2026 | ഒക്ടോബര്‍ 12, തിങ്കള്‍
1202 | കന്നി 26 | ചോതി
◾ മാസപ്പടി, ഹവാല ആരോപണങ്ങളില്‍ രണ്ടു കേസെടുത്ത് വിജിലന്‍സ്. ഒന്നാമത്തെ മാസപ്പടി കേസില്‍ മാത്രമാണ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ ഹവാല അഴിമതി കേസില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ടു കേസിലും രണ്ടാം പ്രതി വീണ വിജയനാണ്. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുത്തത്.
◾ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോവുമായി ഇന്ത്യ സഖ്യം എംപിമാരും പ്രവര്‍ത്തകരും ഇടത് വിദ്യാര്‍ഥി സംഘടനകളും സിജെപിയും പ്രക്ഷോഭ രംഗത്ത്. ജന്തര്‍ മന്തറില്‍ സമരത്തിന് അനുമതി തേടി സിജെപി വീണ്ടും ഇന്നു പൊലീസിനെ സമീപിക്കും. ഇന്ത്യാസഖ്യം എംപിമാര്‍ വൈകിട്ട് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും.
◾ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറക്കാത്തണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ യു ഡി എഫ് - എല്‍ ഡി എഫ് എം എല്‍ എമാര്‍ ഒന്നടങ്കം പിന്തുണച്ചു. മൂന്നു ബി ജെ പി അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്തത്.
◾ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലുണ്ടായ സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിലും നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായി വി. ജോയി എംഎല്‍എയാണു നോട്ടീസ് നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തണമെന്ന് ജോയ് ആവശ്യപ്പെട്ടു. ഹോസ്റ്റലില്‍ നിന്ന് ബിയര്‍ കുപ്പി എറിഞ്ഞെന്ന് ആഭ്യന്തരമന്ത്രി മറുപടി നല്‍കി. തമിഴ്നാട്ടില്‍ നിന്ന് പൊലീസുകാരെ ഇറക്കിയിട്ടില്ലെന്നും പത്ത് വര്‍ഷം എല്‍ഡിഎഫ് ഭരിച്ച കാലത്തെ പൊലീസാണ് ഇപ്പോഴുമുള്ളതെന്നും ചെന്നിത്തല തിരിച്ചടിച്ചു. പ്രമേയാവതരണം തള്ളിയതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
◾ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതല്‍ ശക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും (ഭേദഗതി) ബില്ല്' നിയമസഭയുടെ നിലവിലെ സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. വയോജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
◾ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിദേശ യാത്ര നടത്തിയത് ഒമ്പതു മന്ത്രിമാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍. പി സി വിഷ്ണുനാഥ് മാത്രമാണ് ഔദ്യോഗിക യാത്ര നടത്തിയത്. എട്ടു മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലായിരുന്നു. യാത്രകളുടെ ചെലവ് വഹിച്ചത് ആരെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.
◾ മാസപ്പടിയുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരായ വിജിലന്‍സ് കേസ് വേട്ടയാടലാണെന്നും കള്ളക്കേസെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പിണറായിക്കെതിരെ ഇഡിയും വിഡിയും ചേര്‍ന്ന മാച്ച് ഫിക്സിങ് നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംബി രാജേഷ്.
◾ സംസ്ഥാന സ്‌കൂള്‍ കായികമേള കോഴിക്കോട് എന്‍.ഐ.ടി.യില്‍ ഒക്ടോബര്‍ 27 മുതല്‍ 31 വരെ നടക്കും. പ്രധാനവേദിയായ എന്‍.ഐ.ടി.ക്ക് പുറമേയുള്ള 10 വേദികളും സജ്ജമായി വരികയാണ്. 26-ന് ഇവിടെ ഇന്‍ക്ലുസീവ് അത്ലറ്റിക്‌സും ഇന്‍ക്ലുസീവ് ഫുട്ബോളും 30-ന് ക്രോസ് കണ്‍ട്രിയും നടക്കും.
◾ കേരള ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ പിഎസ് സി നടത്തിയ തട്ടിപ്പു കേസായതോടെ പുതുക്കി തയാറാക്കിയ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരന്‍ ശ്യം കൃഷ്ണന് നിയമന ശുപാര്‍ശ അയക്കും. പഴയ ഒന്നാം റാങ്കുകാരന്‍ അരുണ്‍ പ്രതാപിനെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ സര്‍ക്കാരിന് കത്തു നല്‍കും.
◾ മലപ്പുറം കിഴക്കേ ചാത്തല്ലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച പി.കെ. ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി പി.കെ. ബഷീര്‍ അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതി സമഗ്രമായി പരിശോധിച്ച് വരികയാണെന്നും, പദ്ധതി തുടരണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ ആലോചിച്ചു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ് പദ്ധതി പ്രഖ്യാപിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
◾ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവക്കണമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കോണ്‍ഗ്രസും സിപിഎമ്മും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുകയാണ്. പിണറായി വിജയന് കോടതിയെ സമീപിക്കാന്‍ സൗകര്യം നല്‍കാനാണ് എഫ്ഐആര്‍ വൈകിച്ചത്. പണം വാങ്ങിയ എല്ലാവര്‍ക്കുമെതിരെ അന്വേഷണം വേണമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
◾ അടൂരില്‍ കോണ്‍ഗ്രസില്‍ ഇല്ലാത്ത ആളാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. അയാള്‍ പൊലീസ് ജീപ്പില്‍ കയറിയെന്നും എന്നാല്‍ മന്ത്രിക്ക് അയാള്‍ ബഹുമാന്യനായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
◾ നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടത്തില്‍ പ്രതി, വാഹനം ഓടിച്ച സുഹൈല്‍ സജീവ് മദ്യപിച്ച ബാറുകള്‍ക്ക് എതിരെ എക്സൈസ് കേസെടുത്തു. മൂന്നു ബാറുകള്‍ക്കെതിരെയാണ് കേസ്. 19 വയസ്സുള്ളവര്‍ക്ക് മദ്യം നല്‍കി എന്നതാണ് കുറ്റം. ബാര്‍ ലൈസന്‍സ് റദ്ദാക്കലോ പിഴ ചുമത്തലോ ആകും നടപടി. പ്രതിയായ സുഹൈല്‍ റിമാന്‍ഡിലാണ്. കാറില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പ്രേരണാകുറ്റം ചുമത്തും.
◾ ഹണി ട്രാപ്പില്‍ പുരുഷന്മാരെ കുടുക്കിയ കേസിലെ പ്രതികളായ അമ്മയും മകളും വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് അറസ്റ്റില്‍. തൂമാനം ചിറയത്ത് വീട്ടില്‍ ബിന്ദു എന്ന തൂമാനം ബിന്ദുവിനെ(റിനി) യും മകള്‍ സോന (22) യേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
◾ കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ ഭാര്യ ഷാനി ഷഫീര്‍ രാജിവച്ചു. സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ നിന്നാണ് രാജി. നിയമനം വിവാദമായതോടെയാണു രാജി.
◾ അഞ്ചു വര്‍ഷം മുമ്പ് 2021 ല്‍ മരിച്ച നാലു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്തി. ചാവക്കാട് എടക്കഴിയൂരിലെ ജൂമാമസ്ജിതില്‍ സംസ്‌കരിച്ച കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങളാണു തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേട്ടിന്റെ ഉത്തരവനുസരിച്ച് പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്തിയത്. ചാവക്കാട് സ്വദേശികളായ ഇബ്രാഹിം - മുഹ്സിന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അന്നു പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. ഇക്കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ മുഹസിന മരിച്ചതോടെ ഭര്‍ത്താവിനെതിരേ പരാതി ഉയര്‍ന്നതോടെ പോലീസ് കേസെടുത്തു. ഇതിന്റ ഭാഗമായാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
◾ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിയെ ട്രെയിനില്‍ ആക്രമിച്ച ശിവഗിരി സ്വദേശിയായ ബോബിക്കെതിരെ വര്‍ക്കല പൊലീസ് കേസെടുത്തു. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഒമ്പതാം തീയതി രാത്രിയാണ് സംഭവം നടന്നത്. യുവതിയെ ട്രെയിനില്‍ വെച്ച് മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങിക്കൊണ്ട് പോയി തകര്‍ക്കുകയും ചെയ്തെന്നാണ് പരാതി.
◾ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ 700 പേര്‍ കസ്റ്റഡിയില്‍. കപ്സേരയിലെ താല്‍ക്കാലിക തടങ്കല്‍ കേന്ദ്രത്തില്‍ എത്തിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നതായാണ് വിവരം. ഇവിടേക്ക് കൊണ്ടുപോയ മലയാളി സന്നദ്ധ സംഘടന പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ച് വിവരമില്ല.
◾ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കെതിരായ കേസ് കോടതിയുടെ പരിഗണനിയിലിരിക്കേ, അതേ വിഷയത്തില്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതും നിവേദനം സ്വീകരിക്കുന്നതും ഉചിതമല്ലെന്ന് സുപ്രീം കോടതി. കൂടിക്കാഴ്ച നിഷേധിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് നല്‍കിയ വിശദീകരണത്തിലാണ് ഈ വിശദീകരണം.
◾ ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. 5 ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ പോരാട്ടം തുടരും. മോദി, അമിത്ഷാ, മോഹന്‍ ഭാഗവത്, ഗ്യാനേഷ് കുമാര്‍, അജിത് ഡോവല്‍ എന്നിവരാണ് അഞ്ചു ക്രിമിനലുകളെന്നു രാഹുല്‍.
◾ പതിറ്റാണ്ടുകളായി ഡല്‍ഹിയിലെ സമരകേന്ദ്രമായിരുന്ന ജന്തര്‍ മന്ദിറില്‍ പ്രതിഷേധം നിരോധിച്ച് ഡല്‍ഹി പോലീസ്. ജനകീയ പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ ഡല്‍ഹി പോലീസ് സമര വേദികളുടെ പട്ടികയില്‍ നിന്ന് ജന്തര്‍ മന്ദിറിനെ ഒഴിവാക്കി. പകരം പ്രക്ഷോഭങ്ങള്‍ക്കായി രാംലീല മൈതാന്‍, ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ഡല്‍ഹിയിലെ സിബിഡി ഗ്രൗണ്ട് എന്നീ മൂന്നു പുതിയ കേന്ദ്രങ്ങള്‍ അനുവദിച്ചു.
◾ തെലങ്കാനയിലെ മേഡക് ജില്ലയില്‍, ദുര്‍മന്ത്രവാദം ആരോപിച്ചും ഗ്രാമത്തിലുണ്ടായ മരണങ്ങള്‍ക്ക് കാരണക്കാരിയെന്ന് പറഞ്ഞും 21-കാരന്‍ സ്വന്തം അമ്മയെ തീക്കൊളുത്തി കൊലപ്പെടുത്തി. ഓട്ടോറിക്ഷാ ഡ്രൈവറായ ദുര്‍ഗേഷ് (21) എന്ന യുവാവാണ് 40-കാരിയായ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയത്.
◾ റിയാദ് വിമാനത്താവളത്തില്‍ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരു ഇന്ത്യന്‍ പൗരന്‍ മരിച്ചു. ഹൈദരാബാദ് സ്വദേശിയായ അലി മുഹമ്മദ് അലിയാണ് മരിച്ചത്.
◾ റഷ്യയും ഉക്രെയ്നും തമ്മില്‍ ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ 'ഊര്‍ജ്ജ വെടിനിര്‍ത്തല്‍' കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍ അതേക്കുറിച്ചു തനിക്ക് അറിയില്ലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡ്ഡിമിര്‍ സെലെന്‍സ്‌കി പ്രതികരിച്ചു. ട്രംപിന്റെ പ്രസ്താവനയ്ക്കു പിറകേ റഷ്യ ഉക്രെയിനില്‍ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.
◾ പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രക്ഷോഭം ആരംഭിച്ചിരിക്കേയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
◾ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി മില്ലിഷ്യകള്‍ നടത്തിയ ശക്തമായ ഭീകരാക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങള്‍. ഒരു പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
◾ ദമ്മാമില്‍ നിന്ന് ഉംറ നിര്‍വഹിക്കുന്നതിനായി പുറപ്പെട്ട വാഹനം റിയാദിന് സമീപം റുവൈദയില്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാന്‍ പൗരനും ഉള്‍പ്പെടുന്നതായാണ് പ്രാഥമിക വിവരം.
◾ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി. കരുത്തരായ ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് സിറ്റി തകര്‍ത്തു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്.
◾ വിദേശ നിക്ഷേപകരുടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള പിന്‍മാറ്റം തുടരുന്നു. ഈ മാസം ഇതുവരെയുള്ള ആദ്യ ആറു വ്യാപാര ദിനങ്ങളില്‍ മാത്രം ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 45,125.67 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇതോടെ 2026ല്‍ ഇതുവരെ ഇക്വിറ്റി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ മൊത്തം പിന്‍വലിക്കല്‍ 3.6 ലക്ഷം കോടി രൂപയായി. തുടര്‍ച്ചയായ വിദേശ വില്‍പന ആഭ്യന്തര വിപണിയിലും സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്. നിഫ്റ്റി 50 ഈ വര്‍ഷം ഇതുവരെ ഏകദേശം 14 ശതമാനം താഴെയാണ്. മുന്‍നിര ഓഹരികളിലെല്ലാം ഇടിവ് പ്രകടമാണ്. സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 45,536.89 കോടി മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ചിരുന്നു. മാര്‍ച്ചിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ആ മാസം 1.22 ലക്ഷം കോടി രൂപയാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. ഏപ്രിലില്‍ 63,167 കോടി രൂപയുടെ വില്‍പനയും വിദേശ നിക്ഷേപകര്‍ നടത്തി.
◾ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് 15 വയസ്സ് പ്രായപരിധി നിശ്ചയിക്കാന്‍ യു.എ.ഇ. ഭരണകൂടം തയാറെടുക്കുന്നതിനിടെ, കൗമാരക്കാരുടെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി വാട്സ്ആപ്പ്. ആറക്ക 'പേരന്റ് പിന്‍' ഉപയോഗിച്ച് കൗമാരക്കാരുടെ അക്കൗണ്ടുകളിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ മാതാപിതാക്കള്‍ക്ക് ലോക്ക് ചെയ്യാം. പ്രൊഫൈല്‍ പിക്ചര്‍, ലാസ്റ്റ് സീന്‍, ഗ്രൂപ്പുകളില്‍ ചേര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികള്‍ മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാണ്. കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നോട്ടിഫിക്കേഷന്‍ സംവിധാനവും പുതിയ മാറ്റങ്ങളിലുണ്ട്. കുട്ടി ഏതെങ്കിലും ഗ്രൂപ്പില്‍ ചേരുകയോ പുറത്തുപോകുകയോ ചെയ്യുമ്പോള്‍, ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം പെട്ടെന്ന് വര്‍ധിക്കുമ്പോള്‍, അല്ലെങ്കില്‍ പുതിയ കോണ്‍ടാക്റ്റ് ചേര്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് അലേര്‍ട്ടുകള്‍ ലഭിക്കും.
◾ ഇന്ത്യന്‍ വാഹന വിപണിയില്‍ ഈ വര്‍ഷം അവസാനത്തോടെ രണ്ട് പ്രധാന എസ്യുവികള്‍ കൂടി എത്തുന്നു. റെനോയുടെ ആദ്യ സ്ട്രോങ് ഹൈബ്രിഡ് എസ്യുവിയായ ഡസ്റ്റര്‍ ഹൈബ്രിഡും ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ 0 ആല്‍ഫയുമാണ് വിപണിയിലെത്താന്‍ ഒരുങ്ങുന്നത്. റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ഒക്ടോബര്‍ 17ന് ഷോറൂമുകളിലെത്തും. ഹോണ്ട 0 ആല്‍ഫ ഇലക്ട്രിക് എസ്യുവി 2026 ഡിസംബറില്‍ അവതരിപ്പിച്ചേക്കും. റെനോയുടെ ഇ-ടെക് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് പുതിയ ഡസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. ഫോര്‍മുല വണ്‍ മത്സരങ്ങളിലെ സാങ്കേതിക പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം വികസിപ്പിച്ചത്. ഹോണ്ട 0 ആല്‍ഫ ഇലക്ട്രിക് എസ്യുവിയുടെ അന്തിമ പേര് വരും ആഴ്ചകളില്‍ പ്രഖ്യാപിച്ചേക്കും. 65 മുതല്‍ 75 കിലോവാട്ട് അവര്‍ വരെ ശേഷിയുള്ള രണ്ട് എല്‍എഫ്പി ബാറ്ററി ഓപ്ഷനുകള്‍ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
◾ ഭക്ഷണം കഴിഞ്ഞാല്‍ ഉടന്‍ കിടക്കുന്നത് എല്ലാവരിലും ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കണമെന്നില്ല. എന്നാല്‍ ചിലരില്‍ ഇത് അസ്വസ്ഥതകള്‍ക്ക് കാരണമാകാം. ഭക്ഷണം കഴിക്കുമ്പോള്‍ അത് അന്നനാളത്തിലൂടെ ആമാശയത്തിലെത്തുന്നു. അവിടെ ദഹനപ്രക്രിയ ആരംഭിക്കുകയും ഭക്ഷണം ക്രമേണ ചെറുകുടലിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചശേഷം ഉടന്‍ കിടക്കുമ്പോള്‍ ആമാശയത്തിലുള്ള ഭക്ഷണവും ആസിഡും അന്നനാളത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വര്‍ധിക്കാം. ഇതാണ് ആസിഡ് റിഫ്ലക്സ് എന്ന് വിളിക്കുന്നത്. നെഞ്ചെരിച്ചില്‍, തൊണ്ടയില്‍ പുളിപ്പ് അനുഭവപ്പെടുക, പുളിച്ചുതികട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകാം. എരിവും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം കഴിച്ചശേഷം ഈ പ്രശ്നം കൂടുതല്‍ അനുഭവപ്പെടാം. ചിലര്‍ക്ക് വയറു വീര്‍ക്കല്‍, ഏമ്പക്കം തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകാം. ഇത് രാത്രിയിലാണെങ്കില്‍ ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കാം. രാത്രിയില്‍ ആവര്‍ത്തിച്ച് അസ്വസ്ഥത അനുഭവപ്പെടുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യാം. ദഹനപ്രക്രിയ ശരീരത്തില്‍ സ്വാഭാവികമായി നടക്കുന്നതാണ്. എന്നാല്‍ കിടക്കുന്ന രീതി ചിലരില്‍ ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കാം. ഭക്ഷണം കഴിച്ചശേഷം കുറഞ്ഞത് രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ കഴിഞ്ഞ് കിടക്കുന്നതാണ് നല്ലത്, പ്രത്യേകിച്ച് രാത്രി ഭക്ഷണത്തിന് ശേഷം. ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ ഉടന്‍ കിടക്കുന്നതിനുപകരം അല്‍പനേരം ഇരിക്കാം. കഴിയുമെങ്കില്‍ ഭക്ഷണശേഷം 10-15 മിനിറ്റ് പതുക്കെ നടക്കുന്നതും നല്ലതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.68, പൗണ്ട് - 126.69, യൂറോ - 107.14, സ്വിസ് ഫ്രാങ്ക് - 115.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.74, ബഹറിന്‍ ദിനാര്‍ - 253.67, കുവൈത്ത് ദിനാര്‍ -307.44, ഒമാനി റിയാല്‍ - 248.91, സൗദി റിയാല്‍ - 25.48, യു.എ.ഇ ദിര്‍ഹം - 26.05, ഖത്തര്‍ റിയാല്‍ - 26.19, കനേഡിയന്‍ ഡോളര്‍ - 67.10.
Tags:
KERALA