എളേറ്റിൽ: റോഡ് നവീകരണ പ്രവൃത്തികൾ അനിശ്ചിതമായി നീളുന്ന പരപ്പൻ പൊയിൽ - പുന്നശ്ശേരി റോഡിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന റോഡിന്റെ പാർശ്വഭിത്തികളെക്കുറിച്ച് എളേറ്റിൽ ഓൺലൈനിൽ വാർത്ത പുറത്തു വന്നതോടെ ബന്ധപ്പെട്ട വകുപ്പ് അധികാരികൾ ഉണർന്നു.
പഴയകാലത്ത് നിർമ്മിച്ച കെട്ടുകൾ ബലക്ഷയത്താൽ പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയിലായിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി കാര്യം ബോധ്യപ്പെട്ടപ്പോൾ കുണ്ടുങ്ങരപ്പാറയിലെ റോഡിന്റെ സംരക്ഷണഭിത്തി പുനർനിർമാണ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു.
തീർത്തും അപകടാവസ്ഥയിലായിരുന്ന റോഡിന്റെ പാർശ്വഭാഗങ്ങൾ ഇടിഞ്ഞുതാഴ്ന്ന് വലിയൊരു ദുരന്തത്തിന് വഴിയൊരുക്കുന്ന രീതിയിലായിരുന്നു ഇതുവരെയുണ്ടായിരുന്ന സാഹചര്യം. നവീകരണത്തിനായി മണ്ണ് നീക്കുന്ന ജോലി തുടങ്ങിയപ്പോൾ റോഡിന്റെ വശം ഇടിഞ്ഞെങ്കിലും അപകടമൊന്നും സംഭവിച്ചില്ല.
ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് ഇടിയുമോ എന്ന ഭയത്തിലായിരുന്നു പ്രദേശവാസികൾ. ഇപ്പോൾ ജോലികൾ അതിവേഗം പുരോഗമിക്കുന്നതിൽ നാട്ടുകാർക്ക് അല്പം ആശ്വാസമുണ്ട്. മഴ ശക്തമാകുന്നതിന് മുൻപ് തന്നെ പണി തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർമാണ ജോലികൾ നടക്കുന്നതിനാൽ ഈ ഭാഗത്തു ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ഡ്രൈവർമാരും, യാത്രക്കാരും നിർമാണ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
അതേ സമയം പന്നിക്കോട്ടൂർ കുണ്ടത്തിൽ ഭാഗത്ത് ഒരു വശത്തുകൂടെ കടത്തിവിട്ടിരുന്ന വാഹനഗതാഗതം കലുങ്കിൻ്റെ കോൺക്രീറ്റ് പൂർത്തിയായ മറുവശത്തേക്ക് മാറ്റിയതിനാൽ തൽക്കാലം അപകട അവസ്ഥയിൽ നിന്ന് രക്ഷ നേടിയിട്ടുണ്ട്. കലുങ്കിൻ്റെ പണി മറുവശത്ത് പൂർത്തിയാകുന്ന മുറക്ക് സംരക്ഷണഭിത്തിയുടെ പുനർനിർമാണവും നടക്കും എന്ന് പ്രതീക്ഷിക്കാം.
Tags:
ELETTIL NEWS