Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഒക്ടോബര്‍ 8, വ്യാഴം 
1202 | കന്നി 22 | പൂരം

◾  ഗാര്‍ഹിക പീഡനം തടയാനും അതിജീവിതകള്‍ക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കാനുമായി കേരള പോലീസ് 'സ്പീക്ക് അപ്പ്' എന്ന പേരില്‍ പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു. ഐജി അജിത ബീഗത്തിനാണ് ചുമതല. ലഹരിമാഫിയയുടെ വേരറുക്കാന്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ തൂഫാന് പിന്നാലെയാണ് സ്പീക്ക് അപ്പുമായി ആഭ്യന്തര വകുപ്പ് എത്തുന്നത്.

◾  കേരളത്തിലെ വിവിധ ദേശീയ പാത പദ്ധതികള്‍ വേഗത്തിലാക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കൂടിക്കാഴ്ചയ്ക്കിടെ ഉറപ്പുതന്നെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ദേശീയപാത 66 വികസനത്തിലെ കാലതാമസം പരിഹരിക്കും. എന്‍എച്ച് 966 കോഴിക്കോട് - പാലക്കാട് പദ്ധതിയുടെ തുടര്‍ അംഗീകാരം മൂന്നു മാസത്തിനകം ഉണ്ടാകും. പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് 80 ശതമാനം പൂര്‍ത്തിയായി. ശബരിമല റോപ്പ് വേ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കി അനുമതികള്‍ വേഗത്തിലാക്കും. പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. മുഖ്യമന്ത്രി കുറിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

◾  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും ഡല്‍ഹിയില്‍ പ്രതിഷേധ സമരം. കഴിഞ്ഞ ദിവസം സമരത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും വനിതാ പോലീസ് അടക്കമുള്ളവരെ കൈയേറ്റെ ചെയ്തെന്നും ആരോപിച്ചാണ് കേസ്.

◾  ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ നേതാക്കള്‍ ഡല്‍ഹിയിലെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പ്രക്ഷോഭത്തില്‍ പങ്കെടുക്കും.

◾  തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് പരാതിയുമായി ബന്ധപ്പെട്ട് മേയര്‍ വിവി രാജേഷ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്‍, നഗരസഭ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.


◾  കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കുന്നതിന് കേന്ദ്രം ഉന്നയിക്കുന്ന വാദം വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് റിപ്പോര്‍ട്ട്. നീതി ആയോഗിന്റെ ഹെല്‍ത്ത് ബുക്കില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളില്‍ എയിംസ് ഇല്ലാത്തത് കേരളത്തിന് മാത്രമാണ്. സ്ഥലം തന്നാല്‍ എയിംസ് വരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ച് പറയുന്നതിനിടയിലാണ് സംസ്ഥാന ബിജെപിയെ വെട്ടിലാക്കി ഹൈക്കോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.

◾  എയിംസ് വിഷയത്തില്‍ വിശദമായ കത്ത് കേന്ദ്രത്തിന് അയയ്ക്കുമെന്ന്  ആരോഗ്യമന്ത്രി കെ മുരളീധരന്‍.  കേരളത്തില്‍  എവിടെ എയിംസ് വന്നാലും സ്വീകാര്യമാണ്. എയിംസ് എവിടെയും വരില്ലെന്ന സൂചനയാണ് സുരേഷ് ഗോപി നല്‍കുന്നത്. ഇനി ഇതും പറഞ്ഞിട്ട് സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ചു പോകാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.

◾  തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ ആര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദത്തില്‍ സിപിഎം കൗണ്‍സിലര്‍ എസ് പി ദീപക്കിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മേയര്‍ വി വി രാജേഷ്. അഞ്ചു കോടി രൂപയുടെ മാനനഷ്ടക്കേസിനാണ് വി വി രാജേഷ് നോട്ടീസയച്ചത്.

◾  കെഎഫ്സി വായ്പാ തട്ടിപ്പു നടത്തിയെന്ന വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അന്‍വര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. രണ്ടാം തവണയാണ് ആവശ്യം ഹൈക്കോടതി തള്ളുന്നത്. ഇരുപത്തിരണ്ടരക്കോടിയുടെ ക്രമക്കേടിനാണ് അന്‍വറിനെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്.

◾  ശക്തമായ പ്രതിഷേധംമൂലം നാട്ടികയിലെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ നിര്‍ദേശം നല്‍കി. കൊടുങ്ങല്ലൂര്‍ - കപ്രിക്കാട് സ്‌ട്രെച്ചില്‍ സര്‍വീസ് റോഡിന്റെയും പാലത്തിന്റെ അപ്രോച്ച് റോഡിന്റെയും പണി പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍ ടോള്‍ തുടങ്ങിയാല്‍ ഈ മേഖലയില്‍ ഗതാഗത കുരുക്ക് ഉണ്ടാകുമെന്ന് കലക്ടറുടെയും പൊലീസിന്റെയും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.

◾  തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതിയും തള്ളി.  ആകാശ് തില്ലങ്കേരി അടക്കം പ്രതികളുടെ ആവശ്യമാണ് തള്ളിയത്. ഷുഹൈബ് വധക്കേസിലെ വിചാരണ വൈകിപ്പിക്കാനാണു ഹര്‍ജിയെന്ന സര്‍ക്കാര്‍ വാദം സുപ്രീം കോടതി അംഗീകരിച്ചു. 2018 ഫെബ്രുവരിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബിനെ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 17 പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

◾  മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ ദിനബത്തയും വാടകയും നല്‍കാന്‍ ചെറിയ കാലതാമസം ഉണ്ടായി എന്ന്  മന്ത്രി ടി സിദ്ദിഖ്. അടിയന്തരമായി തുക കൈമാറാന്‍ മന്ത്രിസഭ സബ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും സാങ്കേതിക പ്രശ്നം കാരണമാണ് കാലതാമസം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. 

◾  കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പില്‍ താത്ക്കാലിക നിയമനം. സീമാറ്റില്‍ റിസര്‍ച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം. അപേക്ഷ ക്ഷണിക്കാതെ ബയോഡേറ്റ വാങ്ങി ജോലി നല്‍കുകയായിരുന്നു.

◾  സംസ്ഥാനത്ത് സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിലാണ് ഇത്തരം സ്പാകള്‍ കൂടുതലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

◾  രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമില്ലെന്ന് മന്ത്രി കെഎം ഷാജി. രണ്ട് ഉത്തരവുകള്‍ ഇറങ്ങിയതില്‍ അസ്വാഭാവികതയില്ലെന്നും ഇനിയും ഉത്തരവുകള്‍ ഇറങ്ങാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമില്ല, ചലഞ്ച് മാത്രമാണ്. ടിവി അനുപമയും ദിവ്യ എസ് അയ്യരും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

◾  പാലക്കാട് സിപിഎം സെക്രട്ടറിയായിരുന്ന സുരേഷ് ബാബുവിനെതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സിപിഎം പീഡന പരാതികള്‍ പാര്‍ട്ടിക്കുള്ളില്‍ ഒത്തുതീര്‍പ്പാക്കുന്നുവെന്നും തെറ്റുകള്‍ ചെയ്താല്‍ നിയമപരമായി ശിക്ഷിക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.



◾  സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു എന്ന പി വാസു 103 ാം വയസില്‍ അന്തരിച്ചു. കോഴിക്കോട് ചെറുവണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്.

◾  തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചെന്ന വാര്‍ത്തയെ കുറിച്ച് വിദശീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആര്‍ ശ്രീലേഖ. എന്നാല്‍ അതിനായി ഞായറാഴ്ച വരെ കാത്തിരിക്കണമെന്നാണ് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

◾  അനസ്തീഷ്യ നല്‍കിയതിനു പിറകേ പയ്യന്നൂരിലെ ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യ മരിച്ച സംഭവത്തില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ 3 ഡോക്ടര്‍മാരെക്കൂടി പ്രതി ചേര്‍ത്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസ്.

◾  പതിനൊന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. ഇരയാക്കപ്പെട്ട കുട്ടിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മെഡിക്കോ-ലീഗല്‍ പരിശോധനയ്ക്ക് വിധേയനാക്കി.

◾  കായിക മന്ത്രി ഒ ജെ ജനീഷിനെരെയുള്ള കരിങ്കൊടി പ്രതിഷേധം നടത്തിയ ബേഡഡുക്ക പഞ്ചായത്തിലെ എസ് ടി പ്രമോട്ടറായ എച്ച് രോഹിണിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. കുറ്റിക്കോല്‍ പഞ്ചായത്തിന് മുന്‍പിലാണു മന്ത്രിയെ കരിങ്കൊടി കാണിച്ചത്.


◾  കളമശ്ശേരി സ്പാ കൂട്ടബലാത്സംഗ കേസില്‍ മജിസ്‌ട്രേറ്റ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലാവാനുണ്ട്. രണ്ടു പേരുടെ വിവരങ്ങളും അതിജീവിത പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പ്രതികള്‍ക്ക് ഗുണ്ടാ ബന്ധം ഉണ്ടോയെന്നും പരിശോധിക്കും.

◾  പുനലൂരിലെ മോര്‍ഫിംഗ് പരാതിയില്‍ പോളിടെക്നിക് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി അച്യുതനെതിരെ പൊലീസ് കേസെടുത്തു. കുറ്റാരോപിതനായ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കും. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.

◾  യുപിഐ ഇടപാടുകള്‍ക്ക് ഈ മാസം 15 മുതല്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ജനുവരി ഒന്നിലേക്ക് നീട്ടി വച്ചേക്കും.  ഉത്സവസമയത്ത് യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് വാണിജ്യ സംഘടനകള്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കേയാണ് നീട്ടിവയ്ക്കുന്നത്.

◾  സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട തായ്‌ലന്‍ഡ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ലാറ്റൂഷ് റോഡ് സ്വദേശിയായ ഇര്‍ഫാന്‍ (30) എന്നയാളെയാണ് അന്‍വര്‍ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. തായ്ലന്‍ഡ് സ്വദേശിയായ 25 കാരി ഉപ്സോണിന്റെ പരാതിയിലാണ് പൊലീസ് നടപടി.

◾  നീലഗിരിയില്‍ കൂറ്റന്‍ പാറക്കല്ല് റോഡിലേക്ക് വീണ് കാര്‍ യാത്രക്കാരന്‍ മരിച്ചു. ഊട്ടി സ്വദേശി ബി കൃഷ്ണമൂര്‍ത്തിയാണ് മരിച്ചത്. ഭാര്യയ്ക്കും ബന്ധുവിനും ഗുരുതരമായി പരിക്കേറ്റു.  കുനൂര്‍ മേട്ടുപ്പാളയം റോഡിലാണ് സംഭവം.

◾  പ്രശസ്ത ബോളിവുഡ് മറാത്തി ചലച്ചിത്ര നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  ക്രാന്തിവീര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, 2013-ല്‍ പത്മശ്രീ ബഹുമതികള്‍ നേടിയിരുന്നു.

◾  ഐഎസ്ആര്‍ഒയുടെ ഭാവിയിലും ബഹിരാകാശ രംഗത്തെ പുതിയ നയംമാറ്റങ്ങളിലും ആശങ്കയറിയിച്ച് ഐഎസ്ആര്‍ഒ പെന്‍ഷനേഴ്സ് അസോസിയേഷന്‍. ഐഎസ്ആര്‍ഒയുടെ സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറ്റം നടക്കുന്നതായി സംശയം ഉള്ളതായി അസോസിയേഷന്‍ പറഞ്ഞു.

◾  രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ സംഘത്തിന് അനുമതി നല്‍കിയേക്കും. 10 നേതാക്കളെ നാളെ കാണാന്‍ രാഷ്ട്രപതി ഭവന്‍ അനുമതി നല്കുമെന്നാണ് വിവരം. 15 നേതാക്കളുടെ സംഘത്തിന് അനുമതി വേണമെന്നാണ് ഇന്ത്യാസഖ്യം ആവശ്യപ്പെട്ടത്.

◾  മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി. നിലവിലെ സെഡ് പ്ലസ് സുരക്ഷ കൂടുതല്‍ ശക്തമാക്കി. വസതിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലും അധിക സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

◾  തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ കര്‍ണാടകത്തില്‍ വോട്ടര്‍മാരെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് ബെംഗളൂരുവില്‍ പീപ്പിള്‍സ് കോര്‍ട്ട് സംഘടിപ്പിക്കാന്‍ സിജെപി. ജനകീയ കോടതിക്ക് ശേഷം വനിതകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചപ്പല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി വ്യക്തമാക്കിയിട്ടുണ്ട്.

◾  ഉത്തര്‍പ്രദേശിലെ മഥുരയില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വൃന്ദാവനിലെ മഹര്‍ഷി പാണിനി സംസ്‌കൃത വിദ്യാലയത്തിലായിരുന്നു സംഭവം.

◾  സൗദി അറേബ്യയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ ആക്രണം. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് വിദേശികള്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

◾  സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ മിസൈലാക്രമണം നടത്താന്‍ ഉപയോഗിച്ച ബാലിസ്റ്റിക് റോക്കറ്റ് ലോഞ്ചര്‍ അറബ് സഖ്യസേന തകര്‍ത്തു. സൗദിക്ക് നേരെ പെട്ടെന്നുള്ള മറ്റൊരു ആക്രമണത്തിന് പദ്ധതിയിടുന്നതിനിടെയാണ് സൈനിക നടപടിയിലൂടെ ലോഞ്ചര്‍ തകര്‍ത്തതെന്ന് സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.

◾  ഓപ്പണ്‍ എഐയുടെ ഏറ്റവും പുതിയ എഐ മോഡലായ ജിപിടി-6 ആഗോളതലത്തില്‍ അവതരിപ്പിച്ചു. ടെക്സ്റ്റിന് പുറമെ ചാര്‍ട്ടുകള്‍, ഗ്രാഫിക്‌സ്, ഫോമുകള്‍, ബട്ടണുകള്‍ തുടങ്ങിയ വിഷ്വല്‍, ഇന്ററാക്ടീവ് ഘടകങ്ങള്‍ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിവുള്ള ഇന്റലിജന്റ് യുഐ ആണ് ഇതിന്റെ മുഖ്യസവിശേഷത. വേഗത്തില്‍ മറുപടികള്‍ തരുമെന്നതാണ് ജിപിടി-6 ന്റെ മറ്റൊരു സവിശേഷത. ഒരു ചോദ്യത്തിന് മറുപടി നല്‍കാന്‍ കാത്തിരിക്കാതെ, ചിന്തിക്കുന്നതിനിടയില്‍ തന്നെ മറുപടികള്‍ നല്‍കാനും ടൂളുകള്‍ ഉപയോഗിക്കാനും ജിപിടി-6 ന് സാധിക്കും. സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനും സൈബര്‍ ആക്രമണങ്ങള്‍, മറ്റു ഭീഷണികള്‍ എന്നിവയില്‍നിന്നുള്ള സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും ജിപിടി6-ല്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാല്‍ക്കുലേറ്ററുകള്‍, ബില്‍ സ്പ്ലിറ്ററുകള്‍, ഗെയിമുകള്‍ തുടങ്ങിയവ സംഭാഷണത്തിനിടയില്‍ തന്നെ സൃഷ്ടിക്കാന്‍ ഈ മോഡലിന് സാധിക്കും.

◾  ജെയിന്‍ കെ പോള്‍, സുനില്‍ സുഖദ, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു കെ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'എന്റെ കല്യാണം ഒരു മഹാ സംഭവം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. സക്കീര്‍ ഹുസൈന്‍, നന്ദ കിഷോര്‍, കിരണ്‍ സരിഗ, ശ്യാം മാങ്ങാട്, ഷൈലജ, ആരതി സേതു, ഐശ്വര്യ ബൈജു, ലക്ഷ്മി കായംകുളം, കീര്‍ത്തി ശ്രീജിത്ത് കൂടാതെ നിരവധി ബാല താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. സരസ്വതി ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയന്‍ ചിത്രം നിര്‍മ്മിക്കുന്നു. കഥ: ബിജോയ് ബി. തിരക്കഥ, സംഭാഷണം: സജി ദാമോദര്‍. ഗാനരചന: കാവാലം നാരായണപ്പണിക്കര്‍, രാധാമണി ശ്രീജിത്ത്, കാര്‍ത്തിക് എന്‍ കെ അമ്പലപ്പുഴ. സംഗീതം: ബാബു നാരായണന്‍, സുമേഷ് ആനന്ദ് (റീമിക്സ് സോംഗ്). ആലാപനം: അന്‍വര്‍ സാദത്ത്, നിഖില്‍ മാത്യു, റാം ദേവ് ഉദയകുമാര്‍, ശാലിനി കൃഷ്ണ. ഛായാഗ്രഹണം: നജീബ് ഷാ.

◾  ടൈം ട്രാവല്‍ പ്രമേയമാക്കി ഒരുങ്ങുന്ന മലയാള ചിത്രം 'ഒറിജിനല്‍' തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കാക്കനാട് രാജഗിരി കോളേജില്‍ നടന്നു. യുവാവായ റിജിന്റെ സിനിമാമോഹവും അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന വ്യത്യസ്തമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടൈം ട്രാവല്‍, ഫാന്റസി, ഹാസ്യം, ത്രില്ലര്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ പരിചയപ്പെടുത്തുന്നതാണ് ട്രെയ്‌ലര്‍. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി നായകനാകുന്നു. അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ദിനേശ് പ്രഭാകര്‍, രാജേഷ് പറവൂര്‍, ഷമീര്‍ (ചൂരല്‍), സുബിന്‍ ടാര്‍സന്‍, അരുണ്‍ പ്രദീപ്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 23-ന് തിയേറ്ററുകളിലെത്തും.

◾  ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഇ3 ഇലക്ട്രിക് പുറത്തിറക്കിയ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ട്രിയോണിന്റെ ഡെലിവറി ആരംഭിച്ചു. ആദ്യത്തെ 100 ഉപഭോക്താക്കള്‍ ഫൗണ്ടിങ് ഓണര്‍ കമ്മ്യൂണിറ്റിയുടെ ഭാഗമാകും. ഇതുവഴി അവര്‍ക്ക് അധിക ആനുകൂല്യം ലഭിക്കും. ബാറ്ററിക്കും പ്രധാന ഭാഗങ്ങള്‍ക്കും എട്ട് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ എക്സ്റ്റന്‍ഡഡ് വാറന്റിയാണ് കമ്പനി പ്രഖ്യാപിച്ചത്. കൂടാതെ ഉടമകള്‍ക്ക് ഒരു വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റന്‍സും ലഭിക്കും. സി1 വേരിയന്റിലെ 2.3 കിലോവാട്ട്അവര്‍ ബാറ്ററിക്ക് 6500 രൂപയും സി1എക്‌സ്, സി2 വേരിയന്റുകളിലെ 3 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കിന് 8500 രൂപയുമാണ് ആനുകൂല്യമായി ലഭിക്കുക. വ്യത്യസത് ബാറ്ററി കപാസിറ്റിയിലുള്ള സി1, സി1എക്‌സ്, സി2 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഈ സ്‌കൂട്ടര്‍ ലഭ്യമാകുക. 99,999 രൂപ മുതല്‍ 1,19,999 രൂപ വരെയാണ് എക്‌സ് ഷോറൂം വില.

◾  ലോകത്തിലെ ഏറ്റവും കഠിനമായ കായികക്ഷമതാമത്സരങ്ങളിലൊന്നാണ് 'അയണ്‍മാന്‍.' 3.8 കിലോമീറ്റര്‍ ആഴക്കടല്‍ സ്വിമ്മിങ്, 180 കിലോമീറ്റര്‍ സൈക്കിളിങ്, 42.2 കിലോമീറ്റര്‍ ഓട്ടം എന്നിവ വെറും 13 മണിക്കൂറില്‍ നോണ്‍സ്റ്റോപ്പായി പൂര്‍ത്തിയാക്കി 'അയണ്‍മാന്‍' പട്ടം നേടിയ ഒരു മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയുമുള്ള സഞ്ചാരമാണ് ഈ പുസ്തകം. പരിമിതമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന്, സഹനത്തിന്റെ അതിരുകള്‍ താണ്ടി, വിയര്‍പ്പും വേദനയും വിജയമാക്കി മാറ്റിയ ഒരു മലയാളിയുടെ അസാധാരണ ജീവിതം. 'ഇരുമ്പുമനുഷ്യന്‍'.  'ഒരു അയണ്‍മാന്റെ ആത്മകഥ'. അബ്ദുല്‍ സമീഹ്, നിയാസ് കരീം. മാതൃഭൂമി ബുക്സ്. വില 136 രൂപ.

◾  2030 ആകുമ്പോഴേക്കും കുട്ടികളിലെ അമിതവണ്ണത്തിന്റെ 11 ശതമാനത്തിലധികം ഇന്ത്യയിലാകുമെന്ന മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍. രംഗത്തെത്തിയിരുന്നു. കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കണമെന്നു വ്യക്തമാക്കി നയരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുട്ടികളിലെ അമിതവണ്ണം തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യസംഘടന. മരുന്നും സര്‍ജറിയുമല്ല മറിച്ച് ആഹാരരീതിക്കും വ്യായാമത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇതിനെ മറികടക്കേണ്ടതെന്ന് ലോകാരോഗ്യസംഘട വ്യക്തമാക്കുന്നു. കണക്കനുസരിച്ച് 2024-ല്‍ അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള ഏഴുകോടി കുട്ടികളും പത്തിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുള്ള പത്തുകോടി കുട്ടികളും അമിതവണ്ണമുള്ളവരാണ്. അമിതവണ്ണവും അതുമായി ബന്ധപ്പെട്ട ഡയബറ്റിസ്, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗങ്ങളും വര്‍ധിച്ചുവരുന്നത് തടയുക ലക്ഷ്യമിട്ടാണ് അടുത്തിടെ ഐ.സി.എം.ആറും മാര്‍ഗരേഖ പുറത്തിറക്കിയത്. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ സ്വയം നിയന്ത്രണം വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്റീനുകളിലും സമീപത്തുള്ള ഭക്ഷ്യവിതരണ മേഖലകളിലും ജങ്ക് ഫുഡ് ലഭ്യത നിയന്ത്രിക്കണം. പഴങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കണം. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്കും പഞ്ചസാര പാനീയങ്ങള്‍ക്കും ആരോഗ്യ നികുതി ഏര്‍പ്പെടുത്തണമെന്നും ഐ.സി.എം.ആര്‍. പറഞ്ഞിരുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.74, പൗണ്ട് - 127.72, യൂറോ - 108.35, സ്വിസ് ഫ്രാങ്ക് - 116.14, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.31, ബഹറിന്‍ ദിനാര്‍ - 256.97, കുവൈത്ത് ദിനാര്‍ -311.34, ഒമാനി റിയാല്‍ - 251.60, സൗദി റിയാല്‍ - 25.77, യു.എ.ഇ ദിര്‍ഹം - 26.36, ഖത്തര്‍ റിയാല്‍ - 26.55, കനേഡിയന്‍ ഡോളര്‍ - 67.94.
Previous Post Next Post
3/TECH/col-right