2026 | ജൂണ്‍ 26 , വെള്ളി
1201 | മിഥുനം 12, വിശാഖം
◾ അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനകളില്‍നിന്നു കോടിക്കണക്കിനു രൂപയും വെള്ളിയും കൊള്ളയടിച്ച സംഭവത്തില്‍ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജന.സെക്രട്ടറി ചമ്പത് റായി രാജിവച്ചു. ട്രസ്റ്റിയായ അനില്‍ മിശ്രയും രാജി വച്ചു. ചമ്പത് റായി വിശ്വ ഹിന്ദു പരിഷത്ത് ഉപാധ്യക്ഷനാണ്. പണാപഹരണത്തിന് എട്ടു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
◾ കേന്ദ്രമന്ത്രിസഭ പുനസംഘടന അടുത്തയാഴ്ച നടന്നേക്കും. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങള്‍ തലസ്ഥാനത്ത് സജീവമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ച മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തല്‍.
◾ കേന്ദ്ര സര്‍ക്കാരും ലഹരിക്കെതിരേ ഓപറേഷന്‍ തൂഫാന്‍ ആരംഭിക്കുന്നു. കേരളത്തിലെ പദ്ധതിയാണ് കേന്ദ്രത്തിനു പ്രചോദനമായത്. ലഹരി വേട്ടയ്ക്ക് മൂന്നു വര്‍ഷം നീളുന്ന മാസ്റ്റര്‍ പ്ളാനാണു തയാറാക്കിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ.
◾ രാജ്യത്ത് വാണിജ്യ, ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അയവു വന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
◾ മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പിണറായി സര്‍ക്കാരിലേക്കും നീളുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സിഎംആര്‍എല്ലിന് നല്‍കിയ വഴിവിട്ട സഹായങ്ങളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു.
◾ മദ്യനയത്തില്‍ കൂടിയാലോചന ഇല്ലാതെ തീരുമാനമെടുക്കില്ലെന്ന് റവന്യൂ മന്ത്രി എ പി അനില്‍കുമാറും ആരോഗ്യ മന്ത്രി കെ. മരുളീധരനും. എല്‍ഡിഎഫ് ഭരണം ഒരാളില്‍ മാത്രം കേന്ദ്രീകരിച്ചതുപോലെയല്ല യുഡിഎഫ് തീരുമാനങ്ങളെടുക്കുകയെന്ന് അനില്‍കുമാര്‍ പറഞ്ഞു. നയപരമായ കാര്യങ്ങള്‍ മുന്നണിയിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാനത്ത് ജവാന്‍ മദ്യ ഉല്‍പാദനം നിലച്ചതില്‍ അട്ടിമറി സാധ്യത അടക്കം അന്വേഷിക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു. ജവാന്‍ ഉല്‍പാദനം നിര്‍ത്തിവച്ചത് മറ്റു മദ്യക്കമ്പനികള്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കാനാണോയെന്നും പരിശോധിക്കുന്നുണ്ടെന്നു മന്ത്രി.
◾ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിന് ബക്കാര്‍ഡിയുടെ കത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍വചനം ചോദിക്കുക മാത്രമായിരുന്നു താന്‍ ചെയ്തതെന്നും ആ ഫയല്‍ പിന്നീട് അനങ്ങിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾ വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുറയ്ക്കരുതെന്ന് എക്സ്സൈസ് കമ്മിഷണര്‍ ആയിരുന്ന ഋഷിരാജ് സിംഗ് 2018 ല്‍ നല്‍കിയ കത്ത് പുറത്ത്. വീര്യം കുറഞ്ഞ മദ്യം സ്‌കൂള്‍ കുട്ടികള്‍ ശീതള പാനീയം പോലെ ഉപയോഗിക്കുമെന്നു നികുതി സെക്രട്ടറി ആശ തോമസിന് അയച്ച കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത് വീര്യം കൂടിയ മദ്യത്തിലേക്കുള്ള ചവിട്ടു പടിയാകുമെന്നും കത്തില്‍ പറഞ്ഞിരുന്നു.
◾ കീം പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ ഫലപ്രഖ്യാപനം നടത്തും.
◾ മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്ലസ് വണ്ണിന് കൂടുതല്‍ സീറ്റും ബാച്ചും അനുവദിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. മൂന്നാം അലോട്ട്മെന്റിനു ശേഷം പാലക്കാട് മലപ്പുറത്തും സീറ്റ് ക്ഷാമം ഉണ്ടായേക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
◾ കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാന്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണെന്നും മയക്കുമരുന്ന് ലോബിയുടെ അടിവേര് തകര്‍ക്കാതെ പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.
◾ താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മറ്റി യോഗം ഇന്നലെ ചേര്‍ന്നുവെന്നും സ്ഥിരം കമ്മറ്റി താമസിയാതെ വരുമെന്നും എംഎല്‍എയും അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷനുമായ രമേശ് പിഷാരടി. സ്ഥിരം കമ്മറ്റിയുടെ ഭാരവാഹിത്വം താന്‍ ഏറ്റെടുക്കില്ലെന്നും രാജിവച്ചവരെ അമ്മയില്‍ തിരിച്ചെത്തിക്കുമെന്നും രമേശ് പിഷാരടി പറഞ്ഞു.
◾ വിയ്യൂര്‍ ജയിലിന് മുകളിലായി ഡ്രോണ്‍ പറന്നു. മൂന്നു തവണയാണ് ജയിലിന് മുകളില്‍ ഡ്രോണ്‍ പറന്നത്. കൊടും കുറ്റവാളികളടക്കമുള്ളവരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലാണിത്. ഡ്രോണ്‍ പറപ്പിച്ച ആളെ കണ്ടെത്താനായില്ല.
◾ തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയത്തിനു നീക്കവുമായി യുഡിഎഫ്. 101 അംഗങ്ങളുള്ള കൗണ്‍സിലില്‍ 50 അംഗങ്ങളുള്ള ബിജെപി ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണു ഭരിക്കുന്നത്. യുഡിഎഫ്- 20, എല്‍ഡിഎഫ്- 29 എന്നിങ്ങനെയാണു കക്ഷി നില. യുഡിഎഫ് വിമതനുമുണ്ട്. ബിജെപിയിലെ ഒരംഗം കാപ്പ കേസില്‍ ജയിലിലായതിനാല്‍ കേവല ഭൂരിപക്ഷം ഇല്ലാതെയാണു ഭരണം. ഇന്നു വൈകുന്നേരം നടക്കുന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുക്കും.
◾ തിരുവനന്തപുരം കോര്‍പറേഷനില്‍ അഞ്ചു വര്‍ഷത്തേക്ക് ബിജെപി ഏറ്റവും സേഫ് ആണെന്ന് മേയര്‍ വിവി രാജേഷ്. ഈ മാസം 29 ന് കൗണ്‍സില്‍ യോഗം നടക്കുമെന്നും പ്രതിപക്ഷത്തിന്റെ അവിശ്വാസം നേരിടുമെന്നും വിവി രാജേഷ് പ്രതികരിച്ചു. ഇന്നലത്തെ സംഘര്‍ഷത്തില്‍ കാലില്‍ പൊട്ടല്‍ ഇല്ലെന്നും ഡിസ്ലോക്കേഷന്‍ ഉണ്ടെന്നും ഡെപ്യൂട്ടി മേയര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും രാത്രിയോടെ ഡിസ്ചാര്‍ജ് ആയെന്നും മേയര്‍ പറഞ്ഞു.
◾ തിരുവനന്തപുരം കോര്‍പ്പറേഷനിലുണ്ടായ സംഘര്‍ഷം സിപിഎമ്മിന്റെ ഫ്രസ്ട്രേഷനില്‍ നിന്നും ഉണ്ടായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖരന്‍. അഴിമതി പുറത്തു വരുമ്പോള്‍ നടത്തുന്ന സംഘര്‍ഷമാണെന്നും സിപിഎമ്മിന്റെ അവസാന തെരഞ്ഞെടുപ്പാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളാട് പ്രതികരിച്ചു.
◾ തിരുവനന്തപുരം നഗരസഭയിലെ സംഘര്‍ഷത്തിലുള്ള പൊലീസ് എഫ്ഐആറില്‍ ഒന്നാം പ്രതിയായ സിപിഎം കൗണ്‍സിലറുടെ പേര് എസ് പി ദീപക്ക് എന്നതിനുപകരം ദീപക് ദേവ് എന്ന് പോലീസ് തെറ്റായി എഴുതി. എഫ്ഐആര്‍ തിരുത്തുമെന്ന് പൊലീസ് അറിയിച്ചു.
◾ വടകര മടപ്പള്ളി കോളേജിനു മുന്നില്‍ നിന്ന് ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റാത്തതു ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നു പരാതി. ബസ് ഇടിച്ച ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ കരിപ്പൂര്‍ വിമാനത്താവളംവഴി സ്വര്‍ണം കടത്തവേ പോലീസിന്റെ പിടിയിലായ പ്രതി കസ്റ്റംസിനെതിരെ മൊഴി നല്‍കി. കസ്റ്റംസുകാര്‍ പിടിക്കില്ലെന്ന് സ്വര്‍ണം കൊടുത്തു വിട്ടവര്‍ പറഞ്ഞിരുന്നതായി മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലമാണ് പൊലീസിനു മൊഴി നല്‍കിയത്. ഇന്നലെയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ അസ്ലമില്‍ നിന്നും ഒരു കിലോയിലധികം സ്വര്‍ണം പിടികൂടിയത്.
◾ വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും മാട്രിമോണി വഴി വിവാഹവാഗ്ദാനം നല്‍കിയും നിരവധി പേരില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ ചാവക്കാട് സ്വദേശി പി കെ സലീമിനെയാണ് (48) മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2025ല്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഇയാളെ ചെങ്ങന്നൂര്‍ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
◾ അന്ത്യോദയ അന്നയോജന റേഷന്‍ കാര്‍ഡിനുള്ള ധാന്യവിഹിതം കുറയ്ക്കാനുള്ള നീക്കം റേഷന്‍ വിതരണത്തിലെ അസമത്വം ഇല്ലായ്മ ചെയ്യാനെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ന്യായീകരണം. അംഗസംഖ്യ പരിഗണിക്കാതെ ഒരു കുടുംബത്തിന് 35 കിലോ അരിയെന്നത് അസമത്വം ഉണ്ടാക്കുന്നുവെന്നും കൂടുതല്‍ അംഗങ്ങുള്ള കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കാനാണ് പുതിയ ഭേദഗതിയെന്നുമാണ് കേന്ദ്രം വിശദീകരിക്കുന്നത്.
◾ അയോധ്യ രാമക്ഷേത്രത്തില്‍ സംഭാവനയും കാണിക്കയും എണ്ണിയവര്‍ സ്ഥിരമായി പണം മോഷ്ടിച്ച് കടത്തിയെന്നു പോലീസ്. സിസിടിവി ദൃശ്യങ്ങളില്‍ ഇതിന് തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. പണം കൈകാര്യം ചെയ്യാന്‍ എസ്ബിഐ നിയോഗിച്ച സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരുടെ പങ്കും അന്വേഷിച്ചു വരികയാണ്.
◾ കമിതാക്കളായ യുവാവിനെയും യുവതിയെയും കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ അശോക്നഗറിലാണ് സംഭവം. അശോക് നഗര്‍ സ്വദേശികളായ ഋതിക് സോണി (26), മസ്‌കന്‍(24) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
◾ ക്രെയിനില്‍ 40 അടി ഉയരത്തിലേക്ക് ഉയര്‍ത്തിയ വാനില്‍ പടക്കങ്ങള്‍ കുത്തിനിറച്ച് പൊട്ടിത്തെറിപ്പിച്ച് മുഹറം ഘോഷയാത്ര. മധ്യപ്രദേശിലെ ഉജ്ജയിനിലെ ബദ്നഗറിലാണ് സംഭവം. ആള്‍ക്കൂട്ടത്തിനിടയിലാണ് 40 അടി ഉയരത്തില്‍ കരിമരുന്നു സ്ഫോടനം നടത്തിയത്. നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
◾ തമിഴ്നാട്ടില്‍ ഡിഎംകെ- സിപിഎം പോര് രൂക്ഷമായി. പിണറായിയെ ചാരിയാണ് സിപിഎമ്മിനെതിരെ ഡിഎംകെ മുഖപത്രം തന്നെ രംഗത്തെത്തിയത്. തമിഴ്നാട് സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മുരശൊലിയില്‍ ലേഖനപരമ്പര തുടങ്ങി. വിഴിഞ്ഞം ചടങ്ങില്‍ മോദിക്കും അദാനിക്കുമൊപ്പം പിണറായി നില്‍ക്കുന്ന ചിത്രവുമായാണ് മുരശൊലിയില്‍ ലേഖനം പ്രസിദ്ധീകരിച്ചത്.
◾ ടിവികെയില്‍ ചേരാനിരിക്കെ മണ്ഡലത്തിലെ വീടുകളിലേക്ക് സമ്മാനങ്ങളുമായി മുന്‍ മന്ത്രി സി.വിജയഭാസ്‌കര്‍. ഒരു സ്ററീല്‍ കണ്ടെയ്നറും മധുരപലഹാരവും പേനയും നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള കത്തുമാണ് പുതുക്കോട്ട വീരാളിമല മണ്ഡലത്തിലെ വീടുകളില്‍ രാവിലെ എത്തിയ മുന്‍ മന്ത്രിയുടെ സമ്മാനപൊതിയിലുള്ളത്.
◾ ക്ഷേത്ര ദര്‍ശനം കഴിഞ്ഞിറങ്ങിയ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ശശി ചന്ദ്‌നക്ക് തെരുവില്‍ അലഞ്ഞു നടന്നിരുന്ന പശുവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ വെനസ്വേലയിലെ ഇരട്ട ഭൂചലനത്തില്‍ 235 മൃതദേഹങ്ങള്‍ കണ്ടെത്തി. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 200 ലധികം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 1,500 ലധികം പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. പതിനായിരത്തിലേറെ പേരെ കാണാനില്ല. മരണസംഖ്യ പതിനായിരങ്ങളാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
◾ സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ അനുമതി നല്‍കുന്ന നിയമ പരിഷ്‌കരണത്തിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. ചൊവ്വാഴ്ച ജിദ്ദയില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ചരിത്രപരമായ നിയമ നിര്‍മാണം നടത്തിയത്.
◾ പാകിസ്ഥാന്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ പ്രസിഡന്റിനെ വെയിലത്ത് നിര്‍ത്തി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് കുടക്കീഴില്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായി. നയതന്ത്ര മര്യാദയുടെ ലംഘനമെന്ന് വിമര്‍ശനം ഉയരുമ്പോഴും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ണായക ചര്‍ച്ചകളും ഈ സന്ദര്‍ശനത്തില്‍ നടന്നു.
◾ ഹോര്‍മൂസില്‍ ഗതാഗതം സാധാരണ നിലയില്‍ ആകാന്‍ ഏതാനും ആഴ്ചകള്‍ കൂടി എടുക്കും. ഇതോടെ ക്രൂഡ് ഓയില്‍ വില ഇനിയും താഴുമെന്നാണ് വിലയിരുത്തല്‍. പക്ഷെ പെട്രോള്‍ ഡീസല്‍ വിലകള്‍ ആനുപാതികമായി കുറക്കുന്ന കാര്യത്തില്‍ എണ്ണകമ്പനികള്‍ തീരുമാനം എടുത്തിട്ടില്ല.
◾ ലോക കപ്പ് ഫുട്ബോളിന്റെ ഗ്രൂപ് ഡിയില്‍ അമേരിക്കയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു തുര്‍ക്കി തകര്‍ത്തു. വിജയിച്ചെങ്കിലും ആദ്യ രണ്ടു മത്സരങ്ങളില്‍ തോറ്റ തുര്‍ക്കി ലോകകപ്പില്‍ നിന്ന് പുറത്തായി. മൂന്നാം മിനിറ്റില്‍ ഓസ്റ്റന്‍ ട്രസ്റ്റിയുടെ ഗോള്‍ മികവില്‍ അമേരിക്ക മുന്നിലെത്തിയെങ്കിലും ഓര്‍ക്കാന്‍ കോക്ച്ചുവിന്റേയും യുവതാരം ആര്‍ദ ഗുള്ളറിന്റെയും ഗോള്‍ മികവില്‍ തുര്‍ക്കി മുന്നേറി. അമേരിക്കന്‍ ഗോള്‍ മുഖത്തേക്കു നിരന്തരം ആക്രമണങ്ങള്‍ നടത്തിയ തുര്‍ക്കി മുപ്പത്തൊന്നാം മിനിറ്റിലാണ് ആല്‍പര്‍ ഇല്‍മാസിലൂടെ തങ്ങളുടെ ലീഡ് രണ്ടായി ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷം അമേരിക്കയ്ക്ക് വേണ്ടി സെബാസ്റ്റ്യന്‍ ബെര്‍ഹാള്‍ട്ടര്‍ ഗോള്‍ നേടി സമനിലപിടിച്ചു. കളി തീരാന്‍ സെക്കന്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഐഹാന്റെ ഗോള്‍ഡന്‍ ഗോള്‍ പിറന്നത്. തോറ്റെങ്കിലും ഗ്രൂപ് ചാമ്പ്യന്മാരാണ് അമേരിക്ക. നോക്കൗട്ടില്‍ ബോസ്നിയയാണ് അമേരിക്കയുടെ എതിരാളികള്‍.
◾ ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ ബ്രസീല്‍ ജപ്പാനെ നേരിടും. ഗ്രൂപ്പ് എഫില്‍ സ്വീഡനുമായി സമനില വഴങ്ങി രണ്ടാം സ്ഥാനക്കാരായാണ് ജപ്പാന്‍ യോഗ്യത നേടിയത്. അതേസമയം ടുണീഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്‌സ് അടുത്ത റൗണ്ടില്‍ മൊറോക്കോയെ നേരിടും.
◾ ഗ്രൂപ്പ് ഡിയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ പരാഗ്വായെ ഗോള്‍രഹിത സമനിലയില്‍ ഒതുക്കി നോക്കൗട്ട് ഉറപ്പിച്ച് ഓസ്‌ട്രേലിയ. അതേസമയം മികച്ച എട്ട് ടീമുകളില്‍ഒന്നായി നോക്കൗട്ട് ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നോക്കൗട്ടിന് വിജയം അനിവാര്യമായിരുന്ന പാരഗ്വായ്.
◾ ഗ്രൂപ്പ് ഐയില്‍ ഫ്രാന്‍സും- നോര്‍വെയും നേര്‍ക്കുനേര്‍. രാത്രി 12.30 ന് നടക്കുന്ന മത്സരത്തില്‍ ഇരു ടീമുകളും ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ചാണ് എത്തുന്നത്.
◾ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ ഇപ്പോഴത്തെ ആകെ മൂല്യം 86 ലക്ഷം കോടി രൂപ(908 ബില്യണ്‍ ഡോളര്‍). തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 97 ലക്ഷം കോടി രൂപയായിരുന്നു. മൂല്യത്തില്‍ ഇടിവുണ്ടായെങ്കിലും, പട്ടികയിലുള്ള 500 കമ്പനികളുടെ ആകെ മൂല്യത്തിന്റെ 27 ശതമാനവും ഈ 10 കമ്പനികളുടെ പക്കലാണെന്ന് ഏറ്റവും പുതിയ 'ആക്സിസ് ബാങ്ക് - ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 19.36 ലക്ഷം കോടി രൂപയുടെ മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എച്ച്.ഡി.എഫ്.സി ബാങ്ക് രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഭാരതി എയര്‍ടെല്‍, 11.5 ലക്ഷം കോടി രൂപയുടെ മൂല്യവുമായി മൂന്നാം സ്ഥാനത്തെത്തി. ഐ.സി.ഐസി.ഐ ബാങ്ക് 9 ലക്ഷം കോടി രൂപയിലധികം വിപണി മൂല്യത്തോടെ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബജാജ് ഫിനാന്‍സ് മൂല്യം 5.83 ലക്ഷം കോടി രൂപയിലെത്തിയതോടെ ആറാം സ്ഥാനത്തേക്ക് മുന്നേറി. അഞ്ച് വര്‍ഷത്തിനിടെ 36 ശതമാനം മൂല്യം നഷ്ടപ്പെട്ട ഇന്‍ഫോസിസ് ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നു.
◾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇന്ത്യയിലെ നിക്ഷേപകര്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. പ്രമുഖ ആഗോള ബാങ്കായ എച്ച്.എസ്.ബി.സി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ സമ്പന്നരായ നിക്ഷേപകരില്‍ 86 ശതമാനം പേരും തങ്ങളുടെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ക്കായി എഐ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സാങ്കേതികവിദ്യയുടെ സഹായം തേടുമ്പോഴും നിക്ഷേപങ്ങളുടെ അന്തിമ തീരുമാനം എടുക്കുന്നതില്‍ ഇപ്പോഴും മനുഷ്യരായ സാമ്പത്തിക ഉപദേശകര്‍ക്ക് തന്നെയാണ് മുന്‍തൂക്കമെന്ന് എച്ച്എസ്ബിസി നടത്തിയ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. 73 ശതമാനം എന്ന ആഗോള ശരാശരിയേക്കാള്‍ വളരെ കൂടുതലാണിത്. എന്നിരുന്നാലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വെറും 15 ശതമാനം പേര്‍ക്ക് മാത്രമാണ് എഐയില്‍ പൂര്‍ണ്ണ വിശ്വാസമുള്ളൂ. നിക്ഷേപകര്‍ എഐയോട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ടിപ്സും ചോദിക്കാന്‍ തയ്യാറാണെങ്കിലും തങ്ങളുടെ പണത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ എഐയെ പൂര്‍ണ്ണമായി ഏല്‍പ്പിക്കാന്‍ അവര്‍ ഇനിയും തയ്യാറായിട്ടില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.
◾ അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ 'നാഗബന്ധത്തി'ന്റെ ട്രെയ്‌ലര്‍ ഇതിനോടകം 30 മില്യണ്‍ കാഴ്ചക്കാരെ നേടി. ചിത്രം ജൂലൈ 3 ന് ആഗോള റിലീസായി എത്തും. വിരാട് കര്‍ണ്ണ നായകനായി എത്തുന്ന ചിത്രം പുരാതന രഹസ്യങ്ങള്‍, മറഞ്ഞിരിക്കുന്ന നിധികള്‍, ദിവ്യശക്തികള്‍, മറന്നുപോയ ഇതിഹാസങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ആണ് കഥ പറയുന്നത്. ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കുന്ന ബ്രഹ്‌മാണ്ഡ നിര്‍മ്മാണ സ്‌കെയിലില്‍, ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാന്‍-ഇന്ത്യന്‍ കാഴ്ചയായി ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ വ്ലാഡ് റിംബര്‍ഗ് ആണ് ഈ ചിത്രത്തിനായി വമ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ സംവിധാനം ചെയ്തിരിക്കുന്നത്. നഭാ നടേഷ്, ഐശ്വര്യ മേനോന്‍, ദക്ഷ നാഗര്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശര്‍മ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
◾ ഇന്ത്യന്‍ സിനിമയുടെ തന്നെ ഗതി മാറ്റിയ ചിത്രമാണ് ബാഹുബലി. പരമ്പരയിലെ രണ്ട് ചിത്രങ്ങളും വലിയ ഹിറ്റുകളായിരുന്നു. പാന്‍ ഇന്ത്യന്‍ സിനിമ എന്ന പ്രയോഗം തന്നെ ആരംഭിക്കുന്നത് ബാഹുബലിയോടെയാണ്. ബാഹുബലിയുടെ പിന്നാമ്പുറ കഥകള്‍ പറയുന്ന നെറ്റ്ഫ്‌ളിക്‌സിന്റെ ഡോക്യുമെന്ററിയാണ് ബാഹുബലി: ദ ടോര്‍ച്ച്‌ബെയറര്‍. ബാഹുബലിയ്‌ക്കൊരു മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചന നല്‍കുകയാണ് ഡോക്യുമെന്ററി. ചിത്രത്തിലെ പ്രധാന താരങ്ങളായ പ്രഭാസും അനുഷ്‌ക ഷെട്ടിയും റാണ ദഗ്ഗുബട്ടിയും തമ്മിലുള്ള സംസാരമാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. 'ലോകം ഇതുവരെ തയ്യാറായിട്ടില്ലായിരിക്കാം. പക്ഷെ ബഹുബലി വരും' എന്നാണ് റാണ പറയുന്നത്. പിന്നാലെ പ്രഭാസും അനുഷ്‌കയും ബാഹുബലി എന്ന് ആവേശത്തോടെ പറയുന്നുണ്ട്. ഇതിനിടെ പ്രഭാസ് മൂന്ന് വിരല്‍ ഉയര്‍ത്തി കാണിക്കുന്നുണ്ട്. ലെഗസി തുടരുന്നു എന്ന വാക്കുകളോടെയാണ് ഡെക്യുമെന്ററി അവസാനിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ബാഹുബലിയ്‌ക്കൊരു മൂന്നാം ഭാഗം സംഭവിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോള്‍.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ തങ്ങളുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി പീക്കിന്റെ യുകെയിലെ വിലയും സവിശേഷതകളും പുറത്തുവിട്ടു. ഈ ബ്രാന്‍ഡിന്റെ ഇന്നുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഇലക്ട്രിക് വാഹനമാണ് ഈ സെവന്‍ സീറ്റര്‍ എസ്യുവി. ഫോക്‌സ്വാഗണ്‍ ഗ്രൂപ്പിന്റെ എംഇബി ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാഹനം. സെപ്റ്റംബര്‍ മുതല്‍ യുകെയില്‍ വില്‍പനയ്ക്കെത്തുന്ന ഇതിന്റെ പ്രാരംഭ വില ഏകദേശം 60 ലക്ഷം വരും. ഒരു സ്‌കോഡ ഇവിയില്‍ ഇതുവരെ ഘടിപ്പിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബാറ്ററിയായ 86 കിലോവാട്ട്അവര്‍ ബാറ്ററി പാക്കാണ് ഇതിന് കരുത്ത് പകരുന്നത്. ഉപഭോക്താക്കള്‍ക്ക് യഥാക്രമം '90', '90എക്സ്' എന്നി പേരുകളിലുള്ള റിയര്‍-വീല്‍-ഡ്രൈവ് , ഓള്‍-വീല്‍-ഡ്രൈവ് പതിപ്പുകള്‍ തെരഞ്ഞെടുക്കാം. ഇതിന്റെ പവര്‍ ഔട്ട്പുട്ട് 286 ബിഎച്പി മുതല്‍ 300ബിഎച്പി വരെയാണ്. ഡ്രൈവിങ് റേഞ്ച് പരമാവധി 627 കിലോമീറ്റര്‍ വരെ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
◾ കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്‍ക്കിടയിലെ നേര്‍ത്ത വിരലോട്ടങ്ങളില്‍ പകര്‍ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്‍വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്ന ചില അടുപ്പങ്ങളുണ്ട്.., 'മ്മക്കൊരു കാപ്പി കുടിച്ചാലോ' എന്ന ചോദ്യത്തില്‍ പുഞ്ചിരിയാകുന്നത്..! മധുരമില്ലാത്ത കടുംകാപ്പിയില്‍ നിറങ്ങള്‍ ചാലിക്കാന്‍ ചില മനുഷ്യര്‍ക്ക് മായികതയുണ്ട്, ഒപ്പം ഓര്‍മ്മയില്‍ മധുരമാവാനും... കോരിച്ചൊരിയുന്ന പുതുമഴയില്‍ ഒരു കടുംകാപ്പി കുടിച്ചുതീര്‍ത്ത നിര്‍വൃതി സമ്മാനിക്കുന്നു ഈ ഓര്‍മ്മ. 'ഓര്‍മ്മയിലെ കടുംകാപ്പി'. രണ്ടാം പതിപ്പ്. നിമ്മി പി ആര്‍. ഗ്രീന്‍ ബുക്സ്. വില 96 രൂപ.
◾ സാധാരണയില്‍ കൂടുതല്‍ മുടി കൊഴിയുകയോ, മുടിയുടെ കട്ടി കുറഞ്ഞു വരുന്നതായി തോന്നുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ചില കാരണങ്ങളുണ്ടാകാം. പാരമ്പര്യവും ചില രോഗങ്ങളും ഇതിന് കാരണമാകാമെങ്കിലും, നമ്മള്‍ അറിയാതെ ചെയ്യുന്ന ചില ദൈനംദിന ശീലങ്ങള്‍ മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കും. മുടി നന്നായി വളരുന്നതിന് പ്രോട്ടീനുകള്‍, അയണ്‍, സിങ്ക്, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങള്‍ ആവശ്യമാണ്. പെട്ടെന്ന് തടി കുറയ്ക്കാനായി കഠിനമായ ഡയറ്റിംഗ് നോക്കുകയും കലോറി കുറയ്ക്കുകയും ചെയ്യുമ്പോള്‍ അത് മുടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു. വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തെറ്റിക്കുകയും മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. മുടി മുറുക്കിക്കെട്ടുന്നത് മുടിയുടെ വേരുകള്‍ക്ക് കേടുപാടുകള്‍ വരുത്തും. സ്ഥിരമായി ഹീറ്റിംഗ് ടൂളുകള്‍ ഉപയോഗിക്കുന്നതും കെമിക്കല്‍ ട്രീറ്റ്മെന്റുകള്‍ ചെയ്യുന്നതും മുടിയുടെ സ്വാഭാവിക ഘടന നശിക്കാന്‍ കാരണമാകും. തലയോട്ടിയില്‍ അമിതമായി എണ്ണമയം പറ്റിപ്പിടിക്കുന്നത്, അന്തരീക്ഷത്തിലെ പൊടിയും അഴുക്കും, ഹെയര്‍ സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവ അടിഞ്ഞുകൂടുന്നത് തലയോട്ടിയില്‍ ചൊറിച്ചിലിനും അണുബാധയ്ക്കും കാരണമാകും. ഇത് മുടിയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നു. തൈറോയ്ഡ് പ്രശ്നങ്ങള്‍, വിളര്‍ച്ച, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അല്ലെങ്കില്‍ കഴിക്കുന്ന മറ്റ് മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ കൊണ്ടാണോ മുടി കൊഴിയുന്നത് എന്ന് തിരിച്ചറിയാന്‍ ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.48, പൗണ്ട് - 124.79, യൂറോ - 107.58, സ്വിസ് ഫ്രാങ്ക് - 116.80, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 65.09, ബഹറിന്‍ ദിനാര്‍ - 251.71, കുവൈത്ത് ദിനാര്‍ -305.17, ഒമാനി റിയാല്‍ - 245.72, സൗദി റിയാല്‍ - 25.25, യു.എ.ഇ ദിര്‍ഹം - 25.75, ഖത്തര്‍ റിയാല്‍ - 26.01, കനേഡിയന്‍ ഡോളര്‍ - 66.55.
Tags:
KERALA