2026 | ഒക്ടോബര് 15, വ്യാഴം
1202 | കന്നി 25 | തൃക്കേട്ട
◾ മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഹവാലക്കേസില് മുന്മന്ത്രി മുഹമ്മദ് റിയാസിനും വീണ വിജയനും എതിരേ അന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ഹര്ജി നല്കാന് അനുമതി തേടക്കൊണ്ടുള്ള ഹര്ജി ഹൈക്കോടതി ഡിവിഷന് ബഞ്ച് തള്ളി. വിജിലന്സ് എഫ്ഐആര് രജിസ്റ്റര് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സിംഗിള് ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീല് കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിള് ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹര്ജിക്കാരുടെ വാദം. സര്ക്കാരും ഹര്ജിക്കാര്ക്ക് അനുകൂലമായ നിലപാടിലായിരുന്നു. എന്നാല് അപ്പീലിന് അനുമതി നല്കരുതെന്നായിരുന്നു ഇഡിയുടെ നിലപാട്.
◾ സര്ക്കാരിന് വന് ബാധ്യത വരുത്തുന്ന കിഫ്ബിയില് സമഗ്ര പൊളിച്ചെഴുത്ത് നിര്ദ്ദേശിക്കുന്ന വിദഗ്ധസമിതി റിപ്പോര്ട്ട് നിയമസഭയില്. കിഫ്ബി ഈ രീതിയില് തുടരേണ്ടതില്ലെന്നാണ് ശുപാര്ശ. കിഫ്ബി ഭൂമിയേറ്റെടുത്തതില് ഗുരുതര ക്രമക്കേടുണ്ട്. കണ്ണൂരില് ഭൂമി വിലയുടെ അഞ്ചിരട്ടി നല്കി 3829 ഏക്കര് 9572 കോടി രൂപയ്ക്ക് ഏറ്റെടുത്തതില് സമഗ്ര അന്വേഷണം വേണമെന്നും റിപ്പോര്ട്ടില് പറയുന്നു.
◾ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര് 13 നു ഡല്ഹി കൊണാട്ട് പ്ലേസില് നടത്തിയ പ്രക്ഷോഭത്തിനിടെ മര്ദിച്ചതിനു ഡല്ഹി പോലീസിനെതിരേ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. തന്നെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങള് വലിച്ചുകീറുകയും കസ്റ്റഡിയിലെടുത്തു മര്ദിക്കുകയും ചെയ്തെന്ന് ആരോപിച്ച് എന്എസ് യു നേതാവ് ആതിര നല്കിയ പരാതിയിലാണു കേസെടുത്തത്. ആതിരയുടെ പരാതിയില് ഡല്ഹി പോലീസ് കേസെടുത്തിട്ടില്ല.
◾ വനാതിര്ത്തി മേഖലയിലെ നിര്മാണങ്ങള് പൊളിക്കുന്നതിനെച്ചൊല്ലി നിയമസഭയില് ഭരണ-പ്രതിപക്ഷ പോര്. റവന്യു ഭൂമിയില് വനം വകുപ്പിന് എന്തുകാര്യമെന്നും കര്ഷകര് കെട്ടിയ വേലികള് പൊളിക്കുന്നത് സിഎച്ച്ആര് ഭൂമി വനഭൂമിയാക്കാനുള്ള ഗൂഢ നീക്കമെന്നും കെ യു ജനീഷ് കുമാര് ആരോപിച്ചു. പൊളിച്ചത് രണ്ട് വന്കിട റിസോര്ട്ടുകളുടേത് ഉള്പ്പെടെ അനധികൃത നിര്മാണങ്ങള് മാത്രമെന്ന് വനം മന്ത്രി ഷിബു ബേബി ജോണും നല്ല ഉദ്ദേശത്തോടെ കൊണ്ടുവന്ന തീരുമാനങ്ങളെ എതിര്ക്കരുതെന്ന് റവന്യു മന്ത്രി എ പി അനില് കുമാറും പറഞ്ഞു.
◾ സരള് കേരള ബില്ല് നിയമസഭയില്. സുഗമമായ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം പുതിയ നിക്ഷേപങ്ങള് ആകര്ഷിക്കുക, വ്യവസായ സംരംഭങ്ങള്ക്ക് ആവശ്യമായ ലൈസന്സുകളും പെര്മിറ്റുകളും കൃത്യസമയത്ത് ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
◾ ചിറയിന്കീഴ് എംഎല്എ രമ്യ ഹരിദാസിന്റെ പിഎ വിമല് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടര്ന്നാണ് രാജിയെന്നാണ് വിമല് രാജ് അറിയിച്ചത്. എന്നാല് രമ്യാ ഹരിദാസുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് പാര്ട്ടി വൃത്തങ്ങളില് നിന്നുള്ള സൂചന.
◾ അനധികൃത സ്വത്ത് സമ്പാദന കേസില് ജയിലിലുള്ള മുന് ഡിജിപി ടോമിന് ജെ തച്ചങ്കരിക്കു വിജിലന്സ് കോടതി നല്കിയ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. സെപ്റ്റംബര് 18 മുതല് ടോമിന് തച്ചങ്കരി ജയിലിലായിരുന്നു. കോട്ടയം വിജിലന്സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
◾ ഉപരാഷ്ട്രപതി നാളെ കോഴിക്കോട്ട്. ഉപരാഷ്ട്രപതിയുടെ സന്ദര്ശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരസഭാ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ ഉച്ചയ്ക്കു ശേഷം ജില്ലാ കളക്ടര് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ അങ്കണവാടികള്, മദ്രസകള്, സ്കൂളുകള്, കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഉച്ചയ്ക്ക് ശേഷമുള്ള അവധി ബാധകമായിരിക്കും.
◾ സിഎംആര്എല് മാസപ്പടി കേസില് ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീംകോടതിയെ സമീപിക്കും.
◾ മുഖ്യമന്ത്രി വി ഡി സതീശന് പിണറായിക്കു വേണ്ടിയാണോ ഭരിക്കുന്നതെന്ന് ഹര്ജിക്കാരന് കെ എം ഷാജഹാന്. കോടതി വിധി വി എസ് അച്യുതാനന്ദനും സിപിഎമ്മിന്റെ ജീര്ണ്ണതക്കെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റുകള്ക്കും സമര്പ്പിക്കുന്നുവെന്ന് കെ എം ഷാജഹാന് പറഞ്ഞു. അഴിമതിക്കാരനായ പിണറായിയെയും മരുമകനെയും സിപിഎം ചവറ്റുകുട്ടയില് തള്ളണം, അല്ലെങ്കില് പാര്ട്ടി കുഴിച്ചുമൂടപ്പെടുമെന്ന് അദ്ദേഹം പ്രതികരിച്ചു.
◾ കൈകള് ശുദ്ധമാണെന്നും മടിയില് കനമില്ലെന്നും വീമ്പു പറയുന്ന പിണറായി എഫ്ഐആറിനെ പേടിക്കുന്നതെന്തിനാണെന്നു മാത്യു കുഴല് നാടന് എംഎല്എ. പിണറായി വിജയന് കേസ് നേരിടുക എന്നതാണ് ഇനി അഭികാമ്യമെന്നും കുഴല്നാടന്.
◾ ഉളുപ്പുണ്ടെങ്കില് പിണറായി വിജയന് പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെക്കണമെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോണ് ജോര്ജ്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കം പറഞ്ഞത് സിംഗിള് ബെഞ്ച് പിണറായി വിജയനെ കേട്ടില്ല എന്നാണ്. ഇപ്പോള് ഹൈക്കോടതി പിണറായിയെയും റിയാസിനെയും വീണയെയും കേട്ടിട്ടാണ് വിധി പറഞ്ഞതെന്നും ഷോണ് പറഞ്ഞു.
◾ പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി സര്ക്കാരിന് പിന്മാറാനാകില്ലെന്നും ഭാവിനടപടികള് മന്ത്രിസഭ ഉപസമിതിയുടെ റിപ്പോര്ട്ട് അനുസരിച്ചായിരിക്കുമെന്നും നിയമസഭയില് മറുപടി നല്കി വിദ്യാഭ്യാസ മന്ത്രി എന് ഷംസുദ്ദീന്.
◾ രാഹുല് ഗാന്ധിക്കെതിരായ ബിജെപി നേതാവ് ആര് ശ്രീലേഖയുടെ അധിക്ഷേപ പരാമര്ശത്തില് പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുന് ഡിജിപിയാണ് ശ്രീലേഖയെന്നും, ബിജെപി നേതാവ് ഇത്തരം ബാലിശ നിലപാട് സ്വീകരിക്കുന്നത് പാര്ട്ടി അംഗീകരിക്കുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
◾ രാഹുല് ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്ശത്തില് ബിജെപി നേതാവ് ആര് ശ്രീലേഖക്കെതിരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില് പന്തളം ഡിജിപിക്ക് പരാതി നല്കി. കോണ്ഗ്രസ് നേതാവ് കെ എസ് ശബരീനാഥന് തിരുവനന്തപുരം പൊലീസ് കമ്മീഷണര്ക്കും പരാതി നല്കി.
◾ കണ്ണൂര് റെയില്വേ സ്റ്റേഷനില് മുന് മന്ത്രി വീണ ജോര്ജ്ജിനെ കെ എസ് യു പ്രവര്ത്തകര് അക്രമിച്ചെന്ന കേസില് മാധ്യമപ്രവര്ത്തകരില് നിന്ന് എസ്ഐടി വിവരം തേടുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമപ്രവര്ത്തകരോട് ഹാജരാകാന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങള് ശേഖരിക്കാനും എസ്ഐടി നീക്കം നടത്തുന്നുണ്ട്.
◾ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കെഎസ്ആര്ടിസി പതിയെ കരകയറുന്നുണ്ടെന്നു നിയമസഭയില് ഗതാഗത മന്ത്രി സി.പി ജോണ്. പുതിയ ബസുകള് നിരത്തിലിറക്കാന് എംഎല്എമാര് ഉള്പ്പെടെയുള്ളവര് സഹായിക്കണം. ഓരോ എംഎല്എമാരും കുറഞ്ഞത് രണ്ട് ബസുകള് വീതമെങ്കിലും നല്കാന് തയ്യാറാകണം. മന്ത്രി നിര്ദേശിച്ചു.
◾ ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ മേല്ശാന്തിമാരെ നറുക്കെടുക്കുന്നതിന് പന്തളം കൊട്ടാരത്തില്നിന്ന് ദേവനന്ദന് അര്ജുന്, അനശ്വര എം രഞ്ജിത്ത് എന്നീ കുട്ടികളെ പന്തളം കൊട്ടാരത്തിലെ രാമവര്മ്മ രാജ ചുമതലപ്പെടുത്തി. സുപ്രീംകോടതിയുടെ 2011 ലെ ഉത്തരവനുസരിച്ച് റിട്ടയേര്ഡ് ജസ്റ്റിസ് കെ ടി തോമസിന്റെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തെരഞ്ഞെടുപ്പിനായി അയക്കുന്നത്.
◾ പട്ടാമ്പി തിരുവേഗപ്പുറ പപ്പടപടിയില് 2 കുട്ടികള് കുളത്തില് മുങ്ങി മരിച്ചു. കാരക്കൂത്ത് വീട്ടില് ശിഹാബ് മുസ്ലിയാരുടെ 5 വയസുകാരി ഫാത്തിമ സഹറ, ശിഹാബിന്റെ സഹോദരന് ഷൗക്കത്തിന്റെ മകന് രണ്ടര വയസുകാരന് മുഹമ്മദ് ഹനാന് എന്നിവരാണ് മരിച്ചത്.
◾ കണ്ണൂര് മാതമംഗലത്ത് 32 കാരി മേഘ ജീവനൊടുക്കിയത് ഭര്ത്താവ് പലപ്പോഴായി അയച്ചുകൊടുത്തിരുന്ന 40 ലക്ഷം രൂപ നഷ്ടമായതിനാലാണെന്ന് പോലീസ് നിഗമനം. വിദേശത്തായിരുന്ന ഭര്ത്താവ് അയച്ചുകൊടുത്ത പണം ഉപയോഗിച്ചു വീടു വാങ്ങാന് നിര്ദേശിച്ചിരുന്നു. പണം എങ്ങനെ നഷ്ടമായെന്ന് അന്വേഷിക്കുന്നുണ്ട്.
◾ പെരിന്തല്മണ്ണ വേങ്ങൂരില് ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മിഷനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എംഎല്എക്കെതിരെ മേലാറ്റൂര് പൊലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന നാല് പേരെയും കേസില് പ്രതിചേര്ത്തിട്ടുണ്ട്.
◾ നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തിലെ മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം ഉണ്ടായ എയര്പോര്ട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. എന്നാല് അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തില് നിന്ന് ഇറക്കിയില്ല.
◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന് പൂര്ണ്ണ പിന്തുണ നല്കാന് കേന്ദ്ര സര്ക്കാര് തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷന് ചട്ടങ്ങള് ലംഘിച്ചിട്ടില്ലെന്ന് ദേശീയതലത്തില് പ്രതിരോധ പ്രചാരണം നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം. എസ്ഐആര് നടപടി അനിവാര്യമായിരുന്നു എന്ന് രാജ്യത്തുടനീളം ജനങ്ങളോട് വിശദീകരിക്കാന് പാര്ട്ടി നേതാക്കള്ക്ക് നിര്ദ്ദേശം നല്കും.
◾ രാഹുല് ഗാന്ധിയുടെയും ഇന്ത്യ സഖ്യ നേതാക്കളുടെയും ഹര്ജികളില് സുപ്രീം കോടതി സര്ക്കാരിനും തെരഞ്ഞെടുപ്പു കമ്മീഷനും നോട്ടീസയക്കാന് ഉത്തരവിട്ടു. എസ്ഐആര് ചോദ്യംചെയ്തുള്ള നിലവിലെ ഹര്ജികള്ക്കൊപ്പം ഈ ഹര്ജികളും പരിഗണിക്കും. ഫോം സിക്സുമായി ബന്ധപ്പെട്ട ഹര്ജികളിലും നോട്ടീസ് അയക്കാന് നിര്ദേശം നല്കി.
◾ ഹിന്ദുമതത്തില് നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്ത്തനം ചെയ്തയാള്ക്ക് മതം മാറിയെന്ന കാരണത്തില് മാത്രം പിന്നോക്ക വിഭാഗക്കാര്ക്കുള്ള സംവരണ ആനുകൂല്യങ്ങള്ക്ക് അര്ഹതയുണ്ടാവില്ലെന്ന് സുപ്രീം കോടതി. തമിഴ്നാട് സര്ക്കാരും സ്വകാര്യ വ്യക്തിയും നല്കിയ ഹര്ജികള് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
◾ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാര് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയെയും മറ്റു കോണ്ഗ്രസ് നേതാക്കളെയും ബന്ധപ്പെടാന് ശ്രമിച്ചിരുന്നതായി കെ.സി വേണുഗോപാല്. പഴയ കോണ്ഗ്രസ് കുടുംബത്തിലെ ആളാണെന്ന് പറഞ്ഞാണ് ഗ്യാനേഷ് കുമാര് ബന്ധപ്പെടാന് ശ്രമിച്ചതെന്നാണ് വേണുഗോപാല് പറയുന്നത്.
◾ ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില് പങ്കെടുത്ത അമേരിക്കന് പൗരനായ ബോളിവുഡ് താരം ഇമ്രാന് ഖാന് ഇന്ത്യ വിടാന് നോട്ടീസ്. ഒക്ടോബര് 28നകം രാജ്യം വിടാന് മുംബൈ പൊലീസാണ് നോട്ടീസ് നല്കിയത്. ഒക്ടോബര് 10-ന് ആഗസ്റ്റ് ക്രാന്തി മൈതാനത്തെ പ്രതിഷേധത്തില് പങ്കെടുത്ത ഇമ്രാന് ഖാനെ കസ്റ്റഡിയില് എടുത്തിരുന്നു.
◾ പ്രതിഷേധ മാര്ച്ചിനിടെ ബി.ജെ.പി എം.പിയും സിനിമാ താരവുമായ രവി കിഷന് നാക്കുപിഴ. രാഹുല് ഗാന്ധിയെ പരിഹസിക്കുന്നതിനിടെ 'നിങ്ങള് പ്രധാനമന്ത്രിയാകാന് പോകുകയാണ്, എന്നിട്ടാണോ സ്വന്തം പ്രവര്ത്തകരെ തല്ലുന്നത്' എന്ന് രവി കിഷന് പറഞ്ഞതാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായിരിക്കുന്നത്.
◾ ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചെന്നൈയില് ഇന്ന് ഇന്ത്യ സഖ്യത്തിന്റെ വന് പ്രതിഷേധം. വൈകിട്ട് എഗ്മോറില് നടക്കുന്ന യോഗത്തില് ടിവികെയും പങ്കെടുക്കും.
◾ ലൈംഗിക അതിക്രമ കേസില് കുടുങ്ങിയ കോണ്ഗ്രസ് എംപി ബിമോല് അക്കോയിജത്തിന്റെ പാര്ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് വനിതാ ബി ജെ പി എംപിമാര് ലോക്സഭാ സ്പീക്കര് ഓം ബിര്ളയോട് ആവശ്യപ്പെട്ടു.
◾ പഞ്ചാബില് അതിര്ത്തി കടന്നുള്ള ലഹരിക്കടത്ത് സംഘത്തെ പത്താന്കോട്ട് പൊലീസ് പിടികൂടി. ഒരു സ്ത്രീ അടക്കം രണ്ടുപേരാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര വിപണിയില് 40 കോടിയിലധികം രൂപ വിലമതിക്കുന്ന 7.8 കിലോഗ്രാം ഹെറോയിന് ഇവരില് നിന്ന് പൊലീസ് പിടിച്ചെടുത്തു.
◾ പൊതുമേഖലാ പ്രതിരോധ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് മിസൈലുകള്ക്ക് ആവശ്യമായ 300 ഓപ്റ്റിക്കല് സൈറ്റുകള് വാങ്ങുന്നതിനായി മുന് സി.എം.ഡി സിദ്ധാര്ത്ഥ് മിശ്രയുടെ കുടുംബത്തിന് പങ്കാളിത്തമുള്ള കമ്പനിക്ക് ഏകപക്ഷീയമായി കോടികളുടെ കരാര് നല്കാന് നീക്കം നടത്തുന്നതായി റിപ്പോര്ട്ട്.
◾ ഹോര്മുസ് കടലിടുക്കിന് സമീപം രണ്ട് ചരക്ക് കപ്പലുകള്ക്ക് നേരെ ആക്രമണം. ഒരു ചരക്കുകപ്പല് മുങ്ങി. ആക്രമണം നേരിട്ട രണ്ടാമത്തെ ചരക്കുകകപ്പല് മുങ്ങിക്കൊണ്ടിരിക്കുകയാണ്. സിംഗപ്പൂര് പതാകയേന്തിയ 'ജി.എഫ്.എസ് പ്രൈഡ്' എന്ന കണ്ടെയ്നര് കപ്പലാണ് ആക്രമണത്തിന് ഇരയായി മുങ്ങിയത്. മറ്റൊരു ചരക്കുകപ്പല് മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതേത് കപ്പലാണെന്ന് വ്യക്തമല്ല.
◾ പാകിസ്ഥാനിലെ പെഷവാര് നഗരത്തില് സ്കൂള് കെട്ടിടത്തിന്റെ മേല്ക്കൂര തകര്ന്നു വീണുണ്ടായ അപകടത്തില് 17 വിദ്യാര്ത്ഥികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. അപകടത്തില്പ്പെട്ട വിദ്യാര്ത്ഥികളെല്ലാം 13 വയസ്സിന് താഴെയുള്ളവരാണെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
◾ ചാമ്പ്യന്സ് ലീഗില് ആവേശം അണപൊട്ടിയ പോരാട്ടങ്ങള്ക്കൊടുവില് എ.എസ് റോമയ്ക്കെതിരെ അവസാന മിനിറ്റുകളില് മൂന്ന് ഗോളുകള് തിരിച്ചടിച്ച റയല് മാഡ്രിഡിന്റെ 4-3ന്റെ അവിശ്വസനീയ വിജയം. മറ്റൊരു മത്സരത്തില് മാഞ്ചസ്റ്റര് സിറ്റിയെ അവരുടെ തട്ടകത്തില് 4-2ന് തകര്ത്ത് പി.എസ്.ജി കരുത്തുകാട്ടി. മറ്റ് പോരാട്ടങ്ങളില് എല്.എ.എസ്.കെയെ 6-3ന് ലിവര്പൂളും, ഫെനര്ബാഷെയെ 6-0ന് തകര്ത്ത് ആസ്റ്റണ് വില്ലയും കൂറ്റന് വിജയങ്ങള് സ്വന്തമാക്കി.
◾ വിന്ഡീസിനെതിരായ നാലാം ടി20യിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന് ടീം മാനേജ്മെന്റിനെതിരെ കടുത്ത വിമര്ശനവുമായി മുന് ഇന്ത്യന് താരം മുഹമ്മദ് കൈഫ്. സ്പെഷ്യലിസ്റ്റ് ബൗളര്മാര്ക്ക് പകരം ഓള്റൗണ്ടര്മാരെ മാത്രം വിശ്വസിച്ച് പ്ലേയിങ് ഇലവന് ഇറക്കുന്ന ശൈലി തുടര്ന്നാല് ഇന്ത്യക്ക് ലോകകപ്പ് നേടാനാവില്ലെന്ന് കൈഫ് മുന്നറിയിപ്പ് നല്കി.
◾ സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് വന് ഇടിവ്. പവന് 600 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവന്റെ വില 1,08,120 രൂപയാണ് ഇന്നത്തെ വില. 75 രൂപ താഴ്ന്ന് 13,515 രൂപയാണ് ഇന്നത്തെ ഒരു ഗ്രാമിന്റെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള് നിര്മിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 105 രൂപ താഴ്ന്ന് 11,060 രൂപയായി. പവന് 88,480 രൂപയും. 14 കാരറ്റിന്റേതിന് ഇന്നത്തെ ഗ്രാം വില 8,650 രൂപയാണ്. വെള്ളി വില ഗ്രാമിന് 230 രൂപയായി കുറഞ്ഞു. ഒക്ടോബര് 11ന് ഒരു പവന് സ്വര്ണത്തിന്റെ വില 1,11,040 രൂപയായിരുന്നു. മാസത്തെ ഉയര്ന്ന വിലയായിരുന്നു ഇത്. എന്നാല്, അടുത്ത നാലു ദിവസം കൊണ്ട് പവനില് കുറഞ്ഞത് 2,920 രൂപയാണ്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്ഡ് ക്രൂഡ് വില ബാരലിന് 104 ഡോളറിന് മുകളിലാണ്. ഇതിന് പുറമേ അമേരിക്കയില് പണപ്പെരുപ്പനിരക്ക് ഉയര്ന്നതും സ്വര്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
◾ സുരക്ഷ കണക്കിലെടുത്ത് ഉപയോക്താക്കള്ക്ക് കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രസര്ക്കാര്. നവംബര് ഒന്നുമുതല് കോള് വിളിക്കുന്ന ആളിന്റെ പേര് പ്രദര്ശിപ്പിക്കുന്ന കോളിങ് നെയിം പ്രസന്റേഷന് നടപ്പിലാക്കാന് ടെലികോം സേവന ദാതാക്കളോട് ടെലികോം വകുപ്പ് നിര്ദേശം നല്കി. 2ജി, 3ജി നെറ്റ് വര്ക്കുകളിലും പബ്ലിക് സ്വിച്ച്ഡ് ടെലിഫോണ് നെറ്റ് വര്ക്കുകളിലും ഇത് നടപ്പിലാക്കുന്നത് പിന്നീട് പരിഗണിക്കും. കോള് വരുമ്പോള് സ്ക്രീനിലെ ആദ്യ ഭാഗത്ത് വിളിക്കുന്നയാളുടെ നമ്പര് കാണിക്കും. രണ്ടാമത്തെ ഭാഗത്ത് ഉപയോക്താവിന്റെ കോണ്ടാക്ടുകളില് സേവ് ചെയ്തിട്ടുള്ള പേര് കാണിക്കും. നമ്പര് സേവ് ചെയ്തിട്ടില്ലെങ്കില് ആഭ്യന്തര കോളുകള്ക്കായി ഒറിജിനേറ്റിങ് ടെലികോം ഓപ്പറേറ്ററുടെ സബ്സ്ക്രൈബര് ഡാറ്റാബേസില് രേഖപ്പെടുത്തിയിരിക്കുന്ന വിളിക്കുന്നയാളുടെ പേര് പ്രദര്ശിപ്പിക്കും. അന്തരാഷ്ട്ര കോളുകള്ക്ക്, സ്ക്രീനില് ഇന്റര്നാഷണല് കോള് എന്ന് പ്രദര്ശിപ്പിക്കും.
◾ പ്രമുഖ വാഹന നിര്മ്മാതാക്കളായ ടൊയോട്ട അവരുടെ ജനപ്രിയ മോഡലായ ഗ്ലാന്സയുടെ അപ്ഡേറ്റ് വേര്ഷന് പുറത്തിറക്കി. 6.99 ലക്ഷം രൂപയാണ് ഗ്ലാന്സ ഫെയ്സ് ലിഫ്റ്റിന്റെ പ്രാരംഭ എക്സ്ഷോറൂം വില. അപ്ഡേറ്റ് ചെയ്ത ബലേനോയെ അടിസ്ഥാനമാക്കിയ ഈ ഹാച്ച്ബാക്കിന്റെ മുന്ഭാഗത്ത് ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ബ്ലൂയിഷ് ബ്ലാക്ക്, ഡിജിറ്റല് ടീല് ഗ്രീന് എന്നി പുതിയ രണ്ടു നിറങ്ങളില് കൂടി ഇത് ലഭ്യമാകും. ബലേനോയുടെ 1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിനാണ് ഇതില് ഉപയോഗിച്ചിരിക്കുന്നത്. ഇത് 82 ബിഎച്ച്പി കരുത്തും 113 എന്എം ടോര്ക്കും ഉല്പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല് അല്ലെങ്കില് എഎംടി ഗിയര്ബോക്സുകളില് ഇത് ലഭ്യമാണ്. കൂടാതെ സിഎന്ജി ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. അഞ്ചു വേരിയന്റുകളിലാണ് ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് ലഭ്യമാകുക. 6.99 ലക്ഷം രൂപ മുതല് 10.49 ലക്ഷം രൂപ വരെയാണ് വിലകള്.
◾ പനീറും സോയ ചങ്ക്സും പ്രോട്ടീന് ലഭിക്കുന്നതിനുള്ള രണ്ട് സസ്യാഹാരങ്ങളാണ്. എന്നാല് പോഷകഗുണങ്ങളുടെ കാര്യത്തില് ഇവ തമ്മില് വലിയ വ്യത്യാസമുണ്ട്. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തില് ഇവ രണ്ടും ഉള്പ്പെടുത്താവുന്നതാണ്. പനീറില് നിന്ന് പ്രോട്ടീനും കാല്സ്യം, വിറ്റാമിന് ബി12 തുടങ്ങിയ പോഷകങ്ങളും ലഭിക്കുന്നു. എന്നാല് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ പനീറില് ഗണ്യമായ അളവില് കൊഴുപ്പും അടങ്ങിയിട്ടുണ്ട്. പനീറില് സാധാരണയായി 16-18% വരെ പ്രോട്ടീനും 22-25% വരെ കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന് 'ജേണല് ഓഫ് ഫുഡ് സയന്സ് ആന്ഡ് ടെക്നോളജി'യില് പ്രസിദ്ധീകരിച്ച പഠനത്തില് പഠനത്തില് പറയുന്നു. പച്ചക്കറികള്ക്കൊപ്പം പനീര് ചേര്ത്ത് തയ്യാറാക്കുന്ന വിഭവവും, ധാരാളം എണ്ണയോ വെണ്ണയോ ക്രീമോ ഉപയോഗിച്ച് പാകം ചെയ്യുന്ന പനീര് വിഭവവും തമ്മില് വലിയ വ്യത്യാസമുണ്ട്. സോയ ചങ്ക്സ് അല്പം വ്യത്യസ്തമാണ്. കൊഴുപ്പ് നീക്കം ചെയ്ത സോയ മാവില് നിന്നാണ് ഇവ നിര്മ്മിക്കുന്നത്. അതിനാല് സ്വാഭാവികമായും ഉയര്ന്ന അളവില് പ്രോട്ടീനും താരതമ്യേന കുറഞ്ഞ അളവില് കൊഴുപ്പും ഇവയില് അടങ്ങിയിരിക്കുന്നു. സോയ ചങ്ക്സ് ശരീരഭാരം കുറയ്ക്കാന് സഹായിക്കുന്നു. കാരണം, ഇവയില് പ്രോട്ടീനും (100 ഗ്രാം ഉണങ്ങിയതില് ഏകദേശം 52 ഗ്രാം) ഡയറ്ററി ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്, അതേസമയം കൊഴുപ്പിന്റെ അളവ് വളരെ കുറവുമാണ്. ശരീരഭാരം കുറയ്ക്കാന് കൂടുതല് അനുയോജ്യമായത് സോയ ചങ്ക്സ് ആണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര് - 94.91, പൗണ്ട് - 125.83, യൂറോ - 106.59, സ്വിസ് ഫ്രാങ്ക് - 114.64, ഓസ്ട്രേലിയന് ഡോളര് - 65.81, ബഹറിന് ദിനാര് - 251.29, കുവൈത്ത് ദിനാര് -305.22, ഒമാനി റിയാല് - 246.78, സൗദി റിയാല് - 25.83, യു.എ.ഇ ദിര്ഹം - 25.88, ഖത്തര് റിയാല് - 26.08, കനേഡിയന് ഡോളര് - 66.91.
Tags:
KERALA