2026 | ഒക്ടോബര്‍ 3, ശനി
1202 | കന്നി 17 | തിരുവാതിര
◾ ഇ-ചെല്ലാന്‍ തുക അടക്കാത്ത വാഹന ഉടമകള്‍ക്കെതിരെ റോഡുകളില്‍ അപ്രതീക്ഷിത പരിശോധന നടത്താനും, പിഴ അടക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഇ-ചെല്ലാനുകള്‍ വെറുതെ അയച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, പിഴത്തുക കൃത്യമായി ഈടാക്കാന്‍ അധികാരികള്‍ക്ക് കഴിയണമെന്നും കോടതി നിരീക്ഷിച്ചു.
◾ പാകിസ്ഥാനെ 19 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 28 പന്തില്‍ 61 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 22 പന്തില്‍ പുറത്താവാതെ 51 റണ്‍സെടുത്ത തിലക് വര്‍മയുടെയുടേയും പ്രകടനത്തിന്റെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പാക് ബാറ്റര്‍ ഹസന്‍ നവാസ് 51 പന്തില്‍ 96 റണ്‍സെടുത്ത് കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല.
◾ തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു. ഇതോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്കു ഭൂരിപക്ഷം നഷ്ടമായി. 101 അംഗ കൗണ്‍സിലില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി. ബിജെപിയുടെ ആര്‍. സുഗതന്‍ കാപ്പ കേസില്‍ ജയിലിലാണ്. ആര്‍. ശ്രീലേഖ മേയര്‍ സ്ഥാനം നല്‍കാത്തതിലും പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നതിലും കടുത്ത അതൃപ്തിയിലായിരുന്നു. എല്‍ഡിഎഫിന് 29 സീറ്റും യുഡിഎഫിനു 20 സീറ്റുമുള്ള ഇവിടെ രണ്ടു സ്വതന്ത്രരുണ്ട്.
◾ വിദേശ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനും പ്രവാസി മലയാളികളുടെ ബിസിനസ് ശൃംഖലകളെ പ്രയോജനപ്പെടുത്താനുമായി അഞ്ചു നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍' ആരംഭിക്കും. ദുബായ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ എന്നീ അഞ്ച് നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പ്രഖ്യാപനം.
◾ സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ നടത്തിപ്പില്‍ ഗുരുതര വീഴ്ച. പൊതുവിദ്യാഭ്യാസ വകുപ്പിനും സംഘാടകര്‍ക്കും വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. സംഘാടന പിഴവ് കൊണ്ട് തൃശൂര്‍ ജില്ലയില്‍ നടന്നിരുന്ന നീന്തല്‍ മത്സരം താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
◾ സ്‌കൂള്‍ കായികമേളയില്‍ സ്പോര്‍ട്സ് വകുപ്പ് ഗൂരുതരമായ വീഴ്ചയാണു വരുത്തിയതെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി. ശിവന്‍കുട്ടി.
◾ സംസ്ഥാനത്ത് ഏതുവകുപ്പിലും എന്ത് നടന്നാലും അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ തന്റെ നെഞ്ചത്തേക്ക് വയ്ക്കണോയെന്ന് സ്പോര്‍ട്സ് വകുപ്പു മന്ത്രി ഒ.ജെ. ജനീഷ്. സ്‌കൂള്‍ കായിക മേളയുടെ നടത്തിപ്പ് കായിക വകുപ്പിനല്ല, വിദ്യാഭ്യാസ വകുപ്പിനാണ്. മുന്‍ വിദ്യാഭ്യാസ മന്ത്രിക്കുപോലും ഇക്കാര്യം അറിയില്ല. സ്‌കൂള്‍ കായികമേളയിലെ കാര്യങ്ങള്‍ക്കു തന്നെ എന്തിനാണു കല്ലെറിയുന്നതെന്നും ജനീഷ്.
◾ മെസ്സിയുടെ പേരില്‍ നടന്ന തട്ടിപ്പില്‍ അഴിമതി തടയല്‍ നിയമം ചുമത്തുമെന്ന് പോലീസ്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം നല്‍കും. മന്ത്രി എന്ന നിലയില്‍ അധികാരം ദുര്‍വിനിയോഗം ഉണ്ടായി എന്നതിനാല്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനും പ്രതിയാകും.
◾ കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിടുതല്‍ ഹര്‍ജി നല്‍കി സിപിഎമ്മും നേതാക്കളും. ജില്ലാ സെക്രട്ടറിമാരായിരുന്ന എ സി മൊയ്തീന്‍, എം എം വര്‍ഗീസ്, കെ രാധാകൃഷ്ണന്‍ എന്നിവരാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്.
◾ തലസ്ഥാനത്തെ സംഘര്‍ഷത്തിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കയറി തല്ലിയ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. കന്റോണ്‍മെന്റ് എസ് എച്ച് ഒ സതീഷ്, എസ് ഐ ഗോകുല്‍ എന്നിവരുടെ വീടുകളിലേക്ക് മാര്‍ച്ചു നടത്തുമെന്നു പ്രഖ്യാപിച്ചു.
◾ മലപ്പുറം ജില്ലയ്ക്കെതിരേ വിദ്വേഷ പ്രസംഗവുമായി മുന്‍ എംഎല്‍എ പി നന്ദകുമാര്‍. മത മൗലിക വര്‍ഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്നും മതനിരപേക്ഷ പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും പി നന്ദകുമാര്‍ പറഞ്ഞു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള വേദിയിലാണ് നന്ദകുമാറിന്റെ പരാമര്‍ശം ഉണ്ടായത്. വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ സ്വാഗത സംഘം പ്രസംഗത്തിലാണ് നന്ദകുമാറിന്റെ പരാമര്‍ശം.
◾ കേരളത്തില്‍ യുഡിഎഫ് സംവിധാനം മുഴുവന്‍ അലങ്കോലപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അടൂര്‍ പ്രകാശിനെ പിന്തുണക്കുന്നവരാണ് കോണ്‍ഗ്രസില്‍ കൂടുതല്‍. മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവര്‍ അധികമില്ല, കൂടിയാലോചന ഇല്ലാതെ എങ്ങനെയാണ് യുഡിഎഫ് കാര്യങ്ങള്‍ നടത്തുന്നതെന്ന് ഗോവിന്ദന്‍ ചോദിച്ചു.
◾ കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി ബിജെപി. സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പികെ കൃഷ്ണദാസ്, എസ് സുരേഷ്, ഷോണ്‍ ജോര്‍ജ് എന്നിവരാണ് ഗവര്‍ണറെ കണ്ടത്.
◾ പുതിയ ക്യാബിനറ്റ് പദവി നിയമനങ്ങളില്‍ രണ്ട് മന്ത്രിമാര്‍ക്ക് എതിര്‍പ്പ്. മന്ത്രിമാരായ എ പി അനില്‍കുമാര്‍, മോന്‍സ് ജോസഫ് എന്നിവരാണ് എതിര്‍പ്പ് അറിയിച്ചത്. പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എ.പി അനില്‍ കുമാറിന്റെ എതിര്‍പ്പ്. പി.ജെ. ജോസഫിന് പരിഗണന ലഭിക്കണമെന്നു മോന്‍സ് ജോസഫ്.
◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ കണ്ഠരര് രാജീവര് പ്രതിയായതിനാല്‍ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയില്‍ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി. അതേസമയം, മേല്‍ശാന്തിമാരുടെ യോഗ്യത പട്ടികയില്‍ ഇത്തവണ വന്‍ കുറവ് രേഖപ്പെടുത്തി.
◾ ശ്രീറാം വെങ്കിട്ടരാമനെ കാഷ്യു കോര്‍പ്പറേഷന്‍ എംഡിയായി നിയമനം. സെപ്തംബറില്‍ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. ഒരു മാസം പിന്നിടും മുന്‍പാണ് പുതിയ ചുമതല.
◾ സംസ്ഥാനത്തു മരുന്നു പ്രതിസന്ധി ഇല്ലെന്നും ആവശ്യത്തിന് മരുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍. പ്രതിസന്ധി ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. ചില മരുന്നു കമ്പനിക്കാര്‍ വടിയും വാളുമായി ഇറങ്ങിയിട്ടുണ്ടെന്നും അത് കണ്ട് പേടിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
◾ കൊല്ലത്ത് സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോര്‍ഡ് കീറിയ സംഭവത്തില്‍ വിശദീകരണ വീഡിയോയുമായി ഫ്ലക്സ് തകര്‍ത്ത യുവാവ് അക്ബര്‍ ഷാ. കോണ്‍ഗ്രസിന്റെ ഫ്ലക്സ് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്സ് കീറിയതെന്നും പ്രകടനത്തില്‍ നുഴഞ്ഞുകയറിയതല്ലെന്നും അക്ബര്‍ ഷാ.
◾ തിരുവനന്തപുരം നഗരസഭയില തൃക്കണ്ണാപുരം കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ അജിന്‍ പത്തു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വീഡിയോ വൈറലായതോടെ അന്വേഷിച്ച് നടപടി എടുക്കുമെന്ന് സിപിഎം ജില്ല നേതൃത്വം പ്രതികരിച്ചു. കൗണ്‍സിലറുടെ വിശദീകരണവും കേള്‍ക്കും.
◾ റിപ്പോര്‍ട്ടര്‍ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവട്ടയിലെ വീട്ടില്‍ പരിധിയില്‍ കൂടുതല്‍ മദ്യം കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാമാതാവ് ലില്ലി ജോസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കല്‍പ്പറ്റ സെഷന്‍സ് കോടതിയിലാണു ജാമ്യാപേക്ഷ നല്‍കിയത്. എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്ന് വിവരം പുറത്ത് വന്നതിന് പിറകേയാണ് നീക്കം.
◾ അസൗകര്യങ്ങള്‍മൂലം രാജിവയ്ക്കുന്നുവെന്ന് എഴുതിയ ശ്രീലേഖയുടെ കത്ത് കിട്ടിയെന്ന് മേയര്‍ വി.വിയ രാജേഷ്. രാജിക്കത്ത് കൊടുക്കേണ്ടത് നഗരസഭ സെക്രട്ടറിക്കാണ്. അതേസമയം ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി ഷാഫി അറിയിച്ചു. ജില്ലാ കളക്ടര്‍ക്ക് നിയമപ്രകാരം രാജി സ്വീകരിക്കാന്‍ കഴിയില്ലെന്നു മേയര്‍.
◾ കാസര്‍കോട് വെസ്റ്റ് എളേരി വരക്കാട് കുഴല്‍ കിണര്‍ വാഹനം വീടിനു മുകളിലേക്കു മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുള്ളവരായിരുന്നു. ജെയ്സണും കുടുംബവും താമസിക്കുന്ന വാടക വീട്ടിന് മുകളിലേക്കാണ് വണ്ടി മറിഞ്ഞത്.
◾ മുട്ടില്‍ മരം മുറിക്കേസില്‍ ദുരൂഹത വര്‍ധിക്കുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ജയതിലകിന്റെ ഉത്തരവില്‍ അന്വേഷണം ഉണ്ടാകുമെന്നും ഉത്തരവിന്റെ മറവില്‍ കൊള്ള നടന്നുവെന്നും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കണം. ജയതിലകിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 75 ദിവസം കൊണ്ടാണ് മരങ്ങള്‍ മുറിച്ച് മാറ്റിയത്. മന്ത്രി പറഞ്ഞു.
◾ കോട്ടയം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപിഴവ് പരാതി. ഹെര്‍ണിയ സര്‍ജറിക്ക് വിധേയയായി ചികിത്സയില്‍ കഴിയവേ മരിച്ച ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ കുടുംബമാണ് പൊലീസില്‍ പരാതി നല്‍കിയത്. ആദ്യം താക്കോല്‍ദ്വാര ശസ്ത്രക്രിയയും പിന്നീട് വയറുതുറന്നുള്ള ശസ്ത്രക്രിയയും നടത്തിയിരുന്നു. ഇതിനിടെ പിഴവുണ്ടായി എന്നാണ് കുടുംബത്തിന്റെ പരാതി.
◾ മുണ്ടംവേലിയിലെ ഫ്ലാറ്റ് നിര്‍മാണത്തില്‍ ജിസിഡിഎ നല്‍കിയ സ്ഥലം റവന്യൂ രേഖകള്‍ പ്രകാരം ചതുപ്പ് നിലമാണെന്ന് റിപ്പോര്‍ട്ട്. ടെക്നിക്കല്‍ കമ്മിറ്റിയുടെ അജണ്ടയില്‍ ഇല്ലാതിരുന്ന മുണ്ടംവേലി നിര്‍ദേശിച്ചത് മുന്‍ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ എന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കടന്നു പോകുന്നതിന് താഴെയാണ് ഈ സ്ഥലം.
◾ സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശി ജെയ്സിമോള്‍ മാത്യു (36), കോട്ടയം കുരുമുള്ളൂര്‍ ആനച്ചേരി അഞ്ചക്കുന്നേല്‍ ജോബിന ജോണി (26), തമിഴ്നാട് സ്വദേശികളായ വിജയലക്ഷ്മി, ഹെപ്‌സിബ എന്നിവരും വാഹനം ഓടിച്ച സൗദി പൗരനുമാണ് മരിച്ചത്.
◾ വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മൊട്ടക്കുന്നില്‍, ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറിയതില്‍, പട്ടയം റദ്ദാക്കാനുള്ള നടപടി റവന്യൂ വകുപ്പ് തുടങ്ങി. ഇതിന്റെ ഭാഗമായി പട്ടയംകിട്ടിയ ആളുകള്‍ക്കായി പീരുമേട് തഹസില്‍ദാര്‍ ഒന്‍പതാം തീയതി ഹിയറിംഗ് നടത്തും.
◾ 2025 ലെ മലയാള സിനിമയിലെ 49-ാമത് ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. എക്കോയാണ് മികച്ച സിനിമ. തുടരും, ഹൃദയപൂര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായപ്പോള്‍ കല്യാണി പ്രിയദര്‍ശന്‍, അനശ്വര രാജന്‍ എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡും പങ്കിട്ടു.
◾ വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട് കുത്തിത്തുറന്ന് 4 പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു. മുക്കോല സ്വദേശി ഗിരിജ (63) യുടെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്.
◾ കാസര്‍കോട് ജില്ലാ സഹകരണ ബാങ്കില്‍ കോഴ വാങ്ങി നിയമനം നടത്തിയെന്ന കേസ് മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിട്ടില്ല. ആകെ പ്രതികള്‍ 24. അതില്‍ 12 പേര്‍ മരിച്ചു. തലശ്ശേരി വിജിലന്‍സ് കോടതിയിലാണ് ഈ കേസ്. കാസര്‍കോട് ഡി.സി.സി. പ്രസിഡന്റായിരുന്ന അഡ്വ. സി.കെ.ശ്രീധരന്‍, കൊട്ടറ വാസുദേവ്, സി.എം.പി. നേതാവായിരുന്ന വി.കെ.രവീന്ദ്രന്‍, എന്‍.മഹേന്ദ്രപ്രതാപ്, ബലരാമന്‍ നമ്പ്യാര്‍, ടി.ശോഭന, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ ഭാര്യ ആയിഷ അബ്ദുള്ള തുടങ്ങിയവരാണു പ്രതികള്‍.
◾ കനത്ത മഴയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരണം. നെന്മാറ പുത്തന്‍തറ കണിമംഗലം മുരുകേശനാണ് (58) മരിച്ചത്. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദാരുണ സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.
◾ നെയ്യാറ്റിന്‍കര സ്വദേശിനിയായ ഒമ്പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോയോളം ഭാരമുള്ള തലമുടിക്കട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ടെന്‍ഷനും സ്ട്രെസും വരുമ്പോള്‍ കുട്ടികള്‍ മുടിയുടെ ഭാഗങ്ങള്‍ കടിച്ചെടുക്കുന്നതാണ് രോഗത്തിന്റെ സ്വഭാവം. ഇത് ആമാശയത്തില്‍ ചെറിയ കിളിക്കൂട് രൂപത്തില്‍ അടിഞ്ഞുകൂടിയ നിലയിലായിരുന്നു.
◾ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ കോക്രോച് ജനത പാര്‍ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ മലയാളി വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. താനെയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഗോപാലകൃഷ്ണ സുബ്ബയ്യ പിള്ള (75) ആണ് മരിച്ചത്.
◾ ബ്രഹ്‌മോസ് മിസൈലുകള്‍ക്കു ലോകരാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡ്. മിസൈല്‍ കയറ്റുമതി 6000 ലക്ഷം ഡോളര്‍ കടക്കും. ഏകദേശം 5760 കോടി രൂപയുടെ വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് വ്യക്തമാക്കി. 'ഓപ്പറേഷന്‍ സിന്ദൂര്‍' വഴി യുദ്ധമുഖത്ത് ബ്രഹ്‌മോസ് അതിന്റെ മികവ് തെളിയിച്ചതാണെന്നും, സുഖോയ് വിമാനങ്ങളില്‍ നിന്നുള്ള എയര്‍-ലോഞ്ച് പതിപ്പ് വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
◾ മുഖ്യ തിരഞ്ഞെടുപ്പുകമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് മുംബൈയില്‍ നടന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) പ്രതിഷേധത്തിന് പിന്തുണയുമായി പ്രശസ്ത നടന്‍ നസിറുദ്ദീന്‍ ഷാ. അഭിജിത് ദീപ്കെയെ ആലിംഗനം ചെയ്ത് നസിറുദ്ദീന്‍ ഷാ സിജെപിയുടെ പോരാട്ടങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു.
◾ ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ മരുന്ന് നിര്‍മ്മാണ ശാലയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ശ്രീ സിറ്റി സ്പെഷ്യല്‍ ഇക്കണോമിക് സോണിലെ ടി.ഐ.എല്‍ ഹെല്‍ത്ത്‌കെയര്‍ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പ്ലാന്റിലാണ് സ്ഫോടനം നടന്നത്.
◾ ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ ജാതി വിവേചനത്തെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് 20 കാരിയായ ദളിത് യുവതി റോഡരികില്‍ പ്രസവിച്ചു. ഭദോഹിയിലെ മഹാരാജ ചേത് സിങ് ഗവണ്‍മെന്റ് ആശുപത്രിക്ക് പുറത്താണ് സംഭവം.
◾ മുംബൈയിലെ മിഥി നദി സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടന്‍ ഡിനോ മോറിയ അറസ്റ്റില്‍. മുംബൈ പൊലീസിന്റ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. മിഥി നദിയിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട കരാറില്‍ ഡിനോ മോറിയ ഉള്‍പ്പെട്ട കമ്പനി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് 65 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
◾ ഫ്ളൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് ഭീകരപ്രവര്‍ത്തനത്തനമാണു നടത്തിയതെന്ന് യുഎഇ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ കൗണ്‍സിലര്‍ ഡോ. ഹമദ് സൈഫ് അല്‍ ഷംസി. സഹപൈലറ്റ് പെട്ടെന്ന് വിമാനങ്ങളില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള മഴു ഉപയോഗിച്ച് പൈലറ്റിനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
◾ ദുബായില്‍നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തിലെ അനിഷ്ട സംഭവങ്ങള്‍ക്കു പിറകേ ഇസ്രയേലിലേക്കുള്ള മുഴുവന്‍ വിമാനവും ഫ്ലൈ ദുബായ് നിര്‍ത്തിവച്ചു. സുരക്ഷയാണ് പ്രധാനം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫ്ലൈദുബായ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
◾ അമേരിക്കയിലെ ഒഹായോയിലുള്ള പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് നേരെ ഇഷ്ടികയും കല്ലുകളും ഉപയോഗിച്ച് ആക്രമണം. ഗ്രേറ്റര്‍ ക്ലീവ്‌ലാന്റ് പ്രദേശത്തെ റിച്ച്മണ്ട് ഹൈറ്റ്‌സില്‍ സ്ഥിതി ചെയ്യുന്ന ശ്രീ സ്വാമിനാരായണ്‍ വഡ്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്.
◾ സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തു. എന്നാല്‍, തകര്‍ന്ന മിസൈലിന്റെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ച് ഒരാള്‍ക്ക് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
◾ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇന്ന് ആനന്ദത്തിന്റെ ഗോള്‍വര്‍ഷം. ബ്രസീലിന്റെ മഞ്ഞപ്പടയും ഇന്ത്യയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ന് നേര്‍ക്കുനേര്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. സോണി ടെന്‍, സോണി ലിവ് ചാനലുകളില്‍ മത്സരം തത്സമയം കാണാം.
◾ ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കു സ്വര്‍ണം. ഇന്ത്യക്കായി അനില്‍ മൊഹോദാണ് പൊന്നണിഞ്ഞത്. 17-കാരിയായ താരം കൊറിയന്‍ താരത്തിനെതിരേ ശക്തമായി തിരിച്ചുവന്നാണ് സ്വര്‍ണം നേടിയത്.
◾ ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്സിനായുള്ള ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത, ക്ഷാമ ആശ്വാസം എന്നിവ 2027 ജനുവരി മുതല്‍ 67 ശതമാനമായി ഉയര്‍ന്നേക്കും. അന്തിമ നിരക്ക് സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഉപഭോക്തൃ വില സൂചിക കണക്കുകളെ ആശ്രയിച്ചിരിക്കും. വരും മാസങ്ങളിലും ഉപഭോക്തൃ വില സൂചിക ആഗസ്റ്റിലെ നിലവാരത്തില്‍ തുടരുകയാണെങ്കില്‍, നവംബറോടെ സൂചിക നിരക്ക് 66.91 ശതമാനത്തില്‍ എത്തും. ഇത് 2027 ജനുവരി മുതല്‍ ഡി.എ/ഡി.ആര്‍ 67 ശതമാനത്തിലേക്ക് ഉയരാനുള്ള സാധ്യതയാണ് കാണിക്കുന്നത്. 30,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് 4 ശതമാനം വര്‍ധനവ് എന്നുവെച്ചാല്‍ പ്രതിമാസം 1,200 രൂപയുടെ അധിക ഡി.എ ലഭിക്കും. അതുപോലെ, അടിസ്ഥാന ശമ്പളം 40,000 രൂപയാണെങ്കില്‍ ഡി.എ പ്രതിമാസം 1,600 രൂപയും, 50,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് പ്രതിമാസം 2,000 രൂപയും കൂടുതല്‍ ലഭിക്കും.
◾ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ 'വോയ്‌സ്-ആക്റ്റിവേറ്റഡ് എമര്‍ജന്‍സി എസ്ഒഎസ്' ഫീച്ചര്‍ വികസിപ്പിച്ച് ഗൂഗിള്‍. നിലവില്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ തുടര്‍ച്ചയായി അഞ്ച് തവണ അമര്‍ത്തുമ്പോഴാണ് ഈ എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതിയ മാറ്റം വരുന്നതോടെ ഫോണില്‍ തൊടുകപോലും ചെയ്യാതെ ഉപയോക്താവ് 'ഹെല്‍പ്' എന്ന് തുടര്‍ച്ചയായി മൂന്ന് തവണ ഉറക്കെ പറഞ്ഞാല്‍ ഈ സിസ്റ്റം താനേ സജീവമാകും. ഈ വാക്ക് തിരിച്ചറിയുന്നതോടെ ഫോണ്‍ നിങ്ങളുടെ നിലവിലെ ലൊക്കേഷന്‍ പരിശോധിക്കുകയും റെക്കോര്‍ഡിങ് ആരംഭിക്കുകയും കൃത്യമായ എമര്‍ജന്‍സി കോളുകള്‍ ചെയ്യുകയും ചെയ്യും. മാത്രമല്ല അബദ്ധത്തില്‍ ഇത് ആക്റ്റിവേറ്റ് ആകുന്നത് ഒഴിവാക്കാനും വോയിസ് കമാന്‍ഡുകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. അലേര്‍ട്ട് റദ്ദാക്കാന്‍ 'കാന്‍സല്‍' എന്നും അത് തുടരാന്‍ 'യെസ്' എന്നും ഉപയോക്താവിന് പറയാന്‍ സാധിക്കും. നിലവില്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടില്ല.
◾ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത പുതിയ ചിത്രം 'ടൈറ്റന്‍സ്' ട്രെയ്ലര്‍ പുറത്ത്. ഒക്ടോബര്‍ 22-നാണ് ആഗോള റിലീസ്. ജയസൂര്യ, വിനായകന്‍, ബേബി ജീന്‍, നിഹാല്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കോമഡി, ത്രില്‍, ഫാന്റസി എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രചന: ജെയിംസ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: വിഷ്ണു ശര്‍മ, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, സംഗീതം: ഡോണ്‍ വിന്‍സെന്റ്. മാജിക് ഫ്രെയിംസ് കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ ഫാര്‍സ് ഫിലിംസ് ആണ്. 123 മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ ഓഡിയോ- മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
◾ സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന 'സീന്‍' എന്ന ചിത്രം നവംബര്‍ 6 ന് ദീപാവലി റിലീസായെത്തും. മലയാളി താരം നസ്ലിന്‍ നിര്‍ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക നസ്രിയ നസിം ആണ്. സൂര്യയുടെ മാസ് രംഗങ്ങളും കോമഡി രംഗങ്ങളും ഉള്ള ചിത്രം സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പോലീസ് ഓഫീസര്‍ കഥാപാത്രമായാണ് സൂര്യ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. മലയാളിയായ സുഷിന്‍ ശ്യാം ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് 'സീന്‍'. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്‍ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
◾ എസ്എക്‌സ്ആര്‍ ജിടി ശ്രേണി വിപണിയില്‍ അവതരിപ്പിച്ച് അപ്രീലിയ. എസ്എക്‌സ്ആര്‍ ജിടി 125, എസ്എക്‌സ്ആര്‍ ജിടി 175 എന്നീ രണ്ടു വേരിയന്റുകളാണ് അവതരിപ്പിച്ചത്. എസ്ആര്‍ വേരിയന്റുകളില്‍ ഉപയോഗിച്ച അതേ പ്ലാറ്റ്‌ഫോമാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ബുക്കിങ് ആരംഭിച്ചു. 7200 ആര്‍പിഎമ്മില്‍ 13 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 14.14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന, 174.7 സിസി എച്ച്പി-ഇ- സിംഗിള്‍- സിലിണ്ടര്‍ എയര്‍- കൂള്‍ഡ് എന്‍ജിനാണ് എസ്എക്‌സ്ആര്‍ ജിടി 175ല്‍. 7400 ആര്‍പിഎമ്മില്‍ 10.5 ബിഎച്ച്പി കരുത്തും 6200 ആര്‍പിഎമ്മില്‍ 10.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 124.5 സിസി എച്ച്പി-ഇ- സിംഗിള്‍- സിലിണ്ടര്‍ എയര്‍- കൂള്‍ഡ് എന്‍ജിന്‍ ആണ് ജിടി 125ന് കരുത്തുപകരുന്നത്. രണ്ടിലും 220 എംഎം ഡിസ്‌ക് ബ്രേക്ക് ആണ് മുന്നിലുള്ളത്. പിന്നില്‍ 140എംഎം ഡ്രം ബ്രേക്ക് ആണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടു സ്‌കൂട്ടറുകള്‍ക്കും പുതിയ നിറങ്ങളും ഗ്രാഫിക്‌സും ലഭിച്ചിട്ടുണ്ട്.
◾ മഞ്ഞനിറമുള്ള ബാഡ്മിന്റണ്‍ പന്ത് മാനത്തേക്ക് പൊന്തുമ്പോള്‍ തുമ്പികള്‍ പാഞ്ഞടുത്ത് അതിനെ മുകളിലേക്കും ചുവട്ടിലേക്കും തെല്ലുനേരം പിന്‍തുടരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? കളിക്കുമ്പോള്‍ താന്‍ മുകളിലേക്കെറിഞ്ഞ പന്ത് ഇനിയും ചുവട്ടില്‍ വീണിട്ടില്ലെന്ന് ഡിലന്‍ തോമസ് പറയുമ്പോള്‍ മാനങ്ങള്‍ പെട്ടെന്നു മാറുകയായി. ചിലപ്പോള്‍ അതൊരു ചെപ്പടിവിദ്യക്കാരന്റെ പന്താണ്. പക്ഷേ, എല്ലാ എഴുത്തുകാരും ഡിലന്‍ തോമസിന്റെ പന്ത് എപ്പോഴെങ്കിലും താഴെ വീഴുമെന്ന് വിശ്വസിക്കുന്നു. അതു വീഴുന്നതുവരെയുള്ള ഉത്കണ്ഠ, വീഴുമോ ഇല്ലയോ എന്ന ഉത്കണ്ഠ അതാണെഴുത്ത്, എഴുത്തിന്റെ മനസ്സ്. ഞാന്‍ നാലും ആറും ആടുന്നത് ഡിലന്‍ തോമസിന്റെ പന്തുകൊണ്ടാണ്. ഏഴു കഥകളുടെ സമാഹാരം. 'ഡിലന്‍ തോമസിന്റെ പന്ത്'. മേതില്‍ രാധാകൃഷ്ണന്‍. മാതൃഭൂമി. വില 195 രൂപ.
◾ ലോകത്താകമാനം കോളറ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ധനവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയെങ്കിലും മരണസംഖ്യയില്‍ 30 ശതമാനത്തിന്റെ വന്‍ വര്‍ധനവുണ്ടായതായി സംഘടനയുടെ പുതിയ എപ്പിഡെമിയോളജിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1999-ന് ശേഷം ലോകത്ത് ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കോളറ മരണനിരക്കാണിത്. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള 47 രാജ്യങ്ങളില്‍ നിന്നായി 4,51,499 കോളറ കേസുകളും 7,870 മരണങ്ങളുമാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ആഫ്രിക്കന്‍ മേഖലയിലാണ് രോഗബാധ ഏറ്റവും ഗുരുതരമായി ബാധിച്ചത്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന വിബ്രിയോ കോളറേ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളില്‍ അഞ്ചില്‍ ഒന്നിലധികം ആശുപത്രികള്‍ക്ക് പുറത്താണ് സംഭവിച്ചത് എന്ന വസ്തുത, രോഗികള്‍ക്ക് യഥാസമയം ചികിത്സ ലഭ്യമാകുന്നതിലെ പോരായ്മ വെളിപ്പെടുത്തുന്നു. രോഗനിരീക്ഷണവും പ്രതിരോധ കുത്തിവെപ്പുകളും ശക്തമാക്കിയാല്‍ മാത്രമേ പ്രവണത മാറ്റിയെടുക്കാന്‍ കഴിയൂ. കോളറയ്ക്കൊപ്പം മറ്റ് രണ്ട് പകര്‍ച്ചവ്യാധികളായ മെനിഞ്ചൈറ്റിസ്, പ്ലേഗ് എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.15, പൗണ്ട് - 127.10, യൂറോ - 108.41, സ്വിസ് ഫ്രാങ്ക് - 116.00, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.01, ബഹറിന്‍ ദിനാര്‍ - 255.38, കുവൈത്ത് ദിനാര്‍ -311.78, ഒമാനി റിയാല്‍ - 250.42, സൗദി റിയാല്‍ - 25.63, യു.എ.ഇ ദിര്‍ഹം - 26.18, ഖത്തര്‍ റിയാല്‍ - 26.43, കനേഡിയന്‍ ഡോളര്‍ - 67.62.
Tags:
KERALA