2026 | ഒക്ടോബര് 17, ശനി
1202 | കന്നി 31 | മൂലം
◾ ഇന്റര്നെറ്റ് ലഭ്യതയും ഉപയോഗിക്കാനുള്ള അവകാശവും മൗലിക അവകാശമാണെന്ന് സുപ്രീം കോടതി. കുട്ടികള് ഉള്പ്പെടെ ഓരോ വ്യക്തിക്കും ഈ അവകാശമുണ്ടെന്ന് കോടതി. കുട്ടികളെ ദോഷകരമായി സ്വാധീനിക്കാവുന്ന ലൈംഗിക, ചൂഷണ ഉള്ളടക്കങ്ങള് നിയന്ത്രിക്കണമെന്നു വിലയിരുത്തവേയാണ് കോടതി, ഇന്റര്നെറ്റ് അവകാശമെന്നു വ്യക്തമാക്കിയത്. പ്രത്യേക പ്രായപരിധിക്ക് പുറത്തുള്ള കുട്ടികള്ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമില്ലെന്ന് പറയുന്നത് പോലെ അസംബന്ധമാണ് ഇന്റര്നെറ്റ് ലഭ്യത നിഷേധിക്കലെന്നും കോടതി നിരീക്ഷിച്ചു.
◾ മാസപ്പടി കേസില് വെള്ളിയാഴ്ച മൊഴി രേഖപ്പെടുത്താന് ഹാജരാകണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസുമായി എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവന്തപുരത്തെ വീട്ടിലെത്തി. പിണറായി വിജയന് സ്ഥലത്തില്ലാതിരുന്നതിനാല് നോട്ടീസ് വീടിന്റെ തൂണില് പതിച്ചു. വീട്ടില് മുന്മന്ത്രി ശിവന്കുട്ടി ഉണ്ടായിരുന്നു. നേരത്തെ അയച്ച മെയിലിനോടു പ്രതികരിക്കാത്തതിനാലാണ് നേരിട്ടെത്തി നോട്ടീസ് പതിച്ചത്.
◾ വഖഫ് ബോര്ഡ് പുനഃസംഘടിപ്പിച്ചു. ഒമ്പതംംഗങ്ങളുള്ള ബോര്ഡില് എം. സി മായിന് ഹാജിയാണു ചെയര്മാന്. എംഎല്എമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീന്, മുസ്തഫല് ഫൈസി, തൊടിയൂര് മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവര് വഖഫ് ബോര്ഡിലുണ്ട്. വഖഫ് ബോര്ഡില് ജമാഅത്തെ ഇസ്ലാമി പ്രതിനിധിയായി മലപ്പുറം ജില്ലയിലെ മേലാറ്റൂര് പഞ്ചായത്ത് അംഗവും വെല്ഫെയര് പാര്ട്ടി പ്രവര്ത്തകനുമായ ജസീം സബാഹിനെ ഉള്പ്പെടുത്തിയിട്ടുണ്ട്.
◾ കോടതി നിര്ദേശ പ്രകാരമാണ് വഖഫ് ബോര്ഡ് പുനസംഘടിപ്പിച്ചതെന്ന് വഖഫ് മന്ത്രി എന് ഷംസുദ്ധീന്. മുന് സര്ക്കാരിന്റെ നിയമനങ്ങളില് പ്രശ്നങ്ങളുണ്ടായിരുന്നു. കോടതിയില് മൂന്ന് കേസുകളുമുണ്ടായി. കോടതി നിര്ദേശമുള്ളതിനാലാണ് വഖഫ് ബോര്ഡ് പുനസംഘടിപ്പിത്.
◾ പിണറായിയുടെ ധാര്ഷ്ട്യം പാര്ട്ടിയെ തളര്ത്തിയെന്ന് സിപിഎം കൊല്ലം വിശാല ജില്ലാ കമ്മിറ്റിയില് വിമര്ശനം. പിണറായിയുടെ ഏകപക്ഷീയ നിലപാടുകള് തിരുത്താന് പാര്ട്ടിക്ക് കഴിഞ്ഞില്ലെന്നും കമ്മിറ്റിയില് അംഗങ്ങള് വിമര്ശിച്ചു. അതേസമയം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്നും വിമര്ശനമുണ്ടായി.
◾ നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തില് പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കാന് പൊലീസ് എല്ലാം ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതികള്ക്ക് രക്ഷപ്പെടാനുള്ള അവസരം ഉണ്ടാകില്ല. മൂന്നു ജീവനുകള് നഷ്ടപ്പെട്ട സംഭവം ലാഘവത്തോടെ കാണില്ല. ഇത്തരം കാര്യങ്ങളില് രാഷ്ട്രീയം കലര്ത്തരുതെന്നും അനാവശ്യ പ്രചരണങ്ങള് നടത്തരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
◾ ചീഫ് ജസ്റ്റിസിന് എതിരായ സോഷ്യല് മീഡിയ പോസ്റ്റില് കെപിസിസി അധ്യക്ഷന് വക്കീല് നോട്ടീസ്. സുപ്രീംകോടതി ബാര് അസോസിയേഷന് ജോയിന്റ് സെക്രട്ടറിയാണ് വക്കീല് നോട്ടീസ് അയച്ചത്. ഏഴു ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണമെന്നാണ് ആവശ്യം. നടപടി ഉണ്ടായില്ലെങ്കില് ക്രിമിനല് കോടതിയലക്ഷ്യ നടപടിയെന്നാണ് മുന്നറിയിപ്പ്. നേരത്തെ, ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്റെ പേരില് കെപിസിസിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.
◾ കാസര്കോട് എസ്ഡിപിഐ പ്രവര്ത്തകന് സൈനുല് ആബിദ് (24) വധക്കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. ആര്എസ്എസ് പ്രവര്ത്തകരായ ഉദയന്, പ്രശാന്ത്, മഹേഷ്, അനില്കുമാര്, ജ്യോതിഷ് തുടങ്ങിയവരടക്കം 21 പേരെയാണു വിട്ടയച്ചത്. വിചാരണയ്ക്കിടെ എട്ടാം പ്രതിയായ ജ്യോതിഷ് മരിച്ചിരുന്നു. 12 വര്ഷത്തിന് ശേഷമാണ് കാസര്കോട് ജില്ലാ അഡീഷണല് സെഷന്സ് കോടതി (മൂന്ന്) വിധി പ്രസ്താവിച്ചത്. 2014 ഡിസംബര് 22നാണ് സൈനുല് ആബിദ് കൊല്ലപ്പെട്ടത്.
◾ മണ്ഡല മകരവിളക്കു തീര്ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി.സതീശനും ദേവസ്വം മന്ത്രി കെ.മുരളീധരനും ഇന്ന് രാവിലെ നിലക്കലും പമ്പയിലും അവലോകന യോഗം ചേര്ന്നു. വൈകിട്ട് 4 ന് സന്നിധാനത്തെ മുന്നൊരുക്കങ്ങള് പരിശോധിക്കാനെത്തുന്ന മുഖ്യമന്ത്രി 5 ന് ക്ഷേത്ര ദര്ശനം നടത്തും.
◾ ശബരിമല തീര്ത്ഥാടനത്തിനു യാത്രക്കാരുടെ സൗകര്യങ്ങള് വിലയിരുത്താന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടയം റെയില്വേ സ്റ്റേഷന് സന്ദര്ശിച്ചു. കേന്ദ്ര റെയില്വേ മന്ത്രിയുടെ നിര്ദേശപ്രകാരമാണ് സന്ദര്ശനമെന്നും സുരേഷ് ഗോപി പറഞ്ഞു.
◾ നെടുമ്പാശ്ശേരിയില് ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട ആരോപണത്തില് ഡെപ്യൂട്ടി സ്പീക്കര് ഷാനിമോള് ഉസ്മാന്റെ പരാതിയില് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്, റിപ്പോര്ട്ടര് ചാനലിലെ മാധ്യമപ്രവര്ത്തകന് എന്നിവര്ക്കെതിരെ പൊലീസ് കേസെടുത്തു.
◾ വഖഫ് ബോര്ഡ് പുന:സംഘടപ്പിച്ചപ്പോള് ഇരു സമസ്തകളില് നിന്നുള്ള പ്രതിനിധികളെ ഉള്പെടുത്തിയില്ലെന്ന് എസ്വൈഎസ് സംസ്ഥാന ജനറല് സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഇരു സമസ്തകളുമാണെന്ന് അദ്ദേഹം പറഞ്ഞു.
◾ വൈക്കം സിഐ ഷമീര് ഖാന് കൈക്കൂലിക്കേസില് കുടുങ്ങി. ആസാം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് കൈക്കൂലി വരവുവച്ചിരുന്നത്. എടിഎം കാര്ഡ് അടക്കം എക്കൗണ്ട് പ്രവര്ത്തിപ്പിച്ചിരുന്നത് സിഐ ആയിരുന്നു. മുവായിരം മുതല് മുപ്പതിനായിരം വരെ രൂപ കൈക്കൂലിയായി വാങ്ങിയിരുന്നെന്നാണ് വിജിലന്സ് കണ്ടെത്തിയത്. 45 ദിവസത്തിനിടെ രണ്ടേകാല് ലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നും പോലീസ്.
◾ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല് മാനനഷ്ട കേസും രാഹുല് ഗാന്ധിയെക്കുറിച്ച് പറഞ്ഞാല് കലാപാഹ്വാന കേസുമാക്കുന്ന സംസ്ഥാന സര്ക്കാര് നടപ്പാക്കുന്നത് ഇരട്ട നീതിയാണെന്ന് ബിജെപി കൗണ്സിലര് ആര്. ശ്രീലേഖ. രാഹുല് ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്ശത്തില് രജിസ്റ്റര് ചെയ്ത കേസില് പ്രതികരിക്കുകയായിരുന്നു ആര് ശ്രീലേഖ.
◾ തൃശ്ശൂര് പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട അന്വേഷണം മൂന്നര വര്ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. സംഭവത്തില് ഏഴുപേരെ പ്രതി ചേര്ത്ത് പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്ട്ട് സമര്പ്പിച്ചിട്ടുണ്ട്. ആറുമാസമായിട്ടും ഈ അന്വേഷണ റിപ്പോര്ട്ടില് ഇതുവരെ തുടര്നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
◾ ചിറയിന്കീഴില് കെപിസിസി സമിതിക്കു മുന്നില് എംഎല്എ രമ്യാ ഹരിദാസ് ഹാജരായില്ല. പ്രശ്നപരിഹാരത്തിനായി പാര്ട്ടി നിയോഗിച്ച നാലംഗ സമിതിക്കു മുന്നിലാണ് എംഎല്എ എത്താതിരിക്കുന്നത്.
◾ പാലക്കാട് ചെത്തല്ലൂരില് നിര്മിക്കുന്ന വീടിന്റെ ചുമരുകളിലെ ലക്ഷക്കണക്കിനു രൂപയുടെ ഇലക്ട്രിക് വയറുകള് മോഷ്ടിച്ചു. തച്ചനാട്ടുകര കൊടക്കാട് നാലകത്തുംപ്പുറം കളരിക്കല് സുധാകരന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനു മുന്നിലെ കട്ടിളയില് താല്ക്കാലിക വാതില് നിര്മ്മിച്ചിരുന്നു. ഇത് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
◾ ബിഹാര് മുന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാഷ്ട്രീയ നേട്ടങ്ങള്ക്കായി ഒമ്പത് കൊലപാതകങ്ങള് നടത്തിയിട്ടുണ്ടെന്ന് ജെഡിയു നേതാവും എംഎല്എയുമായ അനന്ത് സിംഗ്. സംഭവത്തില് കോണ്ഗ്രസും ആര്.ജെ.ഡിയും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. നിതീഷ് കുമാറിനൊപ്പം പ്രവര്ത്തിച്ചിരുന്ന കാലത്ത് ഒമ്പത് പേരെ കൊലപ്പെടുത്തിയെന്നാണ് മൊകാമ മണ്ഡലത്തില്നിന്നുള്ള ജെഡിയു എംഎല്എ അനന്ത് സിംഗ് പറഞ്ഞത്.
◾ എസ്ഐആര് വിരുദ്ധ പ്രതിഷേധങ്ങള്ക്കിടയില് പാര്ട്ടി എംപിമാരുടെ നിര്ണായക യോഗം വിളിച്ച് ഡിഎംകെ. പാര്ട്ടി അധ്യക്ഷനും മുന് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലാണ് ചെന്നൈയില് യോഗം ചേരുന്നത്. കോണ്ഗ്രസിനെ ഒരു തരത്തിലും പിന്തുണയ്ക്കേണ്ടെന്ന നിലപാടാണ് എംപിമാര് മുന്നോട്ടുവച്ചത്.
◾ ഡല്ഹി പൊലീസ് സാധാരണ പൗരന്മാരെ ക്രിമിനലുകളോടെന്നപോലെ പെരുമാറുകയാണെന്ന് ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. കസ്റ്റഡിയിലെടുത്തവരെ നിയമം ലംഘിച്ച് രാത്രി മുഴുവന് തടവിലിടുകയാണ്. അടുത്ത ദിവസം രാവിലെയോ വൈകുന്നേരമോ മാത്രമാണ് മോചിപ്പിക്കുന്നതെന്നും നേഹ ബോറ പറഞ്ഞു.
◾ ഇന്ത്യയില് അതിവേഗ സാറ്റലൈറ്റ് ഇന്റര്നെറ്റ് സേവനങ്ങള് നല്കാന് പൂര്ണ്ണ സജ്ജമാണെന്ന് പ്രഖ്യാപിച്ച് ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്ലിങ്ക്. ഇന്ത്യയിലെ ഇന്റര്നെറ്റ് ട്രാഫിക് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനങ്ങളും ഗേറ്റ് വേകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് എക്സ് പോസ്റ്റിലൂടെ കമ്പനി അറിയിച്ചു.
◾ ഭരണമാറ്റം ജനാധിപത്യപരമായി തന്നെ കൊണ്ടുവരുമെന്നു നടന് പ്രകാശ് രാജ്. ഉത്തര്പ്രദേശ് തിരഞ്ഞെടുപ്പ് മുതല് 2029 ലോക്സഭാ തിരഞ്ഞെടുപ്പ് വരെയുള്ള തെരഞ്ഞെടുപ്പു പോരാട്ടങ്ങളില് ഇതിനുള്ള ശ്രമങ്ങള് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
◾ പ്രശസ്ത തമിഴ് സംഗീത സംവിധായകനും ഗായകനുമായ ദേവ മൈലാപ്പൂരില് അന്തരിച്ചു. 76 വയസായിരുന്നു. തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങള്ക്ക് സംഗീതം നല്കിയിട്ടുണ്ട്.
◾ തിരഞ്ഞെടുത്ത യുപിഐ ഇടപാടുകള്ക്ക് മര്ച്ചന്റ് ഡിസ്കൌണ്ട് റേറ്റ് ഏര്പ്പെടുത്താനുള്ള തീരുമാനം ദീപാവലിക്ക് ശേഷം നടപ്പാക്കും. വ്യാപാരികളുടെ അഭ്യര്ഥന പരിഗണിച്ചാണ് നടപടി. 2026 ഒക്ടോബര് 15ന് പ്രാബല്യത്തില് വരേണ്ടിയിരുന്ന പുതിയ നിരക്കുകള് നവംബര് രണ്ടാം വാരത്തോടെ നടപ്പാക്കാനാണ് നീക്കം.
◾ കടലില് നിന്ന് ഐഫോണ് പെട്ടികളും ആഡംബര പെര്ഫ്യൂം കുപ്പികളടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങള് ശേഖരിക്കാന് ഇറേനിയന് മത്സ്യത്തൊഴിലാളികള് കൂട്ടത്തോടെ കടലിലിറങ്ങിയ ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് വൈറലായി. ഹോര്മുസ് കടലിടുക്കില് ചരക്കുകപ്പല് മുങ്ങിയതിന് പിന്നാലെയാണ് കടലില് ചിതറിക്കിടക്കുന്ന വിലപിടിപ്പുള്ള സാധനങ്ങള് ശേഖരിക്കാന് ചെറുബോട്ടുകളുമായി ആളുകള് എത്തിയത്.
◾ അന്താരാഷ്ട്ര നാണ്യനിധിയില് നിന്ന് പുതിയ വായ്പയ്ക്കായി കാത്തുനില്ക്കുന്നതിനിടയിലും, 2027 ലെ ഐഎംഎഫിന്റെയും ലോകബാങ്ക് ഗ്രൂപ്പിന്റെയും ഗവര്ണര്മാരുടെ ബോര്ഡ് അധ്യക്ഷപദവി പാക്കിസ്ഥാന്. ലോകബാങ്ക്-ഐഎംഎഫ് വാര്ഷിക യോഗത്തിലാണ് പാകിസ്ഥാനെ തെരഞ്ഞെടുത്തത്.
◾ യുഎസ് ദേശീയ താല്പ്പര്യം മുന്നിര്ത്തി 'സാങ്ഷനിങ് റഷ്യ ആന്ഡ് ഇറാന് ആക്ട് ഓഫ് 2026' പ്രകാരമുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും തീരുവകളും യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് ഒഴിവാക്കി. ഗ്രഹാം നിയമപ്രകാരമുള്ള ഉപരോധങ്ങളും തീരുവകളുമാണ് താന് ഒഴിവാക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
◾ ഇസ്രയേല് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പരസ്യ ഏജന്സി ഓണ്ലൈന് പരസ്യങ്ങള് ഉപയോഗിച്ച് ഇന്റര്നെറ്റ് ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ചെന്ന് റിപ്പോര്ട്ട്. പലരെയും നിരീക്ഷിച്ച ഡിസ്കവര് ടെക് എന്ന കമ്പനി, ഇലക്ട്രോണിക് ഉപകരണങ്ങള് ഹാക്ക് ചെയ്തതായും രണ്ട് ഗവേഷണ സംഘങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
◾ ഇന്ത്യ - വെസ്റ്റിന്ഡീസ് ട്വന്റി-20 പരമ്പരയിലെ അവസാനമത്സരം ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്. നിലവില് ഇരുടീമുകളും രണ്ട് ജയവുമായി തുല്യതയിലായതിനാല് ഇന്നത്തെ മത്സരം ഇരുകൂട്ടര്ക്കും ഏറെ നിര്ണായകമാണ്. പേസര് അര്ഷ്ദീപ് സിങ്ങിന് പരിക്കേറ്റതോടെ വെറ്ററന് താരം ഭുവനേശ്വര്കുമാര് ഇന്നത്തെ മത്സരത്തില് കളിച്ചേക്കും. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.
◾ ഇന്ത്യയിലേക്കുള്ള സ്വര്ണ ഇറക്കുമതിയില് വന് ഇടിവ്. സെപ്റ്റംബറില് ഇറക്കുമതി മൂല്യം മുന്വര്ഷത്തെ അപേക്ഷിച്ച് 81.27% കുറഞ്ഞ് 180 കോടി ഡോളറായി ചുരുങ്ങി. തുടര്ച്ചയായ രണ്ടാം മാസമാണ് സ്വര്ണ ഇറക്കുമതിയില് ഇത്രയും വലിയ കുറവുണ്ടാകുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയം ഒക്ടോബര് 15ന് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്. വെള്ളി ഇറക്കുമതിയും തുടര്ച്ചയായ രണ്ടാം മാസം ഇടിഞ്ഞു. സെപ്റ്റംബറില് മുന്വര്ഷത്തെ അപേക്ഷിച്ച് 49.11% കുറഞ്ഞ് 66.51 കോടി ഡോളറായി. സ്വര്ണം ഉള്പ്പെടെയുള്ള വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിത്തീരുവ മേയ് 13 മുതല് 6 ശതമാനത്തില്നിന്ന് 15 ശതമാനമായി ഉയര്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. 2026-27 സാമ്പത്തിക വര്ഷത്തെ ഏപ്രില് മുതല് സെപ്റ്റംബര് വരെയുള്ള കാലയളവില് സ്വര്ണ ഇറക്കുമതി മൂല്യം 27.32% ഇടിഞ്ഞ് 1,927 കോടി ഡോളറായി. വെള്ളി ഇറക്കുമതി 25.17% കുറഞ്ഞ് 240 കോടി ഡോളറിലെത്തി.
◾ പ്രീപെയ്ഡ് ഉപഭോക്താക്കള്ക്കായി ഫാമിലി പ്ലാന് അവതരിപ്പിച്ച് വോഡഫോണ് ഐഡിയ (വി). വി ആപ്പ് വഴി കുടുംബാംഗങ്ങളെ ഉള്പ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കാനും ഡാറ്റ പങ്കിടാനും റീചാര്ജുകളില് 10 ശതമാനംവരെ കിഴിവ് നേടാനും സൗകര്യമൊരുക്കുന്നതാണ് പദ്ധതി. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും ആക്ടീവായ എല്ലാ വി പ്രീപെയ്ഡ് ഉപഭോക്താക്കള്ക്കും വി ആപ്പ് വഴി ഫാമിലി ഗ്രൂപ്പ് രൂപീകരിക്കാം. പരമാവധി നാല് അംഗങ്ങളെ ഉള്പ്പെടുത്താവുന്ന ഗ്രൂപ്പില് ഒരാള് പ്രൈമറി അംഗവും മറ്റ് മൂന്ന് പേര് സെക്കന്ഡറി അംഗങ്ങളുമായിരിക്കും. സ്വന്തം പ്രീപെയ്ഡ് പ്ലാനും വാലിഡിറ്റിയും നിലനിര്ത്തി തന്നെ കുടുംബത്തിലെ മറ്റൊരു അംഗത്തിന് ഡാറ്റ തീര്ന്നുപോയാല് അധിക റീചാര്ജ് ചെയ്യാതെ തന്നെ 500 എംബി ഡാറ്റ കൈമാറാന് സാധിക്കും.
◾ ഇന്ത്യന് വിപണിയില് 25 ലക്ഷം യൂണിറ്റുകള് വിറ്റഴിച്ച് ടിവിഎസിന്റെ എന്ടോര്ക്ക്. ഇതില് അവസാന അഞ്ച് ലക്ഷം യൂണിറ്റുകള് വിറ്റഴിച്ചത് വെറും 15 മാസത്തിനുള്ളിലാണ്. പുറത്തിറങ്ങി എട്ടര വര്ഷത്തിനുള്ളിലാണ് ഈ നേട്ടം. ഇക്കഴിഞ്ഞ ഓഗസ്റ്റില് ടിവിഎസ് 40,256 എന്ടോര്ക്ക് സ്കൂട്ടറുകളാണ് ഡീലര്മാര്ക്ക് വിതരണം ചെയ്തത്. ആദ്യ 10 ലക്ഷം യൂണിറ്റുകളുടെ വില്പനയ്ക്ക് 51 മാസവും 20 ലക്ഷം യൂണിറ്റിലേക്കെത്താന് പിന്നീട് 36 മാസവും 25 ലക്ഷത്തിലേക്ക് വെറും 15 മാസവുമാണ് എടുത്തത്. 2026 ഏപ്രില് മുതല് ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസങ്ങളില് എന്ടോര്ക്ക് 125, എന്ടോര്ക്ക് 150 മോഡലുകളുടെ സംയുക്ത വില്പന 1,84,475 യൂണിറ്റായിരുന്നു. മുന്വര്ഷത്തെ സമാനകാലയളവിലെ 1,30,023 യൂണിറ്റിനെ അപേക്ഷിച്ച് 42 ശതമാനം വളര്ച്ച. ജൂപ്പിറ്റര് കഴിഞ്ഞാല് ഏറ്റവും കൂടുതല് വില്ക്കുന്ന സ്കൂട്ടര് ബ്രാന്ഡാണ് എന്ടോര്ക്ക്. ടിവിഎസിന്റെ ഇലക്ട്രിക് സ്കൂട്ടറുകളുടെ മൊത്തം റീട്ടെയില് വില്പന ജൂണില് 10 ലക്ഷം യൂണിറ്റ് കടന്നിരുന്നു.
◾ ചില പച്ചക്കറികള് പാകം ചെയ്യാതെ കഴിച്ചാല് ആരോഗ്യത്തിന് പണി കിട്ടാന് സാധ്യതയേറെയാണ്. ഹെല്ത്തി സാലഡുകളിലെ സ്ഥിര സാന്നിധ്യമാണ് പച്ച ചീര. പാകം ചെയ്യാത്ത ചീരയില് ഓക്സലേറ്റുകളുടെ അളവു കൂടുതലായിരിക്കും. ഇത് വൃക്കകളില് കല്ലുകള് രൂപപ്പെടാനുള്ള സാധ്യത കൂട്ടും. ചീരയില് ഇ-കോളി പോലുള്ള മാരക ബാക്ടീരിയകള് കടന്നു കൂടാനുള്ള സാധ്യതയുണ്ട്. ഇവ വെള്ളത്തില് എത്ര കഴുകിയാലും ഒഴിവാകില്ല. ഇത് ആരോഗ്യപ്രശ്നങ്ങള് ഉണ്ടാക്കും. കാരറ്റിനും കുക്കുമ്പറിനുമൊപ്പം സാലഡില് കാബേജ് നീളത്തില് അരിഞ്ഞു ചേര്ത്ത് കഴിക്കുന്ന ശീലം പലര്ക്കും ഉണ്ടാകും. എന്നാല് ഇവയില് മാരകമായ രോഗാണുക്കള് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാബേജില് പൊതുവായി കണ്ടുവരുന്ന ടേപ്പ് വേം ലാര്വകള് ദഹനനാളത്തിലൂടെ രക്തത്തിലേക്കും അവിടെ നിന്ന് തലച്ചോറിലേക്കും എത്താനുള്ള സാധ്യതയുണ്ട്. ഇത് ന്യൂറോസിസ്റ്റെര്കോസിസ് എന്ന ഗുരുതര അവസ്ഥയിലേക്ക് നയിക്കാം. ഇത് അപസ്മാരത്തിനും മറ്റ് നാഡീസംബന്ധമായ പ്രശ്നങ്ങള്ക്കും കാരണമാകും. അതേസമയം പാകം ചെയ്യുമ്പോള് ചൂട് തട്ടി അതില് അടങ്ങിയ മാരക രോഗാണുക്കളെ ഇല്ലാതാക്കാന് സഹായിക്കും. ശരിയായ രീതിയില് വേവിച്ചില്ലെങ്കില് വഴുതനങ്ങയില് അടങ്ങിയ സോളനൈന് എന്ന വിഷ വസ്തു ഛര്ദ്ദി, ഓക്കാനം, വയറിളക്കം പോലുള്ള അസ്വസ്ഥതകള് ഉണ്ടാക്കാം. വാഴുതനങ്ങ പാകം ചെയ്യുന്നതിലൂടെ സോളനൈന് ഇല്ലാതാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര് - 94.97, പൗണ്ട് - 126.57, യൂറോ - 106.18, സ്വിസ് ഫ്രാങ്ക് - 114.55, ഓസ്ട്രേലിയന് ഡോളര് - 65.66, ബഹറിന് ദിനാര് - 251.33, കുവൈത്ത് ദിനാര് -307.02, ഒമാനി റിയാല് - 246.97, സൗദി റിയാല് - 25.10, യു.എ.ഇ ദിര്ഹം - 25.86, ഖത്തര് റിയാല് - 25.98, കനേഡിയന് ഡോളര് - 67.10.