Trending

കൊടുവള്ളി മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ: ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേർന്നു.

കൊടുവള്ളി: കൊടുവള്ളി നിയോജകമണ്ഡലത്തിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിവരുന്ന വിവിധ വികസന പദ്ധതികളുടെ അവലോകന യോഗം പി.കെ. ഫിറോസ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്നു. കിഫ്ബി ആസ്ഥാനമായ ഫെലിസിറ്റി സ്ക്വയറിലെ മെയിൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പദ്ധതികളുടെ നിലവിലെ സ്ഥിതിയും നിർമാണ പുരോഗതിയും സാങ്കേതിക കാര്യങ്ങളും വിശദമായി വിലയിരുത്തി.

കൊടുവള്ളി സി.എച്ച്.എം.കെ ഗവ. ആർട്സ് & സയൻസ് കോളേജിലെ ലൈബ്രറി -  അക്കാഡമിക് ബ്ലോക്ക് നിർമ്മണം, ഗവ.എച്ച്.എസ്.എസ്. താമരശ്ശേരി കെട്ടിട നിർമാണം, മലയോര ഹൈവേ, കൂടത്തായി–ആർ.ഇ.സി റോഡ് നവീകരണം, പരപ്പൻപൊയിൽ–കാരക്കുന്നത്ത് റോഡ് നവീകരണം, കൊടുവള്ളി–മാവൂർ–എൻ.ഐ.ടി. റോഡ് നവീകരണം, താമരശ്ശേരി ചുങ്കം ലിങ്ക് റോഡ് നിർമ്മാണം തുടങ്ങിയ പദ്ധതികളാണ്  യോഗത്തിൽ ചർച്ച ചെയ്തത്.

മലയോര ഹൈവേയുടെ നിർമാണം  പൂർത്തീകരിച്ചതായി യോഗത്തിൽ വിലയിരുത്തി. കൂടത്തായി–ആർ.ഇ.സി. റോഡിൽ അവസാനഘട്ട ബി.സി. പ്രവൃത്തികൾ, റോഡ് മാർക്കിങ്, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. 3.4 കോടി രൂപ വിനിയോഗിച്ച് നിർമാണം പുരോഗമിക്കുന്ന തമരശ്ശേരി ഗവ.എച്ച്.എസ്.എസ്. കെട്ടിടത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് അനുവദിച്ച 99 ലക്ഷം രൂപയുടെ പ്രവർത്തി കൂടി സംയാജിപ്പിച്ച് നടത്തുന്നതിന് സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുന്നതിനും എസ്.പി.വി ആയ കിലക്ക് നിർദ്ദേശം നൽകി.
  പരപ്പൻപൊയിൽ–കാരക്കുന്നത്ത് റോഡിന്റെ നിർമാണം വേഗത്തിലാക്കി മാർച്ച് 31 നകം പൂർത്തീകരിക്കണമെന്നും 4 കോടി രൂപ കൂടി പ്രവർത്തിക്ക് കൂടുതലായി അനുവദിക്കണമെന്നും എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.

കൊടുവള്ളി സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന് നിർമിക്കുന്ന ലൈബ്രറി ബ്ലോക്കിന്റെ പ്രവൃത്തി കരാറുകാരനെ തിരഞ്ഞെടുത്തിടുണ്ടെങ്കിലും, നിർമാണത്തിനുള്ള സ്ഥലം സംബന്ധിച്ച അന്തിമ സ്ഥിതീകരണ നടപടികൾ പുരോഗമിക്കുകയാണെന്നും ഇത് പൂർത്തിയാകുന്നതോടെ നിർമാണം ഉടൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ അറിയിച്ചു.

കൊടുവള്ളി–മാവൂർ–എൻ.ഐ.ടി. റോഡ്, താമരശ്ശേരി ചുങ്കം ലിങ്ക് റോഡ് എന്നിവയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി.

കൊടുവള്ളി ജംഗ്ഷൻ ഡവലപ്മെൻ്റ് പദ്ധതിയുടെ വിശദാംഗങ്ങൾ തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിക്കുന്നതിന് ആർ.ബി.ഡി.സി.കെ ക്ക് നിർദേശം നൽകി.

ആരംഭിച്ച പദ്ധതികൾ കരാറുകാറുടെ അനാസ്ഥ മൂലം കാലതാമസം നേരിടുന്നത് അനുവദിക്കാനാവില്ലെന്നും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങൾ പരിഹരിച്ച് തുടർനടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജനപ്രതിനിധികളുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ യോഗത്തിൽ നിർദേശിച്ചു.

യോഗത്തിൽ കിഫ്ബി അഡീഷണൽ സി.ഇ.ഒ. ശ്രീമതി മിനി ആന്റണി ഐ.എ.എസ്. (റിട്ട.), എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ, ജനറൽ മാനേജർ അജയകുമാർ കെ.എസ്., സ്റ്റേറ്റ് പ്രോജക്ട് മാനേജർ രാജീവൻ ടി., വിവിധ പദ്ധതികളുടെ നിർവഹണ വിഭാഗമായ കെ.ആർ.എഫ്.ബി, കിറ്റ്കോ, കില, ആർ.ബി.ഡി.സി.കെ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ  പങ്കെടുത്തു.
Previous Post Next Post
3/TECH/col-right