Trending

മാധ്യമ പ്രവര്‍ത്തകരെ കുഴിച്ചു മൂടാൻ ആഹ്വാനം ചെയ്ത വ്‌ളോഗര്‍ക്കെതിരേ പരാതി

മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചില്‍ ദുരന്തം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം നല്‍കിയ വ്‌ളോഗര്‍ക്കെതിരെ പരാതി. സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി നടത്തിയ നിസാം എന്ന വ്‌ളോഗര്‍ക്കെതിരെ കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് (KUWJ) മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നല്‍കി.

മണ്ണിടിച്ചില്‍ പോലെയുള്ള ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ അവിടെത്തന്നെ കുഴിച്ചുമൂടണം എന്നായിരുന്നു നിസാം എന്ന വ്‌ളോഗറുടെ വിവാദ ആഹ്വാനം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ ഈ കൊലവിളി നടത്തിയത്. ദുരന്തമുഖത്ത് പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരം അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നത് തികച്ചും അപലപനീയവും നിയമവിരുദ്ധവുമാണെന്ന് കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി.

മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തില്‍ കെയുഡബ്ല്യുജെ ഭാരവാഹികള്‍ മലപ്പുറം എസ്പിക്ക് നേരിട്ട് പരാതി കൈമാറുകയായിരുന്നു. സമൂഹത്തില്‍ ബോധപൂര്‍വം വിദ്വേഷം പടര്‍ത്താനും മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഭീഷണിയുണ്ടാക്കാനും ശ്രമിച്ച പ്രസ്തുത വ്‌ളോഗര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

Previous Post Next Post
3/TECH/col-right