പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസം ആഘോഷങ്ങൾക്ക് തുടക്കമായി. വിദ്യാരംഗം കലാ സാഹിത്യ വേദിയും മലയാളം വിഭാഗവും സംസ്കൃത വിഭാഗവും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കുട്ടികൾ നടത്തിയ അസംബ്ലി ആയിരുന്നു വായനാദിനത്തിലെ മുഖ്യ ആകർഷണം.
ഹെഡ്മാസ്റ്റർ പി കെ മഹേഷ് വായനദിന സന്ദേശം നൽകി. പ്രതിജ്ഞയും കലാപരിപാടികളും വിദ്യാർഥികൾ അവതരിപ്പിച്ചു. കെ അബ്ദുൽ ലത്തീഫ്, കെ അബ്ദുസലീം, ഇ സൈറ, പി പ്രശാന്ത് കുമാർ, വി പി വിന്ധ്യ എന്നിവർ സംസാരിച്ചു.
ഷോട് ഫിലിം തയ്യാറാക്കൽ, പി ജയചന്ദ്രൻ അനുസ്മരണ ഗാനാലാപനം, കാവ്യ ചിത്രം, അഭിനയം, സാഹിത്യ രചനാ മത്സരങ്ങൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രശ്നോത്തരി, കഥാരചന ശില്പശാല തുടങ്ങി ധാരാളം മത്സരങ്ങൾ വരും ദിവസങ്ങളിൽ നടക്കും. എല്ലാ ആഴ്ചയും അധ്യാപകരും വിദ്യാർത്ഥികളുമൊപ്പം പുസ്തക ചർച്ചയും നടത്തും.
Tags:
EDUCATION