Trending

ജില്ലാതല അന്താരാഷ്ട്ര യോഗദിനാഘോഷം ശ്രദ്ധേയമായി.

കോഴിക്കോട്: ദേശീയ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 12-ാമത് അന്താരാഷ്ട്ര യോഗദിനാഘോഷം ജില്ലയിൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പരിപാടി ബഹു :കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ. ജയന്ത് ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലഘട്ടത്തിൽ യോഗയും ശ്വസന വ്യായാമങ്ങളും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കുവഹിച്ചതായി ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇന്നത്തെ സമ്മർദപൂർണമായ ജീവിത സാഹചര്യങ്ങളിൽ യോഗ പോലുള്ള ആരോഗ്യശീലങ്ങൾ കൂടുതൽ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന പി. ത്യാഗരാജ് സ്വാഗതം പറഞ്ഞു. എന്തു തിരക്കുകൾക്കിടയിലും അര മണിക്കൂർ ദിവസവും യോഗയ്ക്ക് വേണ്ടി മാറ്റി വയ്ക്കും എന്ന് പ്രസിഡന്റ് പറഞ്ഞു. അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ ഐ.എ.എസ്. മുഖ്യാതിഥിയായി പങ്കെടുത്തു . സിവിൽ സർവീസ് പരിശീലന കാലത്ത് ആരംഭിച്ച യോഗാഭ്യാസം തന്റെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിച്ചതിൻ്റെ അനുഭവങ്ങൾ അവർ പങ്കുവെച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി) ഡോ. ഹന്നാ യാസ്മിൻ വയലിൽ,ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. വി. കെ.ലീന തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുനീർ എരവത്ത്, വാർഡ് കൗൺസിലർ എ. സഫറി, ജില്ലാ പഞ്ചായത്ത്‌  പൊതുമരാമത്ത്  സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ കെ  ബാലാമണി ടീച്ചർ, എസ്പി.സി ജില്ലാ കോർഡിനേറ്റർ മഹേഷ് ബാബു, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ബി.ജെ.സോണി ,എ.ഇ.ഒ. എ.സി മൃദുല  തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർഥികൾ, അധ്യാപകർ, ആരോഗ്യപ്രവർത്തകർ, യോഗ പരിശീലകർ, പൊതുജനങ്ങൾ എന്നിവർ കൂട്ടായ യോഗാഭ്യാസത്തിൽ പങ്കാളികളായി. 40 ഓളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അവരുടെ സുരക്ഷാ കോർഡിനേറ്റർമാരും, ആർ.ഇ.സി. ജി.എച്ച്.എസ്.എസ്., ജി.എച്ച്.എസ്.എസ്. എൻ.ജി.ഒ. ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ നിന്നുള്ള 40 ഓളം എൻ.എസ്.എസ്. വളണ്ടിയർമാരും പരിപാടിയുടെ ഭാഗമായി. 

200 ഓളം ആയുഷ് യോഗ ക്ലബ് മെമ്പർമാർ, കൂടാതെ ആയുർവേദ,ഹോമിയോപ്പതി വകുപ്പ് ജീവനക്കാർ, നാഷണൽ ആയുഷ് മിഷന് കീഴിൽ ഉള്ള യോഗ ട്രെയിനർമാർ എന്നിവരുൾപ്പെടെ 450 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ജൂൺ 14 മുതൽ തന്നെ ബോധവത്കരണ പരിപാടികൾ, കൂട്ടായ യോഗ പരിശീലനങ്ങൾ, ഓൺലൈൻ സെഷനുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ആഗോള ഓൺലൈൻ യോഗ പരിപാടിയിലും നിരവധി പേർ പങ്കാളികളായി.

യോഗ ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ യോഗാഭ്യാസത്തിന് പിന്നാലെ ജില്ലയിലെ വിവിധ യോഗ ക്ലബുകളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച യോഗ ഡാൻസ് പരിപാടിയിൽ ജി.എ.ഡി. അഴിയൂർ, ഉള്ളിയേരി, നന്മണ്ട, കടലുണ്ടി, ചെങ്ങോട്ടുകാവ്, അണ്ടിക്കോട്, ജി.എച്ച്.ഡി. അത്തോളി, ഡി.എച്ച്.എച്ച്. കോഴിക്കോട് എന്നീ സ്ഥാപനങ്ങളിലെ യോഗ ക്ലബ് അംഗങ്ങൾ പങ്കാളികളായി. അംഗങ്ങളിൽ ഭൂരിഭാഗവും 50 വയസ്സിന് മുകളിൽ പ്രായം ഉള്ള സ്ത്രീകൾ ആണെന്നത് മറ്റൊരു പ്രത്യേകതയായി.

പ്രൊവിഡൻസ് സ്കൂൾ 
എസ്.പി.സി. കോർഡിനേറ്റർ എൻ. പ്രിയങ്ക നന്ദി രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right