‍ഷവും നവംബറിലെ മൂന്നാമത്തെ ബുധനാഴ്ച്ചയാണ് ലോക പാന്‍ക്രിയാറ്റിക് ദിനമായി ആചരിക്കുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 93.01,പൗണ്ട് - 121.95,യൂറോ- 102.19,സ്വിസ് ഫ്രാങ്ക്-110.44, ഓസ്ട്രേലിയന്‍ ഡോളര്‍ - 62.11, ബഹ്‌റൈന്‍ ദിനാര്‍ - 245.98, കുവൈത്ത് ദിനാര്‍- 298.39, ഒമാനി റിയാല്‍ - 241.67, സൗദി റിയാല്‍ - 24.79, യു.എ.ഇ ദിര്‍ഹം- 25.32, ഖത്തര്‍ റിയാല്‍ - 25.53.
Previous Post Next Post
3/TECH/col-right