Trending

പ്രഭാത വാർത്തകൾ

2026  ഒക്ടോബര്‍ 6, ചൊവ്വ 
1202  കന്നി 20 | ആയില്യം
1448  റ:ആഖീർ 24

◾  അര്‍ജന്റീന ടീമിനെയും നായകന്‍ ലയണല്‍ മെസിയേയും കൊണ്ടുവരുമെന്നു പ്രചരിപ്പിച്ചു നടത്തിയ തട്ടിപ്പില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ്. പ്രത്യേക അന്വേഷണ സംഘം എന്‍ഫോഴ്സ്മെന്റില്‍നിന്നു ശേഖരിച്ച വിവരങ്ങളുടേയും മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിന്റേയും, റിപ്പോര്‍ട്ടര്‍ ടിവിയുടേയും കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ശേഖരിച്ച വിവരങ്ങളുടേയും ജിഎസ്ടി വെട്ടിപ്പു രേഖകളുടേയും അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. മുന്‍ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപട്ടികയിലെത്തുമെന്നാണ് വിവരം.

◾  സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എ കെ ജി സെന്ററിലെ ഭൂമി ഇന്ന് അളന്ന് പരിശോധിക്കും. കേരള സര്‍വകലാശാല എകെജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് പണിതെന്ന സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാരിന്റെ പരാതിയില്‍ ഹൈക്കോടതി ഉത്തരവനുസരിച്ചാണു ഭൂമി അളക്കുന്നത്. സര്‍വകലാശാലയുടെ ഭൂമി ആദ്യം അളക്കുമെന്ന് തിരുവനന്തപുരം തഹസില്‍ദാര്‍ അനീഷ് പറഞ്ഞു. ഭൂമി അളക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറിയോടും കേരള സര്‍വകലാശാലയോടും പ്രതിനിധികളെ അയക്കാന്‍ തഹസില്‍ദാര്‍ ആവശ്യപ്പെട്ടു. 1977 ല്‍ എ കെ ആന്റണി സര്‍ക്കാരാണ് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിന് കേരള സര്‍വകലാശാലയുടെ ഭൂമി അനുവദിച്ചത്.

◾  പ്രകാശം ഉപയോഗിച്ച് തലച്ചോറിലെ നാഡീകോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന ഒപ്റ്റോജെനെറ്റിക്സില്‍ ഗവേഷണ നേട്ടമുണ്ടാക്കിയ മൂന്നു ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം. അമേരിക്കന്‍, ജര്‍മ്മന്‍ ഗവേഷകരായ കാള്‍  ഡൈയ്സറോത്ത്, പീറ്റര്‍ ഹെഗ്മാന്‍, ഗയോര്‍ക് നഗേല്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.

◾  കോടിക്കണക്കിന് സമ്മതിദായകരെ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താക്കിയ ഫോം നമ്പര്‍ 6 ലെ മാറ്റങ്ങള്‍ സുപ്രീംകോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയതോടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ നില പരുങ്ങലിലായി. ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്നതിനിടെയാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പു കമ്മീഷനോടു വിശദീകരണം തേടിയത്. മാതാപിതാക്കളുടെ വോട്ടര്‍ ഐഡി നമ്പരും വിശദാംശങ്ങളും രേഖപ്പെടുത്താത്തവരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്.


◾  പി എം ശ്രീ പദ്ധതി നടപ്പാക്കുമോയെന്നു തീരുമാനിച്ചില്ലെന്നു വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം പലതവണ കത്തയച്ചെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതി നടപ്പാക്കുമോയെന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

◾  മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്‍കിയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. പരാതി കൊടുക്കേണ്ട സ്ഥലത്ത് കൊടുത്തിട്ടുണ്ട്. നേതൃത്വം ഇടപെടുമോയെന്ന്  ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്യ പ്രതികരണം പാടില്ലെന്ന് ഹൈക്കമാന്‍ഡ് തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  എസ് എഫ് ഐയുമായുള്ള തലസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്കും പോര്‍വിളിക്കും പിറകേ അവധിയില്‍ പോയ കന്റോണ്‍മെന്റ് എസ് എച്ച് ഒയെ ആഭ്യന്തരവകുപ്പ് തിരികെ വിളിപ്പിച്ചു. സി ഐ സതീഷ് കുമാര്‍ അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിച്ചു. ഇതോടെ താത്കാലിക ചുമതല നല്‍കിയ ഇന്‍സ്‌പെക്ടര്‍ മടങ്ങി. എസ് എച്ച് ഒ അവധിയില്‍ പോയതും എസ് ഐ ഗോകുല്‍ ഗോപനെ പരിശീലനത്തിന് വിട്ടതിലും കോണ്‍ഗ്രസ് സൈബറിടങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

◾  ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് കന്റോണ്‍മെന്റ് സി ഐ സതീഷ് കുമാറിനും എസ്ഐ ജി ഗോകുലിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നാല് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കിയ കാണിക്കല്‍ നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അക്രമക്കേസിലെ പ്രതിയായ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ചും ഫേസ്ബുക്കിലൂടേയും വെല്ലുവിളിച്ചതു വിവാദമായിരുന്നു.



◾  കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ സമരവുമായി മുന്നോട്ട്. അധിക ജോലിക്ക് വേതന വര്‍ധന ആവശ്യപ്പെട്ട കേരള മീറ്റര്‍ റീഡര്‍മാരുടെ സമരംമൂലം 400 ലധികം സെക്ഷനുകളില്‍ കെഎസ്ഇബി ബില്‍ വിതരണം മുടങ്ങി. വേതനം കൂട്ടാനാവില്ലെന്നാണ് കെഎസ്ഇബി ഡയറക്ടര്‍മാരുടെ നിലപാട്. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 1800 മീറ്റര്‍ റീഡര്‍മാരാണ് ഈ മാസം ഒന്നിനു സമരം തുടങ്ങിയത്. ഓരോ ഉപഭോക്താവിന്റെയും പരമാവധി വൈദ്യുതി ആവശ്യകത രേഖപ്പെടുത്തുക എന്ന അധിക ജോലിക്ക് ഒരു രൂപ അറുപതു പൈസയാണ് കെഎസ്ഇബി വാഗ്ദാനം. 20 രൂപയാണ് മീറ്റര്‍ റീഡര്‍മാര്‍ ആവശ്യപ്പെട്ടത്.

◾  മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ളാറ്റില്‍ വിജിലന്‍സ് പരിശോധന. പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്. വിവിധ വകുപ്പുകളില്‍നിന്ന് ഫ്ലാറ്റിന്റെ നിജസ്ഥിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍നടപടി. ജിസിഡിഎ, കോര്‍പ്പറേഷന്‍, കരാറുകാരായ ടിഡിഎല്‍സി എന്നിവരില്‍നിന്നും വിജിലന്‍സ് സംഘം രേഖകള്‍ ശേഖരിക്കും.

◾  വേണാട് എക്സ്പ്രസിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തില്‍ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി. എറണാകുളം- കോട്ടയം-ചെങ്ങന്നൂര്‍- കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നും പത്തുദിവസത്തിനകം പുതിയ ട്രെയിനിന്റെ ആദ്യ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

◾  സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ റൂഫിംഗ് തകര്‍ന്നുണ്ടായ തൃശൂരിലെ അപകടസ്ഥലം സന്ദര്‍ശിച്ച് കായിക മന്ത്രി ഒ ജെ ജനീഷ്. അപകടം നടന്ന് അഞ്ചാം ദിവസമാണ് മന്ത്രി സ്ഥലത്തെത്തിയത്. സ്‌കൂള്‍ ഗെയിംസിന്റെ ചുമതല വിദ്യാഭ്യാസ വകുപ്പിനാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

◾  തിരുവനന്തപുരം ഡിസിസി ഓഫീസിലേക്കു കല്ലേറ് നടത്തിയ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പ്രദീപ്, ശ്രീലാല്‍ എന്നിവരാണു പിടിയിലായത്.



◾  വിദേശത്ത് പോകാന്‍ അനുമതി തേടി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേകമായി തയ്യാറാക്കിയ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നാണ് വേടന്റെ ആവശ്യം. പ്രത്യേകമായി തയ്യാറാക്കിയ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

◾  കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സര്‍വകലാശാല. വന്ദേമാതര ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാമെന്നാണു നിയമമെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാല സര്‍ക്കുലര്‍ പുറത്തിറക്കി.

◾  തിരുവനന്തപുരം ചിറയിന്‍കീഴില്‍ പൊലീസ് മര്‍ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. പെരുങ്കുഴി സ്വദേശി സജിയാണ് മരിച്ചത്. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് അയല്‍വാസി വിഘ്നേശ്വരനെ ചിറയിന്‍കീഴ് സിഐയുടെ നേതൃത്വത്തില്‍ മഫ്തിയിലെത്തിയ പൊലീസ് മര്‍ദിക്കുന്നത് തടഞ്ഞപ്പോള്‍ സജിയെ വളഞ്ഞിട്ട് തല്ലിയെന്നാണ് ആരോപണം. വിഘ്നേശ്വരന്റെ വീട്ടില്‍ നിന്ന് നാല് ലിറ്റര്‍ വിദേശ മദ്യമാണു പൊലീസ് പിടികൂടിയത്.

◾  കൗണ്‍സിലര്‍ ആര്‍ സുഗതന്റെ ഹാജര്‍ രജിസ്റ്ററില്‍ കൃത്രിമം കാട്ടിയെന്ന എല്‍ഡിഎഫ് ആരോപണം തിരുവനന്തപുരം മേയര്‍ വി വി രാജേഷ് തള്ളി. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്കും സിസിടിവി പരിശോധനയ്ക്കും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

◾  പത്തനംതിട്ട തുമ്പമണ്ണില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് ശരീരത്തില്‍ വെള്ളം നിറച്ച സിറിഞ്ചുകള്‍  കുത്തിയിറക്കിയ കേസിലെ നാല് പ്രതികള്‍ പിടിയില്‍. ക്രിമിനല്‍ സംഘത്തിലെ ഒരാളുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ച് ആയിരുന്നു മര്‍ദ്ദനം. മുഖ്യപ്രതി ഇലവുംതിട്ട സ്വദേശി ദീപക് ജോയ്, പ്രക്കാനം സ്വദേശി സജു, ഇലവുംതിട്ട സ്വദേശി അഭിജിത്ത്, ജോമോന്‍ മാത്യു എന്നിവരെയാണു പിടികൂടിയത്.  


◾  ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തെന്ന പരാതിയില്‍ ഓണ്‍ലൈന്‍ ചാനല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കലൂര്‍ ഫ്രീഡം റോഡിലെ ജെ എം അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന രഞ്ജി വര്‍ഗീസ് (54) ആണ് അറസ്റ്റിലായത്.

◾  കുണ്ടറയ്ക്കു സമീപം വെള്ളിമണില്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് കരുതിയ ഗൃഹനാഥനെ കൊലപ്പെടുത്തിയതെന്ന് പോലീസ്. സംഭവത്തില്‍ ഭാര്യയുടെ സുഹൃത്തിനും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. വ്ളാവേത്ത് രാജു മന്ദിരത്തില്‍ രാജു (56) ആണ് മരിച്ചത്. ഭാര്യ ലേഖാ മേരി (48) യെയാണ് കുണ്ടറ പോലീസ് അറസ്റ്റുചെയ്തത്.  

◾  മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി ഫോം സിക്സ് മാറ്റിയെന്ന് തെളിഞ്ഞതായുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുലിന്റെ ട്വീറ്റിന് ഫാക്ട്ചെക്ക് എന്ന പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്. 2025 ജൂണ്‍ 24ന് എസ്ഐആറിനായി കമ്മീഷന്‍ ഇറക്കിയ ഉത്തരവ് ഏകകണ്ഠമായിരുന്നെന്നാണ് വിശദീകരണം. സുപ്രീംകോടതി അംഗീകരിച്ചെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ അവകാശപ്പെടുന്നുണ്ട്.

◾  മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ച് ഇന്ന്. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഓഫീസിലേക്കാണ് ഇന്ത്യ മുന്നണിയിലെ കക്ഷികളില്‍പെട്ട 250 എംപിമാരുടെ മാര്‍ച്ച്.

◾  ഉത്തര്‍പ്രദേശില്‍ എട്ടു രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. ധരംപാല്‍ സിങ്, രാധാകാന്ത് ഓജ, പ്രകാശ് പാല്‍, വിദ്യാസാഗര്‍ സൊങ്കാര്‍, ഗോപി കൃഷ്ണ പാണ്ഡെ, പ്രിയങ്ക സിങ് റാവത്ത്, റാം പ്രതാപ് സിങ് ചൗഹാന്‍, ശ്രുതി ഗംഗ്വാര്‍ എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികള്‍.

◾  മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളില്‍ കൂട്ടത്തോടെ വിദ്യാര്‍ഥികളുടെ തല പാതി മുണ്ഡനംചെയ്തു. ചന്ദ്രാപൂര്‍ ജില്ലയിലെ ജംബുല്‍ഘട്ടിലെ സര്‍ക്കാര്‍ ട്രൈബല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. ശിക്ഷാനടപടിയുടെ ഭാഗമായാണ് ഏകദേശം 82-ഓളം കുട്ടികളുടെ തല പാതി മുണ്ഡനംചെയ്തതെന്നാണ് പരാതി.

◾  രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച് ഇന്‍സ്റ്റഗ്രാം റീല്‍ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റില്‍. ഗുജറാത്തിലെ കണ്ടന്റ് ക്രിയേറ്ററായ സൂറത്ത് സ്വദേശി സിമ്രാന്‍ പട്ടേലി(47)നെയാണ് സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

◾  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ്. മുഖ്യമന്ത്രിയുടെ ഒഎസ്ഡി രാജ്ബീര്‍ സിംഗ് ഗുമാനെതിരായ ആരോപണങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

◾  ഗ്രാമങ്ങളിലെ യുവാക്കള്‍ക്ക് വിവാഹം ശരിയാകുന്നില്ലെന്നും ഇതില്‍ പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് പരാതി. പെരിയപട്ടണയില്‍ നടന്ന പ്രജാസേവ പരിപാടിക്കിടെയാണ് ഒരു കര്‍ഷകന്‍ വ്യത്യസ്തമായ പരാതിയുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ സമീപിച്ചത്.

◾  എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ വിമാന സര്‍വീസുകളുമായി ശീതകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 25 മുതല്‍ കൊച്ചി-ബാങ്കോക്ക് ഉള്‍പ്പെടെ 40-ലധികം പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കും. പ്രതിദിനം 585 വിമാന സര്‍വീസുകളാണ് പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

◾  തടങ്കലില്‍ കഴിയുന്ന മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തഹ്രീകെ ഇന്‍സാഫ് അനുയായികള്‍ ഇസ്ലാമാബാദിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സര്‍ക്കാരും പി.ടി.ഐ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ട്രക്കുകളും ബസുകളും കാറുകളുമായി തെരുവിലിറങ്ങിയത്.  

◾  യെമനിലെ ഇറാന്റെ പിന്തുണയുള്ള മുസ്ലിം തീവ്രവാദികളായ ഹൂതികള്‍ക്ക് നേരെ സൗദിയുടെ ആക്രമണം. 324 കേന്ദ്രങ്ങള്‍ ആക്രമിച്ചു. 100 പോര്‍ വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു.

◾  ഇന്ത്യ - ഉറൂഗ്വേയ് സൗഹൃദ ഫുട്ബോള്‍ മല്‍സരം ഇന്ന് കൊല്‍ക്കത്തയില്‍. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴരയ്ക്കാണു മല്‍സരം.

◾  ഇന്ത്യ -വിന്‍ഡീസ് ട്വന്റി 20 പരമ്പര ഇന്നാരംഭിക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ലഖ്‌നൗവില്‍. വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുക.

◾  വിമാന ഇന്ധന വില കൂട്ടിയതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്കുള്ള, വര്‍ധിപ്പിച്ച ഇന്ധന സര്‍ചാര്‍ജ് ഒക്ടോബര്‍ ആറുമുതല്‍ നിലവില്‍ വരും. റൂട്ടും ദൂരവും അനുസരിച്ച് 425 രൂപ മുതല്‍ 10,000 രൂപ വരെയാണ് സര്‍ചാര്‍ജ്. 500 കിലോമീറ്ററില്‍ താഴെയുള്ള റൂട്ടുകള്‍ക്ക് 425 രൂപയാണ് ഇന്ധന സര്‍ചാര്‍ജ്. 501 മുതല്‍ ആയിരം വരെ 600, 1501 - 2000 വരെ 1150, 2000 കിലോമീറ്ററിന് മുകളില്‍ 1300 രൂപ. രാജ്യാന്തര വിമാന സര്‍വീസുകളില്‍ 500 കിലോമീറ്റര്‍ ദൂരത്തില്‍ താഴെയുള്ള സാര്‍ക്ക് മേഖലകള്‍ക്ക് 500 രൂപയാണ് സര്‍ചാര്‍ജ്. 500 കിലോമീറ്ററിന് മുകളിലാണെങ്കില്‍ ആയിരം രൂപ ഈടാക്കും. തെക്കുകിഴക്കന്‍ ഏഷ്യന്‍, മിഡില്‍ ഈസ്റ്റ് ആന്റ് ജിസിസി, നോര്‍ത്ത് ആന്റ് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് 5500 രൂപയും ആഫ്രിക്ക 6,000, യൂറോപ്പ് 10,000 രൂപയുമാണ് പരിഷ്‌കരിച്ച സര്‍ചാര്‍ജ്.

◾  ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റും ഡിജിറ്റല്‍ സേവനങ്ങളും ഉപയോഗിക്കുമ്പോള്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. ചെറിയൊരു ശ്രദ്ധക്കുറവ് പോലും വലിയ സാമ്പത്തിക നഷ്ടത്തിനോ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നതിനോ കാരണമായേക്കാം. അറിയാത്ത സ്രോതസ്സുകളില്‍ നിന്നും വാട്ട്സ്ആപ്പ്, എസ്എംഎസ്, ഇമെയില്‍ വഴി ലഭിക്കുന്ന സംശയാസ്പദ ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, എടിഎം പിന്‍, സിവിവി, ഒടിപി എന്നിവ ആരുമായും പങ്കുവെക്കരുത്. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയ്ക്ക് പുറത്തുനിന്നുള്ള അപരിചിതമായ ആപ്പുകളോ ഫയലുകളോ റിമോട്ട് ആക്‌സസ് നല്‍കുന്ന ആപ്ലിക്കേഷനുകളോ ഇന്‍സ്റ്റാള്‍ ചെയ്യരുത്. തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യാം.

◾  നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ പവര്‍ പാക്ക്ഡ് ട്രെയിലര്‍ റിലീസ് ചെയ്തു. ജയിലറിലെ വില്ലനായിരുന്ന വര്‍മന്‍ (വിനായകന്‍) കഥാപാത്രത്തിന്റെ പിന്നിലുള്ളവരെ തേടിയുള്ളതാണ് പ്രമേയമെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍. വിദ്യാ ബാലന്‍, മോഹന്‍ലാല്‍, സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, ശിവരാജ് കുമാര്‍, എസ് ജെ സൂര്യ തുടങ്ങി എല്ലാ കഥാപാത്രങ്ങളെയും ട്രെയിലറില്‍ അവതരിപ്പിച്ചിട്ടുണ്ട്. വര്‍മന്റെ ഏറ്റവും അടുത്ത ആളായിട്ടാണ് സൂരാജ് വെഞ്ഞാറമൂടിനെ അവതരിപ്പിച്ചിരിക്കുന്നത്. ജയിലര്‍ ആദ്യ ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യനായി  രജനികാന്ത് വീണ്ടുമെത്തുന്നു. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം.

◾  സിദ്ധാര്‍ത്ഥ് ഭരതന്‍, ബേബി ജീന്‍, സിജു സണ്ണി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'പാലപ്പൂ'. സി സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിഷ്ണു അച്യുതനാണ്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സും അപ്പര്‍കട്ട് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'പാലപ്പൂ' വിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. ഷെബിന്‍ ബെക്കര്‍, ഛായാഗ്രാഹകനും നിര്‍മ്മാതാവുമായ ജോമോന്‍ ടി ജോണ്‍, അന്‍സു എല്‍സ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്‌മാന്‍, രഞ്ജി കാങ്കോല്‍, അഭിജിത്ത് അജിത് കുമാര്‍, ശിവജി ഗുരുവായൂര്‍, അജയ് വാസുദേവ്, ജോര്‍ഡി പൂഞ്ഞാര്‍, ശ്രീലക്ഷ്മി, ബിറ്റോ ഡേവിസ്, സിനോജ് അങ്കമാലി, ഉണ്ണി നായര്‍, രമേഷ് കോട്ടയം, ലീന ആന്റണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾  പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ആംപിയര്‍ അവരുടെ പുതിയ നെക്‌സസ് ഇഎക്‌സ്+ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.3 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. രണ്ടു വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1.3 ലക്ഷം രൂപയും ഇന്റലിപാക്ക് ഉള്ള വേരിയന്റിന് 1.36 ലക്ഷം രൂപയുമാണ് വില. കാര്‍ബണ്‍ നൈറ്റ്, സ്റ്റീല്‍ ഗ്രേ എന്നീ രണ്ടു നിറങ്ങളില്‍ ലഭിക്കും. 202 എന്‍എം പീക്ക് ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 5കിലോവാട്ട്അവര്‍ മോട്ടോറാണ് ഇതിലെ പ്രധാന ആകര്‍ഷണം. സ്‌കൂട്ടറിന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി. കയറ്റങ്ങള്‍, മലയോര പാതകള്‍ എന്നിവിടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഈ മോട്ടോറിന് കഴിയും. ഇന്റലിപാക്ക് ഉള്ള വേരിയന്റില്‍ ആംപിയര്‍ കണക്ട് ആപ്പ് വഴി മികച്ച കണക്ടഡ് ഫീച്ചറുകള്‍ ലഭിക്കും.

◾  ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. ആര്‍. രാജശ്രീയുടെ ഏറ്റവും പുതിയ നോവല്‍. 'ആത്രേയകം'. മാതൃഭൂമി ബുക്സ്. വില 427 രൂപ.

◾  ആപ്പിള്‍ ജ്യൂസ് നേരിട്ട് കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം. ആപ്പിളില്‍ മാലിക് ആസിഡ് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ പുറംപാളിയായ ഇനാമലിനെ ദുര്‍ബലമാക്കുന്നു. ഇനാമല്‍ നശിച്ചാല്‍, പല്ലിന് പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കാനോ പോടുകള്‍ വരാനോ കാരണമാകും. ആപ്പിളില്‍ അടങ്ങിയ സ്വാഭാവിക പഞ്ചസാരയാണ് അടുത്ത വില്ലന്‍. ആപ്പിള്‍ ജ്യൂസ് ആയി കുടിക്കുമ്പോള്‍ ഈ പഞ്ചസാര വായില്‍ തങ്ങി നില്‍ക്കുകയും വായിലുള്ള ബാക്ടീരിയകള്‍ ഈ പഞ്ചസാരയെ വിഘടിപ്പിച്ചു കൂടുതല്‍ ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ ആസിഡ് വീണ്ടും പല്ലിന്റെ ഇനാമലിനെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. അമിതമായി ആപ്പിള്‍ ജ്യൂസ് കുടിക്കുന്നവരില്‍ ദന്ത രോഗങ്ങള്‍ കണ്ടെത്തിയതായി യൂണിവേഴ്സിറ്റി ഓഫ് പോര്‍ട്സ് മൗത്തും യൂണിവേഴ്സിറ്റി ഓഫ് ലീഡ്സും സംയുക്തമായി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. ആപ്പിള്‍ ജ്യൂസ് കുടിക്കുമ്പോള്‍ പതിയെ സിപ്പ് ചെയ്തോ അല്ലെങ്കില്‍ ഒന്നിലധികം തവണയായോ കുടിക്കുന്നത് ഒഴിവാക്കുക. ആപ്പിള്‍ ജ്യൂസ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കുടിക്കുക. സ്ട്രോ ഉപയോഗിക്കുന്നത് ആപ്പിള്‍ ജ്യൂസ് പല്ലുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നത് ഒഴിവാക്കും. ആപ്പിള്‍ ജ്യൂസ് കുടിച്ച ഉടന്‍ തന്നെ വെള്ളം ഉപയോഗിച്ച് വായ കഴുകുക. ഇത് പല്ലില്‍ പറ്റിപ്പിടിച്ച പഞ്ചസാരയും ആസിഡും നീക്കം ചെയ്യും.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ ബാങ്ക് മാനേജറുടെ വീട് കൊള്ളയടിക്കാനായിരുന്നു കള്ളന്മാരുടെ പദ്ധതി. വീട് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. അതുകൊണ്ട് കവര്‍ച്ച എളുപ്പമാകുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ഒരു രാത്രി വീടിന്റെ പരിസരത്ത് എത്തിയപ്പോള്‍, അവര്‍ വിചിത്രമായൊരു കാഴ്ച കണ്ടു. വീടിന്റെ പിറകിലെ മാവിന്‍ചുവട്ടില്‍...ഗൃഹനാഥന്‍ എന്തോ കുഴിച്ചിടുന്നു! അവര്‍ അകലെനിന്ന് എല്ലാം ശ്രദ്ധിച്ചു.  ''വിലപിടിപ്പുള്ള എന്തെങ്കിലും ആയിരിക്കണം...' അടുത്ത ദിവസവും അവര്‍ നിരീക്ഷിച്ചു. വീണ്ടും അയാള്‍ എന്തോ കുഴിച്ചിടുന്നു!  മൂന്നാം ദിവസവും അതുതന്നെ.  കള്ളന്മാരുടെ സംശയം ഉറപ്പായി.  ''എന്തോ വലിയ രഹസ്യമുണ്ട്.  നമ്മള്‍ കണ്ടെത്തുന്നതിന് മുമ്പ് അയാള്‍ അതെല്ലാം അവിടെ ഒളിപ്പിച്ചുകൊണ്ടിരിക്കുകയാണ്.''  നാലാം ദിവസം രാത്രി അവര്‍ മതില്‍ ചാടി അകത്തുകയറി.  നേരെ മാവിന്‍ചുവട്ടിലേക്ക്.  ഒന്നിനു പിന്നാലെ ഒന്നായി കുഴികള്‍ പരിശോധിച്ചു.  പക്ഷേ... ഒന്നുമില്ല!   അവസാനം നിരാശരായ അവര്‍ നേരെ മാനേജറുടെ മുന്നിലെത്തി. ''ഞങ്ങള്‍ കള്ളന്മാരാണ്.''''കുറച്ച് ദിവസമായി താങ്കള്‍ മാവിന്‍ചുവട്ടില്‍ എന്തോ കുഴിച്ചിടുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് ഇവിടെ വന്നത്. പക്ഷേ എത്ര കുഴിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എന്താണ് താങ്കള്‍ അവിടെ ഒളിപ്പിക്കുന്നത്?''  മാനേജര്‍ ചെറുതായി പുഞ്ചിരിച്ചു.  ''ഞാന്‍ ഒന്നും ഒളിപ്പിക്കുന്നില്ല.''   ''ഞാന്‍ വെറുതെ കുഴിക്കുന്നതാണ്.''  ''ഓഫീസിലെ സമ്മര്‍ദ്ദം മുഴുവന്‍ വീട്ടിലേക്ക് കൊണ്ടുവന്ന് ഭാര്യയോടും മക്കളോടും ദേഷ്യപ്പെടാന്‍ എനിക്ക് ഇഷ്ടമില്ല.  അതുകൊണ്ട്...  ഓഫീസിലെ പ്രശ്‌നങ്ങള്‍ തലയില്‍ നിറയുമ്പോള്‍ ഞാന്‍ ഇവിടെ വരും.  മണ്ണ് കുഴിക്കും...  പിന്നെ ആ കുഴി തന്നെ മൂടും.  അത്രയേയുള്ളൂ.  പക്ഷേ, ഓരോ തവണയും അങ്ങനെ ചെയ്യുമ്പോള്‍ എന്റെ മനസ്സിലെ ഭാരം കുറയുന്നു...'കള്ളന്മാര്‍ ഒന്നും മിണ്ടിയില്ല.  അവിടെ കുഴിച്ചിരുന്നത് പണമോ സ്വര്‍ണ്ണമോ ആയിരുന്നില്ല.  അയാള്‍ക്ക് ഉപേക്ഷിക്കാനാകാതെ വന്നിരുന്ന മനസ്സിന്റെ ഭാരങ്ങളായിരുന്നു.   നമ്മുടെ ജീവിതത്തിലും ഇതുതന്നെയല്ലേ?  നമുക്ക് നേടാനുള്ള ഇടങ്ങള്‍ എത്രയോ ഉണ്ട്.   പക്ഷേ... ഉപേക്ഷിക്കാനുള്ള ഒരിടമുണ്ടോ?   പണം സമ്പാദിക്കാന്‍ വഴികളുണ്ട്.  അറിവ് നേടാന്‍ ഇടങ്ങളുണ്ട്.  ഭാഗ്യം തേടാന്‍ വഴികളുണ്ട്.  പക്ഷേ...  നിരാശ വന്നാല്‍ എവിടെ കൊണ്ടുപോയി വെക്കും?  സങ്കടം വന്നാല്‍ ആരുടെ മുന്നിലാണ് ഇറക്കിവെക്കുക?  പിരിമുറുക്കം നിറഞ്ഞാല്‍ എവിടെയാണ് അതിനെ ഒഴുക്കിക്കളയുക?  പറയാതെ വിഴുങ്ങിയ വേദനകള്‍...തീര്‍ക്കാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍...മറച്ചുവെച്ച ദേഷ്യങ്ങള്‍...ആരോടും പറയാത്ത ഭയങ്ങള്‍...ഇവയെല്ലാം മനസ്സില്‍ കെട്ടിക്കിടന്നാല്‍ ഒരു ദിവസം അവയ്ക്ക് ദുര്‍ഗന്ധം വമിച്ചുതുടങ്ങും. വീട്ടിലെ മാലിന്യം നീക്കം ചെയ്യാന്‍ നമുക്ക് സംവിധാനങ്ങളുണ്ട്. പക്ഷേ... മനസ്സിലെ മാലിന്യം നീക്കം ചെയ്യാന്‍ നമ്മള്‍ എന്താണ് ചെയ്യുന്നത്? അതുകൊണ്ട്... കരയണമെങ്കില്‍ കരയുക.   വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കുക.  ഒറ്റയ്ക്ക് കുറച്ചുനേരം നടക്കുക.  പ്രാര്‍ത്ഥിക്കുക.  എഴുതിവെക്കുക.  പ്രകൃതിയോട് സംസാരിക്കുക.  ആവശ്യമെങ്കില്‍ സഹായം തേടുക.  മനസ്സില്‍ എല്ലാം അടച്ചുവെച്ച് ജീവിക്കേണ്ടതില്ല.  കാരണം,  ഉപേക്ഷിക്കേണ്ടത് സമയത്ത് ഉപേക്ഷിച്ചില്ലെങ്കില്‍  അത് പിന്നീട് നമ്മളെത്തന്നെ ഭാരപ്പെടുത്തും.   ജീവിതത്തില്‍ ചില കാര്യങ്ങള്‍ നേടേണ്ടതുണ്ട്.  ചിലത് സംരക്ഷിക്കേണ്ടതുണ്ട്.  പക്ഷേ...  ചില കാര്യങ്ങള്‍ ഉപേക്ഷിക്കാനും പഠിക്കണം.  - ശുഭദിനം.
Previous Post Next Post
3/TECH/col-right