ആരാമ്പ്രം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ബി.ജെ.പി.യുമായി ചേർന്ന് ഇ.ഡിയെയും വിജിലൻസിനെയും ഉപയോഗിച്ച് കള്ളക്കേസെടുക്കാനുള്ള വി.ഡി. സതീശൻ സർക്കാറിന്റെ നീക്കത്തിനെതിരെ സിപിഐഎം മടവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ആരാമ്പ്രത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചക്കാലക്കലിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുയോഗത്തിൽ ഏരിയ കമ്മിറ്റിയംഗം എ.പി. നെസ്തർ സംസാരിച്ചു. കേന്ദ്ര-സംസ്ഥാന തലത്തിൽ ബിജെപിയുമായി കൂട്ടുപിടിച്ച് സിപിഐഎം നേതാക്കളെ വേട്ടയാടാനാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്നും, ഇത്തരം പ്രതികാര രാഷ്ട്രീയ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ പരിപാടികൾക്ക് ലോക്കൽ സെക്രട്ടറി കെ. ബാലൻ, മുഹമ്മദ് മാസ്റ്റർ, അസ്വിൻദാസ്, മുഹമ്മദ് പുറ്റാൽ എന്നിവർ നേതൃത്വം നൽകി. ബ്രാഞ്ച് സെക്രട്ടറി ദിനേശൻ കോട്ടക്കാവയൽ യോഗത്തിൽ നന്ദി രേഖപ്പെടുത്തി.
Tags:
MADAVOOR