Trending

പ്രഭാത വാർത്തകൾ

2026  ഒക്ടോബര്‍ 4, ഞായര്‍ 

1202  കന്നി 18 | പുണര്‍തം

1447  റ:ആഖിർ 22


◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ രണ്ടാം ദിവസവും യുവജന സംഘടനകളുടെ സമരം സംഘര്‍ഷഭരിതമായി. ഐസയുടെയും പൗരാവകാശ കൂട്ടായ്മകളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച സ്ത്രീകളെ പുരുഷ പോലീസ് കൈയേറ്റം ചെയതു. സ്ത്രീകളെ വലിച്ചിഴച്ചാണ് അറസ്റ്റു ചെയ്തു നീക്കിയത്. നിരവധി പേര്‍ക്കു പരിക്കേറ്റു.

◾  ഏഷ്യന്‍ ഗെയിംസില്‍ 21 സ്വര്‍ണവുമായി ഇന്ത്യ നാലാം സ്ഥാനത്ത്. 169 സ്വര്‍ണവുമായി ചൈനയാണ് ഓവറോള്‍ ചാമ്പ്യന്മാര്‍. തുടര്‍ച്ചയായി പന്ത്രണ്ടാം തവണയാണ് ചൈന ചാമ്പ്യന്മാരാകുന്നത്. 83 സ്വര്‍ണം നേടിയ ജപ്പാനാണു രണ്ടാം സ്ഥാനത്ത്. ഇന്ത്യ ഇന്നലെ അഞ്ചു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും നേടി.

◾  ബ്രസീലിന്റെ സുന്ദരഗോളുകള്‍ കണ്ട് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയം ഇളകി മറിഞ്ഞു. എതിരില്ലാത്ത നാലു ഗോളുകളുമായാണ് കാനറികള്‍ ഇന്ത്യന്‍ ടീമിനെതിരെ വിജയം ആഘോഷിച്ചത്. ഇന്ത്യന്‍ ടീമായ ബ്ലൂ ടൈഗേഴ്‌സിനെ ഞെട്ടിച്ചുകൊണ്ടാണ് ബ്രസീലിന്റെ മുന്നേറ്റം. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലെത്തിയ മഞ്ഞപ്പട, രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്നു. തുടക്കം മുതല്‍ ബ്രസീല്‍ ആക്രമണം അഴിച്ചുവിട്ടു. എസ്‌തേവാവോയും പെഡ്രോയുമാണ് ആദ്യ പകുതിയില്‍ ബ്രസീലിനായി ലക്ഷ്യം കണ്ടത്. അവസാന ഘട്ടത്തില്‍ സാമുവല്‍ ലിനോ നേടിയ ഇരട്ട ഗോളുകളാണ് ബ്രസീലിന്റെ വിജയം ഉറപ്പിച്ചത്.


◾  സ്വകാര്യ കമ്പനിയായ നയാര എനര്‍ജി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് അഞ്ച് രൂപയും ഡീസല്‍ ലീറ്ററിന് മൂന്ന് രൂപയുമാണ് കമ്പനി വര്‍ദ്ധിപ്പിച്ചത്. റഷ്യന്‍ ക്രൂഡോയില്‍ വിതരണത്തിലുണ്ടായ മാറ്റങ്ങളും ആഗോള വിപണിയിലെ പ്രതിസന്ധികളും ചൂണ്ടിക്കാണിച്ചാണ് ഈ വിലവര്‍ദ്ധന.


◾  കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളും സിപിഎം നേതാക്കളുമായ എ.സി മൊയ്തീന്‍ എംഎല്‍എ എംഎം വര്‍ഗീസ്, കെ രാധാകൃഷ്ണന്‍ എംപി എന്നിവര്‍ ഹര്‍ജി നല്‍കി. കേസ് രാഷ്ട്രീയ പ്രേരിതമെന്ന വാദമുയര്‍ത്തിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ബാങ്ക് തട്ടിപ്പിലൂടെ നേടിയ പണം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് പണിയാന്‍ ഉപയോഗിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് കുറ്റപ്പെടുത്തുന്നു. 180 കോടിരൂപയുടെ കള്ളപ്പണ ഇടപാട് കേസില്‍ 83 പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്ന് കലൂര്‍ പിഎംഎല്‍എ കോടതി കണ്ടെത്തിയിരുന്നു.

◾  മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതു ബിജെപിയെ വെട്ടിലാക്കി. സ്വതന്ത്രന്റെ പിന്തുണയിലാണ് ബി.ജെ.പിയുടെ നഗരസഭാ ഭരണം. ശ്രീലേഖയെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം തിരക്കിട്ട ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.


◾  മേയര്‍ സ്ഥാനം പ്രതീക്ഷിച്ച് ബിജെപിയിലേക്കു പോയ ശ്രീലേഖ രാജിവച്ചതല്ലെന്നും രാഷ്ട്രീയ വിലപേശലാണെന്നും  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇവര്‍ക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും എങ്ങോട്ട് വേണമെങ്കിലും പോകാമെന്നും ഗോവിന്ദന്‍.


◾  പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങളില്‍ പഠനവും ഗവേഷണവും നടത്തുന്ന യു.ജി.സി കേന്ദ്രങ്ങളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സെപ്തംബര്‍ മാസത്തെ ശമ്പളം മുടങ്ങി. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഒഫ് സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ഇന്‍ യൂണിവേഴ്സിറ്റീസ് (സി.എസ്.എസ്.ഐ.യു) കേന്ദ്രങ്ങളാണ് പ്രതിസന്ധിയിലായത്.


◾  സ്വന്തം നിയോജക മണ്ഡലമായ കായംകുളത്ത് എസ്‌കോര്‍ട്ടും പൈലറ്റും വേണ്ടെന്ന് മന്ത്രി എം ലിജു. എന്തെങ്കിലും ഉണ്ടെങ്കില്‍ താന്‍ നോക്കിക്കൊള്ളാം എന്ന് മന്ത്രി പൊലീസിനെ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മന്ത്രിക്കുനേരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.


◾  തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി ഹോസ്റ്റലിലടക്കം എസ് എഫ് ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കന്റോണ്‍മെന്റ് എസ് ഐ ഗോകുല്‍ ഗോപന്റെ വീട്ടിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്ന് പൊട്ടക്കുഴിയിലെ വീട്ടിലേക്ക് ആയിരുന്നു മാര്‍ച്ച്. ഗോകുല്‍ ഗോപാലിന്റെ വീടിനുമുന്നില്‍ പൊലീസ് തടഞ്ഞു. വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ പാര്‍ട്ടി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമെന്ന് എസ് എഫ് ഐ നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ട്.




◾  തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സര്‍വീസുകള്‍. ഈ മാസം 27 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്ന സര്‍വീസുകളുടെ ബുക്കിങ് തുടങ്ങി. തുടക്കത്തില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും റിയാദ് സര്‍വീസ്. ദമ്മാമിലേക്ക് നിലവിലുള്ള പ്രതിദിന സര്‍വീസിന് പുറമെയായിരിക്കും ഈ സര്‍വ്വീസ്.


◾  മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങള്‍ക്കു മുന്നിലും പൊതുവിലും സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങളുടെ നിര്‍ദ്ദേശം. മലപ്പുറത്തെ വാഴയൂരില്‍ നടന്ന സര്‍ക്കാരിന്റെ നൂറ് ദിനം അവലോകന യോഗത്തിലാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഈ നിര്‍ദേശം നല്‍കിയത്. മന്ത്രിമാര്‍, എം എല്‍ എമാര്‍, എം പിമാര്‍ എന്നിവരുടെ നൂറ് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവാദങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പാണക്കാട് തങ്ങള്‍ നിര്‍ദ്ദേശം നല്‍കി.


◾  തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി. സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ നടത്തിപ്പില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷമായ എല്‍ഡിഎഫ് മേയര്‍ ഡോ. നിജി ജസ്റ്റിനെ ഉപരോധിച്ചു. ഇതേത്തുടര്‍ന്നാണ് കൈയാങ്കളിയുണ്ടായത്. ഗെയിംസ് നടത്തിപ്പിന് വിദ്യാഭ്യാസ വകുപ്പ് തൃശൂര്‍ കോര്‍പറേഷനുമായി ആലോചിച്ചിട്ടില്ലെന്ന്  തൃശൂര്‍ ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ്. ഉദ്ഘാടനത്തിന്റെ അറിയിപ്പ് മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും നല്‍കിയത് ഉദ്ഘാടന തലേന്ന് രാത്രിയാണ്. എ പ്രസാദ് പറഞ്ഞു.


◾  പി എം ശ്രീയില്‍ തിരക്കിട്ട് നടപടി വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ലീഗ് നേതൃത്വം. ഭരണപരിഷ്‌കാര കമ്മീഷന്‍ വിവാദം കോണ്‍ഗ്രസിലെ വിഭാഗീയതയുടെ ഭാഗമെന്ന് മലപ്പുറത്തെ വാഴയൂരില്‍ നടന്ന നൂറു ദിന അവലോകന യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.


◾  പാലക്കാട് സിപിഎമ്മില്‍ രൂക്ഷമായ വിഭാഗീയതയും റിയല്‍ എസ്റ്റേറ്റ് മാഫിയയും നിലനില്‍ക്കുന്നതായി പാര്‍ട്ടി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ടിംഗ്. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് വലിയ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍, സംശയനിഴലിലുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമായി പുറത്തുവിടണമെന്നും ആവശ്യപ്പെടുന്നുണ്ട്.



◾  തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സി പി എം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് പി ഷാനവാസിനെയും ജില്ലാ കമ്മിറ്റിയിലേക്ക് ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതനെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.


◾  മന്ത്രി ഒ ജെ ജനീഷിനെ കാഞ്ഞങ്ങാട് വച്ച് കരിങ്കൊടി കാണിച്ച താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി. എന്‍ എച്ച് എം ന് കീഴില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദന്ത ഡോക്ടറായി ജോലി ചെയ്യുന്ന ഡോ. സിദ്ധാര്‍ത്ഥ് രവീന്ദ്രനെയാണ് സേവനത്തില്‍ നിന്നും നീക്കിയത്.


◾  എറണാകുളം കാക്കനാട് എംഡിഎംഎയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍. കോട്ടയം സ്വദേശി അരുണ്‍ കെ നായരാണ് എക്സൈസിന്റെ പിടിയിലായത്. സിനിമാ പ്രവര്‍ത്തകര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും ഇയാള്‍ ലഹരി വില്‍പ്പന നടത്തി എന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍.


◾  കേരള സര്‍ക്കാരിന്റെ ഐ.ടി വകുപ്പിനെ 'വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്' എന്ന് പുനര്‍നാമകരണം ചെയ്തു. ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന നിര്‍മ്മിത ബുദ്ധി, ഡീപ്-ടെക് തുടങ്ങിയ പുതിയ സാങ്കേതിക മേഖലകളിലേക്ക് സംസ്ഥാനത്തെ നയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


◾  മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മുന്‍ എംഎല്‍എ പി നന്ദകുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കി യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി. മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതും, കേരളത്തിന്റെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്നതുമാണ് പരാമര്‍ശമെന്നാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.


◾  സംസ്ഥാനത്ത് കെ.എസ്.ഇ.ബിക്ക് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കാനുള്ള മൊത്തം കുടിശ്ശിക 1342.88 കോടി രൂപയാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വന്‍കിട വ്യവസായ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളുമാണ് കുടിശ്ശിക വരുത്തിയവരില്‍ മുന്നിലുള്ളത്.


◾  മുന്‍ ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജ് സജ്ജീവമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ചികിത്സയുമായി ബന്ധപ്പെട്ട് വീണ ജോര്‍ജ് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തിരുന്നു.


◾  സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്നു നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.


◾  തമിഴ്‌നാട്ടില്‍ നടന്‍ വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം ഇന്ത്യ മുന്നണിയില്‍. ചെന്നൈ സത്യമൂര്‍ത്തി ഭവനില്‍ ശനിയാഴ്ച ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ മുന്നണി യോഗത്തില്‍ ടിവികെ പ്രതിനിധികള്‍ ആദ്യമായി പങ്കെടുത്തു.


◾  തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ തമിഴക വെട്രി കഴകം ഇന്ത്യ സഖ്യത്തില്‍ ചേര്‍ന്നതിനെ സ്വാഗതം ചെയ്ത് പി സി സി അധ്യക്ഷനും എം പിയുമായ മാണിക്കം ടാഗോര്‍. ഇന്ത്യ മുന്നണിക്കും തമിഴ്‌നാട് രാഷ്ട്രീയത്തിനും വലിയ കരുത്താകുന്നതാണ് വിജയ്യുടെ തീരുമാനമെന്ന് മാണിക്കം ടാഗോര്‍ അഭിപ്രായപ്പെട്ടു.


◾  തമിഴ്നാട്ടില്‍ ടിവികെയുടെ വനിതാ സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ചെന്നാരോപിച്ച് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഒരു വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ മുന്‍ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിന്‍ നടത്തിയത് അങ്ങേയറ്റം മോശമായ പരാമര്‍ശങ്ങളാണെന്ന് വിജയ് ആരോപിച്ചു.


◾  അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ അട്ടിമറി നടന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. അതിനാല്‍ ലോക്‌സഭയും നിയമസഭകളും പിരിച്ചുവിട്ട് ബാലറ്റ് പേപ്പറിലൂടെ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


◾  സ്ത്രീകളെ ബോഡി ഷെയ്മിംഗ് നടത്തുന്നതിനെ സ്ത്രീത്വത്തെ അപമാനിച്ചതായി കണക്കാക്കാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. രൂപത്തിന്റെ പേരിലുള്ള കളിയാക്കലുകളും വാക്കാലുള്ള അധിക്ഷേപങ്ങളും ഐപിസി 509ആം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.


◾  കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ വിഷമാണെന്നും, നേതാക്കള്‍ വിഡ്ഢികളാണെന്നും അവരാണ് രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ചതെന്നും കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെ സി ജെ പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ സമരത്തെ ഹൈജാക്ക് ചെയ്യുന്ന ആം ആദ്മി പാര്‍ട്ടിയുടെ പുതു രൂപമാണ് സി ജെ പിയെന്നും, സോനം വാങ്ചുക്ക്, നേഹ ബോറ തുടങ്ങിയ സമരപോരാളികളെ ഇവര്‍ വഞ്ചിച്ചെന്നും കോണ്‍ഗ്രസ് വക്താവ് റീതം സിംഗും തിരിച്ചടിച്ചു.


◾  സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ മാഡ് സന്ധുവിന് പഞ്ചാബിലെ അമൃത്സറില്‍  വെടിയേറ്റു. ശനിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


◾  പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ. അന്താരാഷ്ട്ര അതിര്‍ത്തിയായ ഫിറോസ്പൂരില്‍ ഇന്ത്യ രണ്ട് നാട്ടുകാരെ വെടിവെച്ചു കൊന്നു എന്ന് പാകിസ്ഥാന്‍ ആരോപിച്ചതടക്കമുള്ള വിഷയങ്ങളിലാണ് നടപടി. താക്കീത് ഗൗനിക്കാതെ നുഴഞ്ഞു കയറുന്നതിനിടെയാണു വെടിവച്ചതെന്ന് ഇന്ത്യ. മയക്കുമരുന്ന് കള്ളക്കടത്തിനുള്ള നീക്കമാണ് നടന്നതെന്നും ഇന്ത്യ വ്യക്തമാക്കി.


◾  പാര്‍ലമെന്റിന്റെ 24 പ്രധാന സമിതികള്‍ പുനസംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അധ്യക്ഷനായി തുടരും. ബി.ജെ.പി രാജ്യസഭാ എം.പി സുധാന്‍ഷു ത്രിവേദി വാണിജ്യ സമിതിയുടെ പുതിയ അധ്യക്ഷനായി. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എം.പി ഡോള സെന്‍ ആയിരുന്നു ചെയര്‍മാന്‍. പാര്‍ലമെന്ററി സമിതികളില്‍ ടി എം സിക്ക് ഉണ്ടായിരുന്ന അധ്യക്ഷ സ്ഥാനങ്ങള്‍ നഷ്ടമായി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിരോധ സമിതിയിലും പ്രിയങ്ക ഗാന്ധി വധ്ര ആഭ്യന്തര സമിതിയിലും അംഗങ്ങളായി തുടരും. കോണ്‍ഗ്രസിന്റെ നാല് കമ്മിറ്റി അധ്യക്ഷന്മാരും തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരും.


◾  റഷ്യന്‍ സൈന്യത്തിലുള്ള മുഴുവന്‍ ഇന്ത്യക്കാരെയും വിട്ടയയ്ക്കണമെന്ന ആവശ്യവുമായി ഇന്ത്യ. റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഏകദേശം 140 ഇന്ത്യന്‍ പൗരന്മാരെ വിട്ടയയ്ച്ചുവെന്നാണ് ഇന്ത്യയുടെ കണക്ക്. എന്നാല്‍ റഷ്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന 55 പേരെ കുറിച്ചുള്ള വിവരങ്ങള്‍ യോഗത്തില്‍ ഇന്ത്യ റഷ്യയോട് ആരാഞ്ഞിട്ടുണ്ട്.


◾  ഹോര്‍മൂസില്‍ വീണ്ടും രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം. കുവൈത്ത് പതാക വഹിക്കുന്ന കപ്പലില്‍ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ചു. സൗദിയിലെ അസീറില്‍ മിസൈല്‍ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്കേറ്റു. നജ്റാന്‍ പ്രവിശ്യയില്‍ സ്‌കൂളിന് മുകളില്‍ ഡ്രോണ്‍ അവശിഷ്ടം പതിച്ചു. ഹോര്‍മൂസില്‍ ഒരു കപ്പലാക്രമിക്കപ്പെട്ടത് ഒമാന്‍ തീരത്തോട് ചേര്‍ന്ന് തന്നെയാണ്.


◾  ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍ മലേഷ്യയെ 5-1 ന് പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണം നിലനിര്‍ത്തി. വനിതാ ടീം സ്വര്‍ണം നേടിയതിന്റെ പിറ്റേന്നാണ് പുരുഷന്മാരും കിരീടം ചൂടിയത്. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പുരുഷ-വനിതാ ഹോക്കി ടീമുകള്‍ ഒരേ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി ചരിത്രനേട്ടം കുറിക്കുന്നത്. ക്രിക്കറ്റിലും ഇന്ത്യന്‍ പുരുഷ - വനിതാ ടീമുകള്‍ സ്വര്‍ണം നേടിയിരുന്നു.


◾  ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 87 പന്തില്‍ പുറത്താവാതെ 129 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെയും 92 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 48.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 162 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഷാ ഹോപിന്റെ ഇന്നിംഗ്‌സാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്.


◾  സെപ്റ്റംബറിലെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ സര്‍വകാല റെക്കോഡ്. ശരാശരി പ്രതിദിന ഇറക്കുമതി 52 ലക്ഷം ബാരലായി. യു.എസ്.-ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇന്ത്യയിലേക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങളില്‍ ഇറാഖ് റഷ്യക്കു തൊട്ടുപിന്നിലെത്തി. സെപ്റ്റംബറില്‍ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 39 ശതമാനം സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ., കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു. പ്രതിദിനം 5,25,000 ബാരല്‍ എണ്ണ വിതരണം ചെയ്ത് ഇറാഖ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സൗദി അറേബ്യ 5,17,000 ബാരല്‍, യു.എ.ഇ 4,38,000 ബാരല്‍ വിതരണം ചെയ്ത് പിന്നില്‍ തന്നെയുണ്ട്. കുവൈത്ത് പ്രതിദിനം 3,35,000 ബാരല്‍ വിതരണം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ കുവൈത്തിന്റെ ഏറ്റവും ഉയര്‍ന്ന വിതരണ നിരക്കാണ്.


◾  വാട്‌സ്ആപ്പില്‍ പുതിയ പേരന്റല്‍ കണ്‍ട്രോള്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. കുട്ടികള്‍ ആരോടൊക്കെയാണ് ഇടപഴകുന്നത് എന്നറിയാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന ഫീച്ചറാണിത്. കൗമാരക്കാരുടെ പ്രൊഫൈല്‍ ഫോട്ടോ കാണാന്‍ കഴിയുന്നത് ആര്‍ക്കൊക്കെ, അവരെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ കഴിയുന്നത് ആര്‍ക്കൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ ഇനി രക്ഷിതാക്കള്‍ക്കും നിയന്ത്രിക്കാം. ഇതിനായി കൗമാരക്കാരുടെ ഫോണിലെ വാട്‌സ്ആപ്പ് തുറക്കുക. സെറ്റിങ്‌സില്‍ പേരന്റല്‍ കണ്‍ട്രോളില്‍ പോയി കൗമാരക്കാരന്റെ ജന്മദിന തീയതി എന്റര്‍ ചെയ്ത് വയസ് സ്ഥിരീകരിക്കുക. തുടര്‍ന്ന് കണ്ടിന്യൂ അമര്‍ത്തുക. കുട്ടിയുടെ ഡിവൈസിലെ ക്യുആര്‍ കോഡ് രക്ഷിതാവിന്റെ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യുക. രക്ഷിതാവ് പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്ന് സ്ഥിരീകരിച്ച് 6 ഡിജിറ്റ് പിന്‍ ക്രിയേറ്റ് ചെയ്യാം. ഈ പിന്‍ ഉപയോഗിച്ച് കൗമാരക്കാരന്റെ വാട്‌സ്ആപ്പിലെ പ്രൈവസി സെറ്റിങ്‌സില്‍ മാറ്റംവരുത്താം.


◾  പത്മരാജന്‍ രതീഷ്, ഷോബി തിലകന്‍, അശ്വതി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീര്‍ ബി.എന്‍. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വല്ലി' എന്ന ഫാന്റസി ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രാണ ക്രിയേഷന്‍സിന്റെ ബാനറില്‍ രജിത് എസ്. കഥയെഴുതി നിര്‍മിക്കുന്ന ചിത്രത്തില്‍ ബിനോജ് കുളത്തൂര്‍, കുമാര്‍ സേതു, പ്രസാദ് മുഹമ്മ, ഭദ്ര വെങ്കിടേശ്, ബെന്നി ജോണ്‍, അരുണ്‍ സോള്‍, ജയറാം, ശോഭ, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. രഞ്ജിത് മുരളി - ചായഗ്രഹണം. ഗാനരചന - രാജേഷ് ട്വിങ്കില്‍, രതീഷ് ചന്ദ്രന്‍ ചേപ്പാട്. സംഗീതം - ഷാ ബ്രോസ്, ടോണി വില്‍സണ്‍. ആലാപനം - സരിത രാജീവ്, പ്രസൂന, ടോണി വില്‍സന്‍. 'വല്ലി' ഉടന്‍ പ്രദര്‍ശനത്തിനെത്തും.


◾  12 വര്‍ഷമായി പരസ്യസംവിധായകനായി പ്രവര്‍ത്തിച്ച ശ്രീലാല്‍ നാരായണന്‍, യുവതാരങ്ങളായ ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രം ആണ് 'സ്പ്രിംഗ്'. രചന, സംവിധാനം - ശ്രീലാല്‍ നാരായണന്‍. ബദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ്, ലൈം ടീ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മഞ്ജു ബാദുഷ, ഷാഹുല്‍ ഹമീദ്, ശ്രീലാല്‍ എം.എന്‍. എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ 30ന് തിയേറ്ററുകളില്‍ എത്തും. റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തില്‍ ഉണ്ണിലാലു, പൂജിത മേനോന്‍, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പില്‍ അശോകന്‍, വിനീത് തട്ടില്‍, ഉണ്ണിരാജ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.


◾  രാജ്യത്തെ ഇലക്ട്രിക് കാര്‍ വിപണിക്ക് കരുത്തേകി സെപ്റ്റംബറിലെ വില്‍പന കണക്കുകള്‍. 15ലേറെ ഇവി കാര്‍ നിര്‍മാതാക്കളെല്ലാം ചേര്‍ന്ന് 35,995 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. മുന്‍വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് 94 ശതമാനമാണ് വര്‍ധന. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന ഇവി വില്പനയാണ് കഴിഞ്ഞ മാസം നടന്നത്. മുന്‍ മാസങ്ങളിലേതു പോലെ ടാറ്റ മോട്ടോഴ്‌സ് ആണ് സെപ്റ്റംബറിലും വിപണിയിലെ വമ്പന്മാര്‍. 41 ശതമാനം വിപണി വിഹിതത്തോടെ 14,769 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. മാരുതി സുസൂക്കിയെ പിന്തള്ളി കിയ മോട്ടോഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കയറി. മഹീന്ദ്ര സെപ്റ്റംബര്‍ വില്‍പനയില്‍ 96 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഒന്‍പത് ശതമാനം വര്‍ധനയോടെ മൂന്നാംസ്ഥാനത്താണ്. ടുവീലര്‍ ഇവിയില്‍ ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, ഏതര്‍ എനര്‍ജി, ഹീറോ മോട്ടോര്‍കോര്‍പ് എന്നീ കമ്പനികള്‍ ചേര്‍ന്ന് 76 ശതമാനം വിപണിയാണ് കൈവശം വയ്ക്കുന്നത്.


◾  ദുഃസ്വപ്നംപോലൊരു ഭൂതകാലത്തിന്റെ ഓര്‍മ്മയില്‍നിന്ന് ആശ്വാസം തേടി ദത്തന്‍ എന്ന ചെറുപ്പക്കാരന്‍ നല്ലൂര്‍ ഗ്രാമത്തിലെത്തുകയാണ്. അയാളുടെ അയല്‍പക്കത്ത് ദുരൂഹതയും ഭീതിയും പ്രസരിക്കുന്ന ഇളയൂര്‍ മഠം എന്ന പുരാതനമാളിക ഉള്ളില്‍ ഇരുട്ടുംപേറി നിലകൊണ്ടു. അന്ധവിശ്വാസങ്ങള്‍ ഗ്രസിച്ച് ഉപേക്ഷിക്കപ്പെട്ടുകിടന്ന ആ മാളികയുടെ രഹസ്യങ്ങള്‍ അയാളെ ആകര്‍ഷിക്കുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്റെയും മാളികയുടെയും ഭീകരമായ ഭൂതകാലം കൂടിക്കുഴഞ്ഞ ഒരു പുരാവൃത്തം ദത്തന്‍ കണ്ടെടുക്കുകയാണ്. മന്ത്രവാദത്തിന്റെയും വിലക്കപ്പെട്ട ജ്ഞാനത്തിന്റെയും മറ്റൊരു വ്യവസ്ഥയില്‍നിന്ന് ആവിര്‍ഭവിക്കുന്ന പ്രാപഞ്ചികഭീകരതയുടെയും പശ്ചാത്തലത്തില്‍ ഭീതിജനകമായൊരു ആഖ്യാനം. പി.വി. തമ്പിയുടെ മാന്ത്രികനോവല്‍ പാരമ്പര്യവും എച്ച്.പി. ലവ്ക്രാഫ്റ്റിന്റെ പ്രാപഞ്ചികഭീതിയും സന്ധിക്കുന്ന ഹൊറര്‍ നോവല്‍. 'ബ്രഹ്‌മദത്തന്‍ നോക്കിനില്‍ക്കെ'. മരിയ റോസ്. മാതൃഭൂമി. വില 142 രൂപ.


◾  കോവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്ക് ശേഷം മനുഷ്യരുടെ ആഗോള ആയുര്‍ദൈര്‍ഘ്യം കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയതായി ലോകാരോഗ്യ സംഘടന. എന്നാല്‍, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ വീണ്ടെടുക്കല്‍ മന്ദഗതിയിലാണെന്നും ഡബ്ല്യു.എച്ച്.ഒ. റിപ്പോര്‍ട്ട് പ്രകാരം, 2019-ല്‍ 73.4 വയസ്സായിരുന്ന ആഗോള ആയുര്‍ദൈര്‍ഘ്യം മഹാമാരിയെ തുടര്‍ന്ന് 2021-ല്‍ 71.5 ആയി കുറഞ്ഞിരുന്നു. എന്നാല്‍ 2023-ല്‍ ഇത് 73.3 വയസ്സായി ഉയര്‍ന്നു. അതേസമയം, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം 2023-ല്‍ 62.8 വയസ്സാണ്; ഇത് 2019-ലെ നിരക്കിനേക്കാള്‍ 0.4 വര്‍ഷം കുറവാണ്. 2023-ല്‍ ലോകത്താകമാനമുണ്ടായ 6.1 കോടി മരണങ്ങളില്‍ 3.3 കോടിയും പ്രധാന 10 രോഗങ്ങള്‍ മൂലമാണ്. ഇതില്‍ എട്ടെണ്ണവും ജീവിതശൈലി രോഗങ്ങളാണ്. 2000-ല്‍ ആകെ മരണങ്ങളുടെ 58 ശതമാനമായിരുന്ന ജീവിതശൈലി രോഗങ്ങള്‍, 2023-ല്‍ 74 ശതമാനമായി ഉയര്‍ന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവനെടുക്കുന്ന രോഗമായി ഇസ്‌കീമിക് ഹൃദ്രോഗം തുടരുന്നു. ആകെ മരണങ്ങളില്‍ 16 ശതമാനത്തിനും കാരണം ഇതാണ്. സ്ട്രോക്ക്, സി.ഒ.പി.ഡി എന്നിവയാണ് തൊട്ടുപിന്നില്‍. അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള ഡിമെന്‍ഷ്യ രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ മൂന്നിരട്ടിയായി വര്‍ധിച്ചു. 2023-ല്‍ 21 ലക്ഷം ആളുകളാണ് ഡിമെന്‍ഷ്യ മൂലം മരിച്ചത്. കോവിഡ്-19 മൂലമുള്ള നേരിട്ടുള്ള മരണങ്ങള്‍ 2023-ല്‍ ഒമ്പത് ലക്ഷമായി കുറഞ്ഞു, ഇതോടെ ആദ്യ 10 മരണകാരണങ്ങളുടെ പട്ടികയില്‍ നിന്ന് കോവിഡ് 14-ാമതായി. 2020 മുതല്‍ എച്ച്.ഐ.വി/എയ്ഡ്സ് മരണങ്ങളില്‍ 62 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.


*ശുഭദിനം*

*കവിത കണ്ണന്‍*

ബംഗളൂരു സ്വദേശിനിയായ പുഷ്പപ്രകാശ് തന്റെ 65-ാം വയസ്സുവരെ മാനസികാരോഗ്യ രംഗത്ത് കൗണ്‍സിലറായി പ്രവര്‍ത്തിച്ചിരുന്നു. തന്റെ റിട്ടയര്‍മെന്റിന് ശേഷം ഒരു ദിവസം തന്റെ മകളുടെ കൂടെ നടക്കാനിറങ്ങിയപ്പോഴാണ് ട്രക്കിങ്ങിനോടു താല്‍പര്യം തുടങ്ങിയത്. പിന്നീട് അവര്‍ അതിരാവിലെ എഴുന്നേല്‍ക്കാന്‍ തുടങ്ങി. യോഗയും ധ്യാനവും പരിശീലിച്ചു. പിന്നീടുളള മൂന്ന് വര്‍ഷത്തിനുള്ളില്‍ 49 ട്രക്കിങ്ങ് നടത്തി. അതില്‍ ഏഴെണ്ണം ഹിമാലയത്തിലും ഒരെണ്ണം  എവറസ്റ്റ് ബേസ് ക്യാംപിലും. ന്യൂസിലാന്റില്‍ സ്‌കൈ ഡൈവിങ്ങ്, ദക്ഷിണാഫ്രിക്കയില്‍ ബന്‍ജി ജംപിങ്ങ്, ഓസ്ട്രേലിയയില്‍ സ്‌കൂബാ ഡൈവിങ്ങ്, അവര്‍ തന്റെ 68-ാം വയസ്സിലും സാഹസിക യാത്രകള്‍ തുടരുന്നു.  നിശ്ചിത പ്രായമെത്തിയാല്‍ ഇനിയൊന്നും ചെയ്യാനാകില്ല എന്ന് സ്വയം തീരുമാനിച്ചു വളര്‍ച്ചയും ഓരോഘട്ടവും നിഷ്ഫലമാക്കികളയുന്നവരാണ് ഭൂരിഭാഗം പേരും.  എല്ലാവരും അവസാനിപ്പിക്കുന്നിടത്തുനിന്നും  ജീവിതം ആരംഭിക്കുന്ന ചില മനുഷ്യരുണ്ട്.  ഇതുവരെ ജീവിച്ചു തീര്‍ന്നതല്ല, ഇനി ജീവിക്കാനുളളതുകൂടിയാണ് ജീവിതം എന്നതാണ് ഇത്തരക്കാരുടെ പ്രമാണം.  എന്തും തുടങ്ങുന്നതിനുളള യഥാര്‍ത്ഥ തടസ്സം പ്രായമല്ല, സമീപനമാണ്.  പ്രായത്തെ അവഗണിക്കുകയല്ല ചെയ്യേണ്ടത്, സാധ്യമായവ ചെയ്യാതെ പ്രായത്തെ കുറ്റപ്പെടുത്തുന്ന മനഃസ്ഥിതി ഒഴിവാക്കുകയാണ് വേണ്ടത്.   എന്ത് കൊണ്ട് നേരത്തെ തുടങ്ങിയില്ല എന്ന് സ്വയം പഴിചാരിയിരുന്നാല്‍ ഒന്നും സംഭവിക്കില്ല.  എന്തുകൊണ്ട് ഇനിയെങ്കിലും തുടങ്ങിക്കൂടാ എന്ന ചേദ്യത്തില്‍ നിന്നേ പുതിയ ചുവടുവെയ്പുകളുണ്ടാകൂ.. - ശുഭദിനം.

Previous Post Next Post
3/TECH/col-right