2026 ഓഗസ്റ്റ് 5, ബുധന്‍
1201 കര്‍ക്കടകം 20, അശ്വതി
1448 സ്വഫർ 21
◾ പി.എസ്.സി നടത്തിയ ഇരുപതോളം പരീക്ഷകളെയും നിയമനങ്ങളെയും കുറിച്ചുള്ള പരാതികളില്‍ ക്രൈംബ്രാഞ്ച് പി എസ് സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. നൂറിലേറെപ്പേരാണ് പരാതിക്കാര്‍. ഒരു പരീക്ഷയെക്കുറിച്ച് അഞ്ചു പേരെങ്കിലും പരാതിക്കാരുണ്ട്. എല്‍ഡിഎഫ് ഭരണകാലത്ത് സംശയനിഴലിലുള്ള ഇരുപതോളം പരീക്ഷാ, നിയമനങ്ങളില്‍ പകുതിയിലും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായാണ് പരാതിക്കാരുടെ മൊഴി.
◾ പത്തു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കാസര്‍കോട്, ആലപ്പുഴ, വയനാട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കണ്ണൂര്‍ ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ക്ക് അവധിയില്ല.
◾ ചെങ്കടലില്‍ യെമന്‍ തീരത്തിനു സമീപം ഇന്ത്യന്‍ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ് നൂറെ ഒലിയ'ക്കു നേരെ പ്രൊജക്റ്റൈല്‍ ആക്രമണം. നിയന്ത്രണം വിട്ട കപ്പല്‍ തലകീഴായി മറിഞ്ഞ് കടലില്‍ മുങ്ങി. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യന്‍ നാവികരും ഒരു യെമന്‍ പൗരനുമുള്‍പ്പെടെ 14 ജീവനക്കാരെയും യെമന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ആക്രമണത്തെ കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോണോവാളും വിദേശകാര്യ മന്ത്രാലയവും അപലപിച്ചു.
◾ മഴയും വെള്ളപ്പൊക്കവുംമൂലം കാര്‍ഷിക മേഖലയിലും റാന്നിയിലെ വ്യാപാരികള്‍ക്കുമുണ്ടായ നഷ്ടവും പ്രശ്നങ്ങളും ഇന്നത്തെ മന്ത്രിസഭായോഗം പ്രത്യേകമായി ചര്‍ച്ച ചെയ്യുമെന്നും സഹായം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച മുഖ്യമന്ത്രി വി ഡി സതീശന്‍ ദുരിത ബാധിതരുടേയും വ്യാപാരികളുടെയും പരാതികള്‍ കേട്ടു. മന്ത്രിയും എംഎല്‍എമാരും വിളിച്ചാല്‍ വിളിപ്പുറത്ത് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ കാലവര്‍ഷക്കെടുതിയില്‍ 25 പേര്‍ മരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍. നാലു പേരെ കാണാതായി. പത്തു പേര്‍ക്ക് പരിക്കേറ്റു. 52 വീട് പൂര്‍ണ്ണമായും 565 വീട് ഭാഗികമായും തകര്‍ന്നു. 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,434 പേര്‍ കഴിയുന്നുണ്ട്.
◾ ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരട്ടചക്രവാതച്ചുഴിയും പടിഞ്ഞാറന്‍കാറ്റ് ശക്തമായതും മഴയുടെ ശക്തികൂട്ടും.
◾ പുറത്തു പറയാന്‍ പറ്റാത്ത എന്തു ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പോയി നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഒരു ഔദ്യോഗിക രേഖയിലും മുഖ്യമന്ത്രി ആരേയും കണ്ട വിവരം ഇല്ല. ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത്. ഓരോരോ കളവു പറഞ്ഞ് വസ്തുത മറച്ചുവക്കുകയാണെന്നും ഗോവിന്ദന്‍.
◾ ഗതാഗത വകുപ്പ് മന്ത്രി സിപി ജോണിന്റെ വിവാദ പരാമര്‍ശം നിന്ദ്യവും അവഹേളനപരവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേവലം നാക്കുപിഴയല്ലെന്നും സൗജന്യ യാത്ര നടത്തുന്ന സ്ത്രീകളുടെ ആത്മാഭിമാനത്തെ ചവിട്ടിമെതിക്കുന്നതാണെന്നും ക്ഷേമപദ്ധതികള്‍ ജനങ്ങളുടെ അവകാശമാണെന്നും സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും പിണറായി വിജയന്‍.
◾ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കു കൂടി ഹൈക്കോടതി ജാമ്യം നല്‍കി. രാഹുല്‍, വൈശാഖ്, അമല്‍, ലെനിന്‍ രാജ് എന്നിവര്‍ക്കാണു ജാമ്യം ലഭിച്ചത്. കഴിഞ്ഞദിവസം 9 പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
◾ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ആരംഭിച്ചു. കിഴക്കേനടയിലെ ക്യൂ കോംപ്ലക്സിന്റെ വടക്കേ അറ്റത്തെ വരിയാണ് വെര്‍ച്വല്‍ ക്യൂ ദര്‍ശനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബുക്ക് ചെയ്യാനുപയോഗിച്ച തിരിച്ചറിയല്‍ രേഖ തന്നെ കയ്യില്‍ കരുതണം.
◾ പിവി അന്‍വറിന് രഹസ്യങ്ങള്‍ ചേര്‍ത്തി നല്‍കിയ പൊലിസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. എസ്ഒജിയിലെ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റിയന്‍ എന്നിവരെയാണ് തിരിച്ചെടുത്തത്. മാവോയിസ്റ്റ് ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍വരെ ചോര്‍ത്തി നല്‍കിയെന്നായിരുന്നു കണ്ടെത്തല്‍.
◾ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍. ജില്ലയില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
◾ ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. പത്തനംതിട്ട ഓമല്ലൂര്‍ ഷട്ടര്‍ മുക്കിലുണ്ടായ അപകടത്തില്‍ എംഎല്‍എയ്ക്കും വാഹനത്തിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് എംഎല്‍എ സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാര്‍ വന്നിടിച്ചത്.
◾ സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിനു തയ്യാറാക്കുന്ന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്നുകൂടി അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2026 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് പട്ടികയില്‍ പേരു ചേര്‍ക്കാം.
◾ എയിംസ് തൃശൂരില്‍ വേണമെന്ന് സുരേഷ് ഗോപി എംപി. കേരളത്തില്‍ എയിംസ് വരും. എയിംസില്‍ ഉചിതമായ രാഷ്ട്രീയം ഉണ്ടാകും. എയിംസിന് വേണ്ടിയുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിനു നല്‍കിയിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒത്തു വരുന്ന സ്ഥലമാണ് വേണ്ടത്. 10 സ്ഥലങ്ങള്‍ തരാം എന്നാണ് ഒടുവില്‍ കെ മുരളീധരന്‍ പറഞ്ഞത്. സുരേഷ് ഗോപി പറഞ്ഞു.
◾ കണ്ണൂരിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ വീരമൃത്യു വരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് താരം ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയത്. ശനിയാഴ്ച ചെറുപുഴയില്‍ കാണാതായ നീന്തല്‍ പരിശീലകനായ രാജേഷിനെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സിബിഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. സിബിഐ ഉദ്യോഗസ്ഥര്‍ നിരന്തരം പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ഉപ്പുകണ്ടം സ്വദേശി ടി.യു. അരുണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
◾ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാസങ്ങളായി നടന്നിരുന്ന സമരം പിന്‍വലിച്ചു. സമരം നടത്തിയവര്‍ക്കെതിരേ പ്രതികാര നടപടികള്‍ സ്വീകരിക്കില്ലെന്ന ധാരണയോടെയാണു സമരം പിന്‍വലിച്ചത്.
◾ കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ വാഹനാപകടത്തില്‍ മരിച്ചു. മണ്ണഞ്ചേരി സ്വദേശി ദേവാനന്ദ് (27) ആണ് മരിച്ചത്.
◾ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ തീപിടുത്തം. മദര്‍ ആന്‍ഡ് ചൈല്‍ഡ് വിഭാഗത്തിന്റെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.
◾ ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിന്‍ പോള്‍(27)ആണ് മരിച്ചത്. എട്ടുമാസം മുമ്പാണ് ഷിജിന്‍ ദുബായില്‍ എത്തിയത്.
◾ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 22 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. കൂട്ടായി മാസ്റ്റര്‍പടി കകോച്ചിന്റെ പുരയ്ക്കല്‍ സഫാനെ(35)യാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
◾ ഫസല്‍ വധക്കേസില്‍ കാണാതായ തൊണ്ടിമുതല്‍ തിരിച്ചെത്തിയതിലും അന്വേഷണം. ഫസലിന്റെ രക്തം പുരണ്ട തൂവാല തിരിച്ചുകിട്ടിയതിലാണ് അന്വേഷണം. എറണാകുളം സിജെഎം കോടതി അന്വേഷണം നടത്തും. സിബിഐ പ്രത്യേക കോടതിയുടെതാണ് നിര്‍ദ്ദേശം.
◾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം എന്നിവയില്‍ അംഗത്വത്തിനുള്ള പ്രതിമാസ വേതന പരിധി 25,000 രൂപയാക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര ധനമന്ത്രാലയം അംഗീകാരം നല്‍കി. ഇതേസമയം, എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ ഇ- ഓഫീസ് സേവനങ്ങള്‍ ഇന്നു ലഭ്യമാകില്ലെന്ന് ഇപിഎഫ്ഒ അറിയിച്ചു. സിസ്റ്റം നവീകരണത്തിന്റെ ഭാഗമായാണ് സേവനങ്ങള്‍ നിര്‍ത്തുന്നത്.
◾ നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിന് അറസ്റ്റിലായ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് വിട്ടയച്ചു. റിമാന്‍ഡു ചെയ്യേണ്ടതില്ലെന്നും വിട്ടയക്കാമെന്നും തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതോടെയാണു വിട്ടയച്ചത്.
◾ വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പു നല്‍കാന്‍ പ്രധാനമന്ത്രി മോദി ആരാണെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോടാണു മാപ്പു പറയേണ്ടത്. പരീക്ഷാ ക്രമക്കേടുകളിലൂടെ വിദ്യാര്‍ത്ഥികളുടെ കരിയര്‍ തകര്‍ക്കുകയും സൈന്യത്തെ ഉപയോഗിച്ച് വിദ്യാര്‍ത്ഥി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതിന് മാപ്പപേക്ഷിക്കേണ്ടത് മോദിയാണ്. രാഹുല്‍ പറഞ്ഞു.
◾ അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ സന്യാസിമാരില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ആരോപണങ്ങള്‍ ഉന്നയിച്ച് ഉത്തര്‍ പ്രദേശിനെ അപകീര്‍ത്തിപ്പെടുത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
◾ നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു. 74 വയസായിരുന്നു. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രദീപ് റാവത്ത്, ഗജനിയിലെ വില്ലന്‍ വേഷത്തിലൂടെയാണ് കൂടുതല്‍ അറിയപ്പെട്ടത്.
◾ കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനത്തില്‍ മന്ത്രിസ്ഥാനം കിട്ടാത്തതിനു രാജി ഭീഷണി മുഴക്കിയ കോണ്‍ഗ്രസ് എംഎല്‍എമാരോടു രാജിവച്ചോളൂവെന്ന മറുപടിയുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. പാര്‍ട്ടിയാണ് പ്രധാനമെന്നും താനും മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടിട്ടും അച്ചടക്കത്തോടെ അധ്വാനിച്ചയാളാണെന്നും ശിവകുമാര്‍.
◾ മദ്രസകളില്‍നിന്ന് പഠിച്ചിറങ്ങുന്നവരില്‍ തീവ്രവാദസമാനമായ ചിന്താഗതിയുണ്ടാകുന്നതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. ചൊവ്വാഴ്ച വിധാന്‍ ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു യുപി ഉപമുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. സംഭവം വിവാദമായതോടെ സമാജ് വാദി പാര്‍ട്ടി(എസ്പി) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപമുഖ്യമന്ത്രിക്കെതിരേയും ബിജെപിക്കെതിരേയും രംഗത്തെത്തി.
◾ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍ അക്കൗണ്ടുകള്‍ കൈകാര്യംചെയ്യാന്‍ നാലാഴ്ചക്കുള്ളില്‍ എസ്.ഒ.പി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം. പരാതി പരിഹാരത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ സംവിധാനം തുടങ്ങണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
◾ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിന്‍. വിജയ് ഡമ്മി മുഖ്യമന്ത്രിയാണെന്നും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്നും സ്റ്റാലിന്‍. കാവേരി നദീജല വിഷയത്തിലെ സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനും ശ്രദ്ധതിരിക്കാനുമാണ് വിജയ് സര്‍ക്കാര്‍ ഉദയനിധിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
◾ ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ഡോ. എമ്മാടി വിഷ്ണു വര്‍ധന്‍ റെഡ്ഡിയെ നിയമിച്ചു.
◾ വിദ്യാഭ്യാസവിചക്ഷണനും 'ഡിവൈ പാട്ടീല്‍' ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയും മുന്‍ ഗവര്‍ണറുമായ ഡി.വൈ. പാട്ടീല്‍ എന്ന ധ്യാന്‍ദേവ് യശ്വന്ത്റാവു പാട്ടീല്‍ മഹാരാഷ്ട്രയിലെ കോലാപൂരിലെ വസതിയില്‍ അന്തരിച്ചു. 90 വയസായിരുന്നു.
◾ ആസാമില്‍ സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകരായ രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം വെടിവെച്ചു മരിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ ബലാനി പ്രേമാംബരം ആണ് ആക്രമണം നടത്തിയത്. സിആര്‍പിഎഫ് ജവാന്മാരായ വിഷ്ണുപ്രസാദ് ബാഗേല്‍, രാംനവാല്‍ സിങ് യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്.
◾ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കു വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിനു തൊട്ടു മുന്‍പാണ് സംഭവം.
◾ ഇറാനുമായി മാസങ്ങളായി തുടരുന്ന യുദ്ധത്തിനിടയില്‍ അമേരിക്കയുടെ പക്കലുള്ള ദീര്‍ഘദൂര ആക്രമണ മിസൈലുകളില്‍ വലിയ ഭാഗം ഉപയോഗിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ട്. കരയില്‍നിന്ന് തൊടുക്കാവുന്ന തന്ത്രപ്രധാന ആയുധങ്ങളായ 'എറ്റാകംസ്', പുതിയ തലമുറയില്‍പ്പെട്ട 'പ്രസിഷന്‍ സ്‌ട്രൈക്ക് മിസൈലുകള്‍' എന്നിവയുടെ വലിയ ശേഖരമാണ് അമേരിക്ക ഇറാന് എതിരായ ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചത്.
◾ വ്യാവസായിക വളര്‍ച്ചയുടെ സൂചികയായ മാനുഫാക്ചറിങ് പര്‍ച്ചേസിങ് മാനേജേഴ്‌സ് സൂചിക വന്‍ ഇടിവ് നേരിട്ടു. ജൂണിലെ 54.2 ല്‍ നിന്ന് ജൂലായില്‍ 53.5 ആയാണ് കുറഞ്ഞത്. അഞ്ചുവര്‍ഷത്തെ താഴ്ന്ന വളര്‍ച്ചാനിരക്കാണിത്. കോവിഡിന് ശേഷമുള്ള വിപണിയുടെ കുതിപ്പിന്റെ വേഗം കുറയുന്നുവെന്നതും ഉത്പാദന മേഖല മാന്ദ്യത്തിന്റെ നിഴലിലാണെന്നുമുള്ള സൂചനയാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്. സൂചിക 50ന് മുകളില്‍ തുടരുന്നത് മുന്നേറ്റത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും ദീര്‍ഘകാല ശരാശരിയായ 54.2ന് താഴേക്കെത്തിയത് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നു. 2021 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ വളര്‍ച്ചാ നിരക്കാണ് ഉത്പാദനമേഖലയില്‍ ഇപ്പോള്‍ പ്രകടമാകുന്നത്. വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതും ഓര്‍ഡറുകളിലുണ്ടായ കുറവുമാണ് സൂചികയെ താഴേക്കെത്തിച്ചത്. എന്നാല്‍, നിര്‍മാണ ചെലവ് അഞ്ച് മാസത്തെ താഴ്ന്ന നിരക്കിലെത്തിയത് ആശ്വാസകരമാണ്. അതേസമയം, ഗതാഗത ചെലവ് കൂടുന്നത് തിരിച്ചടിയുമാണ്.
◾ നിര്‍മിതബുദ്ധി സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നേട്ടവുമായി മലയാളിയുടെ എ.ഐ. സ്റ്റാര്‍ട്ടപ്പിനെ അമേരിക്കന്‍കമ്പനി 50 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നു. ഓര്‍ക്കാട്ടേരി സ്വദേശി നിര്‍മല്‍ നമ്പ്യാര്‍ ഉത്തരാഖണ്ഡ് സ്വദേശി ആദിത്യശര്‍മക്കൊപ്പം തുടങ്ങിയ സൂപ്പര്‍ മാനേജര്‍ എ.ജി.ഐ. എന്ന സ്റ്റാര്‍ട്ടപ്പാണ് യു.എസിലെ പ്രമുഖ 100 കമ്പനികളുടെ പട്ടികയിലുള്ള ഒരു കമ്പനി സ്വന്തമാക്കുന്നത്. ഒരുമാസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാകും. പ്രവര്‍ത്തനംതുടങ്ങി 15 മാസംകൊണ്ടാണ് ഇത്രയുംവലിയ നേട്ടം. ബഹുരാഷ്ട്ര കമ്പനികളുടെ പ്രോജക്ട് മാനേജ്‌മെന്റ്, നിര്‍വഹണം എന്നിവ എ.ഐ. ഏജന്റ്‌സിലൂടെ എളുപ്പമാക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്. നേരത്തെ ഒക്ലസ് എ.എ. എന്നായിരുന്നു പേര്. ഛണ്ഡീഗഢിലാണ് ആസ്ഥാനമെങ്കിലും ബെംഗളൂരുവിലും ഓഫീസുണ്ട്. നൂറോളം പ്രമുഖ കമ്പനികള്‍ നിലവില്‍ ഈ എ.ഐ. പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു.
◾ ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത 'ഡിസി' എന്ന ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ചെറിയ ദൈര്‍ഘ്യമുള്ള വീഡിയോ ആണെങ്കിലും ചിത്രത്തിന്റെ സ്വഭാവം എന്തെന്നത് കൃത്യമായി മനസിലാക്കി തരുന്നതാണ് പ്രൊമോ. മലയാളികളുടെയും പ്രിയങ്കരനായ തമിഴ് സംവിധായകന്‍ നായകനായി എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ യുഎസ്പി. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം ഏഴാം തീയതി തിയറ്ററുകളില്‍ എത്തും. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോള്‍, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്.സഞ്ജന കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
◾ പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഖലീഫ'. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 20ന് തിയേറ്ററുകളില്‍ എത്തും. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. സ്മാര്‍ട്ട് ആന്‍ഡ് മാസ് ലുക്കിലുള്ള പൃഥ്വിരാജ് ആണ് പോസ്റ്ററിലുള്ളത്. ദുബായില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ഖലീഫ' രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. 'മാമ്പറയ്ക്കല്‍ ആമിര്‍ അലി' എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോള്‍ 'മാമ്പറയ്ക്കല്‍ അഹമ്മദ് അലി'യായി മലയാളത്തിന്റെ ഇതിഹാസം മോഹന്‍ലാലാണ് അതിഥി വേഷത്തില്‍ എത്തുന്നത്. മാളവിക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. താരത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണ് ഖലീഫ. ജിനു എബ്രഹാമാണിന്റെതാണ് തിരക്കഥ.
◾ ഓഗസ്റ്റ് മാസത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വമ്പന്‍ ഓഫറുകളുമായി ഹ്യുണ്ടായി. കമ്പനിയുടെ ജനപ്രിയ 5 സീറ്റര്‍ സെഡാനായ വെര്‍ണയ്ക്ക് ഈ മാസം 95,000 രൂപ വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ മോഡല്‍ വാങ്ങുന്നവര്‍ക്ക് പരമാവധി 95,000 രൂപ വരെയും പുതിയ വെര്‍ണയ്ക്ക് 65,000 രൂപ വരെയും ആനുകൂല്യം ലഭിക്കും. ക്യാഷ് ഡിസ്‌കൌണ്ടിന് പുറമെ എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യം തുടങ്ങിയ ഓഫറുകളും ലഭ്യമായേക്കും. വെര്‍ണയില്‍ രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് ഹ്യുണ്ടായി നല്‍കുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ 115 ബി.എച്ച്.പി. കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നു. രണ്ടാമത്തെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 160 ബി.എച്ച്.പി. കരുത്ത് നല്‍കുന്നു. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിന്‍ ലിറ്ററിന് 18.6 മുതല്‍ 19.6 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. ടര്‍ബോ പെട്രോള്‍ പതിപ്പിന് 18.2 മുതല്‍ 20.6 കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത. ഹ്യുണ്ടായി വെര്‍ണയുടെ എക്‌സ് ഷോറൂം വില ഏകദേശം 11 ലക്ഷം രൂപ മുതല്‍ 17.48 ലക്ഷം രൂപ വരെയാണ്.
◾ ചിലപ്പോള്‍ വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ, അപ്രതീക്ഷിത നീക്കങ്ങളും വീണുകിട്ടുന്ന അവസരങ്ങളുംകൊണ്ട് കളിയില്‍ മനോഹരമായ വിജയങ്ങളുണ്ടാകാറുണ്ട്. അതുപോലെയാണ് യാത്രകളും. ഏറെ ആസൂത്രണങ്ങളും മുന്നൊരുക്കങ്ങളുമുണ്ടായാലും നമ്മള്‍ ഉദ്ദേശിച്ചപോലെയാകില്ല കാര്യങ്ങള്‍. പെട്ടെന്ന് തീരുമാനിച്ച്, കൈയില്‍ക്കിട്ടിയതു പെറുക്കിക്കൂട്ടി, കിട്ടിയത് കഴിച്ചും എത്തുന്നിടത്തു വിശ്രമിച്ചും നടത്തുന്ന യാത്രയാകും ചിലപ്പോള്‍ അവിസ്മരണീയമാകുക. സി.കെ. വിനീത് എന്ന ഇന്ത്യന്‍ ഫുട്‌ബോളറിന്റെ യാത്രാനുഭവത്തെ, ജനപദങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളും സമ്മിശ്ര ഗന്ധങ്ങളും താണ്ടി ഏത് ഉയരത്തിലേക്കും തൊടാന്‍, എത്രയകലത്തിലേക്കും പായാന്‍, ഊര്‍ജ്ജം കൈക്കൊണ്ട പന്തിനോടാണ് ഉപമിക്കുവാന്‍ തോന്നുന്നത്. മൈതാനങ്ങളുടെ വിടര്‍ച്ചയില്‍ കാല്‍കൊണ്ട് എഴുതിയവന് കടലാസിനേയും വരുതിയിലാക്കുവാന്‍ എത്ര നിസ്സാരമെന്ന് ബോദ്ധ്യപ്പെടുത്തുന്നു ഈ യാത്രാവിവരണം. 'ഒരു പന്തുകളിക്കാരന്റെ ഇന്ത്യന്‍ യാത്രകള്‍'. സി.കെ വിനീത്. മാതൃഭൂമി. വില 331 രൂപ.
◾ തണുപ്പു കൂടുമ്പോഴോ അല്ലാതെയോ പേശികളില്‍ കോച്ചിപ്പിടിത്തം ഉണ്ടാകാത്തവര്‍ വിരളം. മസില്‍ ക്രാംപ് എന്നാണ് വൈദ്യശാസ്ത്രം ഇതിനെ വിശേഷിപ്പിക്കുന്നത്. ആ സമയം അസഹ്യമായ വേദനയായിരിക്കും അനുഭവപ്പെടുക. ഉറക്കത്തിനിടെ പലപ്പോഴും വേദനയോടെ എഴുന്നേല്‍ക്കേണ്ട അവസ്ഥ വരെ ഉണ്ടാകാം. കാല്‍വണ്ണയുടെ പിന്നിലെ കാഫ് മസിലുകളെയാണ് ഇതു കൂടുതലായും ബാധിക്കുന്നത്. ഏത് പ്രായക്കാരിലും മസില്‍ ക്രാംപ്സ് ഉണ്ടാകാം. എന്നാല്‍ ഇതിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും അവ്യക്തമാണ്. കോച്ചിപ്പിടിത്തം ഉണ്ടായാല്‍ നാരങ്ങാവെള്ളത്തില്‍ അല്‍പം ഉപ്പും പഞ്ചസാരയും ചേര്‍ത്തു കഴിക്കുന്നതു ഫലപ്രദമാണ്. കോച്ചിപ്പിടിത്തമുണ്ടായ ഭാഗം സാവധാനം സ്ട്രെച്ച് ചെയ്യുന്നതു വളരെ ഗുണം ചെയ്യും. കോച്ചിപ്പിടിച്ച വശത്തിന്റെ എതിര്‍ദിശയിലേക്കാണ് സ്ട്രെച്ചു ചെയ്യേണ്ടത്. ഒന്നോ രണ്ടോ മിനിറ്റു സ്ട്രെച്ചു ചെയ്ത നിലയില്‍ തന്നെ തുടരാം. കോച്ചിപ്പിടിച്ച ഭാഗത്തു ചെറുതായി ചൂടോ തണുപ്പോ വയ്ക്കുന്നതും ഫലപ്രദമാണ്. ഐസ് പായ്ക്കും വയ്ക്കാം. ഇളംചൂടുവെള്ളത്തില്‍ കുളിക്കുന്നതും ഗുണം ചെയ്യും. കോച്ചിപ്പിടിത്തം വരുന്ന സമയത്തു മസാജ് ചെയ്യാം. മഗ്‌നീഷ്യം, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതു ഗര്‍ഭിണികളിലെ കോച്ചിപ്പിടിത്തം ലഘൂകരിക്കും. ലവണങ്ങളുടെ അപര്യാപ്തതയാണ് കാരണമെങ്കില്‍ അതിനു ഡോക്ടറുടെ നിര്‍ദേശത്തോടെ സപ്ലിമെന്റ്സ് കഴിക്കാം. ഒരേ പൊസിഷനില്‍ തുടരെ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യരുത്. കോച്ചിപ്പിടിത്തം കൂടെക്കൂടെ ഉണ്ടാകുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പരിശോധനകള്‍ ചെയ്യേണ്ടതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
അദ്ധ്യാത്മ രാമായണത്തിലെ ബാലകാണ്ഡത്തില്‍, സീതാ സ്വയംവരവേളയില്‍ ശിവധനുസ്സ് ഉയര്‍ത്താന്‍ ഒരുങ്ങുന്ന ശ്രീരാമന്റെ മുമ്പില്‍ പരശുരാമന്‍ എത്തി. അഹങ്കാരത്തോടെ അദ്ദേഹം ചോദിച്ചു: 'ഈ മൂന്നു ലോകങ്ങളിലും എന്നേക്കാള്‍ വലിയ രാമനുണ്ടോ?' എന്നാല്‍, ആ കൂടിക്കാഴ്ചയുടെ ഒടുവില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. പരശുരാമന്‍ തന്റെ അഹങ്കാരം തിരിച്ചറിഞ്ഞു... ശ്രീരാമനെ വണങ്ങി അനുഗ്രഹം വാങ്ങി മടങ്ങി. കാരണം, അറിവിന്റെ പൂര്‍ണത വിനയത്തിലാണ്; അഹങ്കാരത്തിലല്ല. ഇന്നും നമുക്കിടയില്‍, എന്നെക്കാള്‍ വലിയവരില്ല...' 'എനിക്ക് ശേഷമേ മറ്റുള്ളവര്‍...' എന്ന് കരുതുന്നവര്‍ കുറവല്ല. പക്ഷേ, ജീവിതം വീണ്ടും വീണ്ടും പഠിപ്പിക്കുന്ന ഒരു സത്യമുണ്ട്... ഈ ലോകത്തില്‍ ആരും അനിവാര്യരല്ല. ഒരാള്‍ ഒഴിഞ്ഞിടം, കാലം മറ്റൊരാളെക്കൊണ്ട് നിറയ്ക്കും. അഹങ്കാരം മനുഷ്യനെ ഉയര്‍ത്തുന്നില്ല... വിനയമാണ് ഉയരങ്ങളിലെത്തിച്ചാലും മനുഷ്യനായി നിലനിര്‍ത്തുന്നത്. ഓരോ ശവഘോഷയാത്രയും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഒരു സത്യമാണ്... മനുഷ്യര്‍ മാറും, തലമുറകള്‍ മാറും, പക്ഷേ ജീവിതം മുന്നോട്ടുതന്നെ പോകും. അതുകൊണ്ട്, സ്ഥാനത്തിലും കഴിവിലും അഭിമാനിക്കാം... പക്ഷേ, ഒരിക്കലും അഹങ്കരിക്കരുത്. - ശുഭദിനം.
Tags:
KERALA