Trending

പ്രധാന വാർത്തകൾ

2026  ജൂണ്‍ 21 ,ഞായര്‍ 
1201  മിഥുനം 7, പൂരം
1448  മുഹർറം 05

◾  ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ലബനനിലും ഗാസയിലും ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഇറാന്‍ ഹോര്‍മുസ് അടച്ചത്. ലെബനന്‍ ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ഇറാന്‍ ആരോപിച്ചു. തങ്ങളുടെ മരവിപ്പിച്ച സ്വത്തുക്കള്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാനുള്ള നീക്കത്തെയും ഇറാന്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇതേസമയം, അമേരിക്ക-ഇറാന്‍ ചര്‍ച്ച ഇന്നു സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇറാന്‍ സ്പീക്കര്‍ എം ബി ഗാലിബാഫും ചര്‍ച്ചയില്‍ പങ്കെടുക്കും. പാക്, ഖത്തര്‍ സംഘവും പങ്കെടുക്കും.

◾  ചോദ്യപേപ്പര്‍ ചോര്‍ന്നതുമൂലം റദ്ദാക്കിയ നീറ്റ് പരീക്ഷ ഇന്ന്. പരീക്ഷാ ഹാളില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളുമായി നാഷണല്‍ ടെസ്റ്റിങ്ഏജന്‍സി. 23 ലക്ഷം വിദ്യാര്‍ത്ഥികളാണു മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം തേടി പരീക്ഷ എഴുതുന്നത്.

◾  കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎമ്മിനുവേണ്ടി അട്ടിമറിക്കാന്‍ സഹായിച്ച അന്നത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 2024 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും കോണ്‍ഗ്രസ് വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു കള്ളവോട്ടു ചെയ്യാന്‍ പൊലീസ് ഒത്താശ നല്‍കിയെന്ന പരാതിയിലാണ് അന്വേഷണം.



◾  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി ഡി സന്തോഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടു കത്തു നല്‍കിയത് അയാള്‍ക്കെതിരേ പരാതി ലഭിച്ചതിനാലാണെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍. ശബരിമലയിലെ 2025 ലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് സന്തോഷിനെതിരെ വിവിധ സംഘടനകള്‍ അടക്കമുള്ളവരുടെ പരാതിയുണ്ടെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.

◾  മുന്‍ എക്സൈസ് മന്ത്രി എം ബി രാജേഷ് ആഘോഷത്തോടെ പ്രഖ്യാപിച്ച പുതിയ 'മിന്നല്‍ മാജിക്ക്' ബ്രാന്‍ഡി മദ്യം പുറത്തിറക്കണമോയെന്ന് വിശദമായ ആലോചനയ്ക്കുശേഷം മാത്രമേ തീരുമാനിക്കൂവെന്ന് എക്സൈസ് മന്ത്രി എം ലിജു. എല്‍ഡിഎഫ് സര്‍ക്കാര്‍ 17 കോടി രൂപ ചെലവിട്ട് പുതിയ മെഷിനറികള്‍ സ്ഥാപിച്ചിരുന്നു.

◾  വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു. ജവാന്‍ നിര്‍മ്മാണം കുറഞ്ഞത് കെടുകാര്യസ്ഥതയുടെ ഫലമാണെന്നും ഇക്കാര്യത്തില്‍ ട്രാവന്‍കൂര്‍ ഷുഗേഴ്സിന് വീഴ്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

◾  വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിനെതിരേ വിമര്‍ശനവുമായി താമരശ്ശേരി ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

◾  കിഫ്ബി കാലോചിതമായി പുനരാവിഷ്‌കരിക്കണമെന്ന് ജി സുധാകരന്‍ എംഎല്‍എ. കിഫ്ബി ഇല്ലാതാക്കുന്നത് ബുദ്ധിയല്ല. സമാന്തര സര്‍ക്കാരാകാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോഴാണ് വിമര്‍ശനം വന്നത്. വന്‍കിട പദ്ധതികള്‍ എല്ലാം നടപ്പാക്കിയത് കിഫ്ബി വഴിയാണ്. തലപ്പത്ത് റിട്ടയേഡ് ഐഎഎസുകാരനെ നിയമിച്ചത് തെറ്റാണ്. സര്‍ക്കാര്‍ കിഫ്ബിയെ നവീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

◾  ബജറ്റില്‍ ഫണ്ട് വകയിരുത്താത്ത ലൈഫ് പദ്ധതിയില്‍ പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കുമെന്നും മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. എന്നാല്‍ പ്രതികാരബുദ്ധിയോടെ പദ്ധതിയെ സമീപിക്കില്ലെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

◾  സംസ്ഥാനത്ത് 13,187 പേര്‍ക്കുകൂടി പനി ബാധിച്ചു. നിപയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവായത് ആശ്വാസം നല്‍കുമ്പോള്‍, 13 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതും എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

◾  കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മന്ത്രിസ്ഥാനം രാജിവച്ചേക്കും. കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍, കേരളത്തില്‍ സംഘടനാ ചുമതലയിലേക്ക് മടങ്ങാനുള്ള താല്‍പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

◾  മില്‍മയടക്കമുള്ള പ്രമുഖ പാല്‍ ഉല്‍പ്പന്ന സ്ഥാപനങ്ങളുടെയും മറ്റ് ബിസിനസ്സ് ബ്രാന്‍ഡുകളുടെയും ഔദ്യോഗിക പേരും ലോഗോയും വ്യാജമായി നിര്‍മ്മിച്ച് വാട്‌സ്ആപ്പ് വഴി പണം തട്ടുന്ന സൈബര്‍ സംഘങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു. ആകര്‍ഷകമായ സമ്മാനങ്ങളുമായി വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവര്‍ കനത്ത സാമ്പത്തിക തട്ടിപ്പിനിരയാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

◾  നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തില്‍, മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കരുതെന്ന് ഡിഎംഇ സര്‍ക്കുലര്‍ പുറത്തിറക്കി. മുന്‍പ് നടന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി, വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ തന്നെ തുടരണമെന്ന് നിര്‍ദ്ദേശമുണ്ട്. പരീക്ഷാര്‍ത്ഥികള്‍ക്കായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളും പുതിയ അഡ്മിറ്റ് കാര്‍ഡും എന്‍ടിഎ പുറത്തിറക്കിയിട്ടുണ്ട്.

◾  യുവ സംരംഭകന്റെ കെട്ടിടത്തിലേക്കു വൈദ്യുതി കിട്ടാന്‍ അയ്യായിരം രൂപകൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂര്‍ കെഎസ്ഇബി സബ് ഡിവിഷന്‍ എഞ്ചിനീയര്‍ പിടിയില്‍. തഴുത്തല സ്വദേശി നസീറിനെയാണ് പിടികൂടിയത്.

◾  എന്‍എസ്എസിനു 175 കോടി രൂപയുടെ ബജറ്റ്. ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതടക്കമുള്ള പദ്ധതികളുമായി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ച ബജറ്റ് പാസാക്കി.

◾  കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട കര്‍ണാടക സ്വദേശി സന്തോഷ് കുമാറിനായി തെരച്ചില്‍ തുടരുന്നു. കൊട്ടിയൂര്‍ ദര്‍ശനം കഴിഞ്ഞെത്തിയ സന്തോഷും മൂന്ന് സുഹൃത്തുക്കളും ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കടലില്‍ ഇറങ്ങിയത്. തിരയില്‍ പെട്ട ഒരാളെ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് ബീച്ചിലെത്തി രക്ഷാ ദൗത്യം ഏകോപിപ്പിച്ചു.

◾  പത്തനംതിട്ട എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിലെ പീഡനക്കേസില്‍ മൂന്നു പ്രതികളും പിടിയില്‍. മാനേജര്‍ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. എലോഹിം ആരാധനാലയത്തിന് കീഴിലുള്ള സ്നേഹ തണല്‍ വൃദ്ധസദനത്തില്‍ വെച്ചായിരുന്നു 17 കാരന്‍ ഉള്‍പ്പെടെ മാര്‍ദ്ദനമേറ്റത്.

◾  പേരാമ്പ്ര കൂത്താളിയില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. പഞ്ചായത്ത് ജീവനക്കാരി ശ്വേതയ്ക്കാണ് പരിക്കേറ്റത്.

◾  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശന്‍ രാജിവെക്കണമെന്ന് എസ്എന്‍ഡിപി സംരക്ഷണസമിതി ചെയര്‍മാര്‍ എസ് ചന്ദ്രസേനന്‍.

◾  കവിയും പത്മശ്രീ ജേതാവുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസായിരുന്നു.

◾  പാലക്കാട് തൃക്കടീരിയില്‍ ജെസിബി കഴുകുന്നതിനിടെ മോട്ടോറില്‍ നിന്നും ഷോക്കടിച്ച് യുവാവ് മരിച്ചു. വീരമംഗലം ഒടുവങ്ങാട്ടില്‍ സ്വദേശി അബൂബക്കര്‍ സിദ്ധിക്ക് (33) ആണ് മരിച്ചത്.

◾  കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ക്രോക്ക്റോച്ച് ജനതാ പാര്‍ട്ടി ഡല്‍ഹി ജന്തര്‍ മന്തറില്‍ ഇന്നലെ രാവിലെ ആരംഭിച്ച പ്രതിഷേധം ഇന്നു രാവിലെ വരെ നീട്ടി. രാത്രിയിലും സമരം തുടരാന്‍ അനുമതിക്കായി കത്തു നല്‍കിയെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു. സമരക്കാരെ സമ്മര്‍ദത്തിലാക്കാന്‍ പോലീസ് പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങള്‍ എത്തിക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. തങ്ങളെ അറസ്റ്റു ചെയ്തോളൂവെന്ന് സിജെപി നേതാവ് അഭിജിത് ദീപകെ പോലീസിനോടു പറഞ്ഞു.  

◾  അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സംഭാവനകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വന്‍ ക്രമക്കേട് നടന്നെന്ന ആരോപണങ്ങള്‍ക്കിടയില്‍, ക്ഷേത്രത്തിന്റെ 60 കിലോഗ്രാം വെള്ളി കട്ടകള്‍ കാണാതായതായി റിപ്പോര്‍ട്ട്. 'പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ രാംലല്ലയ്ക്ക് സമര്‍പ്പിച്ച ഈ വെള്ളി കട്ടകളാണു കാണാതായത്.

◾  തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് കല്യാണ മണ്ഡപങ്ങളും വാണിജ്യ സമുച്ചയങ്ങളും നിര്‍മ്മിക്കാനുള്ള മുന്‍ ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനം വിജയിന്റെ ടിവികെ സര്‍ക്കാര്‍ റദ്ദാക്കി. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന് കീഴില്‍ സംസ്ഥാനത്തുടനീളം നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന 246 കോടിയോളം രൂപയുടെ 46 പദ്ധതികളുടെ ഭരണാനുമതിയാണ് റദ്ദാക്കിയത്.

◾  എം കെ സ്റ്റാലിന്റെ ഡിഎംകെ കൈവിട്ട് മുസ്ലിം ലീഗും. കോണ്‍ഗ്രസിനും സിപിഎമ്മിനും പിറകേ, ഡിഎംകെയുമായി ഉണ്ടായിരുന്ന സഖ്യം ഉപേക്ഷിക്കുന്നതായി ലീഗ് പ്രഖ്യാപിച്ചു. ചെന്നൈയില്‍ ചേര്‍ന്ന ലീഗ് സംസ്ഥാന നേതൃയോഗത്തിന് ശേഷമാണ് പ്രഖ്യാപനം.

◾  തൃണമൂല്‍ കോണ്‍ഗ്രസിന്റെ 440 കോടിയോളം രൂപ നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പാര്‍ട്ടിയിലെ വിമത എംഎല്‍എമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസിന്റെ ഈ നടപടി. ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് വിമതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

◾  തന്റെ കാമുകിയും കാമുകിയുടെ സഹോദരനും ചേര്‍ന്ന് തന്നെയും പിതാവ് ലാലുപ്രസാദ് യാദവിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന് ജെജെഡി പ്രസിഡന്റ് തേജ് പ്രതാപ് യാദവ് പോലീസില്‍ പരാതി നല്‍കി. കാമുകി അനുഷ്‌ക യാദവ്, അവളുടെ സഹോദരന്‍ ആകാശ് യാദവ് എന്നിവരുള്‍പ്പെടെ എട്ട് പേര്‍ക്കെതിരേയാണു പരാതി.

◾  ഭാര്യയുടെ കൊലയാളികളെ കണ്ടെത്തൂ, ഇല്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്നു സോഷ്യല്‍ മീഡിയയിലൂടെ ഒരു യുവാവിന്റെ കരച്ചിലും ആത്മഹത്യാ ഭീഷണിയും. ബിഹാറിലെ മുസാഫര്‍പൂരില്‍ നടന്ന ദുരഭിമാനക്കൊലയിലെ പ്രതികളെ പിടികൂടിയത് ഈ വീഡിയോ പുറത്തുവന്നതിനു പിറകേയാണ്. വ്യത്യസ്ത ജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന് 19 കാരിയായ സുജാത കുമാരിയെ സ്വന്തം കുടുംബാംഗങ്ങള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പോലീസ് കുടുംബാംഗങ്ങളെ അറസ്റ്റു ചെയ്തു.

◾  ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ അല്‍ ജസീറ അറബിക് ചാനലിന്റെ ക്യാമറാമാന്‍ അഹമ്മദ് വിഷ്വ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അല്‍-ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലുള്ള അദ്ദേഹത്തിന്റെ വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അഹമ്മദ് വിഷ്വയുടെ ഭാര്യയും മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ നിരവധി പേര്‍ കൊല്ലപ്പെട്ടു.

◾  ഇസ്രായേലും ഹിസ്ബുല്ലയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനു പിറകേ, ദക്ഷിണ ലെബനനില്‍ ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം. ആക്രമണത്തില്‍ ലെബനനിലെ ഒരു സൈനികന്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു.

◾  ഹോര്‍മൂസ് കടലിടുക്ക് തുറന്ന ഒറ്റ ദിവസംകൊണ്ട് കടന്നുപോയത് 55 കപ്പലുകള്‍. 17 ലക്ഷം ബാരല്‍ എണ്ണയുമായാണ് ഈ കപ്പലുകള്‍ ഹോര്‍മൂസ് കടന്നുപോയത്. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡാണ് ഇക്കാര്യം അറിയിച്ചത്.  

◾  ഇന്ധന സബ്സിഡി വെട്ടിക്കുറച്ചതിനെതിരേ 50 ദിവസമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ ബൊളീവിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് റോഡ്രിഗോ പാസ് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് ആഹാരം, ഇന്ധനം, മരുന്നുകള്‍ എന്നിവയ്ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

◾  റോം നഗരത്തിനു 12 മൈല്‍ അകലെയുള്ള കാസ്റ്റല്‍ ഡി ഗൈഡോ എന്ന ഗ്രാമത്തില്‍ നിധി വേട്ടക്കാര്‍ നടത്തിയ ഖനനത്തിനിടെ റോമന്‍ സാമ്രാജ്യ കാലത്തെ കൊട്ടാരം കണ്ടെത്തി. മനോഹരമായ മൊസൈക് തറകളും അപൂര്‍വ്വ ശില്പങ്ങളും അടങ്ങുന്നതാണ് നിര്‍മ്മിതി. രാത്രി സംശയകരമായി ഖനനം നടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതോടെയാണ് ഖനനം പിടികൂടിയത്. ഇവിടെനിന്ന് നിധി മോഷ്ടിക്കപ്പെട്ടോയെന്ന് വ്യക്തമല്ല.

◾  അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ഉടമ്പടിയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പാകിസ്ഥാനും ഖത്തറും വൈകിയത് അവിടങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലാത്തതിനാലാണെന്നു പരിഹാസവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്.

◾  അപൂര്‍വ്വയിനം ആമകളുടെ സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച പ്രശസ്ത മറൈന്‍ ഇക്കോളജിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകയുമായ മോന ഖലീല്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മോന ഖലീല്‍ (77) ചികില്‍സയിലായിരുന്നു. ദക്ഷിണ ലെബനനിലെ ടൈര്‍ നഗരത്തിന് സമീപമുള്ള വസതിയിലായിരുന്നു അന്ത്യം.

◾  യുഎസ്-ഇറാന്‍ സമാധാന കരാറിനെത്തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ വിലക്കുറവിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സര്‍ക്കാര്‍ ഇന്ധനവില കുത്തനെ കുറച്ചു. പെട്രോളിന് ലിറ്ററിന് 74 രൂപയും ഹൈ-സ്പീഡ് ഡീസലിന് 67 രൂപയുമാണ് കുറച്ചത്.

◾  യുദ്ധംമൂലം യുഎഇയില്‍ കുടുങ്ങിപ്പോയവര്‍ക്ക് പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവുകള്‍ ജൂലൈ 9 വരെ പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍. വിസ കാലാവധി കഴിഞ്ഞവര്‍ക്കും അനുമതിയില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ജൂണ്‍ 10 മുതല്‍ തന്നെ ഈ ഗ്രേസ് പീരിയഡ് ആരംഭിച്ചുകഴിഞ്ഞു.

◾  യുഎഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നല്‍കുന്ന ബിഎല്‍എസ് കേന്ദ്രങ്ങള്‍ ജൂണ്‍ 25 മുതല്‍ പുതിയ അപ്പോയിന്‍മെന്റുകള്‍ നല്‍കില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇത്തരം സേവനങ്ങള്‍ക്കു പുതിയ കമ്പനി ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായാണു നടപടി.

◾  ലോകകപ്പ് ഫുട്ബോളില്‍ ഐവറി കോസ്റ്റിനെതിരെ ജര്‍മ്മനിക്ക് ഒന്നിനെതിരേ രണ്ടു ഗോളിന്റെ തകര്‍പ്പന്‍ വിജയം. വിജയത്തോടെ ജര്‍മ്മനി ടൂര്‍ണമെന്റിന്റെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കി. 21 ാം മിനിറ്റില്‍ ജര്‍മ്മനിയുടെ അലക്സാണ്ടര്‍ പാവ്‌ലോവിച്ച് ഗോള്‍ നേടിയെങ്കിലും ഫൗള്‍മൂലം ഗോള്‍ നിഷേധിക്കപ്പെട്ടു. 30 ാം മിനിറ്റില്‍ ഐവറി കോസ്റ്റിന്റെ അമദ് ഡിയാലോ എടുത്ത ഷോട്ട് ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ തട്ടിയകറ്റിയെങ്കിലും, റീബൗണ്ടില്‍ ക്യാപ്റ്റന്‍ ഫ്രാങ്ക് കെസ്സി ഗോളാക്കി. 68 ാം മിനിറ്റില്‍ ഡെനിസ് ഉന്ദാവിലൂടെ ജര്‍മ്മനി സമനില പിടിച്ചു. എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിലാണ് ജര്‍മ്മനി വിജയഗോള്‍ നേടിയത്. എന്‍മെച്ചയുടെ ലോങ് പാസ് ഡെനിസ് ഉന്ദാവ് ഐവറി കോസ്റ്റിന്റെ വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു.

◾  ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ സ്വീഡനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് നെതര്‍ലന്‍ഡ്സ്. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ബ്രയാന്‍ ബ്രോബിയുടെയും കോഡി ഗാക്പോയുടെയും ഇരട്ടഗോള്‍ കരുത്തിലാണ് ഡച്ച് പട വന്‍ വിജയം സ്വന്തമാക്കിയത്. കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ സമ്മര്‍വില്ലിയുടെ വകയായിരുന്നു നെതര്‍ലന്‍ഡ്സിന്റെ അഞ്ചാം ഗോള്‍. സ്വീഡനായി ആന്റിണി എലാംഗ ആശ്വാസ ഗോള്‍ നേടി.

◾  ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പേര് ഫുട്ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത് എന്നാക്കി മാറ്റുന്നു. ഈ നിര്‍ദേശത്തിന് ഫെഡറേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി.

◾  അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയവുമായി ഏകദിന പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 219 റണ്‍സിന്റെ വിജയലക്ഷ്യം രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 28.4 ഓവറില്‍ അടിച്ചെടുത്തു. 86 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുട ടോപ് സ്‌കോറര്‍.

◾  ഓഹരി വിപണിയില്‍ കേവലം സാമ്പത്തിക ലാഭത്തിനപ്പുറം ധാര്‍മ്മികതയ്ക്കും സുതാര്യതയ്ക്കും മുന്‍ഗണന നല്‍കുന്ന നിക്ഷേപകര്‍ക്കായി പുതിയ സൂചിക അവതരിപ്പിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. ബിഎസ്ഇയുടെ ഇന്‍ഡെക്സ് സേവന വിഭാഗമായ ബിഎസ്ഇ ഇന്‍ഡെക്സ് സര്‍വീസസ് ലിമിറ്റഡാണ് രാജ്യത്തെ ആദ്യത്തെ 'സാത്വിക്' സൂചിക പുറത്തിറക്കിയത്. 'ബിഎസ്ഇ സാത്വിക് 100' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സൂചിക, മൂല്യാധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക്  പ്രാധാന്യം നല്‍കുന്നവര്‍ക്കായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ ഇഎസ്ജി അധിഷ്ഠിത നിക്ഷേപങ്ങളോട് താല്പര്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബിഎസ്ഇയുടെ ഈ നീക്കം. മൂല്യാധിഷ്ഠിത നിക്ഷേപകര്‍ക്ക് അവരുടെ തത്വങ്ങള്‍ക്കനുസൃതമായ കമ്പനികളെ കണ്ടെത്താന്‍ ഇത് സഹായിക്കും. ബിഎസ്ഇ 500 സൂചികയിലെ കമ്പനികളില്‍ നിന്നാണ് സാത്വിക് സൂചികയിലേക്കുള്ള 100 കമ്പനികളെ തിരഞ്ഞെടുക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ക്കും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ക്കും ഈ സൂചികയെ അടിസ്ഥാനമാക്കി പുതിയ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിക്കാം.

◾  ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെയുള്ള ആഗോള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി നേരിട്ടുള്ള മത്സരത്തിന് ഒരുങ്ങി റിലയന്‍സ് ജിയോ. ഇന്ത്യയ്ക്കായി ഒരു ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റ് കോണ്‍സ്റ്റലേഷന്‍ വികസിപ്പിച്ച് ഉപഗ്രഹ വാര്‍ത്താവിനിമയ രംഗത്തേക്ക് പ്രവേശിക്കാനുള്ള പദ്ധതികള്‍ ജിയോ പ്രഖ്യാപിച്ചു. നിലവില്‍ ആഗോള സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് വിപണിയില്‍ സ്റ്റാര്‍ലിങ്കാണ് മുന്‍പന്തിയില്‍. സ്റ്റാര്‍ലിങ്കിന് ഭ്രമണപഥത്തില്‍ ഏകദേശം 10,634 സജീവ ഉപഗ്രഹങ്ങളുണ്ട്. കൂടാതെ ലോകമെമ്പാടുമായി ഏകദേശം 12 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് അവര്‍ സേവനം നല്‍കുന്നു. ആമസോണിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് പ്രോജക്ടായ 'പ്രോജക്റ്റ് കൈപ്പറിന്' ഏകദേശം 367 ഉപഗ്രഹങ്ങളും ഭാരതി എന്റര്‍പ്രൈസസിന്റെ പിന്തുണയുള്ള 'യൂട്ടല്‍സാറ്റ് വണ്‍വെബിന്' ഏകദേശം 654 ഉപഗ്രഹങ്ങളുമുണ്ട്. ഫോണ്‍ കോളുകള്‍ക്കിടയില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന എഐ അസിസ്റ്റന്റായി 'ജിയോ കോള്‍ ഏജന്റ്' സേവനവും കമ്പനി പ്രഖ്യാപിച്ചു.

◾  പൃഥ്വിരാജ് സുകുമാരനും കരീന കപൂര്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ചിത്രമായ 'ദായ്റ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2026 സെപ്റ്റംബര്‍ 18ന് തിയറ്ററുകളിലെത്തും. ജംഗിള്‍ പിക്ചേഴ്സും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോലീസ് വേഷത്തിലാണ് പ്രിഥ്വിരാജ് എത്തുന്നത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ത്രില്ലര്‍ ചിത്രമായ 'ദായ്റ'യുടെ തിരക്കഥ യാഷ് കെസ്വാനി, സീമ അഗര്‍വാള്‍, മേഘ്ന ഗുല്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 'റാസി', 'തല്‍വാര്‍' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കുശേഷം മേഘ്ന ഗുല്‍സാറും ജംഗിള്‍ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കുറ്റകൃത്യം, നീതി, ശിക്ഷ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന 'ദായ്റ'യില്‍ കരീന കപൂര്‍ ഖാനും പൃഥ്വിരാജ് സുകുമാരനും ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

◾  'നേരം', 'പ്രേമം' എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കുശേഷം നിവിന്‍ പോളിയും അല്‍ഫോന്‍സ് പുത്രനും വീണ്ടും ഒന്നിക്കുന്നു. നിവിന്‍ പോളിയുടെ അന്‍പതാം സിനിമയായാകും ഈ അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ഒരുങ്ങുക. സിനിമയുടെ ൈടൈറ്റില്‍ ലോഞ്ച് വരുന്ന 27-ാം തിയതി പത്മ തിയറ്ററില്‍ വച്ച് രാവിലെ പത്ത് മണിക്ക് നിര്‍വഹിക്കും. ബൈക്ക് റേസിങുമായി ബന്ധപ്പെട്ടാകും സിനിമയുടെ കഥയെന്ന് സൂചനയുണ്ട്. 'ഗോള്‍ഡിനു' ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണിത്. മുമ്പുള്ള സിനിമകളിലേതു പോലെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളര്‍ ഗ്രേഡിങ് എന്നിവയും അല്‍ഫോന്‍സ് തന്നെയാകും. അല്‍ഫോന്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നേരം' 2013-ലാണ് പുറത്തിറങ്ങിയത്. നിവിന്‍ പോളി, നസ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍. 2015-ലാണ് 'പ്രേമം' റിലീസിനെത്തിയത്.

◾  എംജി സെലക്ടിന്റെ പ്രീമിയം മോഡലായ 'എംജി എം9 - പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍' സ്വന്തമാക്കി നടന്‍ പ്രഭുദേവ. യാത്രകളില്‍ അതീവ സുഖസൗകര്യങ്ങളും ആഡംബരവും ആഗ്രഹിക്കുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ഈ ഫ്ലാഗ്ഷിപ്പ് മോഡല്‍. 16 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഈ സീറ്റുകളില്‍ 8 മസാജ് മോഡുകള്‍, ഹീറ്റിങ്, വെന്റിലേഷന്‍ സൗകര്യങ്ങള്‍ എന്നിവയുണ്ട്. യാത്രാ അനുഭവം മെച്ചപ്പെടുത്താന്‍ കോന്യക് ബ്രൗണ്‍ ലെതര്‍ ഇന്റീരിയര്‍, ആംറെസ്റ്റിലെ ഇന്റലിജന്റ് കണ്‍ട്രോളുകള്‍, യാറ്റ് സ്റ്റൈല്‍ ഡ്യുവല്‍ സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ് എന്നിവയും ഇതിലൊരുക്കിയിരിക്കുന്നു. 13 സ്പീക്കറുകളുള്ള പ്രീമിയം സൗണ്ട് സിസ്റ്റമാണ് വാഹനത്തിലുള്ളത്. പേള്‍ ലസ്റ്റര്‍ വൈറ്റ്, മെറ്റല്‍ ബ്ലാക്ക്, കോണ്‍ക്രീറ്റ് ഗ്രേ എന്നീ ആകര്‍ഷകമായ നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ബോള്‍ഡ് ട്രാപെസോയ്ഡല്‍ ഗ്രില്‍, സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വാട്ടര്‍ഫാള്‍ സ്റ്റൈല്‍ ടെയില്‍ ലൈറ്റുകള്‍, 19 ഇഞ്ച് കോണ്ടിസീല്‍ ടയറുകള്‍ എന്നിവ വാഹനത്തിന് കരുത്തുറ്റ ലുക്ക് നല്‍കുന്നു. 245 പിഎസ് കരുത്തും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എന്‍ജിന്‍ മികച്ച പെര്‍ഫോമന്‍സ് ഉറപ്പുനല്‍കുന്നു.

◾  ആധുനികമായ ചൈല്‍ഡ്ഫ്രീ ജീവിതശൈലിയും പരമ്പരാഗത കുടുംബ മൂല്യങ്ങളും തമ്മിലുള്ള രസകരമായ സംഘര്‍ഷത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതോടൊപ്പം തലമുറകള്‍ തമ്മിലുള്ള അന്തരം കേവലം പ്രായത്തിന്റെ വ്യത്യാസം മാത്രമല്ല മറിച്ച് കാഴ്ചപ്പാടുകളുടേയും ബോധ്യങ്ങളുടേയുമാണെന്നും ബന്ധം, സ്നേഹം, സംരക്ഷണം, വാത്സല്യം എന്നിവയുടെ പേരില്‍ മറ്റൊരാളുടെ ജീവിതത്തിലേക്ക് നടത്തുന്ന കടന്നുകയറ്റങ്ങളെ പരിഹസിക്കുമ്പോഴും ഉള്ളുപൊള്ളിക്കുന്ന വൈകാരിക നിമിഷങ്ങളും പരസ്പര ബഹുമാനത്തോടെയുള്ള വിട്ടുവീഴ്ചകളും നിങ്ങളെ ആഴത്തില്‍ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. ഹാസ്യത്തിന്റെ മേമ്പൊടിയോടെ, എന്നാല്‍ മനുഷ്യജീവിതത്തിലെ സങ്കീര്‍ണ്ണതകളെയും വൈകാരികമായ ഉയര്‍ച്ചതാഴ്ചകളെയും ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒന്നാണ് ഈ സ്‌ക്രീനെല്ല. 'ഒരു ചൈല്‍ഡ് ഫ്രീ പ്രണയ കഥ'. സിതേഷ് സി ഗോവിന്ദ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 275 രൂപ.

◾  ദിവസവും 30 മുതല്‍ 45 മിനിറ്റ് വരെ നടക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളുടെയും സാധ്യത കുറയ്ക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പതിവായുള്ള നടത്തം ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. നടക്കുമ്പോള്‍ ശരീരത്തിലെ കലോറി ചെലവാകുന്നതിനാല്‍ അധിക കൊഴുപ്പ് കുറയുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തോടൊപ്പം ദിവസവുമുള്ള നടത്തം ഉള്‍പ്പെടുത്തിയാല്‍ വണ്ണം നിയന്ത്രിക്കുന്നത് എളുപ്പമാകും. നടത്തം ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. നടത്തം എല്ലുകളുടെ സാന്ദ്രത വര്‍ധിപ്പിക്കുകയും പേശികളെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്നു. പ്രായമായവരില്‍ ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങള്‍ തടയാനും സഹായിക്കും. ദിവസവും നടക്കുന്നത് സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. നടക്കുമ്പോള്‍ ശരീരത്തില്‍ 'ഹാപ്പി ഹോര്‍മോണുകള്‍' എന്ന് അറിയപ്പെടുന്ന എന്‍ഡോര്‍ഫിനുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ മനസിന് ഉന്മേഷം ലഭിക്കും. പതിവായുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ നല്ല ഉറക്കത്തിന് സഹായകമാണ്. ദിവസേന നടക്കുന്നത് രാത്രിയില്‍ വേഗത്തില്‍ ഉറങ്ങാനും ഗാഢമായ ഉറക്കം ലഭിക്കാനും സഹായിക്കുന്നു. നടത്തം ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. അതുവഴി സാധാരണ ജലദോഷം, പനി തുടങ്ങിയ അണുബാധകളെ പ്രതിരോധിക്കാന്‍ ശരീരത്തിന് കൂടുതല്‍ കഴിവ് ലഭിക്കും

*ശുഭദിനം*
*കവിത കണ്ണന്‍*
സര്‍ക്കസ്‌കമ്പനി പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നു.  പരിശീലകന്‍ നാലഞ്ചു കടുവകളെ ഒരു ഇരുമ്പുകൂട്ടിലാക്കി.  വളരെ ആകാംക്ഷാഭരിതരായി എല്ലാവരും ഇരിക്കുമ്പോള്‍തന്നെ പരിശീലകന്‍ വാതില്‍ തുറന്ന് കൂടിന്റെ അകത്തുകയറി. ഇരുമ്പുകൂട്ടിനുള്ളില്‍ നാലഞ്ചു കൂറ്റന്‍ കടുവകളുടെ നടുവില്‍ ഈ കൊച്ചു മനുഷ്യന്‍ തനിയെ. ചാട്ടവാറുകൊണ്ടുളള അടിയുടെ ശബ്ദവും ആംഗ്യങ്ങളും മനസിലാക്കി കടുവകള്‍ വളരെ അനുസരണത്തോടെ അയാള്‍ പറയുന്നതുപോലെ എല്ലാം ചെയ്യുന്നു.ഇങ്ങനെ കൂട്ടിനുള്ളില്‍ ഓരോ പരിപാടികള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു വൈദ്യുതി നിലച്ചു.  കൂരിരുട്ട്. കടുവാക്കൂട്ടില്‍ ഈ മനുഷ്യനും കടുവകളും! ഇരുട്ടില്‍ കടുവകള്‍ക്ക് ഇയാളെ കാണാം. എന്നാല്‍, ഇരുട്ടിന്റെ കാഠിന്യം കൊണ്ട് പരിശീലകന് കടുവകളെ കാണാന്‍ ഒരു നിവൃത്തിയും ഇല്ല.  നിമിഷങ്ങള്‍ നീങ്ങി. കുറേ കഴിഞ്ഞപ്പോള്‍ വെളിച്ചം വന്നു. അയാള്‍ക്കു എന്തു സംഭവിച്ചെന്നറിയാന്‍ ആളുകളെല്ലാം ചാടി എഴുന്നേറ്റ് സ്റ്റേജിലേക്ക് എത്തിനോക്കി.അപ്പോഴും അയാളും കടുവകളും തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന കസര്‍ത്തുകള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. പരിശീലകന്‍ ആജ്ഞാപിക്കുന്നു, ചാട്ട കൊണ്ടടിക്കുന്നു,കടുവകള്‍ അക്ഷരംപ്രതി അനുസരിക്കുന്നു. അത്ഭുതപരതന്ത്രരായിത്തീര്‍ന്ന കാണികള്‍ എല്ലാവരും ആ മനുഷ്യനെ പിന്നീട് ചോദ്യങ്ങളുമായി വളഞ്ഞു. വൈദ്യുതിപോയ സമയത്ത് നിങ്ങള്‍ എന്തു ചെയ്തു?' ജനങ്ങള്‍ അയാളോട് ചോദിച്ചു. അയാള്‍ പറഞ്ഞു:  'ഏതുനിമിഷവും ഈ കടുവകള്‍ എന്നെ കടിച്ചു കീറുമെന്ന് എനിക്കറിയാമായിരുന്നു.'ഇതുങ്ങള്‍ക്ക് എന്നെ കാണാം.പക്ഷേ, എനിക്ക് കാണാന്‍വയ്യ എന്നുളളകാര്യം അവര്‍ക്കറിയില്ല'.  അതുകൊണ്ട് വെളിച്ചം ഉണ്ടായിരുന്നതു പോലെതന്നെ അഭിനയിക്കാമെന്ന് ചിന്തിച്ച് ചാട്ടവാറുകൊണ്ട് ശബ്ദം ഉണ്ടാക്കിയും കടുവകളോട് ആജ്ഞാപിച്ചുമാണ് ഞാന്‍ രക്ഷപ്പെട്ടത്.ഭയം ഉണ്ടായി, എന്നാല്‍ ആ ഭയത്തിനു ഞാന്‍ കീഴടങ്ങിയില്ല.'നമ്മില്‍ പലരും ഭയത്തോടെ ജീവിക്കുകയാണ്.പരീക്ഷകളിലോ ജീവിതത്തിലോ പരാജയപ്പെടുമോ എന്ന് ഭയക്കുന്നു...ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകനെ ഭയക്കുന്നു. കീഴുദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെ  ഭയക്കുന്നു.മഹാരോഗങ്ങള്‍ വരുമോ  എന്ന് ചിലരൊക്കെ  വെറുതെ ഭയക്കുന്നു. ഭയത്തിനു കീഴടങ്ങിയാല്‍ നാം തകര്‍ന്നുപോകും. ഭയത്തെ കീഴടക്കാന്‍ കഴിയണം.  സാഹചര്യങ്ങളെയും പ്രതിസന്ധികളെയും ഭയക്കാതെ അവയെ അതിജീവിക്കുവാന്‍ കഴിയണം. അവിടെയാണു ജീവിതവിജയം.  - ശുഭദിനം
Previous Post Next Post
3/TECH/col-right