Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | നവംബര്‍ 3 | ചൊവ്വ 
1202 | തുലാം 17 | മകം

◾  മദ്യനയത്തില്‍ തീരുമാനമാകുന്നതുവരെ പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച എക്സൈസ് കമ്മിഷണറുടെ നടപടികളില്‍റിപ്പോര്‍ട്ട് തേടി മന്ത്രി എം. ലിജു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് കോട്ടയത്തെ ഒരു ബാറിനും എറണാകുളത്തെ രണ്ട് ബാറുകള്‍ക്കുംഎക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ തരംമാറ്റി ബാര്‍ ലൈസന്‍സ്അനുവദിച്ചത്.

◾  പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ വിശദീകരണവുമായി എക്സൈസ് കമ്മീഷണര്‍ സാംബശിവ റാവു. ജൂണ്‍മാസത്തില്‍ അനുവദിച്ച ലൈസന്‍സുകള്‍ പൊതുജനങ്ങള്‍ ദിവസേന ഉപയോഗിക്കുന്ന ബാറുകള്‍ക്കല്ലെന്നും സര്‍ക്കാര്‍ സ്ഥാപനമായ സിയാലിന്റെ അപേക്ഷ പ്രകാരമാണ് ലോഞ്ചില്‍ ലൈസന്‍സ് നല്‍കിയതെന്നും സാംബശിവറാവു പറഞ്ഞു. ഓഗസ്റ്റ് മാസത്തിലെ സര്‍ക്കാര്‍ മറുപടിക്കു ശേഷം ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്ന് കമ്മീഷണര്‍ വ്യക്തമാക്കി

◾  ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തില്‍ കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സിവില്‍ സര്‍വീസ് ബോര്‍ഡ് ചേരാതെയാണ് സ്ഥലമാറ്റിയതെന്നാണ് ഉയരുന്ന വിമര്‍ശനം. ബോര്‍ഡ് ചേര്‍ന്നുമാത്രം സ്ഥലമാറ്റമെന്ന കര്‍ശന നിര്‍ദ്ദേശം കോടതി നല്‍കിയിരുന്നു. ചട്ടം പാലിക്കാതെയായിരുന്നു  ഇന്നലെ നടന്ന സ്ഥലമാറ്റമെന്നാണ് പരാതി.

◾  ഐഎഎസ് തലപ്പത്തെ മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി കെ മുരളീധരന്‍. ഭരണത്തില്‍ ഇതൊക്കെ മാറി വരുമെന്നും സ്വാഭാവിക ട്രാന്‍സ്ഫര്‍ ആണെന്നും കെ മുരളീധരന്‍ പറഞ്ഞു. ഐഎഎസ് അസോസിയേഷനുമായിട്ട് കൂടിയാലോചനകള്‍ നടത്താറില്ലെന്നും ഒരു അദ്ഭുതവുമുണ്ടായിട്ടില്ലെന്നും മുരളീധരന്‍  പറഞ്ഞു.

◾  സംസ്ഥാനത്ത് ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍ മാത്രമല്ല പുതിയ ബാര്‍ ലൈസന്‍സുകളും അനുവദിച്ചതായി റിപ്പോര്‍ട്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലാണ് രണ്ട് ബാറുകള്‍ക്ക് അനുമതി നല്‍കിയതെന്നാണ് വിവരം


◾  സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ  എംവി ഗോവിന്ദന്‍. വകുപ്പുതലത്തില്‍ ഉദ്യോഗസ്ഥരെ മാറ്റുന്നത് അഴിമതി നടത്താനാണെന്നും  വകുപ്പ് മന്ത്രി അറിയാതെ ബാര്‍ ലൈസന്‍സ് കൊടുത്തു എന്നത് വിചിത്രമായ കാര്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

◾  കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സമരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മുന്‍ വിസിമാരുടെയും പ്രൊ വി സി മാരുടെയും സംയുക്ത പ്രസ്താവന. വിദ്യാര്‍ഥികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഏറെ നാളായി സമരത്തിലാണ്. സമരവുമായി ബന്ധപ്പെട്ട് 16 വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്പെന്റ് ചെയ്യുകയുണ്ടായി.

◾  നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയില്‍. ജഡ്ജിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്നാണ് ആവശ്യം. എറണാകുളം മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിനെതിരെയാണ് ഹര്‍ജി.

◾  കൊല്ലത്ത് വീണ്ടും ഒരേ സീരിയല്‍ നമ്പരില്‍ രണ്ട് ലോട്ടറി. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജന്‍സിയിലാണ് ഒരേ നമ്പരിലുള്ള കേരള സര്‍ക്കാര്‍ സ്ത്രീശക്തി ലോട്ടറികള്‍ ലഭിച്ചത്.

◾  ചേരാനല്ലൂര്‍ വാഹന അപകട കേസിലെ പ്രതിയായ 17 കാരന്റെ വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്ത് എറണാകുളം സൈബര്‍ പോലീസ്. സോഷ്യല്‍ മീഡിയയിലെ 17 യൂസര്‍ ഐഡികള്‍ക്ക് എതിരെയാണ് കേസ്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

◾  മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിനോദയാത്ര വിവാദത്തില്‍ സ്‌കൂള്‍ അധികൃതര്‍ വിനോദയാത്രയ്ക്ക് അനുമതി തേടിയിരുന്നതായി റിപ്പോര്‍ട്ട്. വിനോദയാത്രയ്ക്ക് അനുമതി തേടി സ്‌കൂള്‍ അധികൃതര്‍ ആര്‍ഡിഡിക്ക് അയച്ച അപേക്ഷയുടെ പകര്‍പ്പ് പുറത്തുവന്നു.

◾  ശബരിമലയില്‍ 'ഫ്രീ ഇഷ്യു' വിഭാഗത്തില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോര്‍ഡ് പരിധി നിശ്ചയിച്ചു. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ആകെ 50,000 ടിന്‍ അരവണമാത്രമേ സൗജന്യമായി നല്‍കൂ. സൗജന്യ അരവണ കൈപ്പറ്റുന്നവരുടെ പേരും മറ്റുവിവരങ്ങളും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

◾  വയനാട് വാഴവറ്റയിലെ വീട്ടമ്മ അമ്മിണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ അയല്‍വാസിയായ വയോധിക അറസ്റ്റില്‍. വാഴവറ്റ എടത്തില്‍ ഉന്നതിയിലെ അമ്മിണിയാണ് പൊലീസിന്റെ പിടിയിലായത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

◾  പ്രശസ്ത മേക്കപ്പ്മാന്‍ പാണ്ഡ്യന്‍ അന്തരിച്ചു. 75ആം വയസ്സില്‍ ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ മേക്കപ്പ്മാനായ പാണ്ഡ്യന്റെ അവസാന ചിത്രം സത്യന്‍ അന്തിക്കാടിന്റെ 'ഹൃദയപൂര്‍വ്വം' ആണ് സംസ്‌കാരം വൈകീട്ട് നാലിന് ചെന്നൈ നെസപാക്കം വൈദ്യുതശ്മശാനത്തില്‍ നടക്കും.

◾  ഒമാന്‍ തീരത്ത് ഇന്ത്യന്‍ പതാക വഹിച്ചിരുന്ന എം.എസ്.വി അല്‍ ജുസുഫി എന്ന കപ്പലിന് നേരെ ആക്രമണം. ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. 13 പേരെ കപ്പലില്‍ നിന്ന് സുരക്ഷിതരായി രക്ഷപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയാത്ത മേഖലയില്‍ നിന്നുണ്ടായ വ്യോമാക്രമണത്തിലാണ് ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതെന്ന് കേന്ദ്രമന്ത്രി സര്‍ബാനന്ത സോണോവാള്‍ വിശദമാക്കി. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് ഉടനടി അയവുവരുത്തണമെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

◾  പ്രശ്‌നങ്ങള്‍ എത്രയുംവേഗം സൗഹാര്‍ദപരമായി പരിഹരിക്കണമെന്ന് ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തോട് അഭ്യര്‍ഥിച്ച് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. തര്‍ക്കം പരസ്യചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

◾  ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (HPCL) റിഫൈനറിയില്‍ തീപിടിത്തമുണ്ടായി. ബിടുമെന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഇന്റര്‍മീഡിയറ്റ് ഉല്‍പ്പന്നമായ 'റഫ് പിച്ച് ഓയില്‍' അടങ്ങിയ ടാങ്കിന് സമീപമാണ് തീ പടര്‍ന്നത്.  എണ്ണ ടാങ്ക് പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് എച്ച്.പി.സി.എല്‍ വൃത്തങ്ങള്‍ നല്‍കുന്ന പ്രാഥമിക വിവരം.

◾  സംസ്ഥാനത്തെ ഐടി കമ്പനികളില്‍ കന്നഡിഗര്‍ക്ക് തൊഴിലവസരം ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകളുടെ പ്രചാരണം ആരംഭിച്ചു. ബെംഗളൂരുവിലടക്കുള്ള വിവിധ ഐടി പാര്‍ക്കുകളിലും കമ്പനികളിലും കര്‍ണാടക സ്വദേശികള്‍ക്കും തൊഴില്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കെആര്‍വിയുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

◾  ദീപാവലിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ്. നവംബര്‍ 6ന് ആണ് പ്രത്യേക ട്രെയിന്‍ സര്‍വീസ്. വൈകിട്ട് 4.40ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക.  ഞായറാഴ്ച രാവിലെ 6 മണിക്ക് ബെംഗളൂരുവില്‍ എത്തും.

◾  അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ എസ്ഐആറിലൂടെ 12.2% വോട്ടര്‍മാര്‍ കുറഞ്ഞു. കുറഞ്ഞതില്‍ 90 ശതമാനവും ഉത്തര്‍ പ്രദേശിലേതാണ്. പഞ്ചാബില്‍ 2.15 കോടിയില്‍നിന്നും 2.01 കോടിയായി കുറഞ്ഞു. ഉത്തരാഖണ്ഡില്‍ 80 ലക്ഷത്തില്‍നിന്നും 72 ലക്ഷമായി കുറഞ്ഞു. മണിപ്പൂരില്‍ കുറഞ്ഞത് 20.90 ലക്ഷത്തില്‍നിന്നും 19.61 ലക്ഷത്തിലേക്കും ഗോവയില്‍ 11.85 ലക്ഷത്തില്‍നിന്നും 10.58 ലക്ഷമായും കുറഞ്ഞു

◾  നേപ്പാളിലെ പ്രശസ്തമായ മലയോര ജില്ലയായ സോളുഖുംബുവില്‍ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. ഹെലിപാഡില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വിദേശിയാണ് അപകടത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം.

◾  അറബിക്കടലില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത് ബന്ദികളാക്കിയ 'അസിനി' എന്ന ഇറാനിയന്‍ മത്സ്യബന്ധന കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച്  ഇന്ത്യന്‍ നാവികസേന. 48 മണിക്കൂര്‍ നീണ്ട കൃത്യമായ ഏകോപനത്തോടെയുള്ള ദൗത്യത്തിലൂടെയാണ് നാവികസേന ദൗത്യം പൂര്‍ത്തിയാക്കിയത്.

◾  ഇറാനുനേര്‍ക്ക് ആക്രമണം നടത്തി അമേരിക്ക. ഹോര്‍മുസ് കടലിടുക്കിന്  സമീപം സ്ഥിതിചെയ്യുന്ന ഖേഷം ദ്വീപിന് നേര്‍ക്കാണ് ആക്രമണം നടന്നത്. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മണിക്കൂറുകള്‍ അവശേഷിക്കേയാണ് സൈനികനടപടിയെന്നതും ശ്രദ്ധേയമാണ്.

◾  അമേരിക്കയുമായി മധ്യസ്ഥ രാജ്യങ്ങളായ പാകിസ്താനിലൂടെയും ഖത്തറിലൂടെയും ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ചര്‍ച്ചയിലൂടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും വ്യക്തമാക്കി.

◾  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. 14 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 38കാരനായ മാക്സ്വെല്‍ വിരാമമിട്ടത്.

◾  ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് നായകനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹാര്‍ദിക്കിനെ കൈമാറുന്നത് സംബന്ധിച്ച് പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

◾  ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച ഇന്ത്യയടക്കമുള്ള ഏഴ് ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ പട്ടിക അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥിരീകരിച്ചു. ഇന്ത്യയെക്കൂടാതെ ജര്‍മനി, ഹംഗറി, ഖത്തര്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് 2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി രംഗത്തുള്ളത്. തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി 2026 നവംബറില്‍ ഏഴ് രാജ്യങ്ങളും ഫ്യൂച്ചര്‍ ഹോസ്റ്റ് കമ്മീഷന് മുമ്പില്‍ വെര്‍ച്വല്‍ പ്രസന്റേഷനുകള്‍ നടത്തും.

◾  സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 1,02,400 രൂപയായി. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.

◾  സൂപ്പര്‍ഹിറ്റ് ചിത്രം 'ജെന്റില്‍മാന്‍' വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്. വരുന്ന ഡിസംബര്‍ 11ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റീ റിലീസ് ചെയ്യുമെന്ന്  പ്രൊഡ്യൂസര്‍ കെ.ടി. കുഞ്ഞുമോന്‍ പ്രഖ്യാപിച്ചു. സംവിധായകന്‍ എസ്. ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 1993- ല്‍ പുറത്തിറങ്ങിയ ജെന്റില്‍മാന്‍.എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ ഹിറ്റ് ഗാനങ്ങളും  അര്‍ജുന്റെ തകര്‍പ്പന്‍ പ്രകടനവും വീണ്ടും തിയേറ്ററില്‍ ആസ്വദിക്കാം.

◾  എസ് എസ് രാജമൗലി അവതരിപ്പിച്ച ഫഹദ് ഫാസില്‍ നായകനായ 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' തിയേറ്ററിലെ വിജയകരമായ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ഒടിടിയിലും തരംഗമാകുന്നു. ചിത്രം ഇപ്പോള്‍ നെറ്റ്ഫ്ലിക്സ് ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാമതാണ്. ഫഹദ് ഫാസിലിന്റെയും ബാലതാരം സാറയു ടെയും മികച്ച പ്രകടനവും കാലഭൈരവയുടെ സംഗീത സവിധാനവും ചിത്രത്തിനെ മികച്ചതാക്കുന്നു.

◾  പ്രീമിയം  വിപണിയില്‍ പുതിയ നീക്കത്തിനൊരുങ്ങി വണ്‍പ്ലസ്. കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ വണ്‍പ്ലസ് 16, വണ്‍പ്ലസ് 16ആര്‍ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമാണ് ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചത്.

◾  ഇന്ത്യന്‍ വാഹന വിപണിയില്‍ കോംപാക്ട്, മിഡ്‌സൈസ് എസ്യുവികള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. ഇതിന്റെ ഭാഗമായി മാരുതി, ഹ്യുണ്ടായ്, മഹീന്ദ്ര, ടാറ്റ തുടങ്ങിയ പ്രമുഖ കമ്പനികള്‍ വരും വര്‍ഷങ്ങളില്‍ 10 പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു.

◾  ബദാമില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ദിവസവും ബദാം കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി പറയുന്നു. 'ഒന്നാമതായി, നിങ്ങളുടെ ഹൃദയം. ബദാം കഴിക്കുന്നത് എല്‍.ഡി.എല്‍ (ഘഉഘ) അഥവാ 'മോശം കൊളസ്‌ട്രോള്‍' അളവ് ഡെസിലിറ്ററിന് ഏകദേശം 5 മില്ലിഗ്രാം വരെ കുറയ്ക്കുന്നതായി ഒരു മെറ്റാ-അനാലിസിസില്‍ കണ്ടെത്തി.

◾  ശരീരത്തിന് വിവിധ പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ ഒരു ധാതുവാണ് സിങ്ക്. ശരീരത്തിന് ആവശ്യമായേക്കാവുന്ന പോഷകങ്ങള്‍ക്കൊപ്പം സിങ്കും ധാരാളമായി അടങ്ങിയ ഒന്നാണ് നട്‌സുകള്‍. നിലക്കടല, കശുവണ്ടി, ബദാം തുടങ്ങിയവ സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ്. ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, നാരുകള്‍ തുടങ്ങി മറ്റ് പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വിവിധ തരം നട്‌സുകളില്‍ വച്ച് കശുവണ്ടിയിലാണ് ഏറ്റവും കൂടുതല്‍ സിങ്ക് അടങ്ങിയിരിക്കുന്നത്.
Previous Post Next Post
3/TECH/col-right