2026 | നവംബര്‍ 5 | വ്യാഴം
1202 | തുലാം 19 | ഉത്രം
◾ പരാഗ്വേയിലെ ഏറ്റവും വലിയ ബാങ്കായ ഉയേനോ ബാങ്ക് തകര്‍ന്നു. 30 ലക്ഷത്തോളം പേരുടെ നിക്ഷേപം കൈകാര്യം ചെയ്യുന്ന ബാങ്ക് തകര്‍ന്നതോടെ പരിഭ്രാന്തിയിലായ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കഴിഞ്ഞ രാത്രി മുതല്‍ ഉയേനോ ബാങ്കില്‍ നിന്ന് ഡിജിറ്റലായി പണം പിന്‍വലിക്കാനോ ക്രയവിക്രയം ചെയ്യാനാകാതെയും വന്നതോടെയാണ് ബാങ്ക് തകര്‍ന്ന വിവരം പുറത്തുവന്നത്.
◾ സംസ്ഥാനത്തെ ഭിന്നശേഷി സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കാണ് പദവി നല്‍കുക. ഭിന്നശേഷി കുട്ടികളുടെ കാര്യത്തില്‍ ഒരു ധന പ്രതിസന്ധിയും വകവയ്ക്കില്ലെന്നും എത്ര പണം വേണമെങ്കിലും മാറ്റി വയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾ ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താത്തതില്‍ തനിക്ക് പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരി. ചുമതല, ഡെപ്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നു. മൂല്യനിര്‍ണയം നടത്താതെ ചോദ്യങ്ങള്‍ ഒഴിവാക്കിയത് അറിഞ്ഞിരുന്നില്ലെന്നാണ് ഹരിയുടെ മൊഴി. എന്നാല്‍ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല.
◾ കാലിക്കറ്റ് സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഡോക്ടര്‍ റഷീദ് അഹമ്മദിനെ പ്രോ വി സി ആയി നിയമിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കത്ത്. സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ എങ്ങനെ പ്രൊ വൈസ് ചാന്‍സിലറായെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യം.
◾ അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പ്രതികളായ ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും.
◾ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് ഇരട്ടിപ്പില്‍, ലോട്ടറി ഡയറക്ടറേറ്റിന്റെ വിചിത്ര നടപടി. പിഴവ് ചൂണ്ടിക്കാണിച്ച ലോട്ടറി ഏജന്റുമാരുടെ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു. പൊതുമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബിജു എസ് ( Q 4045), സന്തോഷ് ആര്‍ ( Q 61 12 ) എന്നീ രണ്ട് ലോട്ടറി ഏജന്റുമാരുടെ ഏജന്‍സികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
◾ കാലടി സര്‍വകലാശാലയിലെ പരീക്ഷ വിവാദത്തില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. സര്‍വകലാശാലകളില്‍ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേസ് സിംഗിള്‍ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ഉത്തരവിട്ടു.
◾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദമായ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ അഴിമതി നടന്നിട്ടില്ലെന്നും സര്‍ക്കാരിന് സാമ്പത്തിക നേട്ടമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍. ലോകായുക്തയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം നിലമ്പൂരിലെ പ്രളയ സമയത്ത് മുഖ്യമന്ത്രി നടത്തിയ അടിയന്തര യാത്രയ്ക്കായി ചിപ്സണ്‍ കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനം ലഭ്യമാക്കിയത് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഡി.ജി.പി വ്യക്തമാക്കുന്നു.
◾ മീനങ്ങാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണയും പിടിഎ പ്രസിഡന്റ് എസ്. ഹാജിസും ചേര്‍ന്ന് ബാറിലിരുന്ന് മദ്യപിച്ചതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹൈദരാബാദ് നമ്പള്ളിയിലെ ബോംബെ ബാര്‍ ആന്റ് റെസ്റ്റോറന്റില്‍ ഇരുവരും ഒരുമിച്ചെത്തി മദ്യപിക്കുകയായിരുന്നു. ഉച്ചസമയത്ത് പ്രിന്‍സിപ്പലും പി.ടി.എ. പ്രസിഡന്റും മദ്യപിക്കാനായി ബാറിലേക്ക് കയറിപ്പോകുന്നത് ചില വിദ്യാര്‍ഥികള്‍ കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
◾ മുഖ്യമന്ത്രി വി ഡി സതീശന്‍ മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ അടിമയാണെന്നും സംഘി മുഖ്യമന്ത്രിയെപ്പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും സിപിഎം നേതാവ് പി രാജീവ്. സംസ്‌കൃത സര്‍വകലാശാലയില്‍ വഴിതടഞ്ഞതിന്റെ പേരിലാണ് വിദ്യാര്‍ഥികള്‍ക്കെതിരേ ആദ്യം കേസെടുത്തത്. അത് പിന്നീട് എങ്ങനെയാണ് വിസിയെ കൈയേറ്റം ചെയ്ത കേസായി എന്നും പി രാജീവ് ചോദിച്ചു.
◾ ആസൂത്രണ ബോര്‍ഡില്‍ വിഷയ വിദഗ്ധരായ സ്ത്രീകളെ ഉള്‍പ്പെടുത്താത്തതില്‍ മന്ത്രി ബിന്ദു കൃഷ്ണ അതൃപ്തി രേഖപ്പെടുത്തി. മന്ത്രിമാരെ ഉള്‍പ്പെടുത്തിയ നടപടി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി. വനിതകളെ അംഗങ്ങളാക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
◾ കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്തത് അറസ്റ്റിലായ പ്രിയങ്കയും സുഹൃത്ത് ശ്രീലാലും ചേര്‍ന്നെന്ന് പൊലീസ്. കടത്തിയ സ്വര്‍ണം കൈവശപ്പെടുത്താന്‍ ഇരുവരും ചേര്‍ന്ന് വാട്‌സാപ്പ് വഴി നടത്തിയ ഗൂഢാലോചനയുടെ തെളിവ് പൊലീസിന് ലഭിച്ചു. കേസിലെ മുഖ്യ പ്രതിയായ ശ്രീലാലിന് ടി പി കേസ് പ്രതി ഷാഫിയുമായും അര്‍ജുന്‍ ആയങ്കിയുമായുമുള്ള ബന്ധത്തിന്റെ തെളിവുകളും പുറത്തുവന്നു. തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തിയ കാറില്‍ ഭര്‍ത്താവുണ്ടായിരുന്നെങ്കിലും ഇയാള്‍ നിരപരാധിയാമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. സ്വര്‍ണം കൊണ്ടു വരുന്ന കാര്യം ഭര്‍ത്താവിനെ പ്രിയങ്ക അറിയിച്ചിരുന്നില്ല.
◾ വിവാദമായ മണിയൂര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രവാസി വ്യവസായിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വടകര ബാങ്ക് റോഡിലെ ചങ്ങരോത്ത് അബ്ദുള്‍ റഫീഖിനെ (48) കോഴിക്കോട് റൂറല്‍ജില്ലാ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.
◾ പാങ്ങപ്പാറ അഭിരാം കൊലക്കേസില്‍ പ്രതിയായ ഉമറിന്റെ പെണ്‍സുഹൃത്തും കസ്റ്റഡിയില്‍. പ്രതികളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കൊലപാതകസമയത്ത് ഒന്നാം പ്രതിയായ 17കാരന്‍ ധരിച്ചിരുന്ന വസ്ത്രം വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള പ്രതിയാണ് ഉമര്‍.
◾ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ വിമര്‍ശനവുമായി സമസ്ത കാന്തപുരം മുഖപത്രം. സര്‍ക്കാര്‍ തീരുമാനം കാറ്റില്‍ പറത്തുന്ന ഉദ്യോഗസ്ഥ നടപടി അധികാര ലംഘനമാണെന്നും മുന്‍ സര്‍ക്കാരിന്റെ ചട്ടങ്ങളിലെ പിഴവുകള്‍ മുതലെടുത്തെന്നും സിറാജ് ദിനപത്രത്തില്‍ പറയുന്നു.
◾ പൊലീസ് അസോസിയേഷന്റെ ഔദ്യോഗിക ഗ്രൂപ്പ് നിലനില്‍ക്കെ '' ഇടുക്കി ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സമാന്തര വാട്ട്‌സ് ആപ്പ് കൂട്ടായ്മ നീലക്കുപ്പായം എന്ന പേരില്‍ രൂപീകരിച്ചു. കോണ്‍ഗ്രസ് അനുഭാവ നിലപാടുളള ഉദ്യോഗസ്ഥരാണ് നീലക്കുപ്പായം എന്ന ഗ്രൂപ്പിലുള്ളത്.
◾ ചേര്‍ത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നുവീണു. ലാന്‍ഡ് റവന്യു തഹസില്‍ദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് ബുധനാഴ്ച രാവിലെ പത്തിനുശേഷം അപകടമുണ്ടായത്. കമ്പ്യൂട്ടറിന് മുകളിലേക്കടക്കം കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണെങ്കിലും ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
◾ വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം ഹൈമക്കെതിരെയാണ് കേസെടുത്തത്. കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.
◾ പോളിസി റദ്ദാക്കാന്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിട്ടും വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ ബാങ്ക് 2,64,909 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. മമ്പാട് സ്വദേശികളായ നൗഷീര്‍, ജസീമ എന്നിവര്‍ നിലമ്പൂര്‍ എസ് ബി ഐക്ക് എതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നിര്‍ണായക വിധി.
◾ തൃശൂര്‍ പുതുക്കാട് എ.ടി.എം കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ മോഷണത്തിന് ശ്രമിച്ച കല്ലൂര്‍ സ്വദേശി ജിതിനാണ് പിടിയിലായത്. കട്ടര്‍ ഉപയോഗിക്കുന്നതിലെ പരിചയക്കുറവും സി.സി.ടി.വി ദൃശ്യങ്ങളുമാണ് പ്രതിയെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്.
◾ ചേരാനല്ലൂരില്‍ 17-കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പ്രതിയായ അഡീഷണല്‍ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
◾ ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ പിതാവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതിയായ ജഡ്ജിയെ എന്തിനാണ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ആവശ്യപ്പെടുമ്പോഴെല്ലാം ചോദ്യം ചെയ്യലിന് ജഡ്ജി ഹാജരാകുമെന്നിരിക്കെ എന്തിനാണ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു.
◾ കോറോ ഹെല്‍ത്ത് എന്ന അമേരിക്കന്‍ കമ്പനിയില്‍ നിന്നും പിരിച്ചു വിട്ട 800 ഓളം വരുന്ന യുവതി യുവാക്കള്‍ ഐടി-ഹെല്‍ത്ത് കെയര്‍ മേഖലയില്‍ പുതിയ സ്ഥാപനം തുടങ്ങും. സഹകരണ സ്ഥാപനം ആയി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തില്‍, കോറോ ഹെല്‍ത്തില്‍ നിന്ന് ജോലി നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗം ആളുകളും ഭാഗമാകും.
◾ ലൈംഗികാതിക്രമ കേസില്‍ കോണ്‍ഗ്രസ് എംപിയും ജെഎന്‍യു പ്രൊഫസറുമായ ബിമോല്‍ അക്കോയിജത്തിന് ദില്ലി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്യേണ്ടി വന്നാല്‍ 7 ദിവസത്തെ നോട്ടീസ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
◾ ഹരിത പടക്കങ്ങള്‍ മാത്രം വില്‍ക്കാനുള്ള സുപ്രീംകോടതി അനുമതിയുടെ മറവില്‍ ദില്ലിയില്‍ വില്‍ക്കുന്നതില്‍ ഭൂരിഭാഗവും സാധാരണ പടക്കങ്ങള്‍. വ്യാജ പടക്കങ്ങള്‍ നഗരത്തില്‍ ഉപയോഗിക്കുന്നതോടെ വായുമലിനീകരണതോത് ഗുരുതരമാകുമെന്നാണ് ആശങ്ക.
◾ വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്ന വര്‍ക്കല സ്വദേശി മരിച്ചു. ചിലക്കൂര്‍ ഗ്രാലികുന്ന് തൈക്കാവില്‍ വീട്ടില്‍ സുധീര്‍ (40) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ ആണെന്നാണ് ആശുപത്രിയില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
◾ ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൗരിബസാര്‍ മെട്രോസ്റ്റേഷന് സമീപം ചൊവ്വാഴ്ചയാണ്അപകടം ഉണ്ടായത്.
◾ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫിലിപ്പൈന്‍സില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കണ്ടേക്കും. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാകുമിത്.
◾ രാംലീല റാലിയില്‍ പങ്കെടുക്കാത്ത മധ്യപ്രദേശിലെ 60 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. വിട്ടുനിന്നതിന് കാരണം പോലും ചോദിക്കാതെയാണ് നടപടി. ഗ്യാനേഷ് കുമാറിനെ പരസ്യ വിചാരണ ചെയ്ത ചടങ്ങില്‍ പങ്കെടുക്കാത്ത എംപിമാരോടും കോണ്‍ഗ്രസ് വിശദീകരണം തേടിയേക്കും.
◾ സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ പ്രതിരോധ സഹകരണത്തിന്റെ പുതിയ സാധ്യതകള്‍ ഇരുരാജ്യങ്ങളും അവലോകനം ചെയ്തു. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് വിഷയങ്ങള്‍ ഉയര്‍ന്നുവന്നത്.
◾ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയകാരണം ഇറാന്‍ യുദ്ധമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. വാന്‍സിന്റെ വിലയിരുത്തല്‍ ശരിവെച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേ സമയം സൈനിക നടപടിയില്‍ തനിക്ക് ഖേദമില്ലെന്നും ട്രംപ് പ്രതികരിച്ചു.
◾ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതും വിദേശ നിക്ഷേപകര്‍ തിരിച്ചെത്തിയതും ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തായി. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആഗോള സംഘര്‍ഷങ്ങള്‍ അയയുമെന്ന പ്രതീക്ഷയും വിപണിയുടെ കുതിപ്പിന് കാരണമായിട്ടുണ്ട്.ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് ഏകദേശം 1,400 പോയിന്റ് കുതിച്ചുയര്‍ന്നു.
◾ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പിന്നാലെ ഫ്രാന്‍സിലെ ബ്ലഡ് ബാങ്കുകള്‍ ലക്ഷ്യമിട്ടും സൈബര്‍ ആക്രമണം. ഫ്രഞ്ച് ബ്ലഡ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ മൂന്ന് കേന്ദ്രങ്ങളിലെ ശീതീകരണ സംവിധാനങ്ങളിലേക്ക് കടന്നുകയറിയ ആക്രമികള്‍ ഓട്ടോമേറ്റഡ് സംവിധാനങ്ങളില്‍ കൃത്രിമം കാട്ടി താപനില അമിതമായി ഉയര്‍ത്തിയെന്നാണ് വ്യക്തമായിട്ടുള്ളത്. ഹാക്കിങ് നടന്നുവെങ്കിലും നിരീക്ഷണ സംവിധാനം ഉടനടി പ്രവര്‍ത്തിച്ചതിനാല്‍ രക്തശേഖരം സംവിധാനങ്ങള്‍ക്ക് തടസമുണ്ടായിട്ടില്ലെന്നാണ് സ്ഥിരീകരണം.
◾ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിക്ക് ഇന്ന് 38-ാം പിറന്നാള്‍. പ്രായത്തെ തോല്‍പ്പിക്കുന്ന മികവോടെ റണ്‍വേട്ട തുടരുന്ന താരം ഏകദിനത്തില്‍ മൂന്നാമനായി 13,000 റണ്‍സ് നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2027 ലെ ലോകകപ്പ് ലക്ഷ്യമിട്ടാണ് കോലിയുടെ ഇപ്പോഴത്തെ കുതിപ്പ്.
◾ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ റണ്‍വേട്ടയെ തിരുത്തിയെഴുതാന്‍ ശേഷിയുള്ള ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. 2012ല്‍ അരങ്ങേറ്റം കുറിച്ച കാലം മുതല്‍ക്കേ ജോ റൂട്ടിന്റെ മികവ് ശ്രദ്ധിച്ചിരുന്നുവെന്ന് സച്ചിന്‍ വ്യക്തമാക്കി. കൂടാതെ ഏകദിന ക്രിക്കറ്റ് 25 ഓവറുകളുള്ള രണ്ട് ഇന്നിങ്‌സുകളായി മാറ്റണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 295 രൂപ കൂടി. പവന് കണക്കാക്കുമ്പോള്‍ 2360 രൂപയാണ് പവന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 13,385 രൂപയും പവന് 1,07,080 രൂപയുമായി ഇന്നത്തെ വിലയെന്ന് കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.
◾ അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി Deux' ട്രെയിലര്‍ പുറത്ത്. അന്യായ ആക്ഷനുമായാണ് ചിത്രമെത്തുന്നത് എന്ന് ട്രെയിലര്‍ അടിവരയിടുന്നുണ്ട്. നവംബര്‍ 19 - നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്‍ - സി വൈബിലാണ്, 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്.
◾ പിഎഫ് വരിക്കാര്‍ക്ക് പുതിയ സേവനവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. ഇനി വാട്സ്ആപ്പിലൂടെ പിഎഫ് ബാലന്‍സ് പരിശോധിക്കാനും പാസ്ബുക്ക് വിവരങ്ങള്‍ അറിയാനും സാധിക്കും. കൂടാതെ 1,000 രൂപ വരെയുള്ള നിഷ്‌ക്രിയ അക്കൗണ്ടുകളിലെ തുക സ്വമേധയാ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
◾ വിറ്റാമിന്‍ ഡി കൊഴുപ്പില്‍ ലയിക്കുന്ന ഒരു പോഷകമാണ്. ശക്തമായ എല്ലുകളും പല്ലുകളും രൂപപ്പെടുത്തുന്നതിനും അവയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും അത്യന്താപേക്ഷിതമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ ഇത് സഹായിക്കുന്നു.വിട്ടുമാറാത്ത ക്ഷീണവും തളര്‍ച്ചയും, വിഷാദരോ?ഗം വരിക, അസ്ഥികളുടെ സാന്ദ്രത കുറയുക, മുടി കൊഴിച്ചില്‍ അനുഭവപ്പെടുക, എന്നിവയെല്ലാം വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണങ്ങളാണ്.
◾ ക്യാന്‍സറിനെ ചെറുക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. ചില ഭക്ഷണങ്ങളില്‍ ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.ബ്രൊക്കോളി കഴിക്കുന്നത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. മഞ്ഞളിലെ സജീവ ഘടകമായ കുര്‍ക്കുമിന് ക്യാന്‍സറിനെ തടയുന്നു.അന്നനാളം, വന്‍കുടല്‍, സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ ബെറികള്‍ കഴിക്കുന്നത് നല്ലതാണ്.
Tags:
KERALA